പൂക്കൾക്ക് സൗന്ദര്യമോ ?/എം.കെ.ഹരികുമാർ

എല്ലാ പുഷ്പങ്ങളും സുന്ദരമാണെങ്കിലും ,അത് പല അസുഖകരമായ കാര്യങ്ങളും മറച്ചു പിടിക്കുന്നു എന്ന് ചിന്തിക്കുന്നത് കലാകാരന്മാരുടെ വിധിയാണ്.

”എനിക്ക് കണ്ണാടികളെ ഭയമാണ്; കാരണം ,അതിൽ ഞാൻ കാണുന്നത് രക്ഷപ്പെടാനാവാത്ത ബീഭത്സരൂപമാണ് എന്ന് ഫ്രാൻസ് കാഫ്ക (Franz Kafka) പറഞ്ഞു .കഥയെഴുതുന്നവർ കലാകാരന്മാരായിരിക്കണം. രാഷ്ട്രീയ മുദ്രാവാക്യങ്ങളെ യാഥാർത്ഥ്യമാക്കി കാണിക്കുന്ന ചിത്രകാരനോ എഴുത്തുകാരനോ കലാകാരനല്ല.കലയിൽ സൗന്ദര്യാത്മകമായ വ്യഥകൾ കൂടിക്കലരണം. കല അതുല്യമായ ഒരു പര്യവേക്ഷണമോ യാത്രയോ ആണ്.

കടന്നുകാണാൻ കഴിയുന്നവനാണ് കാലങ്ങൾക്ക് അതീതമായ  സുവിശേഷം നൽകുന്നത്. 

ഡച്ച് പെയിൻറർ ഹിരോണിമസ് ബോഷ് (Hieronymous Bosch) വരച്ച ‘The Garden of Earthly Delights ഇതിഹാസസമാനമായ അതിശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.മനുഷ്യനിൽ സംഭവിക്കുന്നത് എന്താണോ അത് പേടിസ്വപ്നം പോലെ ക്യാൻവാസിൽ അവതരിപ്പിക്കുകയാണ്. ഒരു കലാകാരൻ തൻ്റെ കാലത്ത് നോക്കുന്നത് ഇങ്ങനെയൊക്കെയാണ്. പൗരാണികതയും നാടോടി കലാപാരമ്പര്യവും സംഗീതവും കെട്ടുകഥകളും നമ്മുടെ സർഗാത്മകതയെ കൂടുതൽ ആഴമുള്ളതാക്കുകയാണ് ചെയ്യുന്നത്.  എല്ലാറ്റിനെയും പുറമെ നിന്നു നോക്കുകയും യാതൊന്നിനെയും നോവിക്കാതെ ചിത്രീകരിക്കുകയും ചെയ്യുന്നവർ പി ആർ ഒ ജോലിയാണ് ചെയ്യുന്നത്.

ഒരു കലാകാരൻ തൻ്റെ കാലത്തെ പൊതുവായ കാഴ്ചകളല്ല അവതരിപ്പിക്കുന്നത്. അതിനും അപ്പുറത്ത് ചില ലോകങ്ങളുണ്ട്. അതാണ് പട്ടത്തുവിള കരുണാകരൻ ‘ നട്ടെല്ലികളുടെ ജീവിതം’ എന്ന കഥയിൽ പറയുന്നത്. സിവിൾ സമൂഹത്തിൻ്റെ തിമിരം ബാധിച്ച കണ്ണുകളല്ല തൻ്റേതെന്ന് പട്ടത്തുവിളയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം എഴുതിയത്. എഴുത്ത് അവിടെ അനിവാര്യതയാണ്.

ഏതു കാര്യത്തിലും അർത്ഥവും നിർവ്വചനവും സ്വാരസ്യവും തേടുന്ന വായനക്കാരന് ഒരിക്കലും രക്ഷപ്പെടാനാവില്ല .അവൻ അധ്യാപകരുടെ ചതിക്കുഴികളിൽ തന്നെ കഴിയേണ്ടി വരും. ചെക്ക്  നോവലിസ്റ്റ് മിലാൻ കുന്ദേര ഇങ്ങനെ എഴുതി: ” നിങ്ങൾക്കറിയാമോ ആളുകൾക്ക് എന്തുകൊണ്ടാണ് കാഫ്കയെ വായിക്കാനറിയാത്തതെന്ന് ? എന്തുകൊണ്ടെന്നാൽ അവർ കാഫ്കയെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ അപാരമായ മനോലോകത്തിനു ഒപ്പം  പോകുന്നതിനു പകരം, അവർ അന്തരാർത്ഥങ്ങൾ തേടാൻ  ശ്രമിക്കുകയാണ്. എന്നിട്ട് ക്ലീഷേ കൊണ്ട് തൃപ്തിയടയുന്നു. ജീവിതം അസംബന്ധമാണ് (അല്ലെങ്കിൽ അസംബന്ധമല്ല),ദൈവം പരിധിക്ക് പുറത്താണ് (അല്ലെങ്കിൽ ദൈവം  പരിധിക്കുള്ളിലാണ്)…കലയെക്കുറിച്ച് ,പ്രത്യേകിച്ച് ആധുനിക കലയെക്കുറിച്ച് നിങ്ങൾക്ക് ഒന്നുതന്നെ മനസ്സിലാക്കാൻ കഴിയില്ല, ഭാവന അതിൽ തന്നെ ഒരു മൂല്യമാണെന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ “. ഇത് പ്രധാനപ്പെട്ട ഒരു പ്രസ്താവമാണ്.കല എങ്ങനെയാണ് അത്ഭുതകരമായ വിധം മനുഷ്യാവസ്ഥയെ അപനിർമ്മിക്കുന്നതെന്ന് ആരായേണ്ടതുണ്ട്. ഒരു കഥയുടെ രൂപകമല്ല നാം തേടേണ്ടത് ;അല്ലെങ്കിൽ ഒരു ദൃഷ്ടാന്ത കഥ ഉണ്ടാക്കുകയല്ല നമ്മുടെ ജോലി.കാഫ്കയുടെ ‘The Metamorphosis’ വായിച്ച് അതിൻ്റെ തന്നെ മറ്റൊരു രൂപകം കണ്ടെത്തി സമാധാനിക്കുന്നത് ചീത്ത വായനയാണ്. പകരം ഭാവനയിൽ തന്നെയുള്ള അതിൻ്റെ മൂല്യങ്ങൾ അറിയുക. സൗന്ദര്യാത്മകതയാണ് അതിൻ്റെ പ്രധാനഘടകം.

സി.വി.ബാലകൃഷ്ണൻ തെറ്റായി വായിക്കുന്നു 

സി.വി.ബാലകൃഷ്ണൻ എഴുതിയ ഒരു ലേഖനത്തിൽ (സമുദ്രഭാഷയിലെ ആഖ്യാനങ്ങൾ ,ഗ്രന്ഥാലോകം, ജൂൺ) ഇങ്ങനെ വായിക്കാം: ” ഇതേ പ്രസക്തി ഏണസ്റ്റ് ഹെമിംഗ്വേയുടെ The Old Man and the Sea എന്ന നോവലിനുമുണ്ട്. ഈയിടെ ‘വൃദ്ധനും വൻകടലു’മെന്ന ശീർഷകത്തിൽ ഞാനതിൻ്റെ വിവർത്തനം നിർവ്വഹിക്കുകയുണ്ടായി .മെൽവിലിൻ്റെ കൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെമിംഗ്വേയുടെ നോവൽ വളരെ ചെറുതാണ്. എന്നാൽ ഉൾക്കനത്തിൽ അവ സമാനത കാട്ടുന്നു; പ്രതീകാത്മക സൗന്ദര്യത്തിലും .പക്ഷേ ,മോബിഡിക്കി’ലെ ക്യാപ്റ്റൻ ആഹാബിൻ്റെയും ഹെമിംഗ്വേ ആവിഷ്കരിക്കുന്ന വൃദ്ധൻ സന്തിയാഗോയുടെയും മനോഘടനകൾ അപ്പാടെ വ്യത്യസ്തമാണ്. അവരുടെ സാഹചര്യങ്ങളും ഭിന്നമത്രേ .സന്തിയാഗോ തൻ്റെ തുഴവള്ളത്തിൽ ഒറ്റയ്ക്ക് പുറപ്പെടുന്നത് വലിയൊരു മാർലിൻ മത്സ്യത്തോട് പകവീട്ടാനല്ല .അയാൾ സാത്വികനാണ് .തന്നെ തുടരെത്തുടരെ ഒറ്റ മീനും തരാതെ പരാജയപ്പെടുത്തുന്ന കടലിൽ  അയാൾക്ക് വിജയിക്കണം. എതിർ ശക്തികൾക്ക് മനുഷ്യനെ തകർക്കാൻ കഴിയുമെങ്കിലും തോൽപ്പിക്കാനാവില്ലെന്നു  തെളിയിക്കണം. സന്തിയാഗോ ഉജ്ജ്വലമായ വിധം അത് സാധിക്കുന്നു “. 

