ഗബ്രിയേൽ ഒറ്റയ്ക്ക് ഒരു നഗരത്തെ കൈപ്പിടിയിൽ ഒതുക്കി നഗരപിതാവായ ദിവസമായിരുന്നു ശിബിമോൻ അയാളുടെ ഗ്രാമമമായ മഞ്ഞപ്പാറയിൽ അവതരിച്ചതു.
നഗരപിതാവിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പും പിമ്പും നഗരത്തിലും ചെറുപട്ടണങ്ങളിലും, കോർപ്പറേഷൻ ഭൂപടത്തിൽ ഒരു ചെറു ദ്വീപുപോൽ ഏറ്റവും ഒടുവിലായി ഒറ്റപ്പെട്ടുപോയ ജന്മസ്ഥലത്തും ആഘോഷങ്ങൾ കൊടിത്തോരണങ്ങളായും, പടക്കംപൊട്ടലുകളായും, മദ്യക്കുപ്പി തുറപ്പുകളായും പലവിധ മാനങ്ങളിൽ അരങ്ങ് തകർത്തുകൊണ്ടേയിരുന്നു.
പകളൊടുങ്ങിയതിനുശേഷമായിരുന്നു കരിങ്കുടം പോലെയിരുന്ന ആകാശം പൊട്ടിയൊലിച്ച് ഒരേപോലെ ആഘോഷത്തിനും നീണ്ടുനിന്ന വേനലറുതിക്കും പരിസമാപ്തി കുറിച്ചതു.
മഞ്ഞപ്പാറയുടെ മണ്ണിലൂടെ ചേതനവും അചേതനവുമായ അനവധി വസ്തുക്കൾ ആ മഴയിലൂടെ ഒഴുകിവന്നു. അധികവും ഏറെ നാളായി മെല്ലിച്ചുകിടന്ന മേദിനിയാറ് തടിച്ചുകൊഴുത്ത് തന്റെ പുഷ്ടിയാൽ വരുതിയിലാക്കി മഞ്ഞപ്പാറയുടെ മണ്ണിലേക്ക് നിക്ഷേപിച്ചതായിരുന്നു. ശിബിമോനേയും മേദിനിയാറ് വശീകരിച്ച് കൊണ്ടുവന്നത്തെന്ന് തീർച്ചപ്പെടുത്താനാകില്ലെങ്കിലും , നനഞ്ഞുകുതിർന്ന ദുർഗന്ധം വമിക്കുന്ന ജീൻസും, ചേറുമേഞ്ഞ വെളുത്ത കുർത്തയും എസ്തപ്പാനെയും ഭാര്യ റാഹേലിനെയും ബോധ്യപ്പെടുത്തിയത് അങ്ങനെതന്നെയായിരുന്നു. മെഴുകുതിരിയുടെ ഇത്തിരിവെട്ടവട്ടത്തിന്റെ ദൃശ്യപരതയിലേക്ക് കിടന്നുവരുമ്പോൾ ശിബിമോൻ ബോധരഹിതനായി പടിഞ്ഞാറേ ഉമ്മറപ്പടിയിലായിരുന്നു. നവജാതശിശുവിനെ നെഞ്ചോടുചേർത്തു വച്ചതുപോലെ ഒരു ഗിറ്റാറും.
തോരാതെ മഴ തിമർത്തു പെയ്തുകൊണ്ടിരുന്നു. അനവദ്യ സുന്ദരമായ ഒരു മൺസൂണിനാൽ പ്രകൃതി കോരിത്തരിച്ചു. ശിബിമോൻ അറയ്ക്കൽ തറവാട്ടിൽ അഭയാർത്ഥിയായ വിവരം കാലവർഷ കവചങ്ങളെയും ഭേദിച്ച് നഗരപിതാവിന്റെ കാതുകളിലും ഇതിനകം എത്തിച്ചേർന്നിരുന്നു. അയാളെ സംബന്ധിച്ച് എസ്തപ്പാനും റാഹേലും തന്റെ പ്രജകൾ മാത്രമല്ലല്ലോ. പിതാവിന്റെ ജ്യേഷ്ഠനും, ജ്യേഷ്ഠ പത്നിയുമാണല്ലോ. വിശാലമായ അവരുടെ പറമ്പുകളുടെയും പാടങ്ങളുടെയും ഓസ്യത്ത് അവകാശികൂടിയായിരുന്നല്ലോ. ആകയാൽ എസ്തപ്പാൻ പേരപ്പനെയും, റാഹേൽ പേരമ്മയേയും തന്റെ ശകടപ്പാച്ചിലുകളിലും. നഗരംവിട്ട് നഗരങ്ങളിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന തിരക്കുകൾക്കിടയിലും അപരിതചിതനായ ഒരു മനുഷ്യൻ തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന പൊല്ലാപ്പുകളെക്കുറിച്ച് തന്റെ ആകുലതകളും ഉപദേശങ്ങളും പങ്കുവയ്ക്കുന്നതിൽ തെല്ലും ഉദാസീനത കാട്ടിയതുമില്ല.ശിബിമോന്റെ മൊഴികളും, പ്രവർത്തികളും ഒരു മോശാർട്ടിയൻ സംഗീതംപോലെ എസ്തപ്പാനെയും, റാഹേലിനെയും നവീകരിക്കുകയും, പരിഷ്ക്കരിക്കുകയും ചെയ്തു. ഫോൺ വഴി വരുന്ന സന്ദേഹങ്ങളിൽ സംശയത്തിന്റെ ഒരു ചെറുതരിയെങ്കിലും അവശേഷിപ്പിച്ചിട്ട് പോകുന്നുണ്ടെങ്കിൽ അതിനെക്കൂടി പാറ്റുമുറം ധാന്യം സംരക്ഷിച്ച് പതിരുകളെ എങ്ങനെ പറത്തിക്കളഞ്ഞുവോ അതുപോലെ കാത്തുകൊള്ളുവാൻ കരുത്തുള്ളതുമായിരുന്നു.
