ഞാൻ പാട്ട് പഠിച്ചതു
ഒരു പാറമടയിലായിരുന്നു.
ഇരുട്ടത്ത് കിളവൻ റബ്ബർമരങ്ങൾ
കണ്ണുകാണാതെ നിന്ന്
കാറ്റ് കുടഞ്ഞ
പയ്യാനിപ്പറമ്പിന്റെ പള്ളയിൽ,
ഏതോ വന്യജീവി കാർന്നുതിന്ന
പെരുമ്പാറയുടെ ഉറവക്കുഴിയിൽ,
കറുപ്പടിഞ്ഞ വെള്ളത്തിന്റെ
കൊഴുപ്പിൽ
ചത്തുകിടന്ന
അനാഥമായ പകളിലേയ്ക്ക്
പാട്ടിന്റെ പരവേശം കൊണ്ട്
ഊളിയിട്ടു.
വെള്ളത്തിൽ കുമിളയിട്ടു മറിഞ്ഞ
സിലോപ്പിക്കുഞ്ഞുങ്ങളോടൊപ്പം,
ആഴത്തിൽ നിന്നും
ആകാശം നോക്കി പറന്നുയർന്ന
പരുന്തിൻകുതിപ്പിനൊപ്പം
പാട്ടിന്റെ ചൂളംവിളികൾ
വിറകൊണ്ടു.
കുട്ടപ്പായി എന്ന കൂട്ടുകാരൻ
തലേന്നിട്ടുവെച്ച വെട്ടുചൂണ്ടയിൽ
പെട്ടുകിടന്ന കിളവൻ തിലോപ്പിയെ
കൊളുത്തൂരിവിട്ടത്
പാട്ടിന്റെ
നട്ടപ്രാന്ത് കൊണ്ടല്ലാതെ-
യെന്ത്?
ചന്ദിരാ നീ തല്ല് കൊള്ളുവേ എന്ന്
കുട്ടപ്പായി പിറ്റേന്ന്
റബ്ബറിന്റെ മോളിൽ നിന്ന്
കണ്ണുരുട്ടി.
ഒരു പാട്ടിൻ തുണ്ടുകൊണ്ട്‍്
അവനെ തണുപ്പിച്ചു.
മഴക്കാലത്ത് പായൽ പുതച്ച്
പാറമടയിലെ കനജലം
കരിങ്കല്ല് പോലായി.
കല്ലുകൾക്ക് മുകളിലൂടെ നടന്ന്
കാരണോന്മാരുടെ ഒച്ച കേട്ടു.
പറ്റിപ്പിടിച്ച എന്റെ പാട്ട് കൊണ്ട്
ഇലകളിൽ ഈർപ്പം വഴുക്കി.
പാട്ടുപഠിത്തം കഴിഞ്ഞ് ഒരു വേനലിൽ
തോട്ടമിറങ്ങി
വെയിൽ തൊട്ടുനടന്നു.
തോട്ടം കഴിഞ്ഞാൽ അന്നൊക്കെ ലോകം
അന്തം വിട്ട് വിളറിക്കിടപ്പായിരുന്നു.
ആളുകൾ കുതിച്ചുനടന്ന്
എവിടേയ്ക്കോ പോകും.
ഒരു പാറമട അങ്ങനെ തന്നെ
നെഞ്ചിൽ ചുമക്കുന്നവന്
വെള്ളത്തിന്റെ കരിമ്പച്ചയിൽ
തല്ലിപ്പിടയ്ക്കാനല്ലാതെ
നനഞ്ഞ മൂളിപ്പാട്ടും കൊണ്ട്
റോഡരികിൽ നിൽക്കാനല്ലാതെ
എന്തുപറ്റും?