നേരാംവഴി/എം.കെ.ഹരികുമാർ

ശ്രീനാരായണഗുരുവിൻ്റെ ഷഷ്ഠിപൂർത്തിക്ക് കുമാരനാശാൻ എഴുതിയ ‘ഗുരുസ്തവം’ എന്ന ലഘുകവിതയിൽ ‘നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം’ എന്ന് പ്രസ്താവിക്കുന്നുണ്ട്. ദൈവത്തെയും ഗുരുവിനെയും കൂട്ടിയിണക്കുകയാണ് ആശാൻ. ആശാൻ്റെ ദൈവസങ്കല്പവും ഗുരുവിൻ്റെ ദൈവനിയോഗവും ഇവിടെ സമ്മേളിച്ചിരിക്കുന്നു. നേരാംവഴിയാണ് ഗുരു ചൂണ്ടികാണിക്കുന്നത്. നേര്  പലപ്പോഴും അസ്പഷ്ടമാണ്; അജ്ഞാതവുമാണ്. നേരിനെക്കുറിച്ചുള്ള ചർച്ചകളും സങ്കല്പങ്ങളും നമ്മുടെ അന്തരീക്ഷത്തെ വല്ലാതെ പുക നിറഞ്ഞ ആകാശം പോലെ അവ്യക്തമാക്കിയിരിക്കുകയാണ്. ഒരാളോടും ചോദിച്ചാൽ നേരാംവഴി കിട്ടാത്ത കാലമായിത്തീർന്നിരിക്കുന്നു, ഇത്‌. എന്നാൽ നേരിൻ്റെ വഴികൾ വിവരിക്കാൻ ലൈസൻസ് എടുത്തിട്ടുള്ള ധാരാളം സ്ഥാപനങ്ങളും  ഉപദേശകരും അണിനിരന്നിട്ടുണ്ട്. ജീവിതം തന്നെ വ്യാജമായി പോയതുപോലെ തോന്നുകയാണ്. വില കൂടിയ താമസസ്ഥലങ്ങളും അലങ്കരിച്ച മുറികളും ആളുകളെ പ്രലോഭിക്കുന്നതുപോലെ ചെലവേറിയതായിരിക്കുന്നു ശിഷ്യനാകുക എന്ന പ്രക്രിയയും .നേരില്ല, നേരിൻ്റെ തർക്കവും വ്യാഖ്യാനവും മാത്രമാണുള്ളത് .ഇവിടെയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ആശാൻ ‘നേരാംവഴി’ എന്ന വിസ്മയകരമായ ഒരു സത്യപ്രസ്താവം അവതരിപ്പിച്ചത്. നേരായ വഴി മാത്രമാണ് ഗുരു ; അവിടെ മാത്രമാണ് പ്രകാശമുള്ളതെന്ന ധ്വനി അതിലുണ്ട്.

ഗുരുവിൻ്റെ നേരെന്താണ് ?’അസത്യദർശന’ത്തിലെ ഈ ശ്ളോകം നോക്കൂ :

“മനസോfനന്യയാ സർവ്വം 

കല്പ്യതേfവിദ്യയാ ജഗത്

വിദ്യയാfസൗ ലയം യാതി

തദാലേഖ്യമിവാഖിലം “

ഈ പ്രപഞ്ചത്തെ എങ്ങനെ സങ്കല്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗുരു പറയുന്നത്. അത് അവിദ്യയാണ്; മനസ്സിനു അന്യമല്ലത്. ആ അവിദ്യ മാറണമെങ്കിൽ വിദ്യ വരണം. അപ്പോഴാണ് യഥാർത്ഥ ജ്ഞാനമുണ്ടാകുന്നത് .മനസ്സിൻ്റെ സ്വാതന്ത്ര്യമാണ് ഇതിനാവശ്യം. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? സ്വന്തമായി ചിന്തിക്കാനറിയാതെയല്ലേ തലമുറകൾ ഇവിടെ കടന്നുപോകുന്നത്?

