പുരാവൃത്തങ്ങളിലെ ജലപ്പൂക്കൾ/രാജു കഞ്ഞിപ്പാടം


ഒരിടത്തൊരിടത്ത്…
ഒരു ചന്ദ്രുവും അവൻ്റെ സുഹൃത്തുക്കളായ പ്രേം പ്രകാശും മുസ്താക്കും ഉണ്ടായിരുന്നു.കൗമാരപ്രായക്കാരായ അവർ സായാഹ്നങ്ങളിൽ പുഴയോരത്ത് ചെന്നിരിക്കുക പതിവായിരുന്നു. അതുകൊണ്ട് തന്നെ പുഴയ്ക്ക് അവരുടെ കഥയിൽ ഒരു പ്രധാന പങ്കാണ് ഉള്ളത്.സുന്ദരികളും സെക്സ് മൊക്കെയാണ് ഒന്നിച്ചു കൂടുന്ന സമയത്ത് അവരുടെ ചർച്ചാവിഷയങ്ങൾ.അതുകൊണ്ട് മൂവരുടെയും കൗമാരസ്വപ്നങ്ങളെക്കുറിച്ച് പ്രധാന കഥാപാത്രമായ ചന്ദ്രുവിനോട് നമുക്കൊന്ന് ചോദിച്ചു നോക്കാം.
“ചന്ദ്രൂ…നിങ്ങൾക്ക് പഠനത്തെക്കാൾ പ്രാധാന്യം ഇങ്ങനെയുള്ള കാര്യങ്ങൾക്കാണെന്ന് പറഞ്ഞു കേൾക്കുന്നല്ലോ.അത് ശരിയാണോ “?
ചന്ദ്രൂ – “ഒരിക്കലുമല്ല. ഞങ്ങളെല്ലാം ഭാവനയിലൂടെ കാണാൻ ആഗ്രഹിക്കുന്നവരാണ്.ഒരു പക്ഷേ ഞങ്ങളുടെ പ്രായത്തിന്റെ പ്രത്യേകതയായിരിക്കാം.”
ഒരു ഉദാഹരണത്തിലൂടെ അത് വിശദമാക്കാം –
സഹശയനത്തിന് ഞങ്ങളുടെ നാട്ടിലെ സുന്ദരികളായ സ്ത്രീകളെ സാങ്കൽപ്പികമായി ഞങ്ങൾ കിടപ്പറയിൽ കൊണ്ടുവരാറുണ്ടെന്നത് ഞങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്.പിന്നീട് ഒന്നിച്ച് കൂടുമ്പോഴൊക്കെ അത് പറഞ്ഞു ഞങ്ങൾ രസിക്കാറുണ്ട്.നമ്മുക്ക് കിട്ടാത്തതൊക്കെ അങ്ങനെ വേണം ആസ്വദിക്കാനെന്നപക്ഷക്കാരാണ് ഞങ്ങൾ.എന്നാൽ ഞങ്ങളെക്കാൾ പ്രായ കൂടുതലുള്ള ചെത്തുകാരൻ നീലാംബരനും പൊണ്ണൻ കറിയാപ്പിയും അങ്ങനെയായിരുന്നില്ല.നേരിൽ കണ്ട് ആസ്വദിക്കാനും വേണ്ടിവന്നാൽഅത് അനുഭവിക്കാനുമാണ്അവരുടെ ശ്രമങ്ങൾ.
കൂട്ടായ ഒരു ജീവിതം ഞങ്ങളുടെ പുഴക്കരയിൽ പറ്റി പിടിച്ചു കിടക്കുന്നു.പുഴയാണ് ഇവിടുത്തെ കന്യകമാരെ ആദ്യം പുണരുകയും ചുംബിക്കുകയും അവരുടെ നഗ്നത അറിയുകയും ചെയ്യുന്നതെന്നാണ് ഞങ്ങളുടെ ഒരഭിപ്രായം.മുലക്കച്ച കവരാൻ വരുന്ന ഒഴുക്കിനോടും കാൽവണ്ണ കൊത്തി പ്പറിക്കുകയും തുടകളിൽ പരതുകയും ചെയ്യുന്ന പരൽ മീനോടും തരുണികൾ പരിഭവിക്കാറുണ്ട്.അതുകൊണ്ട് ഒരു പരൽമീൻ ആകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മുസ്താക്ക് പലപ്പോഴും പറയുമായിരുന്നു.