രണ്ട് തെറ്റുകളാണ് ബാലകൃഷ്ണൻ്റെ ഈ വിവരണത്തിലുള്ളത് .അദ്ദേഹം നോവലിൻ്റെ പരിഭാഷയ്ക്ക് നല്കിയ  പേര് ഒന്നാമത്തെ തെറ്റ് .ഹെമിംഗ്‌വേ വൻ കടലിലല്ല തുഴയെറിയുന്നത്, ഗൾഫ് സ്ട്രീമിലാണ്. ഹെമിംഗ്വേ കടൽ എന്നു വിളിച്ചത് അതുകൊണ്ടാണ്, ഓഷ്യൻ അല്ല .രണ്ടാമത്തെ തെറ്റ് ഹെമിംഗ്‌വേയുടെ നോവൽ വേണ്ടപോലെ വായിച്ചു മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതാണ്. കടലിൽ വിജയിക്കുന്നതിനും എതിർ ശക്തികൾക്ക് തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്നു തെളിയിക്കുന്നതിനുമാണ് സന്തിയാഗോ കടലിൽ ഇറങ്ങിയതെന്നാണ് ലേഖകൻ്റെ വാദം.  ഇത് വ്യർത്ഥവും ഉപരിപ്ലവവുമായ വായനയാണ്. ആഴം കുറഞ്ഞ യാഥാർത്ഥ്യങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്ന ഒരാൾക്ക് മാത്രമേ  ഇങ്ങനെ വിവരിക്കാനാവൂ. എന്നാൽ യാഥാർത്ഥ്യമെന്താണ്? ഒരു മീനിനെ പോലും പിടിക്കാനാവാതെ എൺപത്തിനാല് ദിവസം കടലിൽ ചുറ്റിത്തിരിഞ്ഞ സന്തിയാഗോ പിന്നീടാണ് ഗൾഫ് സ്ട്രീമിലേക്ക് തിരിഞ്ഞത്. അപ്പോഴാണ് മാർലിൻ മത്സ്യം ചൂണ്ടയിൽ കുരുക്കുന്നത്. അത് ആ മനുഷ്യനെ വലിച്ചുകൊണ്ട് മുന്നോട്ടു കുതിച്ചു. രണ്ടു ദിവസം ,അദ്ദേഹം പിടി വിടാതെ മത്സ്യത്തിനൊപ്പം സഞ്ചരിച്ചു .അദ്ദേഹത്തിന്  ആ വലിയ മത്സ്യത്തൊട് ‘സ്നേഹം’ തോന്നി. എന്നാൽ മൂന്നാം ദിവസം അദ്ദേഹം അതിനെ കത്തിക്കൊല്ലുന്നു; എന്നിട്ട് വള്ളത്തിൻ്റെ വശത്ത് കെട്ടിയിട്ടുന്നു. 

മാർലിൻ്റെ ചോര പടർന്നതോടെ സ്രാവുകൾ കൂട്ടമായെത്തി അതിൻ്റെ  മാംസം മുഴുവനും തിന്നുതീർക്കുന്നു . ഒടുവിൽ പതിനെട്ടടി നീളമുള്ള മീനിൻ്റെ അസ്ഥികൂടം വലിച്ചുകൊണ്ട് വൃദ്ധൻ തീരത്ത് എത്തുന്നു. 

എന്താണ് ഈ നോവൽ വീക്ഷിക്കുന്നത്? അത് മനുഷ്യൻ്റെ  പ്രയത്നത്തിലെ ശൂന്യത വെളിപ്പെടുത്തുകയാണ്. യാതൊരു ലക്ഷ്യവുമില്ലാതെ പാവപ്പെട്ട ജീവികളെ വേട്ടയാടിയും കൊന്നും രസിക്കുന്ന മനുഷ്യൻ്റെ ക്രൂരമുഖല്ലേ സന്തിയാഗോ ? കടലിൽ നീന്തിത്തുടച്ച് ഉല്ലസിച്ച് കഴിഞ്ഞ ഒരു വലിയ മത്സ്യത്തെ മുൻജന്മ പക വീട്ടാനെന്ന പോലെ പിന്തുടർന്ന് കൊത്തിപ്പിളർന്ന് കടലിൽ മറ്റു മീനുകൾക്ക് തിന്നു തീർക്കാൻ വിട്ടു കൊടുത്ത് രസിക്കുന്ന ഈ വൃദ്ധനു എന്ത് നന്മയാണുള്ളത് ? അതിൻ്റെ അസ്ഥികൂടവുമായി തീരത്തു വരുന്ന അയാൾക്ക് ഒന്നും മിണ്ടാനില്ലാതെ പോകുന്നത് അതുകൊണ്ടാണ്. മനുഷ്യൻ വെറുതെയും ക്രൂരനാണ് ;അവൻ സാമാന്യം തരക്കേടില്ലാത്ത വൃത്തികെട്ട ജീവിയാണ്. ഇതല്ലേ ആ നോവൽ പറയുന്നത് ?നമ്മളെല്ലാം വലിയ മീൻ വേട്ടക്കാരാണ് .ഇരയെ പിടിച്ചുകെട്ടി എന്ന് അഭിമാനിക്കും. എന്നാൽ കരയിലെത്തുമ്പോൾ, എന്താണോ  നേടിയത് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാറില്ല. വേട്ട മാത്രം മിച്ചം! .മനുഷ്യൻ  ഫലശൂന്യതയുടെ ചതുപ്പിലേക്ക് താഴ്ന്നു പോവുകയാണ്. അവൻ ജീവിതസാഗരത്തിൽ നിന്ന് പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങളെല്ലാം  അസ്ഥികൂടങ്ങളായിരിക്കും! .നമ്മൾ ക്രൂരവിനോദത്തിലെ നിഷ്കാമികളായി തുടരും.നമുക്ക് സ്വന്തമായി ഒന്നുതന്നെ നേടാനാവില്ല; നശിപ്പിക്കാനാവും .

സന്തിയാഗോ ഏതോ വിജയം നേടുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നത് അസംബന്ധമാണ്. ഹെമിംഗ്‌വേ ജീവിത നൃശംസതയുടെ അസ്ഥികൂടമാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. അത്  വിജയമല്ല .മനുഷ്യനെ തകർക്കാൻ കഴിയില്ല എന്ന സന്ദേശമാണ് നോവൽ നൽകുന്നതെന്ന ലേഖകൻ്റെ വാദം എന്നെ അത്ഭുതപ്പെടുത്തി. മനുഷ്യൻ്റെ മഹാവിജയങ്ങളെല്ലാം കാലാന്തരത്തിൽ വിഡ്ഢിത്തങ്ങളും തിരിച്ചടികളും അവിദ്യകളുമായി പരിണമിക്കുന്നു എന്ന ആശയമാണ് നോവൽ നല്കുന്നത്. 

കാർലോസ് ഫ്യൂവൻ്റിസും സ്പാനീഷ് ഭാഷയും 

പ്രമുഖ ലാറ്റിനമേരിക്കൻ നോവലിസ്റ്റ്  കാർലോസ് ഫ്യൂവൻ്റിസ് (Carlos Fuentis)സ്പാനിഷ് ഭാഷയോടുള്ള തൻ്റെ ആത്മബന്ധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“സ്പാനീഷ് ഭാഷയിൽ അപമാനിച്ചാൽ  എനിക്ക് വല്ലാതെ നോവും . കാരണം, അതാണ് എൻ്റെ സ്നേഹത്തിൻ്റെ  ഭാഷ.ഈ ഭാഷയിലേ എനിക്ക് പ്രേമിക്കാനാവൂ .അതുകൊണ്ടാണ് ഞാൻ എപ്പോഴും മെക്സിക്കൻ സ്ത്രീകളെ തന്നെ കല്യാണം കഴിക്കുന്നത് .കാരണം, അവർക്കെന്നെ  മനസ്സിലാവും ” .

ഭാഷയിലാണ് ഒരു മികച്ച എഴുത്തുകാരൻ തൻ്റെ പൂർവ്വജന്മങ്ങൾ തേടുന്നത് .അതിൽ നിന്നാണ് പ്രമേയങ്ങൾ ഉണ്ടാവുന്നത്. സറിയലിസം ,മാജിക്കൽ റിയലിസം എന്നൊക്കെ പറഞ്ഞ് ലാറ്റിനമേരിക്കൻ നോവലുകളെ ലഘൂകരിക്കരുതെന്നാണ് അദ്ദേഹം പറയുന്നത് .” അതിനൊക്കെ മുകളിലാണ് ലാറ്റിനമേരിക്കൻ പ്രമേയങ്ങൾ .സെർവാന്തസ് ‘ഡോൺ ക്വിക്സോട്ട് ‘എന്ന നോവലിൽ  തുടങ്ങിയതാണത്. യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള ബന്ധത്തെയാണ് ലാറ്റിനമേരിക്കൻ ഫിക്ഷ്ൻ പരിശോധിക്കുന്നത് “.

ഗീതാ ബിന്നി രചിച്ച ‘അദൃശ്യമായവയെ കാണാനുള്ള ജനാലകൾ ‘(പ്രഭാതരശ്മി, മെയ് )എന്ന കഥ മതാതീതമായ ഒരു മനുഷ്യനെ ലക്ഷ്യം വയ്ക്കുകയാണെന്നു തോന്നുമെങ്കിലും രണ്ടു മതങ്ങൾ തമ്മിലുള്ള ആന്തരിക സംഘട്ടത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഒരു മതത്തിൽ പെട്ടവർക്ക് അത് വിട്ട് മറ്റൊരു ദൈവത്തെ വിളിക്കാൻ അവകാശമില്ലെന്ന് സൂചിതമാവുന്നു.