അതുകൊണ്ടല്ലേ എത്ര മഹാഋഷികൾ പറഞ്ഞാലും ആർക്കും ഒന്നും പ്രായോഗികമായി സ്വീകരിക്കാനാവാത്തത്? സ്വാതന്ത്ര്യമില്ലാത്ത നമ്മുടെ മനസ്സ് നമ്മളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്താനാവില്ല .സ്വാതന്ത്ര്യംകൊണ്ടാണ് വിദ്യ നേടേണ്ടത്. വിദ്യ ജ്ഞാനം തന്നെയാണ് .ജ്ഞാനംകൊണ്ട് സ്വതന്ത്രമാകുകയാണ് വേണ്ടത്. അത് സ്വന്തം തന്ത്രമാണ്; സ്വ തന്ത്രമാണ്. സ്വയം വികസിപ്പിക്കുന്നതിൻ്റെ  തന്ത്രമാണത്. മനസ്സിനു അവിദ്യയെ മറികടക്കേണ്ടതുണ്ട് .മനസ്സിന് അത് അന്യമല്ല. അവിദ്യ മനസ്സിനെ എപ്പോഴും മുക്കുന്നു; അല്ലെങ്കിൽ കഷ്ടപ്പെടുത്തുന്നു. 

പൊരുളിൻ്റെ നിഴൽ 

അവിദ്യയുടെ രൂപങ്ങളായി പല വികാരങ്ങൾ കടന്നു വന്നേക്കാം. ദുഷിച്ച വികാരങ്ങൾ മാറാലപോലെ മനസ്സിൽ പറ്റിപ്പിടിച്ചിട്ടുണ്ട് .അതിൽ നിന്നുള്ള മോചനം യാഥാർത്ഥ്യമാണെന്ന് ഗുരു സ്ഥാപിക്കുകയാണ്. വിദ്യയെ തേടി നാം സഞ്ചരിക്കണം; ഉള്ളിലും പുറത്തും. ചിലർ ദീർഘദൂരം യാത്ര ചെയ്യും; പക്ഷേ, ഒരു പ്രയോജനവുമുണ്ടാവുകയില്ല. ചിലർ ഒറ്റയ്ക്കിരുന്ന് ദിവാസ്വപ്നങ്ങൾ കാണും .ഇത് ആത്മസുഖമെന്നതിലുപരി ലോകത്തിന് ഒരു ഗുണവുമില്ല. ലോകപ്രിയമായിരിക്കണം നമ്മുടെ സുഖം. ഗുരു  പറയുന്നു ,ആത്മജ്ഞാനമുണ്ടാകുമ്പോൾ ,ഈ ലോകം ഒരു ആലേഖനമായി തോന്നും. യഥാർത്ഥ്യമായിരിക്കില്ല ലോകം ; പൊരുളിൻ്റെ നിഴൽപോലെ തോന്നിക്കും; മായിക സ്വഭാവമാണ് അതിനുണ്ടാകുക. ജലത്തിലെ ഓളങ്ങൾ പോലെ അത് ക്ഷണികമാണ് .ഈ ക്ഷണികത അഥവാ മിഥ്യ മനസ്സുള്ളവർക്കെല്ലാം പരിചിതമാണ്. ഒരു ഹിമപാളിയാണത്. അതിനപ്പുറമാണ് നമ്മെ പ്രലോഭിപ്പിക്കുന്ന യഥാർത്ഥ ജ്ഞാനമുള്ളത്. 

ഈ ലോകത്തിലെ മിഥ്യകളിൽ ആർത്തു വിശ്വസിക്കുന്ന നമുക്ക്  പരാജയങ്ങൾ ഉണ്ടാകാതിരിക്കില്ല. ആനന്ദം പോലും കുറെ കഴിയുമ്പോൾ വേദനാജനകമാകും. എല്ലാ ബന്ധങ്ങളും വിസ്മൃതമാകുകയാണ്. ഓർമ്മകൾക്ക് നാശം സംഭവിക്കുന്നു . അപ്പോഴാണ് ജ്ഞാനം കടന്നുവരുന്നത്. ജ്ഞാനം അതുവരെയുള്ള അനുഭവത്തെ ഒരു ആലേഖനമായി    കാണിച്ചു തരും .ഈ ജ്ഞാനം നേടുന്നവനാണ് ,അല്ലെങ്കിൽ അത് അന്വേഷിക്കുന്നവനാണ് ലോകത്തിൻ്റെ തിന്മകളെ, അനീതികളെ മാറ്റി നവലോകം സൃഷ്ടിക്കാനുള്ള ശുദ്ധമായ വാസനയുണ്ടാകുന്നത്. വ്യർത്ഥമായ ജീവിതത്തിന് അർത്ഥമുണ്ടാക്കാനുള്ള ശ്രമമാണത്; പൊള്ളയായ ഓടക്കുഴലിൽ നിന്ന് സംഗീതം സൃഷ്ടിക്കുന്നതുപോലെ. 

