പടയണിയുടെ ചരിത്രംപടയണിയുടെ ചരിത്രം കേവലം ഒന്നോ രണ്ടോ വാക്കുകളിൽ പറയാനാവുന്നതല്ല. ഭൂമി ശാസ്ത്രം , ചരിത്രം , സംസ്കാരം , ഭക്ഷണം , നരവംശ ശാസ്ത്രം , ഭരണ നാൾവഴികൾ , കുടിയേറ്റങ്ങൾ , പാളയങ്ങൾ , പ്രകൃതി പഠനം , സാമൂഹിക ശാസ്ത്രം , മനഃശാസ്ത്രം , വിദ്യാഭ്യാസ സംബ്രതായങ്ങൾ അങ്ങനെ ഒരുപാടു കാര്യങ്ങൾ കൂടി കലർന്ന് കിടക്കുന്ന ഒരു സമൂഹത്തിൽ വന്ന ആകെ മാറ്റത്തിന്റെ ചരിത്രം തന്നെയാണ് പടയണിയുടെ ചരിത്രവും. ചുരുക്കി പറയുകയാണെങ്കിൽ അറുപത്തിനാല് കലകളുടെ സമ്മിശ്രണമാണ് പടയണി എന്ന് അറിയുന്നത് അതിന്റെ കാരണം , 64 വംശങ്ങൾ കൂടിച്ചേർന്ന് അവരുടെ സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ടതാണ് ഇന്ന് കാണുന്ന പടയണി.ആദ്യം ഇന്നത്തെ പോലെ പാളയിലായിരുന്നില്ല കോലങ്ങൾ വരച്ചിരുന്നത്. മുഖത്തായിരുന്നു കോലങ്ങൾ പഴച്ചാറും , മരക്കറ കായ്കളുടെയും , കിഴങ്ങുകളുടെയും പൊടി , എന്നിവ മുഖത്തു വരച്ചാണ് കോലങ്ങൾ ആടിയിരുന്നത്.
ഹിമ സംസ്കാരത്തിന്റെയും , ശിലാ യുഗ സംസ്കാരത്തിന്റെയും , കാലഘട്ടത്തിന്റെ ശേഷവും , ലോഹ യുഗത്തിന്റെ ആദ്യമാണ് പാളക്കോലങ്ങൾ രൂപപ്പെട്ടത്. ഓരോ ഗോത്രവും അവരവരുടെ ആഹാരം സമ്പാദിക്കലിന്റെയും ആരാധനയുടെയും ഭാഗമായി അനുവർത്തിച്ചിരുന്ന കലാരൂപങ്ങളാണ് പടയണിയുടെ പ്രാചീന രൂപങ്ങൾ. ഗോത്രജനതയുടെ മലമുകളിൽ നടന്ന പടയണിയി (ഊരാളി പടയണി ), അന്ധകാരവും വന്യജീവികളുടെ ഉപാദ്രവത്തിന്റെ രക്ഷാർത്ഥം നടന്ന ചൂട്ട് പടയണി, വയലിൽ വിത്തും അന്നവും നിർമ്മിച്ചിരുന്നവരുടെ കരപ്പാട്ടു പടയണി , വൈദ്യവും കണ്ണേറ്- നാവേറ് പിണി ഒഴിക്കുന്നതിനുള്ള അടവി , പിണിയൊഴിക്കലിനായുള്ള കോലം തുള്ളൽ , പ്രകൃതിയും ധനവും അന്നവും മറ്റു വിഭവങ്ങളും സംരക്ഷിക്കാൻ നടന്നിരുന്ന ഭട ശ്രേണിയും, സാമൂഹിക പരിഷ്കരണത്തിന്റെ ഭാഗമായി രൂപം കൊണ്ട വിനോദവും മുതലായവ ചേർന്ന് ഇന്ന് കാണുന്ന കാളി ആരാധനാ ആയും ആണ്ടുത്സവമായും കൊണ്ടാടുന്ന നമ്മുടെ തിരുവിതാം കൂറിന്റെ പടയണി മറ്റു പല കലാരൂപങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്. എന്നാൽ മുൻപ് പറഞ്ഞിരുന്ന കലാരൂപങ്ങളെല്ലാം ഒറ്റക്കൊറ്റയ്ക്കു തങ്ങളുടെ വംശത്തിന്റെ അവകാശ കലകളായി മാത്രം അവതരിപ്പിക്കപ്പെട്ടു പോരുകയായിരുന്നു ഒരു കാലഘട്ടത്തിൽ. പല തട്ടുകളായി നിന്ന ജനങ്ങളെ , ക്ഷേത്രാരാധനയിൽ പങ്കെടുക്കുവാൻ മാറ്റനിർത്തപ്പെട്ടിരുന്നവർ , അല്ലെങ്കിൽ സ്വയം മാറി നിന്നിരുന്നവർ എല്ലാം ഒരു കാവിൽ ഒന്നിച്ചു കൂട്ടി പ്രകൃതിയാരാധനയുടെയും , ഐക്യം രൂപപ്പെടുത്തലിന്റെയും ഭാഗമായി ഒരു നൂറ്റാണ്ടിൽ ഉടലെടുത്തതാണ് മധ്യ തിരുവിതാം കൂറിന്റെ അനുഷ്ടാന കലാരൂപമായ പടയണി.
ഐതിഹ്യം ഭദ്രകാളി ദാരികനെ കൊന്നതുമായി ബന്ധപ്പെട്ടാണ്. അത് പ്രധാനമായും പാടുന്നത് പുല വൃത്തത്തിലാണ്. ദേവാസുരയുദ്ധത്തിൽ അസുരഗണങ്ങൾ ഭൂരിപക്ഷവും കൊല്ലപ്പെട്ടു. അവശേഷിച്ചവർ പാതാള ലോകത്ത് അഭയം പ്രാപിച്ചു.അവരിൽ ദാനവതി ദാരുമതി എന്നീ അസുരസ്ത്രീകൾ പഞ്ചാഗ്നി മദ്ധ്യത്തിൽ ബ്രഹ്മാവിനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച് അസുരകുലത്തെ ഭരിക്കാൻ ശക്തരായ പുത്രന്മാർ പിറക്കണമെന്ന വരം നേടി. അങ്ങനെ ദാനവതിയുടെ പുത്രനായി ദാനവേന്ദ്രനും ദാരുമതിയുടെ പുത്രനായി ദാരികനും ജനിച്ചു. ആയുധാഭ്യാസങ്ങളിൽ പ്രാവീണ്യം നേടി വളർന്ന അവരിൽ ദേവന്മാരോടുള്ള ശത്രുതയും വളർന്നു വന്നു.മാതാവിന്റെ നിർദ്ദേശപ്രകാരം ദാരികൻ ഗോകർണ്ണ ദേശത്ത് ചെന്ന് അമരത്വം നേടാനായി ബ്രഹ്മാവിനെ പ്രസാദിപ്പിക്കാൻ കഠിന തപസ്സ് ആരംഭിച്ചു. അതിഘോരമായമായ തപസ്സിലും ബ്രഹ്മദേവൻ പ്രസാദിക്കത്തതിനെ തുടർന്ന് ദാരികൻ തന്റെ ശിരസ്സ് അരിഞ്ഞ് ഹോമിക്കാനൊരുങ്ങി. ഒടുവിൽ ബ്രഹ്മാവ് പ്രത്യക്ഷനായി. ദേവദാനവ മാനുഷ്യഗന്ധർവ്വകിന്നരാദികൾക്കും ത്രിമൂർത്തികൾക്കും തന്നെ വധിക്കുവാനാവരുതെന്നും, മായവിദ്യാകളും ശത്രുസംഹാരത്തിനായി ബ്രഹ്മദണ്ഡും തനിക്ക് പ്രാപ്തമാകണമെന്നും, പതിനായിരം ആനകൾക്ക് തുല്യമായ ശക്തി തനിക്കുണ്ടാകണമെന്നും, തന്റെ ഇറ്റുവീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉടലെടുക്കണമെന്നും