ഒരിക്കൽ കോളേജിൽ പഠിച്ചിരുന്ന ചന്ദ്രുവിന്റെ സുഹൃത്ത് ഇവിടെ വന്നപ്പോൾ കടവുകളിൽ മുലക്കച്ച കെട്ടി കുളിക്കുന്ന സ്ത്രീകളെ കണ്ട് അത്ഭുതം കൂറിയത് ചന്ദ്രു ഓർത്തെടുത്തു.
പുഴക്കരയിൽ പെണ്ണുങ്ങൾ കൂടി നിന്ന് വായ്ക്കുരവയിടുന്നത് എന്തിനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത് വൈകിയാണ്.ഋതുമതി പൂവ് മുങ്ങി കുളിക്കുമ്പോഴുള്ള ചടങ്ങാണ് പോലും.
നിറുകയിൽ നിറയെ എണ്ണ പൊത്തി ഈറനോടെ തണുത്ത് വിറക്കുന്ന പെൺകുട്ടിയുടെ കൂമ്പാൻ വെമ്പുന്ന മാറത്തും കവിളിലും നാണത്തിന്റെ തുടിപ്പ് ഞങ്ങൾ കണ്ടിരുന്നു.തിരുവാതിരക്കാലത്ത് പെണ്ണുങ്ങൾ വായ്ക്കുരവയോടെ തുടിച്ചു കുളിക്കുന്നത് ധനുമാസത്തിലെ മഞ്ഞുപോലെ ഞങ്ങളിലും കുളിരു നിറച്ചിരുന്നു.
നീലാംബരന്റെ അച്ഛൻ മരിച്ച് കഴിഞ്ഞ് ചെണ്ടമേളത്തോടെ
വന്നാണ് അസ്തികൂടം ഒഴുക്കിയത്.നീലാംബരന്റെ ചുണ്ടുകൾ സങ്കടത്താൽ വിറകൊള്ളുന്നതും അ വൻ്റെ കണ്ണീർ ചാലുകൾ പുഴയൊപ്പിയെടുക്കുന്നതും ഞങ്ങൾ കണ്ടതാണ്.പിന്നീട് എത്രയെത്ര അസ്തിക്കുടങ്ങളാണ് പുഴ ഏറ്റുവാങ്ങിയിട്ടുള്ളത്!
മൊട്ടക്കാരൻ മുകുന്ദേട്ടന്റെ പോ… പോ…ഊത്ത്
പുഴയുടെ തിട്ടകൾക്ക് ഉത്സാഹ ലഹരിയാണ് പകർന്നിരുന്നത്. ഫുൾസ്ലീവ് ഷർട്ടിട്ട് അണ്ടർവെയർ കാണെ ഓയിൽ ഡബിൾ മടക്കി കുത്താതെ വളവരയൻ വള്ളത്തിൽ പ്രേംനസീർ മീശവെച്ച സുമുഖനായ മുകുന്ദേട്ടൻ്റെ ആഴ്ചയിലൊരിക്കലുള്ള വരവ് സ്ത്രീകൾക്ക് കാത്തിരിപ്പിൻ്റെ നാളുകളാണ്. ചാന്തും കുപ്പിവളയും കരിമഷിയും വീട്ടുസാമാനങ്ങളും കോഴിമുട്ട കൊടുത്താണ് അവർ വാങ്ങുന്നത്. മുട്ട പാത്രത്തിന്റെ അടിയിൽ ഉമിയിട്ട് അതിന് മേൽ കൂമ്പനെ മുട്ട പെറുക്കി വെക്കും.മുകുന്ദേട്ടന്റെ കൈയുടെ മൃദുലമായ ചൂട് കുപ്പിവള ഇടുമ്പോൾ പെണ്ണുങ്ങളെല്ലാം അറിഞ്ഞതാണ്.ക്രയവിക്രയങ്ങളിലെ തഴുകൽ അയാളുടെ കച്ചവട തന്ത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണ്. പൈനാപ്പിൾ ഗുളികയ്ക്ക് അമ്പത് പൈസയുടെ വൃത്തമുണ്ട്.അത് വെള്ളത്തിലിട്ടാൽ അലുത്ത് ജൂസുപോലെയാകും.അത് പെണ്ണുകാണാൻ വരുന്നവർക്ക് ചില്ലു ഗ്ലാസിൽ പകർന്ന് കതകിന് മറവിൽ ലജ്ജപൂണ്ട് പെണ്ണുങ്ങൾ നിൽക്കും. അങ്ങനെ പുഴയോടൊപ്പം ഞങ്ങളുടെ ജീവിതവും ഒഴുകുകയായിരുന്നു.