സങ്കീർണവും സന്ദിഗ്ദ്ധവുമായ ലോക ജീവിതവഴികളിൽ ഗുരു ,ഭൗതിക ജീവികളായ നമുക്ക് വിദ്യയുടെ നേരാണ് നല്കുന്നത്; അതാണ് വഴി. ഈ ലോകത്തെ ഓരോരുത്തരും അവരുടെ സിദ്ധികളുപയോഗിച്ച് സങ്കല്പിക്കുകയാണ്. കവി ഭാവനയുടെ വഞ്ചിയിൽ കയറി സഞ്ചരിക്കുന്നു.  ശാസ്ത്രകാരൻ യുക്തിയുടെ ഭാവന സൃഷ്ടിക്കുന്നു. ഒരു കപ്പൽ കണ്ടുപിടിക്കുന്നത് യുക്തിയുടെ ഭാവനയാണ്. നാനോ കണങ്ങളുടെ കണ്ടുപിടിത്തം യുക്തിയുടെ വ്യവഹാരമാണ് .ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സങ്കല്പമാണ്. ഓരോരുത്തരും സ്വയം സങ്കൽപ്പിക്കുന്നു. ഇവിടെ പണ്ഡിതനും പാമരനുമെല്ലാം ഒരുപോലെയാണ്.

‘സങ്കല്പകല്പിതം ദൃശ്യം’ എന്ന് പറയുന്നത് അതിൻ്റെ തെളിവാണ്. ലോകം നമ്മെ വർണ്ണങ്ങളാലും  ഭ്രമങ്ങളാലും വശീകരിക്കുന്നു. അന്യഗ്രഹജീവികൾ ഇടപെടുന്നതു കൊണ്ടാണോ നമ്മുടെ മനസ്സുകൾ യുക്തി കൈമോശം വന്ന്  അപകടത്തിൽപ്പെടുന്നതെന്ന്  ചിന്തിക്കാവുന്നതാണ് .നല്ല സൗഹൃദത്തിലായിരിക്കുന്ന രണ്ടു പേർ പെട്ടെന്ന് വഴക്കിട്ട് പിരിയുന്നു. പിന്നീട് അവർ അടുക്കുന്നില്ല. ആരാണ് അവർക്കിടയിൽ ഇടപെട്ടത്? യുക്തിയാണോ, ഭാവനയാണോ വില്ലൻ ? മനസ്സു തന്നെയാണ് വില്ലൻ.

തമസ്സുകൾ പെരുകുന്നു

മനസ്സിന് സങ്കൽപ്പത്തിൽ നിന്ന് ഭിന്നമായിരിക്കാൻ കഴിയില്ല എന്ന മഹത്തായ തത്ത്വം ഗുരു വിളംബരം ചെയ്യുന്നത് ഇങ്ങനെയാണ് :

“സങ്കല്പമനസോ: കശ്ചിണ്ട

ന്നഹി ഭേദോfസ്തി യന്മന :