“മനുഷ്യരുടെ ആഗ്രഹനിവർത്തിക്കായി  തീർന്നിരിക്കുന്നു ആത്മീയത. ചുവന്ന ചരടുകൾ കൈയിലും കഴുത്തിലും കെട്ടി നിന്നവർ വീട്ടിൽ കയറിയുമിറങ്ങിയും റോന്ത് ചുറ്റിക്കൊക്കൊണ്ടിരുന്നു . അമ്മാവന്മാർ അവരുമായി ഗൗരവമായ ചർച്ചയിലാണെന്നു കണ്ടു .അതിനു മീതെ എന്തു ദൈവം? എന്തു  പ്രാർത്ഥന? എനിക്കൊന്ന് കരയാനെങ്കിലും സാധിച്ചിരുന്നെങ്കിൽ .തോളിൽ തട്ടിയ കൈകൾ പിടിച്ചു തിരിഞ്ഞു നോക്കി ” .

മറ്റൊരിടത്ത് കഥാകാരിയുടെ വാക്കുകൾ ഇങ്ങനെ: “അവളെന്നുമൊരു സത്യമായും  ജീവനായും പ്രാപിച്ച വിശ്വാസത്തെ അന്ത്യത്തോളം മുറുകെപ്പിടിച്ചവളായും  എൻ്റൊപ്പമുണ്ടാവും. ഏതൊരു പ്രാർത്ഥനാ കൂട്ടായ്മയ്ക്കും, ജാതികൾക്കും മതങ്ങൾക്കും പ്രസ്ഥാനങ്ങൾക്കുമപ്പുറമാണ് മനുഷ്യബന്ധങ്ങൾ. അതിൻ്റെ വ്യാപ്തി, വ്യവസ്ഥയില്ലാത്ത സ്നേഹം, അതുമാത്രമാണ് സത്യം. ബാക്കി കാണുന്നതും കാണിക്കുന്നതുമെല്ലാം വെറും മായ ” .മലയാള കഥയിൽ ഇപ്പോൾ ഈ അവബോധമില്ല .കാരണം ,രാഷ്ട്രീയ ഭിക്ഷാംദേഹിയാവുന്നവരുടെ എണ്ണം കൂടുകയാണ്. സ്വന്തം ജാതിയും മതവും വിദഗ്ദ്ധമായി ഇന്നത്തെ രാഷ്ട്രീയത്തിൽ വിജയചിഹ്നങ്ങളാക്കാൻ കഴിയുന്നവർ ഏറെയാണ്. ഫേസ്ബുക്ക് കഥാകാരൻമാർ പോലും സ്വന്തം ജാതിയും മതവുമാണ് മാർക്കറ്റ് ചെയ്യുന്നത്.

കാക്കനാടൻ എഴുതുമ്പോൾ 

ജീവിതം വ്യർത്ഥമാണെന്ന് ബൈബിൾ പഴയനിയമത്തിൽ സഭാപ്രസംഗകൻ പറയുന്നുണ്ട്. ആ വ്യർത്ഥതയെ വരവേല്ക്കാൻ നമുക്ക് സജ്ജരാകാമെന്നാണ് ഈ യഹൂദ ചിന്തകൻ പറയുന്നത്. കാക്കനാടൻ്റെ ‘ഉച്ച തിരഞ്ഞ് എന്തോ തിരഞ്ഞ് ‘ എന്ന മനോഹരമായ കഥയുടെ ഒടുവിൽ ഇങ്ങനെ വായിക്കാം: ” പൗർണമിയെ തിരഞ്ഞല്ല താൻ നടക്കുന്നത്. പൗർണമിയുടെ മകനെ തിരഞ്ഞാണോ ?അതുമല്ല .അവൻ്റെ അച്ഛനെ തിരഞ്ഞാണോ ? ആവില്ല. അതവൻ്റെ കാര്യമല്ലേ? അവനല്ലേ അവൻ്റെ അച്ഛനെ അന്വേഷിക്കേണ്ടത്?

താൻ തിരഞ്ഞു നടക്കുന്നത് തന്നെത്തന്നെ. ആകാശത്തിലേക്കുയർന്ന വെള്ളിൽ പറവയാണെന്ന്, തൻ്റെ  സ്വന്തം വേരുകൾ തന്നെയാണെന്ന് വരുമോ? തനിക്ക് നഷ്ടപ്പെട്ടത് തന്നെത്തന്നെയല്ലേ? തൻ്റെ വേരുകൾ തന്നെയല്ലേ? പക്ഷേ, വേരുകൾ  ഉണ്ടാവണമെന്ന് ആർക്കാണിത്ര നിർബന്ധം? കാറ്റിന് വേരുകളുണ്ടോ? കടലിനു വേരുകളുണ്ടോ? ആകാശത്തിനു വേരുകളുണ്ടോ? കടലിനു മീതേ ആകാശത്തിൻ്റെ ചുറ്റിപ്പറക്കുന്ന വെള്ളിൽപ്പറവകൾക്കുണ്ടോ ?അപ്പോൾ അന്വേഷണം വ്യർത്ഥമാണെന്നോ ?ആയ്ക്കോട്ടെ. എങ്കിലും തുടരുക തന്നെ “. 

ജീവിതത്തിലെ നൈരന്തര്യത്തെ നിലനിർത്തുന്ന ഈ വികാരം കാക്കനാടൻ ‘മടക്കയാത്ര’എന്ന കഥയിലും ആവിഷ്കരിക്കുന്നുണ്ട്. എല്ലാം ഉപേക്ഷിച്ച് അനന്തതയിലേക്ക് യാത്ര പോകാൻ തീരുമാനിച്ച ഒരു ഉദ്യോഗസ്ഥൻ്റെ മനസ്സിലേക്ക് ഈ  ചിന്തകൾ കടന്നു വന്നു;” ഇവരോടൊക്കെ തനിക്ക് കടപ്പാടില്ലേ ? കടപ്പാടുകളെ വിട്ടോടുന്നത് ഭീരുത്വവും ഒപ്പം ക്രൂരതയുമല്ലേ ?ആരോടും ഇതുവരെ ക്രൂരതയൊന്നും കാട്ടിയിട്ടില്ലാത്ത താൻ ഇപ്പോൾ ഒരു നൈമിഷികനിമിഷത്തിൻ്റെ , പെട്ടെന്നുണ്ടായ ഒരു ആശങ്കയുടെ പേരിൽ ക്രൂരനും ഭീരുവുമാകുന്നത് ശരിയാണോ ? വാച്ചിൽ നോക്കി .മണി ഏഴര .വളരെ വേഗം നടന്നെങ്കിലേ തിരിച്ചു വീട്ടിലെത്തി ദിനചര്യകൾ കഴിച്ച് തയ്യാറായി സമയത്തിന് ആഫീസിലെത്താൻ പറ്റൂ. വളർച്ച മുറ്റുന്ന പകൽ മറന്നു. ദക്ഷിണായനം മറന്നു. വഴിമധ്യേ കുശലം ചോദിച്ചു ബുദ്ധിമുട്ടുന്ന മനുഷ്യരെ മറന്നു.തോബിയാസിനെയും അവൻ്റെ മീനുകളെയും മറന്നു. അയാൾ തിടുക്കത്തിൽ തിരിച്ചു നടന്നു. പ്രാരാബ്ധങ്ങൾ നിറഞ്ഞ, ഒപ്പം സന്തോഷവും പകരുന്ന ജീവിതത്തിലേക്ക് ” .കാക്കനാടൻ ജീവിതത്തെ എതിർക്കുന്നില്ല .ഒരു പളുങ്ക് പാത്രം എന്ന പോലെ അദ്ദേഹം അതിനെ പരിപാലിക്കുകയാണ്. ജീവിതത്തിൻ്റെ  സത്യസന്ധമായ വിനിമയസ്വരങ്ങൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ആഴം കുറഞ്ഞ യാഥാർത്ഥ്യങ്ങൾ എങ്ങനെ കാലഹരണപ്പെടുന്നു 

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രം എഴുതുന്ന കഥാകൃത്തുക്കളുണ്ട്. അതിൻ്റെ കാരണം വളരെ വ്യക്തമാണ്. അവർക്ക് അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും ആലോചിക്കാനില്ല .അവർ സാധാരണ പത്രവാർത്തകൾക്കും വിനോദങ്ങൾക്കുമൊപ്പമാണ്. അവരുടെ സംവേദനശേഷി പരിമിതമാണ്. അവർക്ക് പരമാവധി ചെയ്യാനാവുന്നത് ,സ്കൂളിൽ പഠിച്ച കാലഘട്ടിലെ ഒരു സംഭവം ഓർത്തെടുക്കുന്നതാണ്. ഇത്തരം ‘കണ്ടുപിടുത്തങ്ങൾ ‘ മഹാസംഭവം എന്ന മട്ടിൽ പരിചയപ്പെടുത്തുന്ന അതിബുദ്ധിമാന്മാർ ധാരാളമുള്ള നാടാണിത്. ഇത്തരം കഥാകൃത്തുക്കളുടെ മുഖചിത്രങ്ങളോ ,പുസ്തകങ്ങളുടെ പുറംചട്ടകളിലെ ചിരിഫോട്ടോകളോ  എന്നെ ആകർഷിക്കാറില്ല . ആകർഷിക്കാറില്ലെന്ന് മാത്രമല്ല എന്നെ മിക്കപ്പോഴും മരവിപ്പിലേക്കും  ആത്മനിന്ദയിലേക്കും നാഡീപരമായ അസ്വസ്ഥതയിലേക്കുമാണ് കൊണ്ടു പോകാറുള്ളത്. ഇത്തരക്കാരുടെ രണ്ടോ മൂന്നോ കഥകൾ വായിച്ചു കഴിഞ്ഞാൽ പിന്നെ നീണ്ട ഇടവേളക്കുശേഷമാവും ഇവരുടെ കൃതികൾ ഒന്നു കൂടി പരിശ്രമിക്കുക. ഇടവേള ചുരുങ്ങിയത് മൂന്നു വർഷം എടുക്കും.