പൊണ്ണൻ കറിയാപ്പിയും നീലാംബരനും .

കൈതപ്പൂവിന്റെ ഗന്ധമുള്ള പുഴയുടെ തീരത്തെ പൊന്തകളിലിരുന്ന് പെണ്ണുങ്ങൾ കുളിക്കുന്നത് കാണുക എന്നത് പൊണ്ണൻ കറിയാപ്പിയുടെ ഒരു സ്ഥിരം വിനോദമാണ്. ചെത്തുകാരൻ നീലാംബരൻ ഇത് നോക്കിക്കാണുന്നത് ചെന്തെങ്ങിൻ്റെ മണ്ടയിലിരുന്നാണ് .നീലാംബരൻ കടവിലെ ചെന്തെങ്ങിൽ ചാരി നിന്ന് അമ്മിണിക്കുട്ടി കുളിക്കുന്ന നേരത്ത്
‘ജമന്തിപ്പൂക്കൾ’ ..എന്ന ജയചന്ദ്രൻ ഗാനം സ്ഥിരമായി പാടിയാണ് പ്രേമ പരീക്ഷയിൽ വിജയിച്ചത്.ചന്ദ്രിക പെയ്യുന്ന രാത്രിയിൽ പുഴ നിറഞ്ഞൊഴുകവേ,നീലാംബരന്റെ ജമന്തിപ്പൂക്കൾ കേട്ടാണ് വലക്കാരൻ അവറാൻ്റെ മകൾ അമ്മിണിക്കുട്ടി നെഞ്ചിടിപ്പോടെ അയാളുടെ പുരയിലേയ്ക്ക് ആദ്യമായി വലതുകാൽ വെച്ച് കയറിയതും കള്ളും മീൻ മണവും ചേർന്ന് അനു, മിനു എന്ന രണ്ട് സന്താനങ്ങളുണ്ടാതും നാടിൻ്റെ പ്രേമചരിത്രത്തിലെ നാഴികക്കല്ലായ സംഭവങ്ങളിലൊന്നണ് .പിന്നീട് എത്രയെത്ര പ്രേമ നാടകങ്ങൾക്കും വിരഹങ്ങൾക്കും പുഴ സാക്ഷിയായിട്ടുണ്ടെന്നോ?
‘ഇതാ ഇവിടെ വരെ’എന്ന പത്മരാജൻ ചിത്രത്തിൽ ജയഭാരതി മുലക്കച്ച കെട്ടി മുങ്ങി കുളിക്കുന്നൊരു സീനുണ്ട്.കൈതോല വീണു കിടക്കുന്ന കട വിന് ജയഭാരതി കടന്നവെന്ന പേര് വന്നത് അങ്ങനെയാണ്. ‘ രതി നിർവേദം’ ചന്ദ്രുവും മുസ്താക്കും പ്രേം പ്രകാശം ചേർന്ന് കണ്ടത് അഞ്ച് പ്രാവശ്യമാണ്.തകര രണ്ട് തവണയും !
ജയഭാരതിക്കടവിനുമപ്പുറം കൈതയും പുല്ലാനിപ്പൊന്തയും നിറഞ്ഞ സ്ഥലത്ത് ആളുകളോടികൂടുന്നു.പൊണ്ണൻ കറിയാപ്പിയെ എന്തോ കടിച്ചെന്ന് !
പൊന്തക്കാട്ടിൽ പാമ്പ് കാണും. പാമ്പ് …!
