1985-
……..
കാറ്റു തുള്ളിയോ
മഴത്തുള്ളിയോ
മഞ്ഞുതുള്ളിയോ
ഓല മേഞ്ഞ കൂരയിൽ
ഇറ്റിറ്റു വീഴുമ്പോൾ,
നിലാവെളിച്ചവും
നക്ഷത്രരശ്മികളും
രാവിൻ്റെ സദിരും
മണവും
കൂടി കുഴഞ്ഞ
ഏഴു മണി നേരത്താണ്;
മുനിഞ്ഞു കത്തുന്ന
മണ്ണെണ്ണ വിളക്കിൻ്റെ
ആർദ്ര വെട്ടത്തിലാണ്;
അത്താഴത്തിന്
മണ്ണ് മെഴുകിയ തറയിൽ
ബാല്യകാലം
ചമ്രംപടിഞ്ഞിരിക്കുന്നത്.
അന്ന്,
എട്ട് മണിക്ക് തന്നെ
പാതിരാവ് തുടങ്ങും.
തഴപ്പായയിൽ കിടന്ന്
ഉറങ്ങാത്ത നേരങ്ങളിൽ
മാറി മാറി
ചെവി ട്യൂൺ ചെയ്താൽ കേൾക്കാം,
പാടത്തിന്നക്കരെ നിന്നും
കള്ളിൻ്റെ പുലഭ്യം,
നടയടക്കുന്നതിൻ്റെ
ശംഖു നാദം,
പലചരക്ക്
കടയടക്കുന്നതിൻ്റെ
പലകപാളിയൊച്ച,
പട്ടാളക്കാരൻ്റെ വീട്ടിലെ
വൈദ്യുതഹങ്കാര
ദൂരദർശൻ ചിത്രഗീതം.
എന്തിന്,
ഒന്ന് നന്നായി ചെവിയോർത്താൽ
കേൾക്കാം,
അടുത്ത ഭൂഖണ്ഡത്തിലെ
ശബ്ദങ്ങൾ പോലും!
അങ്ങ് ദൂരെ
ആലുവ മണപ്പുറത്തിന് തൊട്ട്
പുഴയ്ക്ക് കുറുകെയുള്ള
പാലത്തിലൂടെ
തെക്കോട്ടും വടക്കോട്ടും
പോകുന്ന പാതിരാ തീവണ്ടികളുടെ
ചൂളം വിളി കേൾക്കുമ്പോൾ
ആരോ വേർപ്പെട്ടു പോകുന്ന
ഒരസ്വസ്ഥത !
ഉറക്കം വരാത്ത രാവിൽ,
അശോക കമ്പനിയിലെ
പത്തിൻ്റെചൂളം വിളി
രാവിൻ്റെ നട്ടുച്ച
വിളിച്ചോതിയിരുന്നു.
ഇറുകനെ കണ്ണടച്ചേക്കാം,
പുറത്ത് ആരോ അടക്കം പറയുന്നതിൻ്റെയും തേങ്ങുന്നതിൻ്റെയും
അനങ്ങുന്നതിൻ്റെയും ശബ്ദങ്ങൾ,
സ്വർഗ്ഗത്തിൻ്റെ മച്ചിനു മുകളിൽ
ആരോ ഓടുന്ന പാദസര ശബ്ദം,
മെതിയടി ശബ്ദങ്ങൾ
ചിരികൾ, മൂളക്കങ്ങൾ, ചിറകടികൾ ..
ഭയന്ന് ഭയന്ന്
ഉറങ്ങി പോയ
ആയിരത്തിത്തൊള്ളായിരത്തി
എൺപതുകളിലെ
ബാല്യത്തിൻ്റെ
പുരാതന രാവുകൾ ….
2021-
………
നേരം ഇല്ലാത്തതിനാൽ,
നേരം കുറവായതിനാൽ,
ഇപ്പോൾ
സന്ധ്യയെ ആരും മൈൻഡ് ചെയ്യാറില്ല!
അന്തിത്തിരി വെട്ടത്തിൽ
പരേതലോകങ്ങളുടെ
സന്ദർശനങ്ങളില്ല
എൽ ഇ ഡി ബൾബിൻ്റെ
വെട്ടച്ചൂലുകൾ
രാത്രിയെ തൂത്തുവാരി
പുറത്തു കളയുന്നു.
ഫുൾ എച്ച് ഡി, ഫോർ കെ
സ്മാർട്ട്ടെലിവിഷൻ
നേരങ്ങളെ
കണ്ട ഭാവമേ നടിക്കുന്നില്ല.
റിമോട്ടിന്നാജ്ഞയാൽ
ഏതു നേരവും
ഏതു ഋതുവും
ഓച്ചനിച്ചു നിൽക്കും
അമ്പത്തഞ്ചിഞ്ചു സ്ക്രീനിൽ !
ചുറ്റും നിശബ്ദത പണിത്
ഫോണിൽ നിന്ന് ചീറ്റുന്ന
കാമക്രോധ ലോഭ മോഹാദികളുടെ
നീതി ശബ്ദങ്ങളിൽ നീന്തി
ഏതു കാലത്തേയും
പുറത്താക്കി
വാതിലടച്ച്
പാതിയും
പിന്നെ പാതിയുമായ
പാതിരാവിനെ
ഉറക്കി കിടത്തി
വഴുവഴുത്ത ഉണർവ്വിൻ്റെ
ലാസ്യത്തിലങ്ങനെ….
പക്ഷെ,
നമ്മൾ ചാക്കിലാക്കി ദൂരെ കളഞ്ഞ രാവ് മണം പിടിച്ച്
തിരിച്ചെത്തി വാതിക്കൽ
കാത്ത് നിൽക്കുന്നുണ്ട്.
നക്ഷത്രക്കണ്ണീർ
തൂവിക്കൊണ്ട് !
……………