അവരൊക്കെ തന്റെ ദാസന്മാരായിത്തീരണമെന്നുമുള്ള വരങ്ങൾ ദാരികൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. വരപ്രാപ്തനായ ദാരികൻ ദാനവേന്ദ്രനുമായിച്ചേർന്ന് പലടത്തായി ചിതറിക്കിടന്ന ദാനവരെ സംഘടിപ്പിച്ച് ദേവേന്ദ്രനെ യുദ്ധത്തിന് വെല്ലുവിളിച്ചു.ബ്രഹ്മദണ്ഡുമായി ഇന്ദ്രനെ നേരിട്ട ദാരികൻ ദേവസൈന്യത്തെ ഛിന്നഭിന്നമാക്കി. ദേവേന്ദ്രനും മറ്റു ദേവന്മാരും സുരലോകം ഉപേക്ഷിച്ച് ഓടിയിളിച്ചു.ദേവസമ്പത്ത ദേവസ്ത്രീകളേയും കല്പകവൃക്ഷം മുതലായ വസ്തുക്കളേയും സ്വന്തമാക്കിയ ദാരികൻ പതിന്നാലു ലോകവും അടക്കിവാണു. സന്യാസിമാരെ ദ്രോഹിച്ചു. യാഗഭൂമികൾ മലിനമാക്കി. സ്ത്രീകൾ വഴിനടക്കാൻ പോലും ഭയപ്പെട്ടു. പശുക്കളെ തൊഴുത്തടക്കം തീയിട്ടു. കിണറുകളും തണൽമരങ്ങളും പോലും നശിപ്പിച്ചുകൊണ്ട് ദാരുകസേന തേർവാഴ്ച നടത്തി. മായാസുരന്റെ പുത്രിയായ മനോദരിയെ ദാരികൻ വിവാഹംചെയ്തു. ദേവസ്ത്രീകളെ അവരുടെ ദാസിമാരായി നിയമിച്ചു.ദാരികന്റെ ഉപദ്രവം കൊണ്ട് പൊറുതിമുട്ടിയ ദേവന്മാർ ബ്രഹ്മാവും മഹാവിഷ്ണുവുമൊന്നിച്ച് ശിവസന്നിധിയിലെത്തി. ത്രിമൂർത്തികൾ ചേർന്ന് ദാരികന്റെ ശല്യം അവസാനിപ്പിക്കാനുള്ള ഉപായം ചർച്ച ചെയ്തു.
ശക്തയായ സ്ത്രീയിൽ നിന്നു മാത്രമേ ദാരികന് അന്ത്യം സംഭവിക്കുകയുള്ളൂവെന്ന് ബ്രഹ്മാവ് അറിയിച്ചു. തുടർന്ന് ത്രിമൂർത്തികളും ദേവന്മാരും തങ്ങളുടെ ശക്തിസ്വരൂപങ്ങളായസ്ത്രീകളെ സൃഷ്ടിച്ചു.ബ്രഹ്മാവിൽ നിന്ന് ബ്രാഹ്മിയും മഹേശ്വരനിൽ നിന്ന് മഹേശ്വരിയും വിഷ്ണുവിൽ നിന്ന് വൈഷ്ണവിയും ഇന്ദ്രനിൽ നിന്ന് ഇന്ദ്രാണിയും ശ്രീകുമാരനിൽ നിന്ന് കുമാരിയും യമധർമ്മനിൽ നിന്ന് വരാഹിയും ഭൂജതരായി. ഈ ഷഡ്മാതാക്കളെ യോജിച്ച വാഹനങ്ങളും ആയുധങ്ങളും നൽകി സൈന്യസമേതം യുദ്ധസന്നദ്ധരാക്കി പറഞ്ഞയച്ചു.( ഷഡ്മാതാക്കളെ സംബന്ധിച്ച വ്യത്യസ്ത ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്) ഘോരമായ യുദ്ധത്തിൽ ഷഡ്മാതാക്കൾ ദൈത്യസേനയെ ഛിന്നഭിന്നമാക്കി.