ഫ്രഞ്ച് കഥാകൃത്ത് എമിലി സോള (Emile Zola) പറഞ്ഞ ഒരു കാര്യം ഓർക്കുകയാണ്; നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഒരു വിഷമമുണ്ടെങ്കിൽ അത് മറ്റൊന്നിനും പിന്നെ ഇടം കൊടുക്കില്ല .തെളിഞ്ഞ വാക്യങ്ങൾ പോലും എഴുതാൻ അറിയാത്തവർ ഇപ്പോഴും ആഴം കുറഞ്ഞ യാഥാർത്ഥ്യങ്ങളുള്ള കഥകളുമായി വരാറുണ്ട് .എന്തിനാണ് ഇത്തരം കഥകൾ? വായനക്കാരുടെ പൊതുമണ്ഡലം ഇന്ന് ടെലിവിഷൻ വാർത്തകളുടെയും വ്യാജവാർത്തകൾ നിർമ്മിച്ച് പണമുണ്ടാക്കുന്ന യൂട്യൂബർമാരുടെയും കൈകളിലാണ്.

ഈ പറഞ്ഞതെല്ലാം തത്ത്വത്തിൽ ഒന്നുതന്നെയാണ്. ഇക്കൂട്ടരെ രസിപ്പിക്കാൻ വേണ്ടിയാണോ ഇന്ന് കഥാകൃത്തുക്കൾ എഴുതേണ്ടത് ?

പൊതുമണ്ഡലത്തിൻ്റെ  വളരെ ഉപരിപ്ളവമായ ഘടനയെ ,അഗാധമായതിനെയെല്ലാം നിഷേധിക്കുന്ന മാനസികാവസ്ഥയെ ബ്രേക്ക് ചെയ്യാനാണ് ഇന്ന് ഒരാൾ എഴുതേണ്ടത് .ഒരു കഥാകൃത്ത് എന്ന നിലയിൽ താൻ ഇതിനപ്പുറവും കാണുന്നു എന്ന ബോധ്യത്തിൽ നിന്നാണ് ചിന്തയാരംഭിക്കേണ്ടത് . എന്നാൽ പഠിച്ചതോ ഗവേഷണം ചെയ്തതോ ആയിരിക്കുകയുമരുത്.  കാരണം, അങ്ങനെയായാൽ അതും ആഴം കുറഞ്ഞതും, പൊതുമണ്ഡലത്തിൽ ആർക്കും സുലഭമായി ലഭിക്കുന്നതുമായിരിക്കും.

തന്നെ അസ്വസ്ഥപ്പെടുത്തുന്ന എന്തോ ചിലതുണ്ട് .താൻ വ്യതിരക്തമായി വ്യഥയനുഭവിക്കുന്നു. താൻ ഏകാകിയാണെങ്കിലും അതിനുള്ളിൽ പലതരം വിച്ഛേങ്ങളെ നേരിടുന്നു. തൻ്റെ  ഭാഷ ഇനിയും ആരായേണ്ടതുണ്ട്.  തനിക്ക് പലതും തുറന്നു നോക്കാനുണ്ട്. പലതും മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത് പരിശോധിക്കാനുണ്ട് എന്ന ചിന്തയിൽ നിന്നാണ് ഒരു വലിയ കഥാകൃത്ത് എഴുതാനുള്ള ഇന്ധനം തേടുന്നത്.

കഥകൾ പൂഴ്ത്തിവയ്ക്കുന്നത് 

ചിലപ്പോൾ എഴുത്തു തന്നെ ഒരാളുടെ  സ്വാനുഭവങ്ങൾക്കും വിമർശനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും എതിരായി മാറാം. പ്രസാധകരെയും വായനക്കാരെയും വെറുതെ രസിപ്പിക്കാൻ നിയുക്തരായവരുണ്ട്. അവർ ഗാനരചയിതാക്കളെ പോലെ ശബ്ദസൗന്ദര്യമുള്ള വാക്കുകളും ആശയങ്ങളും കൊണ്ടു മാത്രമാവും ജീവിക്കുക. മറ്റുള്ളവർക്ക് വേണ്ടിയാണ് എഴുതുന്നതെങ്കിൽ ഞാൻ വാക്കിലും ചിന്തയിലും അഴിമതിക്കാരനാവണം.

എന്നെ മറച്ചുപിടിച്ചു നുണകൾ  എഴുതേണ്ടിവരും. ഈ വസ്തുത  ബോധ്യപ്പെട്ടതുകൊണ്ടാണ് അമേരിക്കൻ കഥാകൃത്ത് ജെ.ഡി.സലിംജർ(J.D.Salinger) എഴുതിയ കഥകൾ മിക്കതും പ്രസിദ്ധപ്പെടുത്താതെ പൂഴ്ത്തിവച്ചത്. 

The Catcher in the Rye എന്ന നോവലിലൂടെ അറിയപ്പെട്ട സലിംജർ താൻ കഥകൾ പൂഴ്ത്തിവയ്ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: 

“പ്രസിദ്ധീകരിക്കാതിരിക്കുന്നതിൽ അതിശയകമായ ഒരു സമാധാനമുണ്ട്. അത് ശാന്തി നല്കുന്നു. എൻ്റെ സ്വകാര്യതയ്ക്ക് നേരെയുള്ള ഭീകരമായ ഒരാക്രമണമാണ് പ്രസാധനം .ഞാൻ എഴുതാനാണ് ഇഷ്ടപ്പെടുന്നത്‌. ഞാൻ എഴുത്തിനെ സ്നേഹിക്കുന്നു. എന്നാൽ ഞാനെഴുതുന്നത് എനിക്ക് വേണ്ടി മാത്രമാണ്; എൻ്റെ അനുഭവത്തിന് വേണ്ടിയാണ്” .

കാവ്യാ അയ്യപ്പൻ എഴുതിയ ‘പണ്ടാരത്തൊഴുത്ത് ‘(മൂല്യശ്രുതി, മെയ് )നല്ലൊരു പരിശ്രമമാണ് . അതിയാഥാർത്ഥ്യങ്ങളെ മിത്താക്കി  മാറ്റുന്ന കല പരീക്ഷിക്കുകയാണ് കഥാകാരി .”ആലുവപ്പുഴയിൽ പൊന്തിയ ശവം അവറാച്ചനെപ്പോലെ ഉണ്ടെന്ന് ആരാണ്ടൊക്കെ പറഞ്ഞെങ്കിലും അത് കേട്ട്  നിലവിളിക്കാൻ അനിക്ക് തോന്നിയില്ല. അപ്പനെ തിരഞ്ഞു പോകണം എന്ന് എൽവിസിനും തോന്നിയില്ല. അപ്പൻ എന്താണെന്ന് അവൻ അറിഞ്ഞിട്ടില്ല. ഒരുപാട് പശുക്കളെ വളർത്തുന്ന, അവർക്ക് വേണ്ടി ജീവിച്ച, തന്നെയും അമ്മച്ചിയെയും അതിന് നിർബന്ധിച്ചു ഭയപ്പെടുത്തിയിരുന്ന ഒരു മനുഷ്യനെ മാത്രമേ എൽസിനു അറിയാമായിരുന്നുള്ളൂ”. 

മനുഷ്യൻ വലിയൊരു സാംസ്കാരിക ജീവിയാണെന്ന് പറയുന്നുണ്ടെങ്കിലും അതെല്ലാം പഴയ കാലത്തിൽ, ചരിത്രത്തിൽ മാത്രമാണുള്ളത്. ഭൂതകാലത്തിൻ്റെ മിഥ്യകളിൽ അഭിരമിക്കുന്ന അവനെന്ത് യാഥാർത്ഥ്യം?

കാൽവിനോയുടെ ഭ്രമം

സാഹിത്യകാരന് അല്പം ഭ്രമ ചിന്തകളൊക്കെ വേണം. വെറുമൊരു അനുസരണയുള്ള ജോലിക്കാരൻ മാത്രമായാൽ അവന് എഴുതാനൊക്കില്ല. അവൻ്റെ ചിന്തയിലെ കാറ്റും കോളും അവനെ അലങ്കോലമാക്കും. ഇറ്റാലിയൻ എഴുത്തുകാരൻ ഇറ്റാലോ കാൽവിനോ (Italo Calvino) പറഞ്ഞു :

“എഴുതുമ്പോൾ ഞാൻ ശരിക്കും ഭ്രമത്തിലാണ്; ഒരു മതിഭ്രമത്തിൽ എന്നപോലെയാണ് ഞാൻ എഴുതുന്നത് .ഭ്രാന്തമായ കാര്യങ്ങൾ ,ഞാനെങ്ങനെയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല .എന്നെ ഒരു വ്യാജനെന്ന് വിളിച്ചേക്കാം. ഞാനെൻ്റെ യുക്തിയും അഭിരുചിയും സംസ്കാരവുമാണ് ഉപയോഗിക്കുന്നത്. എന്നാൽ എനിക്ക് എൻ്റെ മാനസികഭ്രമങ്ങളെ നിയന്ത്രിക്കാനാവില്ല ” .

