ഇതുപോലൊരു കാലം കണ്ണിൽ
ഇതുവരെയും കണ്ടി ല്ലെന്നോ?
ഇതുമാതിരി ദുരിതം പേറീ-
ട്ടിന്നോളം പോയില്ലെന്നോ?
ഇത്തോതിലൊരകലം നോക്കീ-
ട്ടിന്നോളമിരുന്നില്ലെന്നോ
ആരോടുംകൂടാതിങ്ങനെ
അവനവനിൽപാർപ്പായെന്നോ?
പൂവുകളുടെ പദവിന്യാസം
പൂമുറ്റമറിഞ്ഞില്ലെന്നോ
പുത്തനുടുത്തരികിൽവരാതെ
പൂത്തുമ്പിയുമകലുകയെന്നോ
പുന്നെല്ലിൻ മണമിറ്റിക്കും
പൂങ്കാറ്റേകൊണ്ടുവരാമോ,
പുന്നാരംകോടിയുടുക്കും
പൂവിളികൾതിരിച്ചുതരാമോ?
വിളവെല്ലാംനന്നാകാനായ്
വിതചെയ്തതുനോക്കിയിരിപ്പൂ
വരളുന്ന മുഖങ്ങളുമായി
വിളിയകലുംകാഴ്ചകളെല്ലാം!
ഓണക്കളി തെളിയും മനസ്സിൻ
ഓണപ്പൂവിരിയുംകരയിൽ
പാട്ടിന്റെയോരൂഞ്ഞാൽകെട്ടീ-
ട്ടാട്ടാം മലയാളത്തനിമേ!