ശിബിമോന്റെ കരങ്ങളാലും ഉത്സാഹത്തിനാലും ഏറെനാളായി മനുഷ്യന്റെ വിയർപ്പും, ആയുധത്തിന്റെ മൂർച്ചയുമറിയാത്ത എസ്തപ്പാന്റെ പുരയിടങ്ങൾ എളുപ്പത്തിൽ മുറിഞ്ഞുപോകാൻ തയ്യാറാകുകയും, ശിബിമോനും എസ്തപ്പാനും, റാഹേലും തൂകിയെറിയുന്ന വിത്തുകളെ തങ്ങളുടേതെന്ന് സ്വന്തമാക്കി വിണ്ണിൽ നിന്നിറങ്ങി വരുന്ന ദാഹനീർ കുടിച്ച്, ശിബിമോൻ കൃതാർത്ഥനയി നൽകുന്ന ജൈവ വളങ്ങൾ ഭക്ഷിച്ചും പാടങ്ങളും പറമ്പുകളും ഏദൻ പരിവേഷത്തിലേക്ക് ആടയാഭരണങ്ങൾ അണിയുവാൻ തുടങ്ങി.
മന്ദീഭവിച്ചു കിടന്ന ധമനികളിലും, അസംഖ്യമായ ഞരമ്പുവേരുകളിലേക്കും നവയൗവ്വനത്തിന്റെ ഉല്ലേകങ്ങൾ ഒഴുകുകയാണെന്ന് എസ്തപ്പാൻ റാഹേലിനോട് ശിബിമോൻ കേൾക്കാതെ അടക്കംപറഞ്ഞു. അതെ എന്തൊക്കെയോ തിരിച്ചു കിട്ടിയതുപോലെയെന്ന് നെൽചെടികളുടെ മേനിയിൽ പറ്റിപ്പിടിക്കുന്ന പൂച്ചികളെ തപ്പിയെടുക്കുന്നതിനിടയിലും ഒരു ചെറു നോട്ടം തന്റെ പുഷ്പിക്കാതെ പോയ അടിവയറിലേക്കെറിഞ്ഞ് സ്വയം സാന്ത്വനപ്പെടുത്തുകയും ഭർത്താവിനെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഒന്നരമാസം ദൈർഘ്യമുള്ള തന്റെ ആദ്യ വിദേശ പര്യടനം സ്വിറ്റ്സർലന്റിൽ പൂർത്തിയാക്കിയതിനുശേഷം നഗരപിതാവ് തന്റെ ജന്മനാട്ടിൽ തിരികെ എത്തിയ ദിവസമായിരുന്നു അത്. അയാളുടെ തൃഷ്ണയിൽ തന്റെ പിതാവിന്റെ കൂടപ്പിറപ്പിന്റെയും പത്നിയുടെയും ജീവിതത്തെക്കുറിച്ചുള്ള ഓർമ്മ ഒരു വെസൂവിയസ് പൊട്ടിത്തെറിപോലെ അയാളെ നിദ്രയിൽ നിന്നുമുണർത്തി ഓഡിയിൽ അറയ്ക്കൽ തറവാട്ടിലേക്ക് ഓടിച്ചെല്ലുവാൻ പ്രേരിപ്പിച്ചു.
എസ്തപ്പാനും, റാഹേലും ശിബിമോനും കാര്യക്കാരനായി കൂടിയ കാടൻ കോരനുമപ്പോൾ പാടത്തായിരുന്നു. ഗബ്രിയേൽ തന്റെ ഓഡി കാർ ചരൽ നിറഞ്ഞ മുറ്റത്തേക്ക് കേറ്റിയിട്ട് ചായ്വാനമിറങ്ങി അവിടെ നിന്നോ ഞാനങ്ങോട്ട് വരാം പേരപ്പായെന്ന് അനുസരണയുള്ള കുട്ടിയെപ്പോലെ ഉച്ചരിച്ച് പൂവൻ വാഴയുടെ ഒരു കൈയ്യേൽ പിടിച്ച് വരമ്പിലേക്ക് ചാടി.
സഹോദരന്റെ മകന്റെ, അല്ല, റാഹേലിന്റെ വയറ്റിൽ എസ്തപ്പാന്റെ ബീജത്താൽ ജനിക്കാതെ പോയ മകന്റെ ഉയർച്ചയിൽ സന്തുഷ്ടരായ മാതാപിതാക്കൾ ചേർ പുരണ്ട വസ്ത്രമെന്നോ വിയർപ്പിൽ പൊതിഞ്ഞ ഉടലെന്നോ വകവയ്ക്കാതെ ഗബ്രിയേലിനെ വാരിപ്പുണർന്നു. കാടൻ കോരൻ അപ്പോൾ നാവ് ശീലിച്ച ഒരു നാടൻപാട്ട് കണ്ഠത്തിൽ നിന്നും അണമുറിച്ചുവിട്ടു. ശിബിമോൻ വരമ്പിൻമീതേ ഷർട്ടിന്റെ മേൽ വിരാജിച്ചഗിത്താറിനെ പൊക്കി ഉയർത്തി നാടൻ പാട്ടിന് ശീല് പകർന്നു. ഏതോ വിലയേറിയ സംഗീതവിരുന്നിൽ പ്രശോഭിക്കപ്പെടുന്ന പ്രത്യേക ക്ഷണിതാവാണ് താനെന്നപ്പോൾ ഗബ്രിയേൽ വിചാരിച്ചുപോയി. ഏറെനേരം ആ സന്തോഷം ബുൾഗാൻ താടിക്കുമീതെ ദീർഘവൃത്താകൃതിയിൽ വിസ്തൃതി ഏറ്റിക്കൊണ്ടേയിരുന്നു. പക്ഷേ അയാൾ അപ്പോഴും തന്റെ കാഴ്ചയുടെ ഒരു റഡാർ ശിബിമോനിലേക്ക് തിരിച്ച് വയ്ക്കാതിരിക്കാൻ മാത്രം നിഷ്കളങ്കനായിരുന്നില്ല.
എസ്തപ്പാൻ പേരപ്പനേയും റാഹേൽ പേരമ്മയേയും, അവരുടെ ഏക്കറുകണക്കിനുള്ള പറമ്പുകളെയും, പാടങ്ങളെയും പുതുവർണ്ണങ്ങളാലും നവസുഗന്ധങ്ങളാലും കൂടുതൽ ചെറുപ്പമാക്കിയ അത്ഭുത യുവാവിന് ഹസ്തദാനം നൽകി മുന്നോട്ടുള്ള കുതിപ്പിന് ആശംസയുമേകി അയാൾ തന്റെ കുറ്റപ്പെടുത്തലുകളെല്ലാം പൊറുത്തുകള എന്ന് അപേക്ഷിച്ചും നിർമ്മലമായ ഹൃദയത്തോടെ ചായ്വാനം തിരിച്ചുമറിച്ച ഉയരത്തിലേക്ക് ചാടിക്കയറി യാത്രയായി.