ദാനവേന്ദ്രനെ മഹേശ്വരി ത്രിശൂലം കൊണ്ട് വധിച്ചു. ജ്യേഷ്ഠന്റെ മരണവാർത്തയറിഞ്ഞ ദാരികൻ ക്രൂദ്ധനായി യുദ്ധത്തിന് പുറപ്പെട്ടു. എന്നാൽ ഷഡ്മാതാക്കൾക്കു മുന്നിൽ ദാരികന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ ദാരികൻ ബ്രഹ്മദണ്ഡ് പ്രയോഗിച്ചെങ്കിലും സ്ത്രീകൾക്ക് നേരെ അത് നിഷ്പ്രഭമായി തിരിച്ചെത്തി. മഹേശ്വരിയുടെ ത്രിശൂലം കൊണ്ട് ദാരികന് മുറിവേറ്റു. എന്നാൽ ആ രക്തത്തിൽ നിന്ന് നിരവധി രാക്ഷസരൂപങ്ങൾ ഉണ്ടായി പടക്കളം നിറഞ്ഞു. ദാരികനെ വധിക്കാനാവാതെ ഷഡ്മാതാക്കാൾക്ക് മടങ്ങേണ്ടി വന്നു. വിജയശ്രീലാളിതനായ ദാരികൻ കൂടുതൽ ശക്തനായി അധർമ്മ പ്രവർത്തികളിലേർപ്പെട്ടു. ഒരിക്കൽ നാരദ മഹർഷി ദാരികനെ സന്ദർശിച്ചു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ നാരദൻ ത്രിമൂർത്തികളെ സ്തുതിച്ചത് ദാരികന് ഇഷ്ടമായില്ല.ദാരികൻ നാരദനെ വധിക്കാനൊരുങ്ങി. പലായനം ചെയ്ത നാരദൻ കൈലാസത്തിലെത്തി മഹാദേവനെക്കണ്ട് സങ്കടമുണർത്തിച്ചു. ക്രൂദ്ധനായ മഹാദേവൻ ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ് ആയുധങ്ങളുമായി ആർത്തട്ടഹസിച്ച് സംഹാരരുദ്രനായി മാറി. ആകാശം മുട്ടെ ഉയർന്ന മഹാദേവന്റെ സംഹാരാഗ്നിയിൽ നിന്ന് അതിഘോരമായ ശൗര്യത്തോടെ അലറിക്കുതിച്ചുകൊണ്ട് ശ്രീ ഭദ്രകാളി അവതരിച്ചു. ആഞ്ജനേയ ശൈലം പോലെ ഉയർന്നു നിന്ന ഭീരക രൂപിണിയുടെ പാദസ്പർശമേറ്റ കൈലാസ പർവ്വതമൊട്ടാകെ കുലുങ്ങി.
