ഇടക്കൊരരുവി
ഒരു മാത്തണൽ
ഒരു വാകച്ചുവട്
ഒരു ചുമന്ന പട്ട്
വാക്കുകൾ പലതും
ശിഥിലങ്ങളാണ്….
ചേരുംപടി ചേർക്കിലതിലൊരു
ജീവിതമുണ്ട്
ചുട്ടെരിക്കാൻ വരട്ടെ!
കാടും മലയും നൂഴ്ന്നിറങ്ങി
അരുവിക്കരയിലെ
ആരവത്തിൽ മുങ്ങി
കൊക്കെല്ലാം മാനായോ?
മയിലെല്ലാം കുയിലായോ?
ഇലകളിൽ നീരിറ്റുന്നുണ്ട്
ചുരുട്ടിക്കളയേണ്ട!
നീർ തുളുമ്പുന്ന കണ്ണുകളാണ്
ആശയുടെ ഒരിറമ്പം
ബാക്കിയുണ്ട്
കുത്തിപ്പൊട്ടിക്കരുത്.
കീറിപ്പിഞ്ഞിയ ബാഗിലെ
മുഷിഞ്ഞ മണത്തിൽ
ജന്മങ്ങളുടെ തീരാക്കൊതികളുണ്ട്
മൊഴിയാ വാക്കുകളുണ്ട്
ഉടയാജീവിതമുണ്ട്
സ്‌പ്‌നം ചിന്തേരിടും
മന: കാഴ്ച്ചകളുണ്ട്.
പരുപരുപ്പുകൾ ഏറെ ഏറ്റുവാങ്ങിയ
ഹൃദയ ഭിത്തിയിലെ സൂക്ഷ്മസുഷിരങ്ങളിൽ
കുറിച്ചു വെച്ചതൊന്നും എടുക്കാനാവുന്നില്ല.
ഏത് തിരമാല വന്നടിച്ചാലും
കൊണ്ടുപോവുന്നതെല്ലാം
തിരികെത്തരുന്ന ഉയിരുള്ള കൈകൾക്ക്
മായാത്ത അക്ഷരങ്ങൾ കുറിക്കാനാവട്ടെ
അവനമ്മെ തിരിച്ചറിയിക്കും രേഖകളാവട്ടെ
നമ്മുടെ പലായനങ്ങൾ നീർതേടുന്നതാവട്ടെ.