പഥേർ പാഞ്ജലി- തിരക്കഥ പതിനൊന്നാം പതിപ്പിൽ !


 

”മലയാളത്തിൽ ഇതിനകം ഏറെ ശ്രദ്ധേയമായ കൃതിയാണ് ,പഥേർ പാഞ്ചാലി എന്ന വിശ്വ പ്രസിദ്ധ ഇന്ത്യൻ സിനിമയുടെ മലയാള തിരക്കഥാ ആവിഷ്കാരം .ഇന്ത്യൻസിനിമയ്ക്ക് ലോക ചലച്ചിത്ര ഭൂപടത്തിൽ ഇടം നൽകിയ പ്രഥമ സിനിമയാണിത് .
വിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ നോവലിനെ അധികരിച്ചു സത്യജിത് റായ് 1955 -ൽ ഒരുക്കിയ ഈ ചിത്രം എക്കാലത്തും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പ്രഥമ പാഠമാണ്. എം .ജി .യൂണിവേഴ്സിറ്റിയിൽ എട്ടു വർഷക്കാലം മലയാളം മൂന്നാം വർഷ പാഠപുസ്തകമായിരുന്നു .ആയിരക്കണക്കിന് വായനക്കാർ സിനിമ കണ്ടത്
പോലെ വായിച്ചനുഭവിച്ച ഈ ഗ്രന്ഥം മലയാള തിരക്കഥാ സാഹിത്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് പതിനൊന്നാം പതിപ്പിലെത്തിയിരിക്കുന്നു .”

മലയാള തിരക്കഥാ സാഹിത്യത്തിൽ ഇതൊരു റെക്കോർഡ് ആണ് .ലിപി പുബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
പഥേർ പാഞ്ചാലി എന്ന ശീർഷകം കണ്ടു ഇതൊരു പുരാണ കഥയാണെന്ന് തെറ്റിദ്ധരിച്ചവർ വളരെയുണ്ട് .അതിനാൽ പതിനൊന്നാം പതിപ്പിന്റെ ശീർഷകം പഥേർ പാഞ്ജലി എന്നാക്കിയിട്ടുണ്ട് .ഗീതാഞ്ജലി എന്നൊക്കെ പറയുന്നത് പോലെ . ശരിയായ ശീര്ഷകവും അങ്ങിനെ തന്നെ . ബംഗാളി പാട്ടു പ്രസ്ഥാനത്തിലെ ഒരു കൈവഴിയാണ് പാഞ്ജലി. പാതയിലെ പാട്ട് എന്നാണല്ലോ ശീർഷകത്തിന്റെ യഥാർത്ഥ അർത്ഥവും. അടൂർ ഗോപാലകൃഷ്ണന്റെ അവതാരിക . സത്യജിത് റായിയുടെ മകൻ സാന്ദീപ് റായിയുടെ അനുസ്മരണം .
ഒപ്പം സത്യജിത് റായ് പഥേർ പാഞ്ജലിയെ കുറിച്ച് എഴുതിയ ലേഖനവും ഇതിലുണ്ട്.

സത്യജിത് റായ്

പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ .അടൂർ ഗോപാലകൃഷ്ണൻ
സൂചിപ്പിച്ചതു പോലെ , പഥേർ പാഞ്ജലി നിർമ്മിച്ചിട്ടു അരശതാബ്ദം
കഴിഞ്ഞിരിക്കുന്നു . സർഗാത്മകത തികഞ്ഞ ആദ്യത്തെ ഇന്ത്യൻ സിനിമ പഥേർ പാഞ്ജലി ആണെന്ന സത്യം ഇന്നൊരു വിവാദ വിഷയമാവാൻഇടയില്ല . bതീർച്ചയായും .

