നിരാസത്തിന്റെ പത്തിമേൽ
നൃത്തമാടിയ ചിത്തമേ,
നീ, സ്വപ്നവാങ്മയം തീർത്തു-
വച്ചു നിൻ കവിതയിൽ
നിന്റെ ഓർമ്മതൻ
കാവ്യരൂപകമാകുമീ
ഭ്രാന്തഭൂമിയിൽ
നിന്നെ ഓർക്കുവാൻ
ഒരു കവിത പാടുവാൻ
ഇവിടെ വന്നതാണു ഞാൻ
നിന്റെ ഖിന്നസോദരൻ-
ഭൂതഗ്രസ്തമാനസൻ
വാക്കുകൾ കൊണ്ടൊരു
കടലു തീർത്തെങ്കിലും
ആത്മദാഹം ശമിക്കാതെ
പോയി നീ, ഭൗമികൻ!
ബിംബങ്ങൾ കൊണ്ടെത്ര
കവിത നെയ്തെങ്കിലും
നിന്റെ ജീവിതബിംബം
അകാലം തകർന്നുപോയ്
എന്റെ ജീവനിൽ നീറുമുന്മാദമാകുന്ന
നിന്റെ കവിതകൾ ചൊല്ലിത്തളരവേ
മൃത്യു വന്നു തൊടുംപോലെ തോന്നുന്നു
ഭഗ്നവാക്കിന്റെ വിണ്ടലം പൊള്ളുന്നു
നീ,
എഴുതിത്തീരാത്ത
കനലിന്റെ തൂലിക!
കണ്ടുതീരാത്ത
സ്വപ്നത്തിൻ ജാഗ്രത!
ഈ ശ്മശാനഭൂമിയിൽ വന്നു നിന്നിങ്ങനെ
നിന്നെ ഓർത്തു പാടുന്നു സകല പക്ഷിവൃന്ദവും
ഇവിടെ പരമശൂന്യമാം മൃത്യുവ്യഗ്രത
പതുങ്ങിയെത്തും ഘനമൗനമണ്ഡപത്തിൽ
പാപചലനങ്ങളാടിത്തിമർക്കുന്നു കാറ്റ്
ശാപമുക്തികൾ തേടി പുലമ്പുന്നു പാട്ട്
ഇവിടെ ജീവന്റെ വെള്ളിലത്തുമ്പികൾ
അക്ഷരപ്പൂക്കളിൽ ചുംബനം വയ്ക്കവേ
പാറിപ്പറന്നു പോകുന്നതേത് ഖേദം? വിഷാദമേ,
നിന്റെ പലരൂപഭംഗികളിവനെ കുഴയ്ക്കുന്നു!
അപഹർഷമാകുന്നു ജീവിതം; പരിഹാസ-
നാടകം പോലെ തോന്നുന്നു
പൊട്ടിച്ചിരിക്കുന്ന കോമാളിവേഷങ്ങൾ
എങ്ങും വിളങ്ങി നിൽക്കുമ്പോൾ
മണ്ണിനാഴങ്ങളിൽ തേങ്ങിപ്പിടയുമീ
നക്ഷത്രസ്വപ്നത്തെ ആരിന്നറിയാൻ?
സ്നേഹത്തിനായ് നീ ദാഹിച്ചു
വാഴ്‌വിന്റെ അമൃതെന്നു കരുതി
അത് മോഹിച്ചു
അത് കൊടുംവിഷമെന്നറിഞ്ഞതിൻ ശേഷവും
ചുണ്ടോടു ചേർത്തു നീ മന്ത്രിച്ചു
പ്രണയമേ, നീ തന്നെ ബന്ധനം!
നീ തന്നെ മോചനം!!
കവിതയ്ക്ക് വേണ്ടിയും കിനാവിന്നു വേണ്ടിയും
വേണമെങ്കിൽ നിനക്ക് നിലനിൽക്കാമായിരുന്നു
പക്ഷേ, പ്രണയത്തിനായും മരണത്തിനായും
നീ, നിന്റെ കവിതയും ജീവനും വേണ്ടെന്നു വച്ചു
അതുകൊണ്ട് ഞങ്ങൾ എന്ത് നേടി?
നിതാന്തമായ ദുഃഖം അല്ലാതെന്ത്?
അതുകൊണ്ട് നീ എന്ത് നേടി?
അനശ്വരമായ പ്രണയസാക്ഷിത്വം!
അതിൽപ്പരം നിനക്ക് മറ്റെന്താനന്ദം?
പരനിന്ദ്യമീ മണ്ണിൽ!!