പ്രക്ഷോഭത്തിൻ്റെ ആത്മീയത

സാഹിത്യകലയിലെ പ്രക്ഷോഭത്തിന് ആത്മീയജീവിതമുണ്ട് .അതുകൊണ്ടാണ് ടി.എസ്. എലിയറ്റ് രചിച്ച The Waste Land എന്ന കവിതയുടെ നൂറു വർഷം പ്രമാണിച്ച് ഞാൻ ‘അക്ഷരജാലക’ത്തിൽ എഴുതിയ  ലേഖനത്തിനു ‘ഒരു കവിതയുടെ ആത്മീയജീവിതം’ എന്ന് പേരിട്ടത്.  ഓരോ മികച്ച സൃഷ്ടിയും എങ്ങനെയാണ് കലാപമാകുന്നതെന്ന്  ഞാൻ വിവരിച്ചത് 1989 ൽ പ്രസിദ്ധീകരിച്ച ‘മനുഷ്യാംബരാന്തങ്ങൾ’ എന്ന പുസ്തകത്തിലാണ് .അതിൽ ‘പ്രക്ഷോഭത്തിൻ്റെ ആത്മീയത ‘എന്ന പേരിൽ ഒരു ലേഖനമുണ്ട്. ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം :”കലാപകാരി ഭരണകൂടത്തിൽ നിന്ന് അകന്നു പോവുകയാണ്. അയാളുടെ ഉള്ളിലെ  ഏകാന്തതയും പ്രകൃതിയും തമ്മിലുള്ള നിത്യമായ കലഹങ്ങളാണ് അയാളെ  പരിവർത്തിപ്പിക്കുന്നത്. ആ കലഹങ്ങളെ പരിഹരിക്കുമ്പോൾ രണ്ടു  പ്രശ്നങ്ങൾക്ക് അയാൾ ഉത്തരം തേടുന്നു. സ്വന്തം ആദ്ധ്യാത്മിക പ്രതിസന്ധികളെ അതിജീവിക്കുന്നു .

അതേ സമയം തന്നെ സകല മനുഷ്യരുടെയും നന്മയുടെ ഹൃദയത്തിലേക്ക് സഞ്ചാരം നടത്തുകയും ചെയ്യുന്നു. പ്രകൃതി എല്ലാ മനുഷ്യരിലും സാന്ദർഭികമായ തിരിച്ചറിവുകൾ  ഉണർത്താറുണ്ടെങ്കിലും കലാപകാരികളിലാണ് അതിൻ്റെ ഭാവ പൂർണിമ കണ്ടെത്താനാവുന്നത്.പ്രകൃതി  ആ മനസ്സുകളിൽ കാലഭേദങ്ങൾക്കുപ്പുറത്തേക്ക് വ്യാപിക്കുന്നു. ചാന്തു പോലെ പ്രകൃതി, മനസ്സിൻ്റെ പുരാതന ഭിത്തികളിൽ  സാന്ധ്യകോശങ്ങളെ വരച്ചിടുന്നു “.

പ്രക്ഷോഭത്തിൻ്റെ ആത്മീയ വശം മറ്റൊരു ദൈവചിന്തയാണ് .ദൈവത്തെ ,ഇവിടെ ,മനുഷ്യൻ്റെ പ്രയത്നത്തിൻ്റെ സദ്ഫലങ്ങളുടെ ആകാരമായാണ് കാണേണ്ടത് .

ദാരിദ്ര്യവും ഉന്നതമായ സംവേദനവും 

ചില സാഹിത്യകാരന്മാരും അക്കാദമിക് പ്രഭൃതികളും കരുതി വച്ചിരിക്കുന്നത് ദരിദ്രരായവർക്ക് ,പ്രത്യേകിച്ച്‌ പാവപ്പെട്ട തൊഴിലാളികൾക്കും വിദ്യാഭ്യാസം കുറഞ്ഞവർക്കും ഉന്നതമായ സാഹിത്യം മനസിലാകില്ലെന്നാണ്.  ഈ വിഭാഗം ജനങ്ങൾക്ക് അതിവൈകാരികതയുടെ ഓവുചാൽ മതിയെന്ന ധാരണ പോലും മേൽപ്പറഞ്ഞവർക്കുണ്ട്. എന്നാൽ തീർത്തും തെറ്റായ നിലപാടാണത്. 

വിദ്യാഭ്യാസം കുറഞ്ഞതു കൊണ്ട് ഒരാൾ നല്ല സാഹിത്യം ഉൾക്കൊള്ളാതിരിക്കുന്നില്ല.  വിദ്യാഭ്യാസമല്ല, മനസ്സിൻ്റെ പ്രത്യേകതയാണ് ഒരാളെ നല്ല വായനക്കാരനാക്കുന്നത്. ഞാൻ പത്രപ്രവർത്തകനായിരുന്നപ്പോൾ, ചില എഴുത്തുകാരുടെ പ്രൊഫൈൽ എഴുതാൻ പോവുകയാണെന്ന് അറിഞ്ഞ എൻ്റെ അമ്മ എന്നെ നിരുത്സാഹപ്പെടുത്തി. അമ്മയ്ക്ക് 93 വയസായി ഇപ്പോൾ. കഷ്ടിച്ച് സ്കൂൾ വിദ്യാഭ്യാസമേ അമ്മയ്ക്കുള്ളു. ‘നീ  കുമാരനാശാനെക്കുറിച്ചോ ,നാരായണഗുരുവിനെക്കുറിച്ചോ എഴുതൂ ‘എന്നാണ് അമ്മ പറഞ്ഞത് .കാരണം, ആശാൻ്റെ കൃതികൾ അമ്മയ്ക്ക് മിക്കവാറും ഹൃദിസ്ഥമായിരുന്നു. അതുപോലെ ഗുരുവിൻ്റെയും.

എൻ്റെ ഒരു സുഹൃത്തിനു പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ള.എന്നാൽ ഷേക്സ്പിയർ കൃതികളെക്കുറിച്ച് എന്താണ് എഴുതാത്തതെന്ന് അദ്ദേഹം  ചോദിക്കാറുണ്ട് .എൻ്റെ ‘ജലഛായ വായിച്ച് ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം ‘ശ്രീനാരായണായ ‘യുടെ പത്തു കോപ്പികളാണ് വാങ്ങിയത്. ഒൻപതെണ്ണം മറ്റു വായനക്കാർക്ക് കൊടുക്കാനാണത്രേ .ഇതിർത്ഥം  അക്കാദമി പശ്ചാത്തലമോ വിദ്യാഭ്യാസമോ ധനമോ ഒന്നുമല്ല ഒരുവൻ്റെ ഉന്നതമായ വായനയ്ക്ക് അടിസ്ഥാനം;മനസ്സിൻ്റെ ശേഷിയാണ്. 

ചിലർ ഉന്നത വിദ്യാഭ്യാസം നേടി കലാലയങ്ങളിൽ ജോലി സമ്പാദിച്ചാലും വായനയിൽ പൈങ്കിളിയായിരിക്കും.  അവർക്ക് പല കാര്യങ്ങളിലും  ബുദ്ധിപരമായ ആഴമുണ്ടായിരിക്കാം. പക്ഷേ ,വായനയുടെ ഉന്നതമായ സംസ്കാരം ഉണ്ടാവില്ല .

കാലത്തിൻ്റെ പരിണാമത്തിൽ ഒരുവൻ അവനാവശ്യമായ ഇരുണ്ട കാല്പനികതയും ഫാൻ്റസിയും അവൻ തന്നെ കണ്ടെത്തണം., നിലനിൽപ്പിനുവേണ്ടി .സങ്കീർണതയല്ല താൻ  തേടുന്നത് ,ഒരു ചെറിയ സ്ഥലത്ത് സംഭവിക്കുന്നതിൻ്റെ ചില സൂചനകൾ പരിശോധിക്കുക മാത്രമാണ് – അമേരിക്കൻ എഴുത്തുകാരൻ  ബ്രിയാൻ ഇവൻസൻ (Brian Evenson) പറഞ്ഞു. ചെറുകഥകൾ വായിച്ചശേഷവും അത്  വായനക്കാരുടെ മനസ്സിൽ ജീവിക്കണം. അതിനു ദീർഘമായി എഴുതേണ്ടതില്ല. ചെറുകഥയുടെ രൂപം ഇപ്പോഴും തന്നെ അതിശയിപ്പിക്കുന്നതായി അദ്ദേഹം അറിയിക്കുന്നു. അതിന് മറ്റ് കലാരൂപങ്ങളെ ഹാസ്യാനുകരണം ചെയ്യാനാവും – അദ്ദേഹം ചിന്തിക്കുന്നു .

ഡി എച്ച് ലോറൻസ്  ലൈംഗികത കണ്ടുപിടിച്ചു 

ഇംഗ്ളീഷ് നോവലിസ്റ്റ് ഡി. എച്ച് .ലോറൻസ് Lady chatterly’s Lover എന്ന നോവലിലൂടെ മനുഷ്യ മനസിലെ ലൈംഗികത കണ്ടു പിടിക്കുകയാണ് ചെയ്തത്. മനുഷ്യർക്ക് ലൈംഗികതയുടെ കാര്യത്തിലുണ്ടായിരുന്ന മുൻവിധിയും അന്ധവിശ്വാസവും വെറുപ്പും ലോറൻസ് തകർത്തു.