കറിയാപ്പി വിയർത്ത് കുളിച്ചു.രോമകൂപങ്ങൾ ക്കിടയിൽ വിയർപ്പ് മുത്ത് കെട്ടി.ഇവന് പൊന്തക്കാട്ടിൽ കയറേണ്ട കാര്യമുണ്ടായിരുന്നോ എന്ന് കൂടിയവരിൽ ആരോ ചോദിച്ചു.തൂറാൻ കയറിയതാണെന്ന് കറിയാഞരങ്ങിയെങ്കിലും ഞങ്ങൾക്കറിയാമായിരുന്നു വാസ്തവം.
നീലാംബരനുമറിയാം. നീലാംബരൻ ചുവന്ന ചെത്തുകാരൻ തോർത്ത് കീറി കറിയാപ്പിയുടെ തുടയിൽ വരിഞ്ഞു കെട്ടി.കരയിൽ പിടിച്ചിട്ട ആറ്റുവാളയെ പോലെ അവൻ കിടന്നു പിടഞ്ഞു. പുഴക്കക്കരയാണ് ചേനാടൻവിഷകാരിയുടെ വീട്. ഒറ്റക്കണ്ണനാണ് അയാൾ.പാട കെട്ടിയ പോലെ തോന്നും ആ കണ്ണു കണ്ടാൽ.
താടിയും മുടിയും നഖങ്ങളും നീണ്ട് വളർന്ന വിഷകാരിയുടെ നെറ്റിയിൽ വലിയൊരു കുങ്കുമ പ്പൊട്ടും. കണ്ടാൽ ഭയം തോന്നും. കടിച്ച പാമ്പിനെ വരുത്തി വിഷമെടുപ്പിക്കുമയാൾഈർക്കിൽ ജപിച്ച് കൊത്തിയ പാമ്പിനെ വരുത്തി രണ്ടായി  പിളർത്തിക്കളയും.വിഷ കാരിയുടെ അടുത്തേയ്ക്ക് രണ്ട് തുഴയിട്ട വള്ളം പാഞ്ഞുപോയി.
  പൊന്തക്കാടിന് ചുറ്റും നാട്ടുകാർ കൂടി നിന്നു. മുട്ടയിട്ടു പെരുകിയ പാമ്പ് കാണും.
അപ്പോൾ തന്നെ ആൾക്കൂട്ടം പൊന്തക്കാട് വെട്ടി തരിശാക്കി.പാമ്പിനെയൊന്നും കണ്ടില്ല.തവളയെ വിഴുങ്ങിയ തല വീർത്ത ഒരു നീർക്കോലിയെ കണ്ടു.ഇതായിരിക്കും കറിയാപ്പി പാമ്പാണെന്ന് തെറ്റിദ്ധരിച്ചത്.!
കഥയിലെ വഴിത്തിരിവ്
ഏതൊരു കഥയിലും ഒരു വഴിത്തിരിവ് ഉണ്ടാകണം.എങ്കിലേ വായനക്കാരെ കൂടെക്കൂട്ടാൻകഴിയുകയുള്ളു.ഈ കഥയിലെ വഴിത്തിരിവ് തുടങ്ങുന്നത് ഇലഞ്ഞിക്കലെ ബാലേട്ടന്റെവിവാഹത്തോടെയാണ്.ബാലേട്ടൻ കരുത്തനായ ഒരു പട്ടാളക്കാരനാണ് .നാടടച്ച് ഈ കല്യാണം വിളിച്ചിരുന്നു. പെണ്ണ് ഉണ്ണിമായ സുന്ദരിയാണെന്നൊരു ശ്രുതി നേരത്തെ പരന്നിരുന്നു.വലിയ ലൈൻ ബോട്ടിൽ ആണ് എല്ലാവരും കല്ല്യണത്തിന് പോയത്.ചന്ദ്രുവും മുസ്താക്കും,പ്രേം പ്രകാശും ബോട്ടിന്റെ മുകളിലിരുന്നാണ്
ഓളത്തിനൊത്ത് ചാഞ്ചാടിയത്.
വിടർന്ന കണ്ണുകളുള്ള സുന്ദരിയായ കല്യാണപ്പെണ്ണ് .
