പകർത്തെഴുത്ത്/ഷീജ വർഗീസ്

ഇതിപ്പോ പലവട്ടമായി..
ഘനത്തിൽ ഒന്നു നോക്കിയപ്പോ മനസ്
തെല്ലൊന്നടങ്ങി…
തല്ക്കാലത്തേക്ക് മാത്രം…
ആത്മാവിന് വിചാരങ്ങളെ പകർത്തണമത്രെ…
സ്വയമൊതുങ്ങിയാൽ
ഉള്ളിലെ ചിതയിലൊടുങ്ങുമെന്ന്.
ചുടുന്ന ചിന്തകളാൽ
മനസ്സിലെ മണലാരണ്യത്തിൽ
വെന്തുമരിക്കില്ലെന്ന്
ശപഥം ചെയ്തു..
മരണം, അതിജീവനം
എറിഞ്ഞു പിടിച്ച
നാണയത്തിന്നിരുപുറങ്ങൾ…
‘അതിജീവനം’ കൈവെള്ളയിൽ പുഞ്ചിരിയോടെ ക്ഷണിച്ചു…
മഷിയുണങ്ങിയ
തൂലികയെ
നനച്ചു കൊണ്ട്
ആത്മാവ് പെയ്തിറങ്ങി…
ആരേയും ഭയക്കാതെ,
സമ്മതപത്രങ്ങളില്ലാതെ..
മരണം നിരാശയോടെ
മുഖം കുനിച്ചു ; നിസ്സഹായതയോടെ
പടിയിറങ്ങി…

വരവേൽപ്പ്

അത്തം സമൃദ്ധമായിരുന്നു
ആദ്യമായ് കുങ്കുമം തൊട്ട നവവധുവിനെ പോൽ
നടുമുറ്റത്തിന്റെ
കവിൾ ലജ്ജയാൽ തുടുത്തു…
ഇന്നലെ വരെ
പരിഭവിച്ച് പിൻതിരിഞ്ഞു നിന്ന
കോളാമ്പിപ്പൂക്കൾ
പ്രസരിപ്പോടെ
മുറ്റത്തേക്ക്
എത്തി നോക്കി ;
തൊടിയിൽ പ്രളയം ബാക്കി വച്ച തുമ്പപ്പൂവിന്റെ
ആഢ്യത്വത്തെ കൂട്ടു പിടിച്ചു…
കണ്ണീരും, ദുരിതത്തിൻ
ചേറും കഴുകിക്കളഞ്ഞ്
നാട്ടുവിശേഷങ്ങൾ
പറയണം…
പറയാനെത്രയെത്ര
കഥകൾ..
ഇടയ്ക്ക്
പടിപ്പുരയിലേക്ക്
എത്തി നോക്കി
ഓണത്തപ്പനെ വരവേൽക്കണം…
ഊഞ്ഞാൽപ്പാട്ടിന്റെ
ലഹരിയിലാത്മാവിനെ
തരളിതമാക്കണം..
ഒരു മാത്ര
എല്ലാം മറക്കണം.

You can share this post!