ആ രാത്രിയിലായിരുന്നു ശിബിമോനെ അവർക്ക് നഷ്ടമായത്. എങ്ങുനിന്നോ വന്നവൻ എങ്ങോട്ടോ പോയി എന്നുള്ള നിസ്സാരമായ വ്യഖ്യാനത്തിലേക്ക് തങ്ങൾക്കുണ്ടായ വ്യഥയെ ലഘൂകരിച്ചെടുക്കാൻ വൃദ്ധദമ്പതികൾക്കാകുമായിരുന്നി ല്ല. എനിക്ക് നീയും നിനക്ക് ഞാനുമെന്നുള്ള വിശ്വാസപ്രമാണത്തിൽ ഭേദഗതി വരുത്തി ജീവിതത്തെ ഒരു വലിയ ക്യാൻവാസിലേക്ക് വിപുലീകരിച്ച നന്മനിറഞ്ഞ ചിത്രകാരനെ അവർക്കത്രയും വേഗമൊന്നും മറവിയുടെ ശവക്കല്ലറയിലേക്ക് അടക്കുവാൻ കഴിയുമായിരുന്നില്ല.
വൈകുന്നേരംവരെ നിന്ന് പാടത്തെ അദ്ധ്വാനം പൂർത്തിയാക്കി ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ വിതച്ചതു കൊയ്യാം – കാടൻ കോരന്റെ അനുഭവ പരിജ്ഞാനത്തെ തലകുലുക്കി നൂറിൽ നൂറുകൊടുത്തുകൊണ്ട് വാസസ്ഥാനത്തേക്ക് മടങ്ങിപ്പോയി. ആ രാവിൽ എസ്തപ്പാണ് തെങ്ങിൻകള്ള് കുടിക്കണമെന്ന് തോന്നി. വലിയ ആഹ്ലാദങ്ങൾ സമ്മാനിച്ച ദിനത്തെ ലഹരി വിമുകതമായി കൈയൊഴിയുന്നതിൽ കാടൻ കോരനും താൽപര്യമുണ്ടായിരുന്നില്ല.
ആറ്റിൻകര ഷാപ്പിലെ; പൊടിയും പേസ്റ്റും ചേരാത്ത, തെങ്ങിൻകള്ള് തറവാടിന്റെ വാർപ്പ് മണ്ടേൽ വരാൻ പിന്നെ അധികസമയമൊന്നും വേണ്ടിവന്നില്ല. മണ്ണിന്റെ കാന്തിക പ്രഭാവലയത്തിൽ അകപ്പെട്ടതിനാൽ ബി. പി. യും, കൊളസ്ട്രോളും, ഷുഗറുമൊക്കെ കുറച്ചുനാളായി എസ്തപ്പാനിൽ നിന്നും അകന്നുനിന്നു.. അതിനാൽ റാഹേൽ മറുത്തൊന്നും പറഞ്ഞില്ല.
ശിബിമോനും റാഹേലും ഓടിപ്പോയി ഓടാമ്പൽ വലിച്ചുതുറന്ന് കൂട്ടിൽനിന്നും രണ്ട് മുഴുത്ത താറാവുകളെ കഴുത്തേൽ പിടിച്ചുകൊണ്ടുവന്നു മപ്പാസടിച്ചു. കുറച്ച് തുണ്ടങ്ങളെടുത്ത് വറ്റലുമുളകും ഇഞ്ചിയും പുരട്ടി വെട്ടിത്തിളങ്ങുന്ന എണ്ണയിലേക്കെടുത്തിട്ടു വറുത്തുകോരി.
കാലത്ത് പാടത്തുവച്ച് മുറിഞ്ഞുപോയനാടൻ പാട്ട് തെങ്ങേപ്പാട്ടിന്റെ ഒച്ചയിൽ സ്വാഗതഗാനമെന്നപോലെ വീടിന്റെ ശിരസ്സിൽ നിന്നും പൊഴിഞ്ഞുവീണു.
ദാ എത്തിപ്പോയേ-വിളിച്ചോതി ശിബിമോനും റാഹേലും കരങ്ങളിൽ വിഭവങ്ങളേന്തി പടികൾ കയറി പകലിന്റെ കനലിപ്പുകളുടെ തപ്തനിശ്വാസങ്ങൾ കുടികൊള്ളുന്ന സിമന്റ് തറയിലേക്ക് ചന്തികൊണ്ടു വച്ചു.
കാടൻ കോരന്റെ കഠോര ശബ്ദത്തിലൂടെയും ശിബിമോന്റെ മാന്ത്രിക സ്പർശമുള്ള ഗിറ്റാർ വാദനത്തിലൂടെയും സമയസൂചികൾ സഹർഷം മുന്നോട്ടുപോയി. കുടിയും തീറ്റയും ആവോളം നടന്നുകൊണ്ടിരുന്നു. പുരുഷന്മാരായിരുന്നു അതുവരെ കുടത്തിലൊളിപ്പിച്ച കള്ളിനെ പുറത്തെക്കൊഴിപ്പിച്ച് ഉള്ളലേക്കാവാഹിച്ചതു. അവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഒന്നെനിക്ക് ഒഴിക്കെടാ ശിബിമോനെയെന്ന് റാഹേൽ ആജ്ഞാപിച്ചതു. അന്തിച്ച് ഉന്തിച്ചു നിൽക്കുന്ന പുരുഷകേസരികളുടെ കണ്ണുകളിലേക്ക് കടുക് വറുക്കുന്ന ഒരു നോട്ടം പൊട്ടിച്ചിട്ട് കണ്ണാടി ഗ്ലാസ്സിലേക്ക് കള്ള് പകർന്ന് ഒറ്റയിരിപ്പിന് അടിച്ചുതീർത്ത് ?ആഹ്? മുഴക്കി ചിറി തുടച്ചു.
കാടൻ കോരൻ വേഗത്തിൽ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. ശീലങ്ങൾക്ക് യാതൊരു വിഘ്നവും വരുത്താതെ മുൻ ധാരണപ്രകാരമെന്നോണം സിമന്റ് തറയിലേക്ക് തല ചായിച്ചു. പിന്നെ ഉടൽ തിരിച്ച് കാൽകളും കൈകളും നീട്ടി വച്ച് ക്രൂശിതനായ ക്രിസ്തുവായി.