തങ്കത്തിന്റെ നിറം. ഇളകുന്ന നിതംബവും തുടത്ത കണ ങ്കാലുകളും.ചന്ദ്രുവും കൂട്ടരും ഇമ വെട്ടാതെ നോക്കിയിരുന്നു പോയി.
“കുളിക്കാൻ വരുമായിരിക്കും”? ചന്ദ്രു പറഞ്ഞു.
“തമിശയമാ…ബാലേട്ടൻ കുളിമുറി പണിയിക്കാമ്പൊണെന്നൊരു കേളുവി”…മുസ്താക്ക് പറയുമ്പോൾ ജയഭാരതി ക്കടവിൽ കുളിക്കുന്ന മായേച്ചി ചന്ദ്രുവിന്റെ കണ്ണിൽ തെളിയുകയായിരുന്നു. “ബാലേട്ടൻ എല്ലാ കാര്യത്തിലും ഒരു കണ്ണുള്ളയാളാ. സൂശിക്കണം. “
മുസ്താക്ക് പറഞ്ഞു. “തന്ന യോ..ഉരുക്കാ ബാലേട്ടൻ… ഉരുക്ക്.” “ബാലേട്ടൻ കെട്ടിയിട്ടേട്ട് അങ്ങ് കാശ്മീരിൽ പോകത്തില്ലേ?
പട്ടാളക്കാരന് എന്നും ഓടി വരാൻ പറ്റുവ്വോ?
തന്നെയല്ല യുദ്ധത്തി
തൊലഞ്ഞു പോയാ തീർന്നില്ലേ? കച്ചോടം!”
“കണ്ണീചോരയില്ലാതെ യൊരോന്ന് പറയാതെടാ ചന്ദ്രൂ.” മുസ്താക്ക് പരിഭവിച്ചു.
കല്യാണണ പിറ്റേന്ന് പൊണ്ണൻ കറിയാപ്പി പുഴക്കരയിൽ കുത്തിയിരുന്ന് മൂടുകഴച്ചു. പൊന്തക്കാട്ടിൽ കേറാനൊരു പേടി.നീലാംബരൻ പുഴക്കരയിലെ തെങ്ങുകളിൽ കള്ളുമാട്ടം ശരിയാക്കി വെയ്ക്കാനെന്നും പറഞ്ഞ് പാഞ്ഞ് കേറിക്കൊണ്ടിരുന്നു.
ചന്ദ്രുവും കൂട്ടരും കടവിനടുത്തുകൂടി കവാത്ത് നടത്തി.ബാലേട്ടന്റെ പട്ടാള ക്കണ്ണുകൾ ചന്ദ്രുവിനെ കോർത്ത് വലിച്ചു. ഒരു പിടയലോടെ അവൻ കാല് നീട്ടി വെച്ച് നടന്നു.
“ബാലേട്ടനൊന്ന് പോട്ടടാ പട്ടാളത്തില് …നമുക്ക് വളയ്ക്കാമെടാ മുസ്താക്കെ…”
” നെൻ്റെ ഈ മശീലുപിടുത്തം പെണ്ണുങ്ങള് ഇശ്ട്ടപ്പെടുമോ എന്തോ ?”
” പോടാ മേത്താ … ഓ… നീ കാമദേവനല്ലേ.?
അവൻ്റെയൊരു …” ചന്ദ്രു അരിശം കൊണ്ടിരുന്നു.
മുസ്താക്ക് പിന്നെയൊന്നും മിണ്ടീല്ല.
പുഴയിൽ അലകൾ ഇളകിയിരുന്നു. അസ്തമയത്തിന്റെ ചോര കഴുകാൻ സൂര്യനെപ്പോൾ കടലിലിറങ്ങിയിരുന്നു.
ഒരു നാട്ടിൻപുറത്ത് നടന്നതൊ നടക്കാനിരിക്കുന്നതോ ആയ ഈ കഥയിൽ ഭൂകമ്പമുണ്ടായതെങ്ങനെയെന്ന് നോക്കാം.
