റിപ്പോർട്ട്: എൻ.രവി
പാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന വൈക്കം സത്യാഗ്രഹ സ്മൃതിയാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹം കേരളത്തിൻ്റെ യഥാർത്ഥ മനസ്സ് കാണിച്ചുതരുകയാണ്. വൈക്കത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സമരമായിരുന്നില്ല അത്. ക്ഷേത്രത്തിന് ചുറ്റമുള്ള റോഡിലൂടെ നടക്കാൻ വേണ്ടിയായിരുന്നു ആ സമരം. ഈഴവർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമായിരുന്നു വിലക്ക്. വിലക്ക് ലംഘിച്ച ഇരുനൂറ്റി അറുപത് യുവാക്കളെ ദിവാൻ്റെ പട്ടാളം വെട്ടിക്കൊന്നു കുഴിച്ചുമൂടുകയാണ് ചെയ്തത് .വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. യുവാക്കളെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയ സ്ഥലം ദളവാക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ ശ്രീനാരായണഗുരു വന്നപ്പോൾ അധികാരികൾ തടഞ്ഞതാണ് വൈക്കം സത്യാഗ്രഹസമരത്തിൻ്റെ ബീജമായി മാറിയത്. ഗുരു ഈ സംഭവത്തെക്കുറിച്ച് ടി.കെ.മാധവനുമായി സംസാരിച്ചു. അതിനെ തുടർന്നാണ് മാധവൻ മഹാത്മാഗാന്ധിയെ കണ്ട് വൈക്കത്തെ കാര്യങ്ങൾ ചർച്ച ചെയ്തത്. താഴ്ന്ന ജാതിക്കാരുടെ അവകാശത്തിന് വേണ്ടിയുള്ള സമരത്തിൽ പാലക്കുഴയിൽ നിന്ന് രാമൻ ഇളയതിനെ പോലുള്ളവർ പങ്കെടുത്തത് സമൂഹത്തിലെ പ്രബുദ്ധരുടെ അണിചേരലായി കാണാവുന്നതാണ് .കേരളീയ സമൂഹത്തിൻ്റെ ഉല്പതിഷ്ണുത്വം അതായിരുന്നു. അധ:സ്ഥിത ജനതയോട് കൂറ് പ്രഖ്യാപിക്കാൻ പ്രബുദ്ധരായവർ ഒന്നിക്കുകയാണ്. ഇതാണ് മഹത്തായ സംസ്കാരം. പ്രബുദ്ധതയ്ക്ക് ജാതിയില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത് -ഹരികുമാർ പറഞ്ഞു.
രാമൻ ഇളയത് പാലക്കുഴക്കാരനാണ്. അദ്ദേഹം നമുക്ക് പ്രചോദനമാകണം. അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് പീഡനങ്ങൾ ഏറ്റവനാണ്. അദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പ് എഴുതി കാഴ്ചശക്തി നശിപ്പിച്ചു .അനീതിക്കെതിരെ സമരം ചെയ്ത് അന്ധനായ രാമൻ ഇളയതിൽ നിന്നു നാം പ്രചോദനം നേടണം .ജീവിതത്തിൽ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളത്തിന് അത് അന്യമല്ല. മഹാനായ എഴുത്തുകാരൻ കേശവദേവ് അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അധ:സ്ഥിതവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേശവദേവിനു എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു.’ഓടയിൽ നിന്ന് ‘എഴുതുന്ന സമയത്ത് അദ്ദേഹത്തിന് പ്രസാധകനോ പത്രമോ ഇല്ലായിരുന്നു. ദേവ് അറബിക്കടലിൽ ഒളിവിൽ താമസിച്ചിട്ടുണ്ട്. തേങ്ങാപ്പൂളും വെളളവുമായിരുന്നു ഭക്ഷണം .പൊലീസുകാർക്ക് പോലും ദേവിനെ പേടിയായിരുന്നു. ഈ സന്ദർഭത്തിൽ വി.ടി.ഭട്ടതിരിപ്പാടിനെ ഓർക്കുകയാണ്.വി.ടിയുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ കൈയെഴുത്ത് കോപ്പി കാണിച്ചു തന്നത് അദ്ദേഹത്തിൻ്റെ മകൻ വാസുദേവനാണ്.വി.ടി. നമ്മുടെ കേരളത്തിൻ്റെ മനസ് പ്രതിനിധീകരിക്കുന്നു. അത് അനർഘമായ നിമിഷമായിരുന്നു – ഹരികുമാർ പറഞ്ഞു.
ഇപ്പോൾ കവികൾ വളരെ സുരക്ഷിതമായ പാതയാണ് തേടുന്നത്.എഴുതാൻ പ്രചോദനം വേണ്ടാതായിട്ടുണ്ട്. അധികാരമുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതുന്നവരെ കാണാം. ഒരു കാലത്ത് കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക സമിതിയുടെ പ്രസംഗപരിപാടികൾ ഒരു രൂപ ടിക്കറ്റെടുത്താണ് ആളുകൾ കേട്ടിരുന്നത്. കേരളത്തിൽ ഒരിടത്തും ഒരു രൂപ ടിക്കറ്റ് വച്ച് ആരും പ്രസംഗിച്ചിട്ടില്ല. സാധാരണക്കാർ ആ പ്രസംഗങ്ങൾ കേൾക്കാൻ ഒരു രൂപ ടിക്കറ്റെടുത്തു .അവരുടെ വികാരവും രോമാഞ്ചവുമായിരുന്നു അത്. കേരളത്തിലെ പ്രഗൽഭരായ എഴുത്തുകാർ ആ യോഗങ്ങളിൽ പ്രസംഗിച്ചു .ജി.ശങ്കരക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരൻനായർ, എസ്. ഗുപ്തൻ നായർ തുടങ്ങിയവർ വന്നത് ഓർക്കുകയാണ്. വൈക്കത്തിൻ്റെ പ്രസംഗം ഒരു നല്ല പാട്ടു കേൾക്കുന്ന പോലെയാണ്. അത്രയും ഹൃദ്യമായ പ്രസംഗം കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കൂത്താട്ടുകുളത്ത് ഒരു സാഹിത്യപരിപാടിയും നടക്കാറില്ല .ഒരു പുസ്തകപ്രകാശനം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൂത്താട്ടുകളത്ത് ഒരു സാഹിത്യസമ്മേളനം നടത്തണം -ഹരികുമാർ പറഞ്ഞു.
പാലക്കുഴ പഞ്ചായത്ത് കെ.എ.ജയ അത്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ജിബി സാബു, വെണ്ണല മോഹൻ, കെ.ജി.വിജയൻ ,സതീഷ് ബാബു ,എൻ.സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസംബർ ഒന്നു മുതൽ പത്തു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തകോത്സവം .