വീണ്ടും അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് .
സിനിമയിൽ പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലാതിരുന്ന ഒരു കാലത്തു പഥേർ പാഞ്ജലിയുടെ 16 എം .എം . കണ്ടതിന്റെ ഒരോർമ ഇന്നും പച്ചയായി നിലനിൽക്കുന്നു .പിൽക്കാലത്തു പല അവസരങ്ങളിലായി കുറഞ്ഞത് 25 തവണയെങ്കിലും ഈ ചിത്രം ഞാൻ കണ്ടിട്ടുണ്ട് .ഓരോ തവണ കാണുമ്പോഴും പുതുതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ട് .പക്ഷെ അന്നാദ്യം ഒരു സാധാരണ
കാഴ്ചക്കാരനെന്ന നിലയിൽ ആ ചിത്രത്തോട് എനിക്കുണ്ടായ പ്രതികരണത്തിന്റെ സ്വഭാവത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു .അതെന്നിൽ പതിപ്പിച്ചുപോയ അനുഭവങ്ങളുടെ മുദ്ര ഏതുതരത്തിൽപെട്ടതായിരുന്നു ?
ഒരേകദേശ രൂപം ഇങ്ങിനെയാണ്‌. അത്യന്തം വ്യത്യസ്തമായ ഒരു ചിത്രം . ശുദ്ധമായ യാഥാർഥ്യ പ്രതീതി .ഋജുവും ലളിതവുമായ കഥാഘടന . കഥാപാത്രങ്ങളെ അടുത്ത് നിന്നും സംഭവങ്ങളെ അകത്തു നിന്നും കണ്ട തോന്നൽ . ചിത്രത്തിന്റെ ഭാഷ തടസ്സമായതേയില്ല .
തീർച്ചയായും അത് അങ്ങിനെത്തന്നെയാണ് .

Satyajit Ray’s Pather Panchali (1955)
Song of the Little Road

ഇംഗ്ലീഷ് സബ്‌ടൈറ്റിലുടെയാണ് അന്യ ഭാഷ ചിത്രങ്ങൾ കാണാൻ സാധിക്കുന്നതും കാണുന്നതും ഈയുള്ളവൻ കണ്ടിട്ടുള്ളതും .പക്ഷെ അത് അങ്ങിനെ മാത്രമല്ല അതിലുപരിയായി അനുഭവിച്ചു ആസ്വദിക്കാൻ ഒരു സാധ്യത
കൂടിയുണ്ടെന്നുള്ളതിനു സ്പഷ്ടമായ തെളിവാണ് ശ്രീ . സാബു ശങ്കർ രചിച്ച പഥേർ പാഞ്ജലിയുടെ മലയാള തിരക്കഥ .
സത്യജിത് റായിയുടെ പഥേർ പാഞ്ജലി എന്ന സിനിമയ്ക്ക് യഥാർത്ഥത്തിൽ തിരക്കഥയേ ഉണ്ടായിരുന്നില്ലെന്നും രേഖാചിത്രങ്ങളും ചില കുറിപ്പുകളും മാത്രമേ സത്യജിത് റായി ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നുവുള്ളുവെന്നും അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവിക്കുന്നു . ഇതൊരു വിവർത്തനം ആയിരിക്കുമെന്നാണ് വിചാരിച്ചതെന്നും പക്ഷെ സത്യജിത് റായിയുടേതായ ഒറിജിനൽ തിരക്കഥ ഇല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നതെന്നും എങ്കിൽ ഈ മലയാള തിരക്കഥ
ആവിഷ്ക്കാരം ഒരു പുനഃ സൃഷ്ടിയാണെന്നും ചലച്ചിത്രത്തെ വായനയിലൂടെ അനുഭവിക്കാൻ കഴിയുന്നുവെന്നും ശ്രീ . നെടുമുടി വേണുവും പ്രസ്താവിക്കുന്നു . തീർച്ചയായും ഈ പ്രസ്താവനകളെല്ലാം സാബു ശങ്കറിന്റെ രചനക്ക്
പൊൻതൂവൽ ചാർത്തുന്നു .

