പരീക്ഷ

രാത്രി വരവായി. സുന്ദരൻ കുളി കഴിഞ്ഞ് അത്താഴത്തിനിരുന്നു. വീട്ടിലാകെ ശ്മശാന മൂകതയാണ്. ഏക മകൻ കോമളൻ പരീക്ഷയെ നേരിടുകയാണ്. യുദ്ധകാലത്തെ ജാഗ്രുതയും അച്ചടക്കവുമാണ് വീട്ടിൽ. ടി. വി. നിരോധിക്കപ്പെട്ടു. പുറത്തെ മഴയോ ദുരന്തങ്ങൾ പോലുമോ ഒന്നും കുടുംബത്തിന്റെ മുന്നിലില്ല. അഞ്ചാം തരത്തിൽ പഠിക്കുന്ന കോമളന്റെ അമ്മ രത്നവല്ലി പരീക്ഷാ പനി പിടിച്ച് നൂറ്റിരണ്ട് ഡിഗ്രിയിലാണ്. ഇന്ന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞെത്തിയ മകനോട് അമ്മ ചോദ്യം ചോദിച്ചു കഴിഞ്ഞതാണ്. ചെക്കന് ആനമുട്ട കിട്ടുമെന്ന് ഏകദേശം ഉറപ്പുമായി. ചോദ്യ വിസ്താരം കഴിഞ്ഞാൽ വിധിയും ഭേദ്യവുമാണ് ശേഷിച്ചിട്ടുള്ളത്. അത്താഴത്തോടൊപ്പം ആ നടപടികളിലേക്ക് പ്രവേശിക്കുകയാണ് കുടുംബ സദസ്.
“എങ്ങനെണ്ടാർന്ന് പരീക്ഷ “
സുന്ദരൻ ചോദിച്ചു. അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ വാദിഭാഗം ചേർന്ന സാക്ഷിയെപ്പോലെ കൂറുമാറിയതായി കോമളൻ തിരിച്ചറിഞ്ഞു.
“കൊള്ളാർന്നു “
അപകടം തിരിച്ചറിഞ്ഞ അവൻ എങ്ങും തൊടാതെ ഉത്തരം പറഞ്ഞു.
” അതു തിരിച്ചറിഞ്ഞ് സുന്ദരൻ ചോദ്യം മാറ്റി.
” ചോദ്യപ്പേപ്പർ എങ്ങനുണ്ടാർന്നുന്നാണ് എന്റെ ചോദ്യം.”
“നല്ലതാർന്നു “
കഞ്ഞി ഇറക്കിക്കൊണ്ട് അവൻ പറഞ്ഞു.
അവിടെയും മകൻ വഴുതി മാറുന്നതറിഞ്ഞ് അച്ഛൻ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
“ഉത്തരക്കടലാസോ ?”
എല്ലാം എഴുതിയോ എന്നാണ് വ്യംഗ്യാർത്ഥം.
അവൻ പറഞ്ഞു.
“ച്ഛാ ചോദ്യവും ചോദ്യക്കടലാസും നല്ലതാർന്നു. പക്ഷെ വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല. പിന്നെ എന്റെ ഉത്തരക്കടലാസ് നല്ലതാണെന്നോ ചീത്തയാണെന്നോ ടീച്ചർ പറയണം. ഉത്തരം ടീച്ചർക്ക് മനസിലായാൽ ടീച്ചർ മാർക്കിടും.”
അതു കേട്ട് സുന്ദരന്റെ ചോദ്യം ഉത്തരം മുട്ടി.
ചോദ്യമാണോ ഉത്തരമാണോ നല്ലതെന്ന് ചിന്തിച്ച സുന്ദരന്റെ കഞ്ഞി വിക്കിൽ കയറി. അയാൾ കണ്ണു മിഴിച്ചു.  അറിയാത്ത ചോദ്യം കണ്ട കുട്ടിയെപ്പോലെ.

You can share this post!