തദവിദ്യാ തമ: പ്രഖ്യണ്ട 

മിന്ദ്രജാലമിവാദ്ഭൂതം “

സങ്കല്പം ,മനസ്സ് എന്നിവയെല്ലാം ഒന്നു തന്നെ. മനസ്സ് തന്നെയാണ് അവിദ്യ. അതുതന്നെയാണ് തമസ്സ്. തദ വിദ്യാ തമ: എന്ന വാക്യം ശ്രദ്ധിക്കുക. വിദ്യാരാഹിത്യം തന്നെയാണ് തമസ്സ്.  മനസ്സിൽനിന്ന് ഈ തമസ്സിനെ മാറ്റാനാവില്ല. ജാഗ്രതയോടെയിരുന്നില്ലെങ്കിൽ തമസ്സിനാൽ നാം വലയം ചെയ്യപ്പെടും.  ഈ തമസ്സ് തന്നെയാണ് സങ്കല്പങ്ങളായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ആകെ നോക്കുമ്പോൾ അത്ഭുതകരമായ ഒരു മായാജാലമാണ്. അത് ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുകയാണ്. യുക്തികൊണ്ട് ചിന്തിക്കുന്നതിനപ്പുറത്ത് പലതും നമ്മെ വിശ്വസിപ്പിക്കുന്നു. അതിശയങ്ങൾ തിരകൾ പോലെ വരുകയാണ് .വേറൊരു രീതിയിൽ ചിന്തിച്ചാൽ ഇന്ദ്രിയങ്ങൾ നമ്മെ വഞ്ചിക്കുകയാണ്. ഇന്ദ്രിയങ്ങൾ പറയുന്നതു കേട്ടു യുദ്ധത്തിന് പുറപ്പെടുന്ന പരാജിതരാണോ നമ്മൾ? ജീവിതത്തിൻ്റെ പൊരുൾ എന്ന നിലയിലാണ് ഗുരു അസത്യദർശനം അവതരിപ്പിക്കുന്നത് .ജീവിതം എത്രത്തോളം സത്യമാണോ , അതിൻ്റെ  അളവിൽ അസത്യവുമാണ്.

സത്യമായിരിക്കുന്നത് വൈകാരിക ഐന്ദ്രിയ സങ്കല്പങ്ങളിൽ നിന്ന് രൂപപ്പെട്ടു വരുന്ന അനുഭവത്തിൻ്റെ  തലത്തിലാണ്. ഡച്ച് തത്ത്വചിന്തകനായ ബാറുക് സ്പിനോസ (Baruch Spinoza) പറഞ്ഞു ,ദൈവം ഓരോന്നിൻ്റെയും ഉള്ളിൽ വസിക്കുന്ന ശക്തിയാണ് ,ക്ഷണികമായ കാരണമല്ലെന്ന് .അന്തര്യാമിയായ ആ സാന്നിദ്ധ്യത്തെ അറിയാൻ നേരാംവഴി വേണം. വസ്തു അസത്യമായിരിക്കുന്നത്,വ്യക്തിഗതമായ ഓരോ ഐന്ദ്രിയാനുഭവവും വ്യക്തിയെ തന്നെ വഞ്ചിക്കുന്നു എന്ന തലത്തിലാണ് .ഇതു രണ്ടും തമ്മിലുള്ള മുഖാമുഖം സംഭവിക്കുന്നു, ഓരോ നിമിഷത്തിലും. ഇവിടെ  ‘നേരാംവഴി’എങ്ങനെ കണ്ടുപിടിക്കും?

മനസ്സ് ചീത്ത പിശാച് 

ആശാൻ അതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. ആശാൻ്റെ മനസ്സിലൂടെ കടന്നുപോയത് സത്യാസത്യദർശനങ്ങളിലൂടെ ഗുരു സഞ്ചരിച്ചതിൻ്റെ നിമിഷങ്ങളായിരിക്കാം. ലോകം ഓരോ നിമിഷവും മാറുന്നു, നമ്മെപ്പോലെ .ഇന്നലെ ശരിയെന്ന് വിശ്വസിച്ചത് തെറ്റാണെന്ന് കരുതാൻ നാം സദാ സന്നദ്ധമാണല്ലോ .ശരിയിലും തെറ്റിലും വിശ്വസിച്ചുകൊണ്ടാണ് ഈ സമൂഹമാധ്യമകാലത്ത് മനുഷ്യർ വ്യാജ വാർത്തകളുമായി പ്രണയത്തിലാകുന്നത്. വ്യാജവാർത്തകൾ തേടിപ്പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ് .ശരിയായ വാർത്ത ,വ്യാജവാർത്ത എന്നിവ തമ്മിലുള്ള വ്യത്യാസം അത്ര പ്രധാനമല്ലെന്ന് കരുതുന്ന പുതിയ പ്രേക്ഷകസമൂഹം ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