സാബു ശങ്കർ

പഥേർ പാഞ്ജലി എന്ന സിനിമ ഒരു ബംഗാളി ആസ്വാദകൻ അനുഭവിച്ചു ആസ്വദിക്കുന്ന നിലവാരത്തിൽ ഒരു മലയാളി ആസ്വാദകന് സാധിക്കില്ല എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയല്ലേ ?
എന്നാൽ ആ സമസ്യക്കൊരു പരിഹാരമാണ് ഈ ഗ്രന്ഥം .
ലോകസിനിമയിൽ ഇറ്റാലിയൻ നിയോ റിയലിസ്റ് പ്രസ്ഥാനം കലയുടെ ചരിത്രത്തിൽ വലിയൊരു സംഭവമാണ് . ഇന്ത്യൻ നിയോ റിയലിസ്റ് പ്രസ്ഥാനത്തിന്റെ ആരംഭം പഥേർ പാഞ്ജലിയാണ്‌.ഇന്ത്യൻ ക്ലാസിക്കൽ സിനിമയുടെ പാത തുറന്നിട്ട ഈ ചിത്രത്തിന്റെ പ്രത്യേകത ഋജുവും ലളിതവുമായ
ആഖ്യാനത്തിലൂടെ മനുഷ്യന്റെ വികാര വിചാരങ്ങളുടെ ,മൂല്യങ്ങളുടെ , നൈർമല്യവും മാധുര്യവുമാർന്ന ഒരു ദൃശ്യലോകമാണ് . ഒരു ചലച്ചിത്രത്തിന്റെ പൂർണമായ അനുഭവവും ഓരോ ദൃശ്യത്തിന്റെയും വികസ്വരമായ അനുഭവവും അതേ വേഗത്തിലും വികാരത്തിലും അർത്ഥത്തിലും
പുനഃസൃഷ്ടിക്കുവാൻ കഴിയുന്ന സാങ്കതിക ശൈലി കൂടിയേതീരൂ .ഇങ്ങനെ ആവിഷ്കരിക്കുമ്പോഴാണ് ദൃശ്യസാഹിത്യം രൂപപ്പെടുന്നത് .
ചലച്ചിത്രത്തെ നേരിട്ട് കാണാതെ തന്നെ വായനയിലൂടെ അനുഭവിപ്പിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ ചലച്ചിത്രവും പ്രതിഫലിക്കുന്നു .ഇതാണ്‌ ദൃശ്യസാഹിത്യത്തിന്റെ പ്രയോജനപരതയും.

 

ദൃശ്യത്തിന്റെ താഴെ തെളിയുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലിലൂടെ നിമിഷങ്ങൾകൊണ്ട് വായിക്കുകയും അതേ നിമിഷങ്ങളിൽ തന്നെ ദൃശ്യം കാണുകയും ചെയ്യുന്നതിന്
നല്ല പരിശീലനം വേണം .ഇത്തരം ചിത്രങ്ങൾ നിരന്തരം
കണ്ടുകൊണ്ടിരിക്കുന്നവർക്കു അതൊരു ബുദ്ധിമുട്ടല്ല. പക്ഷെ ഈ പരിചയം പൊതുവെ സാധാരണ പ്രേക്ഷകർക്ക് ഉണ്ടാവണമെന്നില്ല .സബ്ടൈറ്റിൽ വായിക്കാൻ വിട്ടു പോയാലും ദൃശ്യസാഹിത്യത്തിലൂടെയുള്ള മുന്നറിവ് സിനിമയെ ഉൾകൊള്ളാൻ പ്രേക്ഷകനെ സഹായിക്കുന്നു . അന്യ ഭാഷാചിത്രങ്ങൾ കാണുന്നവർക്കും രാജ്യാന്തര സിനിമ കാണുന്നവർക്കും
ദൃശ്യസാഹിത്യം വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട് .സിനിമയിലെ സംഭാഷണങ്ങളും കഥാഗതിയുമൊക്കെ ദൃശ്യസാഹിത്യത്തിലൂടെ ആദ്യമേതന്നെ
ഉൾക്കൊണ്ടിട്ടുള്ളതിനാൽ സിനിമയെ ബുദ്ധിമുട്ടില്ലാതെ പിൻചെല്ലാൻ
സാധിക്കുന്നു .ആശയം , സംസ്കാരം , ജീവിതരീതി , ആചാരം ,പലതരം
വസ്തുക്കൾ ,ശബ്ദത്തിന്റെ അർഥങ്ങൾ ,പാട്ടുകൾ തുടങ്ങിയവയൊക്കെയും മനസ്സിലാക്കാനും കഴിയും .ദൃശ്യസാഹിത്യത്തിലൂടെ മുന്നറിവ് നേടുന്ന പ്രേക്ഷകർ
തങ്ങളുടേതായ ഒരു സ്വപ്നലോകമോ പ്രതീക്ഷയോ കെട്ടിപ്പടുക്കുന്നു. ആ സ്വപ്നലോകത്തെ അല്ലെങ്കിൽ പ്രതീക്ഷയെ കണ്മുന്നിൽ കാണുവാനുള്ള ആവേശം വാസ്തവത്തിൽ ആസ്വാദനശേഷിയെ വളർത്താൻ പ്രേരകമാണ് .