ശിബിമോന് രസം പിടിച്ച് വരുകയായിരുന്നു. ആരോ എടുത്തെറിഞ്ഞ ഒരു കറക്കു പമ്പരത്തെ പ്പോലെ ഒരു ഭ്രമണവും എസ്തപ്പാന്റെ റാഹേൽ എന്നീ സൂര്യചന്ദ്രന്മാരെ അതേ സമയം കൊണ്ട് ഒരു പരിക്രമണവും പൂർത്തിയാക്കി യാത്രാപഥം തിരിച്ചറിയാതെ പോയ ഒരു കുള്ളൻ ഗ്രഹത്തെപ്പോലെ പടവുകളിലേക്ക് ഒറ്റയോട്ടം. പിന്നെ ഝടുതിയിലുള്ള പടിയിറക്കം. ശിബിമോൻ അങ്ങനെ ചെയ്യുമ്പോൾ എസ്തപ്പാനും റാഹേലിനും ധ്യാനബുദ്ധന്മാരാകാൻ കഴിയില്ലല്ലോ. അവർ പുതു ആകാശഗംഗംകൾ തേടുന്ന വാൽനക്ഷത്രങ്ങളെപ്പോലെ ശിബിമോന്റെ പിറകെ വിട്ടു.
ശിബിമോൻ വടക്കുവശത്തെ ചാമ്പക്കൂട്ടിൽ ചെന്ന് കരിക്കട്ടകൾ ശേഖരിച്ച് തറവാടിന്റെ പൂമുഖത്തെത്തി. അപ്പോഴേക്കും ധൃതികൂട്ടി നെഞ്ചിൽ നിന്നും പറപറക്കുന്ന നിശ്വാസങ്ങളെ മുകളിലോട്ടും താഴോട്ടുമായി സമാധാനിപ്പിച്ചുകൊണ്ട് എസ്തപ്പാനും റാഹേലുമെത്തി.
ചിത്രകാരൻ തന്റെ ബ്രഷിനെ എത്രമാത്രം ശ്രദ്ധയോടെയാണോ തന്റെ വിരലുകളിലേക്ക് തുന്നിച്ചേർക്കുന്നത് അതേ ഗൗരവത്തിൽ ശിബിമോൻ ഒരു നീളൻ കരിക്കട്ടയെടുത്തു. മഞ്ഞനിറം പൂശിയ ചുമർഭിത്തിയിൽ ഒരു അപ്പനെ വരച്ചു. യൗവ്വനത്തിന്റെ തിളപ്പുള്ള, പ്രസരിപ്പുള്ള ബലിഷ്ഠമായ ആകാര സൗഷ്ടവമുള്ള ഒരപ്പനെ. അപ്പന് എസ്തപ്പാന്റെ ഛായയായിരുന്നു.
?ഓ …. അങ്ങനെ? – കരികളയുടെ നിൽപ്പും നൽപ്പും തിരിഞ്ഞ എസ്തപ്പാൻ പ്രാണന്റെ വായുവിനെ കരിക്കട്ടയിലേക്ക് ഊതിവിട്ട് ഷാരോണിലെ പനിനീർപ്പൂവ് വിടർന്നതുപോലെയുള്ള നാരിയെ സൃഷ്ടിച്ചു. അതിന് റാഹേൽ എന്നുപേർ വിളിച്ചു.
എസ്തപ്പാനും റാഹേലിനുമിടയിൽ എസ്തപ്പാൻ മനഃപൂർവ്വം അപൂർണ്ണതയുടെ ഒരിടം റാഹേലിനെ ചലഞ്ചു ചെയ്യാൻ വേണ്ടി ഒഴിച്ചിട്ടിരുന്നു.
റാഹേൽ ചലഞ്ച് ഏറ്റെടുത്തു.
അത്രയേയുള്ളോ – അപൂർണ്ണമായ ഇടത്തിലേക്ക് വള്ളിനിക്കറുള്ള ശിബിമോനെ പ്രസവിച്ചു നിർത്തി.
പൊടുന്നനെ പുല്ലുമേഞ്ഞ ഭവനം അപ്പനും അമ്മച്ചിയ്ക്കും പുത്രനും മീതേ ഉയർന്നുവന്നു. വിത്തുകളുള്ള വൃക്ഷങ്ങളും , പൂവുകളുള്ള ചെടികളും, വിത്തില്ലാത്ത സിന്ധുമാവും, വേരില്ലാത്ത സാൽവീനിയയും വീടിന് ചുറ്റുമായി ഒരു ഹരിതാവരണം തീർത്തു. അപ്പോഴേക്കും മുൻവശത്തെ ഭിത്തി ചിത്രങ്ങളാൽ നിറഞ്ഞു കവിഞ്ഞു.
തറവാടിന്റെ ആന്തരികവും ബാഹ്യവുമായ സകല ചുമരുകളിലേക്കും പ്രപഞ്ചം, ചരാചരങ്ങൾ കറുത്ത വരകളാൽ പുനരവതരിച്ചു. കക്കൂസിന്റെ ചുമർ ഭിത്തികളിലായിരുന്നു അറബിക്കടൽ അലറിവിളിച്ചതു. കിണറിന്റെ ആൾമറയിൽ ഒളിംപസ് പർവ്വതവും മഞ്ഞപ്പാറയിലെ എളിയൻ കുന്നും സ്പർദ്ധകളില്ലാതെ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നപോലെ കൈകോർത്തു നിന്നു.
ഭൂമി തീർന്നുപോയതിനാൽ സ്രഷ്ടാക്കൾ ഉൽപത്തി പ്രക്രിയയിൽ നിന്നും നിവൃത്തി നേടി വിശ്രമിക്കുവാൻ തീരുമാനിച്ചു. അന്തരീക്ഷമാകെ പൗർണ്ണമിയുടെ പാൽക്കടലിൽ മുങ്ങികിടക്കുകയായിരുന്നു. എസ്തപ്പാനും റാഹേലും അവരുടെ ഉടലുകളുടെ മധ്യത്തായി ശിബിമോനെ കിടത്തി വാർദ്ധക്യം ചുളിപ്പിച്ച ബാഹുബന്ധനത്താൽ ഉറക്കത്തിലേക്ക് പുതച്ചുവച്ചു. തുറന്നുകിടന്ന പൂമുഖ വാതിലിലൂടെ പൗർണ്ണമിയുടെ ചെറുതിരകൾ ഇരച്ചുകയറി നിദ്രപൂകിയവർക്ക് വെള്ളിപ്പുതപ്പായി.