‘മനുഷ്യനു എന്തുമായിത്തീരാനുള്ള കഴിവുണ്ട്. വൈകാരികമായി എന്താണോ ആഗ്രഹിക്കുന്നത്  അവൻ അത് അതായിത്തീരുന്നു’ – അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷുകാരുടെ ജീവിത സങ്കല്പ്പം പാളിപ്പോയി എന്ന അറിവിൽ നിന്നാണ് അദ്ദേഹം വിപ്ളവകരമായ പലതും എഴുതിയത്. ‘ജീവിക്കുന്നതിനുള്ള ഒരു പുതിയ ആശയം നാം  കണ്ടുപിടിക്കേണ്ടിയിരിക്കുന്നു’. 

We must be prepared to have a new conception of what it means, to live.

ആദർശങ്ങളോ സന്ദേശങ്ങളോ ആപ്തവാക്യങ്ങളോ മാമൂലുകളോ സാംസ്കാരിക മൂല്യള്ള ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നില്ല. അതൊക്കെ കുടത്തിനു പുറത്ത് വെള്ളമൊഴിക്കുന്ന പോലെയാണ്. മാതാപിതാക്കളെ സ്തുതിച്ച് കവിതയെഴുതുന്നവരെ കണ്ടിട്ടില്ലേ ?അതിൽ പിതാവിനെ വിട്ടിട്ട് മാതാവിനോട് അമിതമായ താല്പര്യമുണ്ടെന്ന് പ്രഖ്യാപിക്കുന്നവരെയും കാണാം.

അമ്മയെ സ്നേഹിക്കണമെന്ന് ഇവന്മാർ പറഞ്ഞിട്ട് വേണോ നമ്മൾ അറിയാൻ ?യാതൊരു ചിന്തയുമില്ലാതെ സ്തംഭിച്ചു നില്ക്കുന്നവരാണ് ഇത്തരം ക്ലീഷേകൾ ഉപയോഗിക്കുന്നത്. 

സ്വന്തമായി ചിന്തയില്ലാത്തതുകൊണ്ട് ഇവർക്ക് ചിന്താപ്രശ്നങ്ങളുമില്ല. ഒരു സന്ദേശം പകരാൻ വേണ്ടി കഥയെഴുതാൻ മെനക്കെടണ്ട. എന്തെന്നാൽ, സന്ദേശം കേട്ട് പൊറുതിമുട്ടിയിരിക്കുകയാണ് വായനക്കാരൻ. ആരാധനാലയങ്ങളുടെ പുറംഭിത്തികളിലും സ്കൂളുകളുടെ ചുറ്റുമതിലിലും വരെ സന്ദേശങ്ങൾ കിട്ടാനുണ്ട്, ജീവിതകാലമത്രയും വായിച്ചുതീരാത്തത്രയും.

യു .എ .ഖാദറും കവിതയും 

യു. എ. ഖാദർ എഴുതിയ ‘രാധ കുടിവാഴുമിടം’എന്ന കഥയിലെ ഈ വിവരണം ശ്രദ്ധിക്കുക: ” അയാൾ പുറത്തേക്ക് നോക്കി .പുറത്ത് ഇരുട്ടാണ്. പരിസരമാകെ സുഖനിദ്രയിൽ അമർന്നിരുപ്പാണ്. വെളിച്ചത്തിൻ്റെ കണികപോലുമില്ല. ആകാശം കാറുമൂടിക്കിടക്കുന്നതിനാലാവണം  വൃക്ഷലതാദികൾക്ക് അനക്കമില്ല. കാറ്റു വീശുന്നില്ല. പ്രപഞ്ചം വിങ്ങി  വീർപ്പുമുട്ടുന്നതുപോലെ. അല്പം കാറ്റുവീശിയെങ്കിൽ ഉഷ്ണത്തിനു ശമനം  കിട്ടുമായിരുന്നു .ജാലകപ്പഴുതിലൂടെ നാലഞ്ചു നക്ഷത്രങ്ങൾ മാത്രം മുനിഞ്ഞുകത്തുന്ന കാറു നിറഞ്ഞ ആകാശം കാണാം .ജീവിതകാലം മുഴുക്കെ അവ്യക്തമായ ഒരു ദു:സ്വപ്നത്തിൻ്റെ പിന്നാലെ അറിയുവാനാണോ വിധി”.

കഥാകൃത്തിൻ്റെയുള്ളിൽ കവിതയുടെ മേഘാവൃതമായ ആകാശമുള്ളതുകൊണ്ടാണ് ഇങ്ങനെ എഴുതാൻ കഴിയുന്നത് .ഗദ്യത്തിൻ്റെ ഏതൊരു പെരുമാറ്റത്തിലും കവിതയുടെ സംഗീതമുണ്ടായിരുന്നിരിക്കണം.യു.എ. ഖാദർ അവിശ്വസനീയമായ വിധം പ്രകൃതിയെ മനസ്സിൽ വളർത്തിയ കഥാകൃത്താണ്. ഇതൊക്കെ കലയുടെ അനിവാര്യമായ അടയാളങ്ങളാണ്. തന്നിലെ പ്രകൃതിയെ അദ്ദേഹം പുറത്തെടുക്കുന്നത് വെറും വർണനകൾക്ക് വേണ്ടി മാത്രമല്ല , ജീവിതത്തിൻ്റെ നിഗൂഢതയെക്കുറിച്ചുള്ള തിരച്ചിലിനുമാണ്.അതാര്യതയ്ക്കു നേരെയുള്ള നോട്ടമാണത്. ജീവിതത്തെ ഇങ്ങനെയും വ്യാഖ്യാനിക്കാൻ കഴിയണം. രചനയുടെ ചില ഘട്ടങ്ങളിൽ മനസ്സിനെ നിശ്ശബ്ദത വലയം ചെയ്യും. വികാരങ്ങളാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്. അതിനൊരു ഭാഷയുണ്ട് .അതിലൂടെ ലോകത്തെ അറിയാൻ ശ്രമിക്കുകയാണ് കഥാകൃത്ത് .

റഷ്യൻ കവി വ്ളാഡിമിർ മയക്കോവ്സ്കി(Vladimir Mayakovsky) എഴുതി: 

“എൻ്റെ വാക്കുകളും പ്രേമവും വിജയപ്രതീകമായ

ഒരു കമാനം ഒരുക്കുകയാണ് .

അതിലൂടെ കടന്നുപോകുകയാണ് അതിൻ്റെ എല്ലാ തേജസ്സിലും ,യാതൊരു അടയാളവും ബാക്കിവെയ്ക്കാതെ ,

എല്ലാ കാലങ്ങളിലെയും കാമുകിമാർ

“.

കലാകാരനു മാത്രമേ ഈ കാഴ്ച കാണാൻ കഴിയൂ ;യാദൃച്ഛികമെന്ന്  പറയട്ടെ, ഇവിടെ കാഴ്ച കാണുന്നത് കലാകാരനായ കവിയാണ് .നല്ല കഥാകൃത്തുക്കളിൽ ഇതുപോലെ കലാകാരനായ കവി ജീവിച്ചിരിക്കുന്നു.

പാമുക്ക് നല്കന്ന പാഠം

“ഫിക്ഷ്ൻ യഥാർത്ഥ്യത്തിൻ്റെ ഒരു വിവരണമല്ല ;അത് അതിൽ തന്നെ മറ്റൊരു യാഥാർത്ഥ്യമാണ് ” -ടർക്കിഷ് എഴുത്തുകാരനായ ഒർഹാൻ പാമുക്ക് പറഞ്ഞതാണിത്. 

എഴുത്തുകാരൻ കൊണ്ടുവരുന്ന ലോകത്തിൻ്റെ  ആവിഷ്കാരങ്ങൾ പുറംലോകത്തിൻ്റേതല്ല;’ A texture  in itself ‘ – ഇതാണ് പുതിയകലയുടെ രഹസ്യം .Alternative reality ആണ് തേടേണ്ടത്. 

അഷ്ടമൂർത്തിയുടേത് കഥയോ ?

അഷ്ടമൂർത്തിയുടെ ‘കംല ‘(ഗ്രന്ഥാലോകം ,മെയ് )എന്ന കഥ എന്തിനെഴുതി എന്ന് മനസ്സിലാകുന്നില്ല. ഇതൊരു ലേഖനമായി അവതരിപ്പിക്കാവുന്നതാണ് . മുംബൈയിൽ പത്രപ്രവർത്തകനാവാൻ പോയ ഒരുവൻ്റെ കുറേ അനുഭവങ്ങൾ വിവരിക്കുന്നു. ഏതൊരു പത്രപ്രവർത്തകനും നേരിട്ടേക്കാവുന്ന സാധാരണ അനുഭവങ്ങൾ മാത്രം .അതൊക്കെ വലിച്ചുനീട്ടി എഴുതുകയാണ് കഥാകൃത്ത്. ഒരു പത്രപ്രവർത്തകനെ പെട്ടെന്ന് കാണാതാവുന്നു.ഒരു അപസർപ്പക സ്വഭാവം കൊണ്ടുവരാൻ ശ്രമിക്കുകയാണ് .

അത് പരാജയപ്പെട്ടു എന്ന് മനസ്സിലാക്കിയ കഥാകൃത്ത് ഉടനെ അടുത്ത അടവ് എടുക്കുകയാണ് .കഥയിലേക്ക് മറ്റൊരു കഥ കൂട്ടിച്ചേർക്കുന്നു. അതായത് ,ടി.വി ചാനലുകളിലെ വാർത്താചർച്ചകളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയാണ്.

