അടുത്തിരുന്നപ്പോൾ പറയാൻ
മറന്നവ യിന്നകലത്തിരുന്നു ഞാനോർത്തു.
ഹൃദയദൂരത്തിൻ്റെ
കാരണങ്ങൾ പോലും
അറിയാതെ വിസ്‌മൃതിയിലാണ്ടു
കാലം കളിത്തട്ടിൽ നമ്മെക്കശക്കിയ-
ന്നിരുവഴിയാക്കിയെറിഞ്ഞു
ഒടുവിലീ ജീവിതസാഗര തീരത്തു
തിരികെ നമ്മൾ വന്നടിഞ്ഞു
ഒരു നിമിഷാർദ്ധത്തിനിടയിലെങ്ങോ
തമ്മിലൊരു മിഴിക്കാഴ്ചയിൽ നിന്നു
ഉള്ളിലൊരായിരം മോഹശലഭങ്ങൾ
ചിറകടിച്ചൊന്നായ് പറന്നു
പഴയ നാമ,ല്ലിന്നു രൂപവും,ഭാവവും
പുതിയ പുറം തോടുമായി
പലനാളു കൂടി നീ
എന്നോട് വെറുമൊരു
വാക്കിന്റെ കുശലം ചോദിച്ചു
നഷ്ടസ്വപ്‍നങ്ങളെ ഹൃദയത്തിൽ
സൂക്ഷിച്ചു പിന്തിരിഞ്ഞെങ്ങോ മറഞ്ഞു.
അന്യരായെത്ര നാം തമ്മിലെന്നോർത്തപ്പോഴന്നു
നെഞ്ചകം കത്തിപ്പിടഞ്ഞു.
ചപല വ്യാമോഹത്തിരകളിൽ-
പ്പെട്ടെന്റെ ജീവിതനൗകയുലഞ്ഞു
വിധിയുടെ കയ്യിൽ
കളിപ്പാട്ടമായി ഞാനേതോ
വിജനദ്വീപിൽ വീണലിഞ്ഞു.
എവിടെ നീയേതൊരു
കരയിലെന്നേ തേടി
വരുമോ കരുതലായ് വീണ്ടും?