നാഷ്ട്യരായ എസ്തപ്പാനും റാഹേലും ഏഴുപകളും ആറു രാവുംകൊണ്ട് ശിബിമോൻ കുഴിച്ചിട്ട ശുന്യതയുടെ ആഴമെത്രയെന്ന് സ്മരണയുടെ തോതുകൊണ്ട് അളന്നുകൊണ്ടേയിരുന്നു. അന്വേഷണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നുണ്ട്. നഗരപിതാവിന്റെ താങ്ങും തണലും അന്വേഷണത്തെ കാലവിളംബവും നിഷ്ക്രിയതയും തീണ്ടാതെ സംരക്ഷിക്കുവാൻ പ്രാപ്തമായിരുന്നു. എങ്കിലും പൂർണ്ണമായും ഒരു പേരോ, ഊരോ, എന്തിന് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോപോലും ശേഷിപ്പിച്ച് വയ്ക്കാനാകാതെ പോയ ബുദ്ധി ശൂന്യതയ്ക്ക് എങ്ങനെയാണ് പ്രായശ്ചിത്തം ചെയ്യുക. അതോർത്ത് എസ്തപ്പാനും റാഹേലും പരസ്പരം കയർത്തു.
ഏഴാം രാവിൽ പരസ്പരമുള്ള പഴിചാരലും, ശകാരങ്ങളും അതിന്റെ മൂർദ്ധന്യത്തിലെത്തി ശരീരത്തെ ആകെ പനിപ്പിക്കുവാൻ തുടങ്ങി. പിച്ചും പേയും പുലമ്പിപ്പോകുന്ന ഉന്മാദാവസ്ഥയിലേക്കുപോലും ഭാര്യയും ഭർത്താവും എടുത്തുചാടിപ്പോകുമോയെന്ന് ബോധത്തിന്റെ ലായത്തിലേക്ക് മടങ്ങിവരുന്ന ഇടവേളകളിൽ ഓരോരുത്തരും സംശയിച്ചു. കർത്താവ് തമ്പുരാന്റെ ദയയ്ക്കായി ഇരന്നു. കള്ളുമോന്താൻ തോന്നിപ്പിച്ച ദുഷിച്ച പന്നഗ ദോഷം തങ്ങളെ ഇപ്പോഴും വിടാതെ പൈന്തുടരുന്നല്ലോ എന്ന് വിലപിച്ച് ഗീവർഗ്ഗീസ് പുണ്യാളനെ നോക്കി കുമ്പിട്ടുനിന്നു. രണ്ടുപേരും അത്താഴം കഴിച്ചില്ല. രാവിലെ ചോറും വാഴയ്ക്ക മെഴുക്കുപുരട്ടിയതും തേങ്ങാച്ചമ്മന്തിയും റാഹേൽ പാകം ചെയ്തിരുന്നു. അത് ഭോജ്യകളെത്തേടി അടുക്കളയിൽ തന്നെയിരുന്ന് അസ്തിത്വദുഃഖത്താൽ ജീർണ്ണിക്കുവാൻ തുടങ്ങി.
ചുമരുകളിലെ ചിത്രങ്ങൾക്ക് ജീവൻ വെച്ചും കൃഷിയിടങ്ങളിലെ വിളകൾക്ക് കാൽമുളച്ചും അവരെല്ലാം ഞങ്ങളുടെ സ്രഷ്ടാവെവിടെ, എന്ന് വിളിച്ചു ചോദിച്ചുകൊണ്ട് തങ്ങളെ വെട്ടിക്കൊല്ലാൻ വരുന്നെന്ന് എസ്തപ്പാനും റാഹേലും ഭയപ്പെട്ടു. ശിബിമോനെ തേടിയുള്ള പ്രയാണത്തിലാണ് തങ്ങളുമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ച് സമാധാനചിത്തരായി ഓരോരുത്തരേയും അവരവരുടെ
ഇടങ്ങളിലേക്ക് പറഞ്ഞുവിടാൻ പണിപ്പെട്ടു.
ഒരു മിന്നായംപോലെ ശിബിമോൻ ചിലപ്പോൾ സ്മരണളുടെ പൂഴിമണ്ണിലൂടെ പിച്ചവെച്ചുകൊണ്ട് ?തൊട്ടേ? എന്ന് സാറ്റുവിളിക്കും. പിന്നെ ചിലപ്പോൾ മോണകാട്ടി ചിരിക്കും. അതുകഴിഞ്ഞ് ചിലപ്പോൾ മുട്ടുകാലേൽ എഴുന്നേറ്റ് ഓടുവാൻ വെമ്പും. ഒരുവേള ?എന്റെ കുഞ്ഞേ? എന്നൊരു ആന്തൽ റാഹേലിൽ നിന്നും തൊള്ള തുറന്ന് വീടിനെയാകെ പ്രകമ്പനം കൊള്ളിക്കുന്ന സ്ഥിതിവരെയുണ്ടായി. പക്ഷേ എസ്തപ്പാണ് അത് കേൾക്കുവാൻ കഴിഞ്ഞില്ല. അയാളപ്പോൾ ശിബിമോന്റെ പിഞ്ചുകരത്തിൽ നിന്നും വേർപെട്ടുപോയ നൂലറ്റ പട്ടത്തെ തേടി സോദോം പട്ടണത്തിലേക്ക് പോയതായിരുന്നു.
ശിബിമോന്റെ പിന്നാലെ പാഞ്ഞ റാഹേലും, നൂൽ മുറിച്ച് ബന്ധം അവസാനിപ്പിച്ച് പട്ടണത്തിലേക്ക് ചേക്കേറിയ പട്ടത്തെ അനുനയിപ്പിച്ച് കൂടെ കൂട്ടാൻ പോയ എസ്തപ്പാനും ഉറക്കത്തിന്റെ
പൊട്ടക്കിണറ്റിൽ ചെന്നുചാടി. എസ്തപ്പാനാകട്ടെ, അവിടെയും നിന്നില്ല. വഴുക്കലിൽ കാൽ വഴുതി ഒരു സ്വപ്നത്തിലേക്ക് മലർന്നടിച്ചു വീണു.
സമീകരിക്കാൻ ശ്രമകരമായ ദൗത്യം ഏറെ ആവശ്യമുള്ള ഒരു വൻ പ്രഹേളികപോലെ വളർന്നു നിൽക്കുന്ന മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുകയായിരുന്നു ലൂപ്ച് വൃക്ഷം. ഒറ്റമരത്തിന്റെ തണലിന് എന്നത്തേക്കാളും പറപ്പും കുളിർമ്മയുമുണ്ടായിരുന്നു. വളർന്നു പന്തലിച്ച ആ വിശാലതയുടെ സാന്ത്വനത്തിൻ കീഴിൽ നിർവൃതനായി പ്രതീക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു എസ്തപ്പാൻ. എസ്തപ്പാനരുകിലായി, അപ്പോൾ പറിച്ചുവെച്ച ഫലമൂലങ്ങളുടെ ശേഖരമടങ്ങിയ ഗോഫർ തടിയിൽ തീർത്ത ഒരു പെട്ടകവും എസ്തപ്പാനോടൊപ്പം കാഴ്ചയിലേക്ക് ഒഴുകിച്ചേർന്നു.