യഥാർത്ഥ വാർത്തകൾ വേണ്ട, വ്യാജവാർത്ത മതി എന്ന ചിന്തയിൽ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിലേക്കും ഇരച്ചുകയറുകയാണവർ. ഈ പ്രവണത അസത്യസന്ദർശനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് .മനസ്സ്, സങ്കല്പം, അവിദ്യ,തമസ്സ് എന്നിവയെല്ലാം ഒന്നുതന്നെയാണ്. അതുകൊണ്ട് വ്യാജത്വത്തെ തേടിപ്പിടിച്ച് ആസ്വദിക്കുന്നതിൽ അത്ഭുതമില്ല. മനസ്സിന് അതാവശ്യമാണ്. മനസ്സ് ഒരു ചീത്ത പിശാചാണ്. അത് എല്ലാറ്റിനെയും ചീത്തയാക്കകയാണ്. അതിന് നേരാംവഴി വേണ്ട;വ്യാജത്വം മതി. തമസ്സിൽ അത് വളരെ തൃപ്തമാണ്. 

അവിദ്യയുടെ തമസ്സ് സജീവമായതുകൊണ്ടാണ് സ്നേഹം ഇല്ലാതാകുമ്പോൾ വെറുപ്പ് ഭീകരരൂപിയാകുന്നത്. സംശയവും കൊലയും അതിൻ്റെ ആളിക്കത്തലാണ്. അകൽച്ചയും വിദ്വേഷവും അതിൻ്റെ  പ്രത്യക്ഷതകളാണ്. ഒറ്റപ്പെടുന്നതിൻ്റെ  വൈഷമ്യവും പകയും അസൂയയും അതിൻ്റെ തന്നെ രൂപങ്ങളാണ്. അതുകൊണ്ടാണ് ഗുരു അസത്യ ദർശനത്തെ മറികടക്കാൻ അനുകമ്പ  ഉപദേശിച്ചത്. അനുകമ്പ, കേവലമായി പോലും വിലപ്പെട്ടതാണ് .നമുക്ക് പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒന്നിനോട് കേവലമായ അനുകമ്പ തോന്നുന്നത് മഹത്തായ കാര്യമാണ്.

അനുകമ്പയുടെ ഫലം ജീവൻ്റെ  രക്ഷയാണ്. ജീവൻരക്ഷാമരുന്നാണത്.  നമുക്ക് കാര്യപ്രയോജനമില്ലാത്തവരെ ശത്രുക്കളായി കാണുന്ന വ്യാജന്മാരുടെ ഈ കാലത്ത് അനുകമ്പയല്ലാതെ വേറെന്ത് മരുന്നാണുള്ളത്?.തെറ്റ് ചെയ്തവനോട് പൊറുക്കാമെന്ന് യേശുദേവൻ പറയുന്നതിലും ഈ  ദർശനമുണ്ട്.

വെറുക്കപ്പെട്ടവനെയും സഹായിക്കുന്ന തരത്തിലുള്ള ഉദാരമായ അനുകമ്പ നമ്മെ പ്രബുദ്ധരാക്കുകയാണ് ചെയ്യുന്നത് .ഉപേക്ഷിക്കേണ്ടതിനെ യെല്ലാം ഉൾക്കൊള്ളുന്ന അനുകമ്പയാണത്. ജീവിതത്തിൽ ഉപേക്ഷിച്ചു കളയേണ്ടത് ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് അന്യമായതും  നമ്മളിൽ നിന്നു വിട്ടുപോകാൻ കൂട്ടാക്കാത്തതുമായതെല്ലാം ഒഴിവാക്കപ്പെടണം. അപ്പോഴാണ് നേരാംവഴി ബോധ്യമാകുന്നത്. പരിവ്രാജകത്വം എന്നത് കേവലമായി തന്നെ സംഭവിക്കണമെന്നില്ല. ഒരാൾ തൻ്റെ ജീവിതത്തിനുള്ളിൽ തന്നെ മോക്ഷം തേടുന്ന ഒരു പ്രക്രിയയുണ്ട്.

അയാളുടെ അസംബങ്ങളെയും അതൃപ്തികളെയും അപര്യാപ്തതകളെയും അപകർഷത കളെയും ദൂരേക്ക് വലിച്ചെറിയേണ്ടണ്ടതുണ്ട്. അപ്പോഴാണ് നേരാംവഴി തെളിയുന്നത്. ഒരു മനുഷ്യൻ അവൻ്റെയുള്ളിൽ തന്നെ പരിവ്രാജകനായി മാറുന്നത് നേരാംവഴി കണ്ടെത്താനാണ്. അങ്ങനെയും ഒരു ഘടകമുണ്ട് ,സൂക്ഷ്മതലങ്ങളിൽ.

