പാവപ്പെട്ടവന്റെ വീട് പൊളിച്ചു മാറ്റുമ്പോൾ/അനുകുമാർ തൊടുപുഴ


തടയിൽ
വേവുമുറിച്ചുകടന്ന
കഷ്ടതകളുടെ ചൂട്
പാതിയാറാതെ അത്താഴമൂട്ടാൻ
മറുകര തേടുന്നുണ്ടാകാം.
വലിഞ്ഞുകയറിവന്ന ചാവാലി
നായെ വഴിയിലുപേക്ഷിക്കേണ്ടി-
വന്നതിന്റെ തെണ്ണം
നെഞ്ചിൽ കനമായി തോന്നാം.
അടിത്തറതൊട്ട്
പൊളിച്ചു തുടങ്ങേണ്ടതെന്ന്
തോന്നിത്തുടങ്ങുമ്പോഴേക്കും
മേൽക്കൂരയിൽനിന്നും
കഴുക്കോലുകൾ
അലറിപ്പിരിഞ്ഞു തുടങ്ങിയിരിക്കാം …
പറ്റ്പീടികയിലെ
അധികങ്ങൾക്കൊപ്പം.

അധികം കഴിഞ്ഞു…
ഇനി കുറയ്ക്കലാണ്.

സ്വീകരണമുറിയുടെ
അസ്ഥിവാരത്തിൽനിന്നും
യന്ത്രകൈകൾ
മാന്തിക്കൂട്ടിയ കൂട്ടത്തിലെ
പലകൂട്ടം കുറയ്ക്കലുകളിൽ
സന്തോഷവും
സമാധാനവും
ഉറക്കവും.
പിന്നെ
പാതി ചത്ത
വിശപ്പും.

കട്ടള ചിലപ്പോൾ
കടുകിട
ഇളകിയിട്ടുണ്ടാവാം…
നല്ലകാലത്തിന്റെ
വരവും കാത്ത്
ഇരുന്നു തഴമ്പിച്ച കറുത്ത
പാടുകളുണ്ടതിൽ
എത്ര ചീകിയാലും മായാത്തത്…
അടർത്തിവച്ച
ചെങ്കല്ലുകളിൽ നിന്നുമുള്ള
നെടുവീർപ്പെടലിന്റെ ഞരക്കങ്ങളെ
ഉണക്കക്കച്ചകൊണ്ട്
മൂക്കുപൊത്തി
കൊല്ലേണ്ടിവരും
തേങ്ങലടക്കാൻ മാത്രം.

കൂനയായ കൂരക്കിപ്പോൾ
കറുപ്പോ വെളുപ്പോ
നിറമുണ്ടാകാം
അടർന്നുവീണ
സ്വപ്നത്തിന്റെ നിറം.
അതിനൊത്ത നടുവിലായി
ഒരു കുഴിയാന
കുഴിയെടുത്ത് തുടങ്ങും
അതിലൂടെ വേണം
ഇനിയൊരു പുതിയ
വഴിയൊരുക്കാൻ..
തെരുവിലേക്കൊരു വഴി.

You can share this post!