മലയാള ഭാഷയിൽ ദൃശ്യസാഹിത്യം എന്നൊരു പുതിയ ശാഖയ്ക്ക് സാബു ശങ്കർ രചിച്ച ഈ ഗ്രന്ഥം തുടക്കം കുറിച്ചിരിക്കുന്നതായി ഭാഷാ പോഷിണിയിലെ ഒരു ലേഖനവും ഗ്രന്ഥാലോകത്തിൽ, മലയാളം ലെക്സിക്കൻ മുൻ ഡയറക്ടറും തിരക്കഥാകൃത്തുമായ ഡോ . സി .ജി .രാജേന്ദ്ര ബാബു എഴുതിയ ഒരു ലേഖനവും ചൂണ്ടിക്കാണിക്കുന്നു.
ദൃശ്യസാഹിത്യം എന്നൊരു ശാഖ മലയാളത്തിലില്ലെങ്കിലും അങ്ങനെയൊരു സാഹിത്യമില്ലെങ്കിലും ദൃശ്യത്തെ വായനക്കാരിൽ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഒരു രചനാസങ്കേതം ഈ കൃതിക്കുണ്ടെന്നും പ്രൊഫ.ഡോ . വി .എ .ഫിലിപ്പ് പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് അഭിപ്രായപ്പെട്ടിരുന്നു . ഇനി ഞാൻ എന്റെ സ്വന്തം അനുഭവത്തിലേക്ക് കടക്കട്ടെ . കൗമാരപ്രായം മുതൽ പലപ്പോഴായി പലതവണ ഇംഗ്ലീഷ് സബ്‌ടൈറ്റിലോടുകൂടി കണ്ടു ആസ്വദിച്ച
ചലച്ചിത്രമാണ് പഥേർ പാഞ്ജലി. എന്നാൽ അടുത്തകാലത്ത് സാബു ശങ്കറിന്റെ മലയാള തിരക്കഥ ആവിഷ്കാരം വായിച്ചുകഴിഞ്ഞതിനു ശേഷം പഥേർ പാഞ്ജലി വീണ്ടും കാണുന്നു . കഴിഞ്ഞകാലങ്ങളിൽ ചിത്രം കണ്ടു ആസ്വദിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ അതൊരു അനുഭവമായിരുന്നു . അതേ , തീർച്ചയായും വാക്കുകൾക്കു അതീതമായിരുന്നു ആ അനുഭവം .
(വില : 150 രൂപ .ലിപി പബ്ലിക്കേഷൻസ് ,കോഴിക്കോട് -2 .ഫോൺ – 0495 – 2700192 .)

You can share this post!