അത്രയും പ്രായമായൊരാള്‍ക്ക്
പ്രണയിക്കാനാവുമോ?
നടക്കാന്‍
ആള്‍സഹായം വേണ്ടൊരാള്‍ക്ക്,
നില്‍ക്കാനൊരു തോള്‍സഹായം
ഇരിക്കാനൊരു കൈസഹായം
ഓര്‍മ്മകള്‍ പോലെ
കൂടെയൊരു കാലസഹായം
വേണ്ടൊരാള്‍ക്ക്
പ്രണയിക്കാനാവുമോ?
പൂക്കളുടെ ഗന്ധമയാള്‍ക്കത്രയും
ഉണ്ടാവില്ലെന്നു നമ്മള്‍ കരുതും
എന്നാലയോളം നമുക്കാവില്ല
ആസ്വദിക്കാന്‍ പൂക്കളെ.
വാക്കുകളുടെ ഇമ്പം
അത്രയുമയാള്‍ക്കില്ലാതായെന്നു
നമ്മള്‍ കരുതും
എന്നാലാവുമോ അത്രയുമിമ്പത്തില്‍
വാക്കുകളുച്ചരിക്കാന്‍ നമുക്ക്?
സ്വപ്നങ്ങളൊക്കെയും
പായല്‍മൂടിയ കണ്ണുകളില്‍
തെളിയുകയുണ്ടാവില്ല
എന്നു നമ്മള്‍ കരുതും.
എന്നാലെപ്പോഴും സ്വപ്നച്ചിറകില്‍
പറക്കുകയാണയാളെന്നെങ്ങനെയറിയാന്‍?
പ്രണയിക്കാനുടല്‍ സൗന്ദര്യമില്ലല്ലോയെന്ന്
നമ്മള്‍ കരുതും.
എന്നാലുടലേ വിട്ടുപോയൊരു
മനസ്സാണയാളെന്ന് ആരറിയാന്‍?
അറിയുമോ,
പ്രായമേ വകവെക്കാത്ത
പ്രണയമാണയാളുടേതെന്ന്.
ആശകളേയില്ലാത്ത
പ്രണയമാണയാളുടേതെന്ന്.
ഉടലുയിരേയറിയാത്ത
പ്രണയമാണയാളുടേതെന്ന്.
അയാളാണയാളുടെ
പ്രണയമെന്ന്.
മരണത്തെ കാവല്‍ നിര്‍ത്തി
ഒരാള്‍ പ്രണയിക്കുമ്പോള്‍
മറവിയാണയാളുടെ
ഭുമി,ആകാശം,
സ്വര്‍ഗം,നരകം
പാതാളം.
അയാള്‍ മാത്രമാണയാളുടെ
ആരുമറിയാത്ത
ആഴപ്രണയം.
Mob.9496421481
.