ചർച്ചയിൽ പങ്കെടുക്കുന്നവരുടെ  വിചാരവികാരങ്ങൾ തുടങ്ങിയവ. ഇതൊക്കെ ഇന്ന് ഏതു സാധാരണക്കാരനും അറിയാവുന്ന കാര്യങ്ങളായിരിക്കെ, ഒരു കഥാകൃത്ത് അതൊക്കെ എന്തിനു വിശദീകരിക്കുന്നു?. വായനക്കാരനെ കൊഞ്ഞനം കുത്തിക്കൊണ്ട് കഥ അവസാനിപ്പാക്കുന്നു.

എന്താണ് ഈ കഥയുടെ ലക്ഷ്യം ? കലയുടെ അംശം പോലും ഇതിലില്ല. കഥ ഒരു കലാരൂപമാണ് .അത്  അഷ്ടമൂർത്തിക്ക് അറിയില്ല. കുറെ സംഭവങ്ങൾ എഴുതിവെച്ചാൽ കഥയാകില്ല ;ഇത് തെളിയിച്ചിട്ടുള്ള  കുറേപേർ ഇപ്പോഴുമുണ്ട്. അക്കൂട്ടത്തിലാണ് അഷ്ടമൂർത്തി .ഈ കഥ വായിച്ചാൽ എന്താണ് പ്രയോജനം?ജീവിതത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച് ഉൾക്കാഴ്ച തരുന്ന ഒരു വാചകം പോലും ഈ കഥയിലില്ല .ഇതുപോലുള്ള ആഴംകുറഞ്ഞ ജീവിത വിവരണങ്ങൾ ഇക്കാലത്ത് കഥയെന്ന നിലയിൽ എന്തിനു അവതരിപ്പിക്കണം ?

ദസ്തയെവ്സ്കിയുടെ നിരീക്ഷണം 

വെറുതെ ജീവിച്ചിരിക്കുന്നതിലല്ല, എന്തെങ്കിലും അതിനായി  കണ്ടെത്തുന്നതിലാണ് മനുഷ്യാസ്തിത്വത്തിൻ്റെ രഹസ്യമെന്ന്  ദസ്തയെവ്സ്കി പറയുന്നുണ്ട്.

 The mystery of human existence lies not in just staying alive, but in finding something to live for .

ഇത് കഥയെഴുത്തുകാർക്കും ബാധകമാണ് .വെറുതെ എന്തിനെക്കുറിച്ചും വാരിവലിച്ച് എഴുതി നിറയ്ക്കുന്നത് വ്യർത്ഥമാണ്; മനുഷ്യാസ്തിത്വത്തെ അല്പമെങ്കിലും  അനാവരണം ചെയ്യാനാവണം. ഒരു കഥാകൃത്ത് എന്ന നിലയിലുള്ള അനുഭവം എന്താണ് ? 

മലയാളത്തിൽ ഏറ്റവും ദുർബ്ബലമായ സാഹിത്യശാഖയാണ് ചെറുകഥ. പത്തു വർഷം കൂടുമ്പോൾ മികച്ച കഥകളുടെ ഒരു തിരഞ്ഞെടുപ്പു നടത്തുക; നല്ല അഞ്ചു കഥകൾ എടുക്കാനുണ്ടാവില്ല.

വയലാർ കണ്ടത് ധന്യജീവിതമോ?

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ‘എന്ന് വയലാർ എഴുതുന്നത് അസുഖകരമായ എല്ലാത്തിനെയും പെയിൻറടിച്ച് ഒളിപ്പിച്ചുകൊണ്ടായിരിക്കണം. ജീവിതത്തിൻ്റെ ദുരന്തമുഖം കാണാത്തതുകൊണ്ടാകാം അങ്ങനെ എഴുതിയത്. ഇവിടെ രണ്ടാമത് ഒന്നുകൂടി ജനിക്കാൻ ആഗ്രഹിക്കാത്തവരുണ്ട് .ജീവിതം മടുത്ത് ആത്മഹത്യ ചെയ്തുവരുണ്ട്. ഇവിടെ ആരും ധന്യരല്ല എന്നു ചിന്തിക്കുന്നവരുണ്ട്. അല്ലെങ്കിൽ തന്നെ ആരുടെ ജീവിതമാണ് ധന്യമായിട്ടുള്ളത് ?ഓരോരുത്തരും അവരവരുടെ വഴികളിൽ അനാഥരും  വ്രണിതരും പീഡിതരുമാണ്. പക്ഷേ, അത് കാണാൻ എല്ലാവർക്കും കഴിയണമെന്നില്ല. മധുരപലഹാരങ്ങൾ നിറച്ചുവച്ചിരിക്കുന്ന ഭരണികളും മേശയോളം വലിപ്പമുള്ള കേക്കും നൂറു പേർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യവും കണ്ടിട്ട് ജീവിതം ധന്യമാണെന്ന് ചിന്തിക്കുന്നതിൽ അർത്ഥമുണ്ടോ?

ജീവിതം ആത്യന്തികമായി വിഷാദമാണല്ലോ? ഷോപ്പനോർ അങ്ങനെ വിവരിച്ചിട്ടുണ്ട്. വിഷാദത്തിൻ്റെ അടിസ്ഥാനം മിഥ്യയാണ്. വയലാർ എഴുതിയത് സിനിമയുടെ ആവശ്യത്തിനുവേണ്ടിയായതുകൊണ്ട് പ്രശ്നമില്ല .എന്നാൽ ഇത് കവിയുടെ വീക്ഷണമാണെങ്കിൽ ആകെ കുഴപ്പമാണ്.

യാഥാർത്ഥ്യം ഒരു കലാവസ്തു 

ജർമ്മൻ സാഹിത്യകാരൻ ഗുന്തർ ഗ്രാസ്സി(Gunter Grass) നെക്കുറിച്ച് നോവലിസ്റ്റ് സൽമാൻ റുഷ്ദി എഴുതിയ ഒരു ലേഖനം എന്നെ ആകർഷിച്ചു. ശിരസിനുള്ളിൽ ബുദ്ധിയുടെ നൃത്തവുമായി നടക്കുന്നയാളാണ് റുഷ്ദിയെന്ന് തെളിയിക്കുന്ന നല്ല  ലേഖനമാണത്. ഗ്രൻ്റ മാഗസിനിലാണ് ഞാൻ ഈ ലേഖനം വായിച്ചത്. ഇതിൽ പറയുന്നു ,ഗ്രാസ് കുടിയേറ്റക്കാരൻ്റെ മനസ്സുള്ള എഴുത്തുകാരനാണ്. ആധുനിക കാലത്തെ മനസ് ഇതാണ്. ഒരിടത്തും വേരുറയ്ക്കാത്ത ജീവിതങ്ങൾ. 

രണ്ടു തരത്തിൽ കുടിയേറ്റക്കാരനാണ് അദ്ദേഹം. ഒന്ന്, തൻ്റെ മനസ്സിൻ്റെ അതിർത്തി മുറിച്ച് കടന്നു സഞ്ചരിച്ചു. രണ്ട് ,കാലത്തിൻ്റെ പരിധിക്കപ്പുറ ത്തേക്കു നീങ്ങി. ഒരിടത്തു തന്നെ വട്ടം കറങ്ങി സകല അന്ധവിശ്വാസങ്ങളും  തലയിലേറ്റിയ എഴുത്തുകാരനാവാൻ ഗുന്തർ ഗ്രാസിനു കഴിയില്ല; കാരണം, അദ്ദേഹം ആത്യന്തികമായ യാഥാർത്ഥ്യത്തെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. യാഥാർത്ഥ്യം ഒരു കലാവസ്തു (Artefact)വാണ് .റുഷ്ദി പറയുന്നു ,അത്  ആർട്ടിസ്റ്റ് ഉണ്ടാക്കുന്നതുവരെ നിലനിൽക്കുന്നില്ല .അത്  നിർമ്മിക്കാതെയുമിരിക്കാം. അത് നല്ലതുപോലെ നിർമിക്കാം; ചീത്തയായും നിർമിക്കാം – റുഷ്ദി എഴുതുന്നു. 

ഗ്രാസ് സ്വന്തമായി വികസിപ്പിച്ചത് എല്ലാറ്റിനെക്കുറിച്ചുമുള്ള അന്തിമമായ വിധി തീർപ്പുകളല്ല. മലയാളത്തിലാണെങ്കിൽ എല്ലാത്തിനെയും കയറി നിർവ്വചിച്ചുകളയും. ഒരു സംശയവുമില്ല, ഒന്നിനെക്കുറിച്ചും. എല്ലാം ടെക്സ്റ്റ് ബുക്കിൽ നിന്ന് അതേപടി സ്വീകരിക്കും. എന്നാൽ ഗ്രാസ് സന്ദിഗ്ദ്ധതയാണ് തൻ്റെ  കൈമുതലായി കൊണ്ടുനടന്നത്. യാഥാർത്ഥ്യം കൃത്രിമമായി നിർമ്മിക്കപ്പെടുന്ന സാഹചര്യത്തിൽ എഴുത്തുകാരൻ അതിൻ്റെ ഇരയാകാൻ പാടില്ല .ടെലിവിഷൻ ചാനലുകളും രാഷ്ട്രീയ പാർട്ടികളും മറ്റു സമാന്തര വ്യവസ്ഥകളും അവതരിപ്പിക്കുന്ന യാഥാർത്ഥ്യം എന്ന വേവിച്ച ഭക്ഷണം അതേപടി വിഴുങ്ങാൻ എഴുത്തുകാരൻ  തയ്യാറാവരുത്. അയാൾ മാറിനിന്ന് ചിന്തിക്കണം. ഇങ്ങനെ ചിന്തിക്കണമെന്ന് തോന്നണമെങ്കിൽ തലയിൽ എന്തെങ്കിലും വേണം.അനിശ്ചിതാവസ്ഥയുടെ ഭക്ഷണമാണ് ഗ്രാസ് കഴിച്ചത്.