ചന്ദ്രുവും  മുസ്‌താക്കും പ്രേം പ്രകാശും ഇവർക്ക് കാല്പനികമായ ചിന്തകൾ കുരുത്തത് അവരുടെ ടീനേജ് കാലത്താണ്.കാലത്തിനുണ്ടായ ചില മാറ്റങ്ങൾ ചന്ദ്രുവിന്റെ
നാടിനെയും മാറ്റിമറിച്ചു.ഒരു സ്ത്രീയുടെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെയും ജഡങ്ങൾ പുഴയിലൂടെ ഒഴുകിവന്നു.അമ്മയുടെ സാരിത്തുമ്പിൽ തുടൽപോലെ കുഞ്ഞുങ്ങളെ കെട്ടിയിട്ടിരുന്നു.ശവഗന്ധവുമായി കടവുകൾ വിറങ്ങലിച്ച് കിടന്നു.അതോടെ പെണ്ണുങ്ങൾ കുളിക്കാൻ വരാൻ പേടിച്ചു.ചന്ദ്രുവിന്റെയും കൂട്ടുകാരുടെയും കാഴ്ചകൾക്ക് മേലെ ഒരു സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും ശവങ്ങൾ ഒഴുകി നടന്നു.കുളിക്കാനായി വെള്ളത്തിൽ മുങ്ങുമ്പോൾ അവരുടെ മുന്നിൽ അത് തെളിഞ്ഞു വന്നു.അവരപ്പോൾ പിടഞ്ഞു കരയ്ക്ക് കയറും.നഗര പാച്ചിലിനിടയിൽ പല ശവങ്ങളും പുഴയിലേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു.മാലിന്യ കൂമ്പാരങ്ങളും. അലക്കും  കുളിയുമായി ശബ്ദായമാനമായ കടവുകൾ ജര ബാധിച്ച് മിണ്ടാതെ കിടന്നു.
അവർ മൂവരും കടവിലിരുന്ന് ഗത കാലങ്ങളിലേക്ക് ഊളിയിട്ടു.മീനുകളും നീർപ്പക്ഷികളും ഫോസിലുകൾ ആയി കടവിനടുത്തു നിരന്നു കിടക്കുന്നു!.അവർക്ക് മുന്നിൽ രജസ്വലയായ പുഴ ചലനമറ്റ് കിടന്നു.
കടവിൽ പഴയതുപോലെ പെണ്ണുങ്ങൾ കുളിക്കാൻ വരാൻ എന്താണ് ചെയ്യേണ്ടത്?അവർ ആലോചിച്ചു.
മരിക്കുന്ന നദികളെ കുറിച്ചാണ് ചന്ദ്രു പറഞ്ഞത്. നാളെ പുലരുമ്പോൾ ഈ പുഴ ഇവിടെ കണ്ടെന്ന് വരില്ല. കുഴൽക്കിണറുകൾ,പൈപ്പ് ലൈനുകൾ,കുളിക്കാൻ കുളിമുറിയും ഷവറുകളും.മായേച്ചി കുളിമുറിയിൽ കുളിക്കുന്ന വാർത്ത അവരുടെ മുന്നിൽ വായിച്ചത് പ്രേം പ്രകാശാ യിരുന്നു.അതിൻ്റെ അവസാനത്തിൽ പോയതൊന്നും തിരിച്ചു വരില്ലെന്ന് അവൻ പറഞ്ഞത് സത്യമായിരുന്നു.
പുഴക്കടവുകളിലെ കുളിസീനുകൾക്ക് പകരം തീവ്രമായ ലൈംഗികതയുടെ ചിത്രങ്ങൾ മൊബൈലിലും ഇൻറർനെറ്റുകളിലുമായി വില്പന ചരക്കായി.ഇൻറർനെറ്റുകളിലൂടെ നഗ്നതയുടെ ആരവം.
പട്ടണത്തിൽ പഠിച്ചിരുന്ന സണ്ണിക്കുട്ടിയുടെ മകൾ റോസിലിയ്ക്ക് വെളുത്ത റോസ ദളത്തിൻ്റെ നിറമായിരുന്നു.റോസിലി പാവാട പൊക്കിക്കുത്തി തുണിയലക്കുമ്പോൾ അതാസ്വദിച്ച് പുഴയ്ക്കക്കരെ ചെറുപ്പക്കാർ നിൽപ്പുണ്ടാകും.കൂട്ടുകാരികൾ ഹോസ്റ്റലിൽ വെച്ച് തമാശയ്ക്കാണ് അവളുടെ നഗ്നത കാമറയിൽ പകർത്തിയത്.പിന്നീട് ഇൻറർനെറ്റിലൂടെ ആ ചിത്രം കണ്ട് നടുങ്ങിയ റോസിലി പുഴയിൽ ചാടിയാണ് ജീവനുടുക്കിയത്.കറുത്ത പുഴ വെള്ളത്തിൽ റോസിലി മലർന്ന് കിടന്നത് നാട്ടുകാർക്ക് മറക്കാനാവുമായിരുന്നില്ല.
