പരിവർത്തനം

ഞാൻ
 സമുദ്രമായി
പരിവർത്തനപ്പെട്ടിരിക്കുന്നു.
ആഴങ്ങളിൽ
നിനക്കു മുങ്ങി നിവരാം
പൊക്കിൾചുഴിയിലെ
നീലിമയിൽ നീ
തുടിച്ചുയരുമ്പോൾ
 ഗ്രീഷ്മാതപമേറ്റു
വാടിത്തളർന്ന നിന്റെ
മേനിയിൽ കുളിർ
പളുങ്കുമണികളെ
ഉർവ്വരതകളായി
നിറച്ചു തരാം
നിനക്കീ
 സാഗരാഴങ്ങളിലേക്ക്
ആഴ്ന്ന് വരാം അനുപമമായ
 ആഴക്കടൽ വിസ്മയങ്ങളിൽ
 തരളഗാത്രനായ് നീ
ഊളിയിടുമ്പോൾ
പവിഴ മണിമുത്തു
 ചുംബിച്ചെടുക്കുന്ന
സല്ലാപ സമ്മോഹനങ്ങളിൽ
കടൽച്ചൊരുക്കിന്റെ
 ആലസ്യമകലാൻ
ഉഷ്ണജലപ്രവാഹങ്ങളിൽ
നിന്നെ മുക്കിയണയ്ക്കാം..
പവിഴപ്പുറ്റുകളിൽ
 രസമുകുളങ്ങളെ  നുകരും
അധരപരിലാളനകളിൽ
എന്റെ ഉപ്പുരസരവും
നിന്നിലലയട്ടെ.
അലസഗാമിനിയായ്
അലക്കൈകൾ
വിതിർത്ത് നിന്നെ എന്നിലേക്ക് ചേർത്തണക്കുമ്പോൾ കടലാഴങ്ങളിലേക്കൂളിയിടാൻ
കടൽപക്ഷി
പോലെന്റെ
നിഗൂഢതകളിലേക്ക്
നീ പറന്നിറങ്ങൂ
നിന്റെ മാറിലണിയുന്ന
 ഹാരമാകാൻ എന്റെ ചിപ്പിയിൽ
വെൺ മുത്തുകൾ
ഒരുക്കമാർന്നു.
അവസാനിക്കാത്ത
തിരമാലകളിതാ നിനക്ക്
സ്വാഗതമോതാൻ നിന്റെ
കാലടികളെ
പുണരാൻ
 അക്ഷമരായി
തീരത്ത് വന്നെത്തി
 നോക്കുന്നു.
വെള്ളാമ്പലും
പൊന്നമ്പിളിയും
 കണ്ണിൽ കണ്ണിൽ നോക്കി
 കവിത പറയുന്ന രാവിൽ
 എന്നിലെ വേലിയേറ്റങ്ങളിൽ വേലിയിറക്കങ്ങളിൽ മുഗ്ദ സംഗീതധാരയായൊഴുകാൻ
ഗന്ധർവ്വ വീണയുമായി
 നീ പോരുക.
ദീപാസോമൻ

You can share this post!