വളരെ അപൂർവ്വമായ ഒരു പ്രമേയമാണ് പോർട്ട് ബ്ലയർ എന്ന നോവലിൽ ബാജി അവതരിപ്പിക്കുന്നത്. നമ്മുടെ പശ്ചാത്തലം വിട്ട്, യാത്രകളിലേക്ക് സ്വയം എടുത്തെറിയപ്പെടുന്നവർക്ക് മാത്രമേ ഈ രീതിയിൽ സാഹസികമായി എഴുതാനോക്കൂ.
ഈ നോവൽ നമ്മുടെ പതിവ് രീതികൾ വിട്ട് ആത്മാവിന്റെ ഏകാന്തത്തയെ വിമോചനത്തിനുള്ള ബന്ധനമാക്കുന്നു. മനസിന്റെ, ചിന്തയുടെ, ഭാവനയുടെ രസമുകുളങ്ങൾ പരമാവധി സംഭരിക്കാനാണ് ബാജിയുടെ ശ്രമം. ബാജി ഭാവനയിൽ വിശ്വസിക്കുന്നു. ഈ നോവൽ ഒരു മനുഷ്യന്റെ ജീവിതത്തിനു വിമോചനപരമായി പലതരം അസ്തിത്വങ്ങൾ ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ്.
‘ആകാശത്തിന്റെ ഒരു ചോദ്യം’ എന്ന ആദ്യവാചകത്തിൽ നിന്നുതന്നെ അതാരംഭിക്കുന്നു. ആൻഡ്മാൻ സെല്ലുലാർ ജയിലിലെ ഒരു പ്രൈവറ്റ് ഗൈഡാണ് ഇതിലെ പ്രധാന കഥാപാത്രം. അയാൾ കടുത്ത പീഢയിലാണ്. അയാളെ മറ്റുള്ളവർ നിരാകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുകയാണ്. പരസ് എന്നാണ് അയാളുടെ പേര്. റഷ്യക്കാരി ഗിഗിയുടെ ആന്തമാൻ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന വ്യക്തിയാണയാൾ. അയാൾ പക്ഷേ, പല ആരോപണങ്ങളും നേരിട്ട് ഒറ്റപ്പെട്ട് കഴിയുകയാണ്. ഒടുവിൽ അയാൾ നിരപരാധിയാണെന്ന് വിധിവരുന്നു.
ഇതിനിടയിൽ അയാൾ അനുഭവിക്കുകയും പകരുകയും ചെയ്യുന്ന ജീവിതം ജ്ഞാനത്തിലേക്ക് തുറന്നുവച്ചിരിക്കുന്നു. ഭാഷയുടെ ജൈവപ്രകാശമായി ശലഭങ്ങൾ നോവലിലുടനീളം പാറിനടക്കുന്നു. ഒരു വിവരണം നോക്കൂ:
ആന്തമാൻ ബ്ലൂ നവാബ്. അതാണതിന്റെ പേര്. മൗണ്ട് ഹാരിയട്ടിലെ മഞ്ഞുപാടങ്ങൾക്ക് കീഴെ, ലോഡ്മയോയുടെ രക്തപ്പാടുകൾക്കും കുതിരക്കുളമ്പടികൾക്കും മേലെ, ഷേർ അലിയുടെ ആത്മമോചനത്തിന്റെ നിഴലുകൾക്കിടയിൽ, സുരക്ഷിതമെന്ന് കൊട്ടിഘോഷിക്കപ്പെട്ട കാവൽപ്പടയുടെ കണ്ണുവെട്ടിച്ച് വെടിയൊച്ചയുടെ മാറ്റൊലികൾ പതുങ്ങിക്കിടക്കുന്ന മരങ്ങൾക്കുചുറ്റും നൃത്തം വയ്ക്കുന്ന ചിത്രശലഭങ്ങൾ. ഒരേ മനസിൽ പിറക്കുന്ന പൂവു ചുരുത്തുന്ന മധുരംമാത്രം നുകർന്ന്, മണ്ണിനും വിണ്ണിനുമിടയിൽ പരാഗരേണുക്കൾ കൊണ്ട് ചിത്രം തുന്നുന്ന ആന്തമാൻ ബ്ലൂ നവാബ്.
വേറൊരിടത്ത് ഇങ്ങനെ കുറിക്കുന്നു: പ്രതീക്ഷയുടെ പൂപ്പാടങ്ങളിലൂടെ ഞാനൊരു ശലഭമായി പറന്നു. ആട്ടിയോടിച്ച വഴികളിലൂടെയുള്ള മടങ്ങിവരവ് എന്റെ മനസിനെ നനച്ചു.
നമ്മുടെ നോവലിനെ ഭാഷയുടെ വ്യക്തിഗതഭാവനയുടെ ജലംകൊണ്ട് ശുദ്ധമാക്കുന്ന കൃതിയാണിത്.
പോർട്ട് ബ്ലയർ (നോവൽ)
ബാജി
പ്രസാ: എച്ച് ആൻഡ് സി ബുക്സ്
വില – 120/-