പൂമരം/അനിൽ രൂപചിത്ര

അകലെയൊരു പൂമരം
അതിനരികിലെത്താൻ
അരനാഴികനേരം

ആയുധമുണ്ടെൻ്റെ കൈയ്യിൽ
ആത്മവിശ്വാസമുണ്ടെൻ്റെയുള്ളിൽ

ഇടനാഴിയല്ലിത്, ഇരുളുമില്ലിവിടെ
ഇഴജന്തുവിൻ ഈറ്റില്ലവുമല്ല

ഈർപ്പമിണചേരുന്ന തീരം ചവിട്ടി
ഈറനാം കാലുകൾ മരവിച്ചുമില്ല.

ഉയരങ്ങളെത്രയോ താണ്ടി ഞാൻ നിൽക്കുന്നു
ഉറവ വറ്റാത്തൊരെൻ മനസ്സുമായി

ഉരസി മിനുക്കിയൊരു മഴുവെൻ്റെ ചുമലിൽ
ഊഴവും കാത്ത് ഉണർന്നിരിക്കുന്നു

ഋതു മാറിവന്ന വസന്ത പുഷ്പങ്ങൾ
ഋതുഭേദമെന്യേ തിളങ്ങിടുന്നു

എണ്ണിയാലൊടുങ്ങാത്ത പക്ഷികൾ, പ്രാണികൾ
എണ്ണമറ്റ ജീവികൾ ചില്ലയിൽ

ഏവരും കൊതിക്കുമാ പൂമരം
ഏകനായ് തണൽ വിരിച്ചിടുന്നു

ഐരാവതത്തെപ്പോൾ ജ്വലിച്ചു നിൽക്കും
ഐശ്വര്യവൃഷ്ടി ചൊരിയുന്ന പൂമരം

ഒത്തിരി സ്വപ്നവും ഇത്തിരി ജീവനും
ഒരുമിച്ചുകൂടിയാചില്ലകൾ കാണാൻ
ഒന്നല്ല, ഒരായിരം അഴകാണ്, അമൃതാണ്
ഒരുമയുടെ കൂടാരമാണാ പൂമരം

ഒച്ചുകൾ, ഓന്തുകൾ പിച്ചവയ്ക്കും
ഒറ്റയാൻ പോലും ഒളിച്ചു നിൽക്കും

ഓടിത്തളർന്നാലും തീരാത്തൊരാവണ്ണം
ഓർമയിൽ നിൽക്കുമാ പൂമരം

ഔപചാരികത വെടിഞ്ഞു ഞാൻ
ഔചിത്യമില്ലാതെ നിൽക്കവേ

ഔഷധ ഗന്ധം പരത്തുന്ന കാറ്റേറ്റ്
ഔന്നത്യബോധമെന്നിൽ തെളിഞ്ഞു

അംബരം ചുംബിക്കുമാചില്ലകളെയെന്തിനു
അംഗലാവണ്യം വികലമാക്കുന്നു

അംഗഭംഗമല്ല, ഇനി
അംഗങ്ങൾ പിറക്കുവാൻ
അംശങ്ങൾ ബാക്കിയുണ്ടാവണം

You can share this post!