അതുകൊണ്ട് അദ്ദേഹം എല്ലാത്തരം വ്യവസ്ഥാപിത അറിവ് നിർമ്മാണ ഫാക്ടറികൾക്കും വളരെ ദൂരെ മാറി നിന്നു. അപ്പം ചുട്ടെടുക്കുന്ന പോലെ എല്ലാത്തിനും ഉത്തരം നൽകുന്ന മാധ്യമ ,അക്കാദമിക് സമൂഹങ്ങളെ സംശയത്തോടെ കാണുകയാണ്  ഗ്രാസ് ചെയ്തത്. അദ്ദേഹം സ്വന്തമായി വികസിപ്പിച്ചതാണ് സന്ദേഹം എന്ന വിദ്യ. ചരിത്രത്തെ അറിയാൻ മറ്റൊരു വഴി തേടുന്നതിന് കാരണമിതാണ്.

ചെക്കോസ്ലോവാക്യയെ അറിയാൻ കാഫ്കയെ വായിക്കുന്നു ,ഹ്വാൻ റുൾഫോയെ ,മാർകേസിനെ വായിച്ചുകൊണ്ട് ലാറ്റിനമേരിക്കയെ  മനസ്സിലാക്കുന്നു – ഇതാണ് ഗ്രാസിൻ്റെ സമീപനം. മനുഷ്യൻ്റെ മസ്തിഷ്കത്തിൽ അറിവുകളെക്കുറിച്ചുള്ള സന്ദേഹം സൃഷ്ടിക്കുന്ന ചില ബിംബങ്ങളുണ്ട്. അത് നമ്മെ പ്രകൃതിയും കാലവും കടന്നുകാണാൻ സഹായിക്കുന്നു .

ടി. സി. ബോയ്ൽ 

അമേരിക്കൻ നോവലിസ്റ്റും കഥാകൃത്തുമായ ടി.സി. ബോയ്ൽ (T.C.Boyle) എഴുതിയ World’s End എന്ന നോവൽ പ്രശസ്തമാണ്. ഒരു കഥാകൃത്ത് എഴുതുന്നത് വലിയ ഒരു ഓഡിയൻസിനെ മുന്നിൽകണ്ടല്ല എന്നാണ് ബോയ്ൽ വാദിക്കുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ:

“കഥാകൃത്ത് ആരെയോ അഭിസംബോധന ചെയ്യുന്നുണ്ട് .പക്ഷേ, അത് നിങ്ങളെയല്ല .കഥാകൃത്ത് എഴുതുന്നത് അയാൾക്ക് വേണ്ടിയാണ്. വസ്തുതകൾ തേടുന്നതും അയാൾക്കു  വേണ്ടിയാണ് .എന്നാൽ ആരെയോ അത് വായിപ്പിക്കണമെന്നുണ്ട്.

അതുകൊണ്ടാണ് കഥയ്ക്ക് ഒരു രൂപമുണ്ടാകുന്നത്; അവ്യവസ്ഥയ്ക്ക്   പകരം കലാനുഭവമുണ്ടാകുന്നത്.അത് അപാരമായ രൂപമാണ് .അത് മനോഹരമായിരിക്കണം .എല്ലാ ഘടകങ്ങളിലും അത് വൈകാരികക്ഷമമാകണം. അതിൻ്റെ  ശൈലി, ഘടന എന്നിവ പ്രത്യേകിച്ചും . ശൈലി അതിൽ തനിയെ വരുന്നതാണ്. അതിൽ അടിച്ചേൽപ്പിക്കാനാവില്ല. അതുകൊണ്ടാണ് ‘കഥ സംഭവിക്കുന്നു ‘എന്ന് പറയുന്നത്.

പുസ്തകങ്ങൾ

വി.എസ് .അജിത്ത് എഴുതിയ  കഥകളുടെ സമാഹാരം ‘എലിക്കെണി’ (ലോഗോസ് ) ഗതാനുഗതികത്വം നിന്ന് രക്ഷപ്പെടുത്താൻ നമ്മെ സഹായിക്കുന്നുണ്ട് .പരിചിത വിഷയങ്ങൾ മറ്റൊരു രീതിയിൽ പറയാനുള്ള ആർജവം ഈ കഥാകൃത്തിനുണ്ട്. വെള്ളത്തിലാശാൻ , വെബിനാർ, വൈ ഭായി ഈ കോലീബി, മാ നിഷാദ ,ആൽഫാ സെഞ്ചുറി തുടങ്ങിയ കഥകളിൽ ഞാൻ പ്രതീക്ഷയർപ്പിക്കുകയാണ് .

ഷാബു എസ്. ധരൻ  രചിച്ച കഥകളുടെ സമാഹാരം ‘പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ'(സുജിലി)മനുഷ്യബന്ധങ്ങളെ സത്യസന്ധമായി സമീപിക്കുന്ന അനുഭവമാണ് നല്കുന്നത്. അറിയാത്ത പ്രശ്നങ്ങളെ ഷാബു സമീപിക്കുന്നില്ലായിരിക്കാം. എന്നാൽ സാമാന്യവത്ക്കരിക്കുന്നില്ല ഒന്നിനെയും .താൻ പരിചയപ്പെട്ടവയെല്ലാം തൻ്റെ കൂടി  ജീവിതമാണെന്ന അർത്ഥത്തിലേക്ക് ഷാബുവിൻ്റെ കഥകൾ മാറുന്നു.

സാഹിത്യകലയുടെ ഹൃദയം

ഒ.വി. വിജയൻ്റെ ‘ഗുരുസാഗര’ത്തിൻ്റെ അവസാന ഭാഗം സർവ്വഭൂതങ്ങളോടുമുള്ള താദാത്മ്യമാണ് പങ്കവയ്ക്കുന്നത്. പാരമ്പര്യത്തെ പുരാണങ്ങളെ ,ഇതിഹാസങ്ങളെ  ഇന്നത്തെ എഴുത്തുകാരൻ എങ്ങനെ ഉപയോഗിക്കണമെന്നതിനുള്ള  ഉദാഹരണമാണിത്. 

“ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതിരുന്നിട്ടുള്ളു ?പുറകോട്ടു തിരിഞ്ഞു നോക്കൂ. അച്ഛനു ഓർമ്മയില്ലേ ,ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ?അറിവ് തേടി ശുകൻ ജനകൻ്റെ കൊട്ടാരത്തിലെത്തി. തേജസ്വിയായ ബ്രഹ്മചാരിയെക്കണ്ട ജനകൻ ആർദ്രനായി; ശുകപിതാവായ വ്യാസനെ സമീപിച്ചു ജനകൻ പറഞ്ഞു, ‘ഈ അറിവു നേടിയിൽ അങ്ങയുടെ മകൻ ,അവൻ്റെ ശരീരം വെടിയും’.

‘എൻ്റെ മകനെ തടയാൻ എനിക്കവകാശമില്ല, വ്യാസൻ പറഞ്ഞു.

‘എന്നാൽ ബ്രഹ്മഹിതം പോലെ’. ജനകൻ ശുകന് അറിവ് പകർന്നു കൊടുത്തു. ശുകൻ അറിവിൽ ജ്വലിച്ചു. ജ്വാലയുടെ പാരമ്യത്തിൽ ശുകൻ ബന്ധനമറ്റ് ആദിഭൂതങ്ങളിൽ ലയിച്ചു. സാക്ഷാത്കൃതനായ വ്യാസമഹർഷി വീണ്ടും അച്ഛനായി .അച്ഛൻ്റെ ദുഃഖം അയാളിലേക്ക് തിരിച്ചുവന്നു .ശുകനെത്തേടി അയാൾ പ്രപഞ്ചധാതുക്കളിലൂടെ അലഞ്ഞു. ‘ നിസ്സാന്ത്വനമായ തൻ്റെ  മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു  പ്രലപിച്ചു ,’ശുകാ! മകനേ ! 

വിശ്വപ്രകൃതി ചെകിടോർത്തു; 

ശതകോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി ; ജലധാരകൾ, ശിഖരസ്പന്ദങ്ങൾ സാക്ഷരങ്ങളായി .

മരങ്ങളും ചെടികളും നീരുറവകളും കൽത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തിൽ വിളികേട്ടു .

അച്ഛാ ! അച്ഛാ !”

ഒരു നോവൽ അവസാനിക്കുകയാണിവിടെ.  എന്നാൽ അത് വായനക്കാരനിലേക്ക് പകരുന്നതാകട്ടെ, സാഹിത്യകലയ്ക്ക്  സാധ്യമായ പരമാവധി ഊർജ്ജമാണ്. മനുഷ്യജീവിതത്തെ സൗന്ദര്യത്തിൻ്റെ  അപാരതയിലേക്ക് നയിക്കുന്നത് ഇങ്ങനെയാണ്.

home

You can share this post!