അനന്തത്തയിൽ നിന്നും ഒരു വെള്ളരിപ്രാവ് പറന്നുവന്നു. അതിന്റെ വക്രാകരകൊക്കിൽ ഒരു പച്ച ഒലിവില അടയാളമെന്നപോലെ തിരശ്ചീനതലത്തിൽ നിലകൊണ്ടു. കാറ്റിന്റെ ശക്തിയിൽ ഇളക്കമുള്ള നരച്ചമുടിയിലേക്ക് അത് തിരുകിവെച്ച ശേഷം ഗോഫർ പെട്ടകത്തിൽ നിന്നും ശതാവരിക്കിഴങ്ങിൽ ഒന്നിനെ കൊത്തി, അതുപേക്ഷിച്ച് മറ്റൊന്നിനെയും കൊക്കേൽ കൊരുത്തുകൊണ്ട് കപോതം വിദൂരതയിലേക്ക് പറന്നുപോയി.
അനന്തരം ആകാശത്തിന്റെ ഗോപുര വാതിലുകൾ മലർക്കെ തുറന്നു. കറുത്തമേഘങ്ങൾ ഉള്ളിൽ നിന്നും ചുരന്നൊഴുകുന്ന വെളിച്ചത്താൽ നിഷ്പ്രഭരായി വഴിയൊതുക്കി മാറിനിന്നു. ശുഭ്രവസ്ത്രധാരികളായ, അരയന്നങ്ങളുടെ ചിറകുകളുള്ള രണ്ട് മാലാഖമാർ എസ്തപ്പാനെ ഉന്നംവെച്ച് ലൂപ്ച് മരത്തിന്റെ ചുവട്ടിലേക്ക് താഴ്ന്നു വന്നു. എസ്തപ്പാൻ ഉപചാരപൂർവ്വം നേദിച്ച കാഴ്ചദ്രവ്യങ്ങളിലൂടെ പട്ടുതൂവലുകളാൽ തലോടിയിട്ട് എന്തോ രഹസ്യം വെളിപ്പെടുത്താനുണ്ടെന്നറിയിച് ചു. എസ്തപ്പാന്റെ കാതുകൾക്ക് വലിപ്പം വർദ്ധിക്കുകയും അവറ്റകൾ മാലാഖമാരുടെ ചുണ്ടുകളിലേക്ക് ചേർന്നിരിക്കുകയും ചെയ്തു.
കൽപന കേട്ടയുടനെ സേഞ്ചുറിയടിച്ചതിനുശേഷം സച്ചിൽ ടെൻഡുൽക്കർ ഒരു നിമിഷംകൊണ്ട് ഉന്നതിയിലേക്ക് ഉൽക്കർഷിച്ച് തൊട്ടടുത്ത നിമിഷം മണ്ണിനെ കുമ്പിടുന്നതുപോലെയുള്ള പ്രാർത്ഥനാപൂർണ്ണമായ ഒരു പ്രവൃത്തി എസ്തപ്പാനിൽ നിന്നും ഉടലാകൃതിയായി.
ഉണർവ്വിലേക്ക് വടം കയറിവന്ന എസ്തപ്പാൻ റാഹേലിനെ തട്ടിയുണർത്തി. എടിയേ വിളി പലതവണ വ്യത്യസ്തമായ തരംഗദൈർഘ്യങ്ങളിലും ആവൃത്തികളിലും സംഭവിച്ചതിനുശേഷം മാത്രമായിരുന്നു ?എന്തോന്നാ മനുഷ്യാ? എന്നൊരു മറുപടി പറച്ചിലുണ്ടായത്. പിന്നെ ഒട്ടും വച്ചു താമസിപ്പിക്കുവാൻ എസ്തപ്പാനായില്ല. മാലാഖമാർ കാതുകളിലേക്ക് പകർന്നൊഴിച്ച സ്വപ്നത്തിന്റെ മുന്തിരിച്ചാറിനെ എസ്തപ്പാൻ ഒറ്റത്തുള്ളിപോലും ചോർന്നുപോകാതെ റാഹേലിന് മുഴുവനായി പകർന്നൊഴിച്ചു. അവിശ്വസനീയതയുടെ ഒരു കൂടാരം റാഹേലിന്റെ വദനത്തിനുമീതേ തമ്പടിച്ചു. ?ഇനി ഈ പ്രായത്തിലോ നമുക്ക് സന്തതികൾ??
എസ്തപ്പാൻ മേശപ്പുറത്തിരുന്ന സത്യവേദപുസ്തകം അവൾക്കായി തുറന്നു. അതിലെ ചുവന്ന നാട, സ്ത്രീകളുടെ പതിവ് തെറ്റിയിട്ടും, വാർദ്ധക്യത്തിലെ നിഷ്കാമാവസ്ഥയിലേക്ക് കൂപ്പുകുത്തിയിട്ടും സന്താനോൽപാദനത്തിന് യഹോവയുടെ കാരുണ്യത്താൽ നിയോഗം ലഭിച്ച സാറയെ, ഉൽപത്തി പുസ്തകത്തിൽ കാട്ടിക്കൊടുത്തു. ആകാശത്ത് ഒരു വലിയ ഇടി പൊട്ടി. ചാട്ടവാർപോലെ മിന്നലുകൾ സ്ഫുരിക്കുകയും, കെടുകയും ചെയ്തുകൊണ്ടിരുന്നു. വൈദ്യുതവെളിച്ചം നിലച്ചു.
എസ്തപ്പാൻ കത്തിച്ചുവെച്ച മെഴുകുതിരിയുടെ വെളിച്ചത്തിൽ പേർത്തും പേർത്തും ഇരുപേരും സമയങ്ങൾ കൊഴിഞ്ഞുപോകുന്നതറിയാതെ ആ വാക്യങ്ങൾ തന്നെ ഉരുവിട്ടുകൊണ്ടിരുന്നു. വൃദ്ധാധരങ്ങൾ പൊഴിച്ചിടുന്ന മർമ്മരങ്ങൾ പാരിനെയാകെ പടർന്നുപിടിച്ച ഇരുട്ടിന്റെ ക്ലാവിനെ ഉരച്ച് ഉരച്ച് നേരത്തെ വെളുപ്പിച്ചുകൊണ്ടേയിരുന്നു.