ആകാശം മുട്ടെ നിൽക്കുന്ന ഘോരരൂപിണിയായ ദേവിയുടെ രൂപം കണ്ട് വന്യ മൃഗങ്ങൾ പേടിച്ചിരണ്ടു. ദിക്ഗജങ്ങൾ ചിന്നം വിളിച്ചു. പാർവ്വതിദേവിയുടെ ആഗ്രഹപ്രകാരം ദേവി ഘോരരൂപം വെടിഞ്ഞ് ശ്രീയെഴുന്ന രൂപം കൈക്കൊണ്ടു. തന്റെ കഴുത്തിലെ കാളകൂടത്തിനു തുല്യം കാളിമയാർന്ന ദേവിക്ക് മഹാദേവൻ ‘കാളി’ എന്ന പേരു നൽകി. ദേവിയുടെ അവതാരോദ്ദ്യേശം ദാരിക നിഗ്രഹമാണെന്ന് അറിയിച്ച മഹാദേവൻ ദേവിക്ക് അയുധങ്ങളും വാഹനമായി വേതാളിയേയും നൽകി. ഷഡ്മാതാക്കൾ ദേവിയെ വന്ന് വണങ്ങി. തുടർന്ന് സപ്തൃ മാതാക്കൾ ഒന്ന് ചേർന്ന് ദാരിക നിഗ്രഹത്തിനായി പുറപ്പെട്ടു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ ദാരികന്റെ പടയെ ഭദ്രകാളി നിഷ്പ്രഭമാക്കി. തന്റെ മന്ത്രിമാരുടെ മരണവാർത്തയറിഞ്ഞ ദാരികൻ നേരിട്ട് യുദ്ധത്തിനെത്തി. തുടർന്ന് ഘോരയുദ്ധം നടന്നു. ദാരികന് ബ്രഹ്മദേവൻ നൽകിയ മോക്ഷപ്രദായകമായ മന്ത്രങ്ങൾ ദാരിക പത്നിയായ മനോദരിയിൽ നിന്ന് ദുർഗ്ഗാദേവി സ്വായത്തമാക്കി. അതോടെ ദാരികന്റെ ബ്രഹ്മദണ്ഡ് കാളിയുടെ നേർക്ക് പ്രയോഗിച്ചിട്ട് ഒരു ഫലവുമുണ്ടാക്കാതെയായി.
ഇരുപത്തി രണ്ട് രാപ്പകലുകൾ പോർവിളികളോടെ ഘോരയുദ്ധം തുടർന്നു. രണഭൂമിയിൽ രക്തം വീഴുന്നതിനു മുൻപേ മുഴുവൻ കാളിയുടെ വാഹനമായ വേതാളം കുടിച്ചു തീർത്തു.വേതാളത്തിന്റെ നാവിൽ നിന്നാണ് കാളി യുദ്ധം ചെയ്തതെന്നും പറയുന്നു. പിടിച്ചു നിൽക്കാനാവാതെ ദാരികൻ പാതാളത്തിലേയ്ക്ക് പാലായനം ചെയ്തു. കാളി തലമുടി വട്ടത്തിൽ കറക്കി അപ്പോൾ അവിടെ മുഴുവൻ ഇരുട്ടായി. രാത്രിയായാൽ യുദ്ധം നിർത്തുമല്ലോ എന്ന് കരുതി കയറി വന്ന ദാരികന്റെ തല വെട്ടി നിണവും ശരീരവും വേതാളത്തിനു ഭക്ഷണമായി. ദാരിക നിഗ്രഹം കഴിഞ്ഞും ക്രോധമടങ്ങാത്ത ഭദ്രകാളിയെ കണ്ട് ഭയന്ന് ഇന്ദ്രാദിദേവകൾ പോലും ഓടിയൊളിച്ചു. വർദ്ധിത വീര്യത്തൊടെ വേതാള ശിരസ്സിലേറി ഭൂതഗണ അകമ്പടിയോടെ അമ്മ കൈലാസത്തിലേയ്ക്ക് പുറപ്പെട്ടു. ഭദ്രയുടെ കോപം എത്രയൊക്കെ ശ്രമിച്ചിട്ടും ശമിക്കാത്തതിനാൽ മഹേശ്വര നിർദ്ദേശപ്രകാരം മുരുകൻ കാളിയുടെ രൂപം മുഖത്തും , പാളയിലും(ഇലയിൽ ), വരച്ചു.
ആ ഭീകരവും , വികൃതവുമായ രൂപം കാണുമ്പോൾ കാളിയുടെ കോപം അടങ്ങുമെന്ന ഉള്ളിൽ തെളിഞ്ഞു. പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ ചിലതു മുഖത്തും വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്.ശ്രീമുരുകന്റെയും കൂട്ടരുടെയും മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം.തന്റെ നിയോഗം പൂർത്തിയാക്കിയിനിയെന്തെന്ന കാളിയുടെ ചോദിച്ചതിനുത്തരമായി പരമശിവൻ പറഞ്ഞു, ഭൂമിയിലെ ജനങ്ങൾ ദാരികനിൽ നിന്നും അവരെ രക്ഷിച്ച നിന്നെ ആണ്ടോടാണ്ട് കാവുകളിൽ വിവിധ രീതിയിൽ പൂജിക്കും.