ചന്ദ്രിക മെഴുകി വെളുപ്പിച്ച പുഴയുടെ തീരത്ത് ചന്ദ്രുവും കൂട്ടുകാരുമിരുന്നു.മഞ്ഞിന്റെ മൂടുപടമണിഞ്ഞ അക്കരെ നോക്കി ചന്ദ്രു പറഞ്ഞു. “ഒരു മോഹം മാത്രം ബാക്കി നിൽക്കുന്നു.
മായേച്ചി കുളിക്കുന്നത് മാത്രം കാണാൻ കഴിഞ്ഞില്ല. “അവൻറെ ശബ്ദം ചിലമ്പിച്ചിരുന്നു. ” അതിനിനി എന്നാ ചെയ്യാനാ…?ഇനിയത് നടക്കു മെന്ന് തോന്നുന്നില്ല.”മുസ്താക്ക് പറയുന്നു.
“നടക്കും… ഞാൻ…ഞാനൊരു ഈച്ചയാകും”.
“ഈച്ചയോ?”
മുസ്താക്ക് നിർത്താതെ ചിരിക്കുന്നു.
നിലാവ് മങ്ങി.മഞ്ഞിന്റെ പുക മറ തീരത്തെ മൂടി. പുഴ പോലും മറിയാതെ ഒരു വേലിയേറ്റമുണ്ടായോ?
ചന്ദ്രു ഇരുന്ന സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു !
പ്രേം പ്രകാശും മുസ്താക്കും അമ്പരന്നിരുന്നു.
പ്രേം പ്രകാശ് പറയുന്നു…
ചന്ദ്രു ഈച്ച പറന്ന് മായയേച്ചിയുടെ കുളിമുറിയുടെ ഭിത്തിയിൽ ചെന്നിരിക്കും.ഈച്ചയുടെ ചെറിയ വട്ടക്കണ്ണ് തിളങ്ങുന്നുണ്ടാവും.എണ്ണ തേച്ച് വെട്ടിത്തിളങ്ങുന്ന മായേച്ചി.വെള്ളം ഷവറിൽ നിന്ന് മായേച്ചിയുടെ ദേഹത്ത് വീണുടഞ്ഞു കൊണ്ടിരിക്കും.സോപ്പും കാച്ചെണ്ണയും ചേർന്ന ഗന്ധത്തിൽ ഈച്ച സ്ഥലകാലങ്ങൾ മറന്നുപോകും.വിശദമായി കുളി കഴിഞ്ഞ് മായേച്ചി നോക്കുമ്പോൾ ഒരീച്ച. ഛേ…എന്ന് പറഞ്ഞ് മായേച്ചി ഇടം കൈകൊണ്ട് ഈച്ചയ്ക്കിട്ടൊരടി. അത് കുളിമുറിയിൽ ചത്ത് മലയ്ക്കും .ചന്ദ്രുവിനെ അതോടെ കാണാതാകും.അങ്ങനെ വന്നാലുണ്ടാകാ നിടയുള്ള ഭൂകമ്പം എന്തായിരിക്കും.
എങ്ങനെയാണ് കഥയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതെന്ന് ഇപ്പോൾ മനസ്സിലായിക്കാണും.
ഇങ്ങനെയാണ് ജീവിതത്തിലേക്ക് അത് പകരുന്നത്.
പ്രേം പ്രകാശ് തുടരുന്നു…
ഒരിടത്തൊരിടത്ത്… ഒരു നാട്ടിൻപുറ മുണ്ടായിരുന്നു. അവിടെ ഒരു പുഴയുണ്ടായിരുന്നു…

You can share this post!