ആഗ്രഹങ്ങളുടെ ദുർമേദസ്സ് 

സത്യത്തെക്കുറിച്ചുള്ള ആന്തരിക ചർച്ചകൾ ചെന്നവസാനിക്കുന്നത് ഈ പരിവ്രാജകത്വത്തിലാണ്. അനഭിലഷണീയമായതിനെ പുറന്തള്ളുന്ന പ്രക്രിയയാണിത്.; വാർദ്ധക്യവും രോഗവും പീഢയുമെല്ലാം ഈ പുറന്തള്ളലിലാണ് വിശദീകരിക്കപ്പെടുന്നത്. വാർദ്ധക്യത്തിൽ മനുഷ്യൻ പടം പൊഴിക്കുകയാണ്. ഓർമ്മകൾ സാവധാനം അഴിഞ്ഞില്ലാതാവുന്നു. അനാവശ്യമായ ആഗ്രഹങ്ങളുടെ മേദസ്സ് ക്ഷയിക്കുന്നു. കൃത്രിമമായ സങ്കല്പങ്ങൾ തകരുന്നു. സുഖം ഒരു ക്രമവിരുദ്ധ സല്ലാപമാണെന്നറിഞ്ഞു സ്വയം പിൻവാങ്ങുന്നു .ബന്ധുജനങ്ങൾ മിഥ്യയായിരുന്നെന്ന്  വെളിപ്പെടുകയാണ്. റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന നീണ്ടകഥയിൽ ഇത് വിശദീകരിക്കുന്നുണ്ട്. വാർദ്ധക്യം  ലോകത്തെ കൂടുതൽ നഗ്നമാക്കി  കാണിക്കുന്നു. രോഗം മിഥ്യകളെയാണ് ചൂണ്ടിക്കാണിച്ചു തരുന്നത്.

വാർദ്ധക്യവും ഏകാന്തതയും രോഗവും  മനുഷ്യനെ വലിയ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്; അതുവരെ ശരിയെന്നു കരുതിയതെല്ലാം ഒരു കാൻവാസിൽ കണ്ട ചിത്രം മാത്രമായിരുന്നെന്ന്.  അതിലേക്ക് നോക്കിയപ്പോൾ അത് യഥാർത്ഥമാണെന്ന് തോന്നി.എന്നാൽ അത് മിഥ്യയാണ്; സങ്കല്പങ്ങളാൽ നിർമിതമാണത് .ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിവാക്കേണ്ട പലതുമുണ്ട്. വാർദ്ധക്യകാലവും രോഗവും അത് ബോധ്യപ്പെടുത്തും.  പിന്നെയും അവശേഷിക്കുന്നതാണ് സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. നേരാംവഴി സാവധാനം തെളിയുകയാണ് .

“അയ്യോ! കിടന്നലയുമീപ്പുലയർക്ക് നീയെൻ –

മെയ്യോ കൊടുത്തു വിലയായ് വിലസുന്നുമേലിൽ 

കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ –

പ്പൊയ്യിങ്കൽ നിന്നു പുതുമേനി പുണർന്നിടാനായ് !” 

(ഇന്ദ്രിയവൈരാഗ്യം)

ഈ ശരീരം ആർക്കാണ് കൊടുത്തിട്ടുള്ളത്? വിശ്രമമില്ലാതെ അലയുന്ന ഇന്ദ്രിയങ്ങൾക്ക്. അവയെല്ലാം ഭ്രാന്തമായി ഓടിത്തളരുമ്പോൾ ‘നേരാംവഴി’ തെളിയുന്നു .അവിടേക്കെത്തിക്കണമെന്നാണ് പ്രാർത്ഥന .പീഢകളുടെ അവസാനകാലത്ത് ഇന്ദ്രിയങ്ങൾക്ക്  കാര്യമായൊന്നും ചെയ്യാനില്ല; അസത്യങ്ങൾ ഒന്നൊന്നായി ഉപേക്ഷിക്കുകയല്ലാതെ.

home

You can share this post!