കാളിയായല്ല ഭദ്രം ചെയ്ത കാളിയായി അവർ നല്കുന്ന പൂജയേറ്റ് നീ വാഴ്ക മകളെ എന്ന പരമശിവനനുഗ്രഹിച്ചു. കോതച്ചനാരുടെ നാട്ടിൽ വരികയും കാളിയെ ഓരോരോ പേരിലാചരിച്ചു വരികയും ഗോത്രകലകളുടെ സമന്വയമായ ഇന്നിന്റെ പടയണിയായിത് മാറുകയും ചെയ്തു.അനുഷ്‌ഠാനകലകളിൽ പാരമ്പര്യവും വേഷസൗന്ദര്യവും തികഞ്ഞ ഒന്നാണ് പടയണി. കാവുകളിൽ നിശ്ചിതകാലത്തിൽ നിശ്ചിതസമുദായത്തിൽപ്പെട്ട (വംശത്തിൽ) ജനങ്ങളുടെ ആത്‌മാർത്ഥമായ പങ്കാളിത്തത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത ഒരനുഷ്‌ഠാനം. പരിഷ്‌കാരം കത്തിനിൽക്കുന്ന ഇക്കാലത്തുപോലും കാവിലും അമ്പലമുറ്റങ്ങളിലും കെട്ടിയാടി ഉറഞ്ഞുതുളളുന്ന രൂക്ഷമൂർത്തിയായ കോലത്തിനുമുന്നിൽ ഭയഭക്തിയോടെ തങ്ങളുടെ വരുംകാലസൗഭാഗ്യത്തിന് കൈനീട്ടിതൊഴുതുനിൽക്കുന്ന പച്ചപ്പരിഷ്‌കാരികളെ നാട്ടിൻപുറത്ത് കാണാൻകഴിയും.
ദേവതാരൂപം ധരിച്ച് നടത്തുന്ന നൃത്തവും വായ്‌ത്താരിയും മേളങ്ങളും കൂടിച്ചേർന്ന ഒരാരാധനയാണ് നാടോടിക്കലയിലെ ഊർജ്ജപ്രവാഹമായ പടയണി. ഇത് കേവലം വംശീയകലയായി മാത്രമല്ല ഇപ്പോൾ അവതരിപ്പിച്ചു വരുന്നത്. ഭക്തിയുടെ നിറവിൽ അനുഷ്ഠാനം ആയി ഇവ നടത്തപ്പെടുന്നത് കാണുവാൻ എത്തുന്നത് കേവലം ഭക്തി കൊണ്ട് മാത്രമല്ല പല ചേരികളിലായി ഒറ്റപ്പെട്ട് തങ്ങളുടെ കല അവതരിപ്പിച്ചു വന്ന വംശങ്ങൾ എല്ലാവരും ഒരു കാവിൽ ഒത്തുകൂടി അവതരിപ്പിക്കുന്ന മഹത്തായ സാംസ്കാരിക പഠനം ഉൾക്കൊള്ളുന്നതിന് വേണ്ടിക്കൂടിയാണ്.സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ് പത്തനംതിട്ട ജില്ല പടയണി ഏകോപന സമിതി ജനറൽ സെക്രട്ടറി നാരങ്ങാനം പൈതൃകകലാകളരി സെക്രട്ടറിപടയണി കലാകാരൻ , കോലം തുള്ളൽ, തപ്പ് മേളം, പടയണി പാട്ട് എന്നി മേഖലകളിൽ പ്രാവീണ്യം നേടി കേരളത്തിലെ വിവിധ കാവുകളിൽ അവതരിപ്പിച്ചു വരുന്നു. നാരങ്ങാനം, വലഞ്ചുഴി,തേവലശ്ശേരി, എന്നിവിടങ്ങളിൽപടയണി പരിശീലനം നല്കി വരുന്നു.