പ്രഭാത കൃത്യങ്ങൾക്കുശേഷം ഒന്നു കുളിച്ചെന്നുവരുത്തി പുതിയ ചട്ടയും, മുണ്ടും ധരിച്ച് എസ്തപ്പാനും റാഹേലും ഗബ്രിയേൽ എന്ന നഗരപിതാവിനോട് ആവലാതി പറയുവാൻ പോയി. വാഴകൾ ഒടിഞ്ഞുവീണെന്നോ, പഴുത്തുപാകമായ നെൽക്കതിരുകൾ നിലംപറ്റിയെന്നോ അപ്പോൾ അവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഇടവഴിയിലാകെ ഒടിഞ്ഞ വൃക്ഷത്തലപ്പുകളും, ചിതറിയ പച്ചിലകളും തലേന്ന രാത്രിയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ ബാക്കിപത്രങ്ങളാണെന്ന് അവർ അറിഞ്ഞതേയില്ല. പാത്രീഭൂതമാകുന്ന പുത്രഭാഗ്യത്താൽ അവരുടെ കണ്ണുകൾ നിരത്തിലെ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതുപോലെ തിമിരം ബാധിച്ചതായിരുന്നു.
ഗേറ്റ് കടക്കുമ്പോൾ ഗബ്രിയേലിന്റെ മാളികയുടെ ലോണിൽ ആളുകളുടെ ഒരു ചെറുകൂട്ടമുണ്ടായിരുന്നു. ഒ. ബി. വാനുകൾ സർവ്വ സന്നാഹത്തോടെ എന്തിനും പോന്ന രീതിയിൽ സജ്ജമായി നിന്നിരുന്നു. നഗരപിതാവ് കാർപോർച്ചിൽ പൂക്കളം തീർക്കുന്ന ദൃശ്യം ക്യാമറകൾ ഒപ്പിയെടുത്തു. അതിനുശേഷം തക്കത്തിലും തഞ്ചത്തിലും അടുത്തുചെന്ന് ബൈറ്റുവപ്പിക്കാനുള്ള തത്രപ്പാടിലായി.
ക്രിസ്ത്യാനികൾ പൂക്കളമിടുമോ എന്ന ദുഷ്ചിന്തയ്ക്ക് അവൻ വലിയ മനുഷ്യനാടീ റാഹേലേ എന്ന് ആരും കാണാതെ ഇടനാഴിയിലെ സിംഹത്തലയുടെ മറവിലേക്ക് മാറ്റിനിർത്തി എസ്തപ്പാൻ
ശാസിച്ചു. ഭാഗ്യത്തിന് ടി. വി. ക്കാരോ, പത്രക്കാരോ അത് ചൂണ്ടുവാൻ ഇടവന്നില്ല. നഗരപിതാവ് അവരെ അപ്പോഴേക്കും മഹാബലി ചരിതത്തിലേക്ക് ചവുട്ടിത്താഴ്ത്തി കളഞ്ഞിരുന്നു.
വളരെ വേഗത്തിൽ ടി. വി. ക്കാരേയും പത്രക്കാരേയും മാളികയിൽ നിന്ന് ടെലികാസ്റ്റ് ചെയ്തിട്ട് ഗബ്രിയേൽ പേരപ്പനേയും, പേരമ്മയേയും ബെഡ്ർറൂമിലേക്കു കൊണ്ടുപോയി. ഗബ്രിയേലിന്റെ വിശ്വസ്ത ഭൃത്യൻ ഏലിയാസ് ചുക്കും ഏലയ്ക്കായും സമത്തിൽ പൊടിച്ച് മിശ്രീകരിച്ച കാപ്പി ഊതിഊതി കുടിച്ചുകൊണ്ട് എസ്തപ്പാൻ തനിക്കുണ്ടായ വെളിപ്പാടിനെക്കുറിച്ചും മനസ്സിനെ മദിപ്പിക്കുന്ന ഇച്ഛയെക്കുറിച്ചും ഗബ്രിയേലിനോട് വാചാലനായി.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും, പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യസൂത്രങ്ങൾ ഹൃദ്യസ്ഥമെങ്കിലും എസ്തപ്പാൻ ചുരുൾ നിവർത്തിയ ജീവശാസ്ത്ര സമസ്യയ്ക്ക് ഗബ്രിയേലിന്റെ പക്കൽ ഉത്തരമില്ലായിരുന്നു. ടെസ്റ്റ്യൂബ് ശിശു, ക്ലോണിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള ആർട്ടിക്കുകളിലൂടെ കണ്ണോടിച്ചുപോയിട്ടുള്ള വകയിൽ കിട്ടിയ ജ്ഞാനതന്മാത്രകളൊന്നും പോരല്ലോ, എസ്തപ്പാനും, റാഹേലും കൊളുത്തിവിട്ട ധൈഷണിക ശ്രമങ്ങൾ ഏറെ വേണ്ട. ഈ യജ്ഞത്തിന് കളമൊരുക്കാൻ. ഗബ്രിയേലിൽ ആദ്യം ഉരുവംകൊണ്ട അമ്പരപ്പ് ഒന്ന് അടങ്ങിയപ്പോൾ യുക്തിയെ വീണ്ടെടുത്ത് ഡോക്ടർ അഭിനവ് ഗുപ്തയെ കോൺടാക്ട് ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഗൈനക്ക് ഭിഷഗ്വരനാണ് ഡോക്ടർ അഭിനവ് ഗുപ്ത. ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹം നാളെ ഉച്ചവരെ തിരുവന്തപരുത്തുണ്ട്.
സുഹൃദ്ബന്ധത്തിന്റെ പൂനിലാവും നഗരപിതാവിന്റെ ലേബലിലുള്ള സൂര്യപ്രഭയും ഒരു കോക്ടെയിലായി ഒഴുക്കിവിട്ടപ്പോൾ ഒരു അപ്പോയ്മന്റ് സാധിച്ചെടുത്തു.
വെയിൽ വിഴുങ്ങി, തടിച്ചുകൊഴുത്ത ഒരു ഉരഗജീവിയായിരുന്നു പകൽ. അതിന്റെ രക്തമാംസാദികൾ ശുഷ്കിച്ച്, മെലിയുന്നതുവരെ എസ്തപ്പാനും റാഹേലും ഗബ്രിയേലിന്റെ സ്നേഹനിർഭരമായ അതിഥിസത്കാരത്തിൽ പങ്കുചേർന്നു.
യാത്രയ്ക്കുവേണ്ടിയിട്ടുള്ള ബ്രഷ്, പേസ്റ്റ്, തോർത്ത്, രാസ്നാദിപ്പൊടി, കാച്ചിയ എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കൾ ഇതിനകം സ്യൂട്ട്കെയ്സിൽ നിറച്ച് ഗബ്രിയേലിന്റെ പരിചാരകർ അംബാസിഡർ കാറിന്റെ ഡിക്കിയിൽ അടക്കം ചെയ്തിരുന്നു. അംബാസിഡർ കാറിലെ യാത്രയായിരുന്നു എസ്തപ്പാനും റാഹേലിനും ഏറെ പ്രീയം. അതറിയാവുന്ന ഗബ്രിയേൽ തന്റെ ആഡംബരകാറുകളെ ഒഴിവാക്കി ഒരെണ്ണത്തെ വാടകയ്ക്ക് വരുത്തുകയായിരുന്നു. എന്തിനും ഏതിനും കൂടെയുള്ള കരുത്തുള്ള കരങ്ങളെ ചുംബിച്ചുകൊണ്ട് എസ്തപ്പാനും റാഹേലും ഉടൻ മടങ്ങിയെത്തുമെന്ന് ഉറപ്പും നൽകി ഇഷ്ടശകടത്തിലേക്ക് കയറി. അപ്പോൾ മാളികയുടെ പിന്നാമ്പുറത്തുള്ള ഒഴിഞ്ഞുകിടക്കുന്ന കോഴിഫാമിന്റെ ഷെഡ്ഡിലേക്ക് ശിബിമോനെ നഷ്ടമായ പ്രഭാതത്തിൽ രാമേശ്വരത്ത് സന്യസിക്കാൻ തീവണ്ടി കയറിയ കാടൻ കോരൻ കോഴിബിരിയാണി അകത്താക്കി കുറുക്കൻ കൂവൽ പോലെയുള്ള ഒരു ഏമ്പക്കവും വിട്ട് നൂഴ്ന്നു കയറിപ്പോയി.

പ്രതീക്ഷയുടെ അനേകം വിത്തുകൾ ചുണ്ടുകളിലും കണ്ണുകളിലും പാകി ഒളിപ്പിച്ച എസ്തപ്പാനേയും റാഹേലിനേയും കൊണ്ട് വെളുത്ത അംബാസിഡർ പാടങ്ങളും, പറമ്പുകളും, കലങ്ങുകളും താണ്ടി പൂർവ്വകാലത്തിലെ കുതിപ്പുകളെ അയവിറക്കി കിതപ്പോടെ സാധ്യമാകുന്ന പരമമാവധി വേഗതയിൽ ചലിച്ചുകൊണ്ടിരുന്നു.
ഭൂഗർഭ തറയിലെ സ്റ്റീൽ അലമാരയിൽ നിന്നും എസ്തപ്പാൻ എഴുതിയ നൽകിയ ഓസ്യത്തവകാശം പുറത്തേക്കെടുത്ത് ഒരു വട്ടം കൂടി ഗബ്രിയേൽ വായിച്ചുറപ്പാക്കി. പിന്നെ അതിനെ നെഞ്ചോടു ചേർത്തുവച്ച് ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വലിച്ചുവിട്ടു. തന്റെ ശ്വാസത്തിന്റെ ചൂട് ചോർന്നുപോകാതെ അതിനെ സ്റ്റീൽ അലമാരയിൽ തന്നെ ഭദ്രമാക്കിവെച്ച് കിടപ്പറയിലേക്ക് പോയി. ഏലിയാസ് നൽകിയ പാലിൽ കാച്ചിയ ഓട്സ് കുടിച്ച് കുരിശുവരച്ച് കിടക്കയിലേക്കമർന്നു. പെട്ടെന്ന് എന്തോ ഓർമ്മയിൽ കൊളുത്തിവലിച്ചതുപോലെ ഡോർ ചാരി പുറത്തേക്കിറങ്ങിയ വിശ്വസ്തനെ തിരികെ വിളിപ്പിച്ചു.
?ഏലിയാസ്, ഉറങ്ങരുത്; ടെലിഫോണിന്റെയരുകിൽ തന്നെ നീ ഉണ്ടാകണം?.
ഏലിയാസ് അതുകേട്ടതോടെ ഒന്നു നടുങ്ങി. നടുക്കത്തിന്റെ ഭാവങ്ങളൊന്നും ഒട്ടുമേ വെളിവാക്കാതെ തന്റെ സ്വതസിദ്ധമായ നിർവികാരതയിലേക്ക് അവയെല്ലാം കുഴിച്ചുമൂടി സ്വീകരണ മുറിയിലേക്ക് പോയി. എങ്കിലും അയാളുടെ കണ്ഠത്തിൽ ഒരു ഗദ്ഗദം തടംകെട്ടികിടന്നിരുന്നു. മരിച്ചുപോയവരുടെ സ്മരണകൾ ഭാണ്ഡങ്ങളേറി ഒട്ടകപ്പുറത്ത് തന്റെ നേർക്ക് പാഞ്ഞുവരുന്നതുപോലെ ഏലിയാസിനു തോന്നി.
ഗബ്രിയേൽ സാറിന്റെ ഭാര്യ റോസന്ന മാഡം, രാഷ്ടീയ ഗുരു കുര്യൻജി, സന്തത്ത സഹചാരിയും, ബിസിനസ് പാർട്ട്ണറുമായ ദേവേട്ടൻ….
മൃതരായവരുടെ സേൻസസ് പ്രക്രിയയിലേക്ക് തലച്ചോർ പൈന്തിരിയുന്നതിൽ അസ്വസ്ഥനായ ഏലിയാസ് ശിരോഭാരം ഒന്നു കുറയ്ക്കാൻ വേണ്ടി വിനീത വിധേയനായ ഒരു കാവൽമൃഗത്തെപ്പോലെ ചടഞ്ഞുകൂടിയിരിക്കുന്ന ലാൻഡ് ഫോണിനരുകിലേക്ക് ശിരസ്സ് ചരിച്ചുവച്ചു. മഞ്ഞപ്പാറയെ കണ്ണീരിൽ കുതിർക്കുന്ന ദുരന്തവൃത്താന്തങ്ങളുടെ ആദ്യത്തെ കേൾവിക്കാരനാകാൻ തന്നെ ശപിച്ചുവിട്ട വിധിയെ പഴിച്ചുകൊണ്ട്.