നീലവാനം

പൂർവ്വദിക്കിൽ പ്രകൃതി നിർമ്മിച്ച ഈറ്റില്ലത്തിൽക്കിടന്ന്‌ രജനി എന്ന ഗർഭിണി പേറ്റുനോവിൽ പുളഞ്ഞപ്പോൾ അവളുടെ ദീനരോദനം കേട്ട്‌ ജീവജാലം ഞെട്ടിയുണർന്നു.
പക്ഷികൾ അവളുടെ സുഖപ്രസവത്തിനുവേണ്ടി ഹൃദയംനൊന്തു സ്തുതിഗീതങ്ങൾ പാടുകയും പ്രാർത്ഥിക്കുകയും ചെയ്തു.
ഈറ്റില്ലത്തിൽക്കിടന്നവൾ മരണവേദനയനുഭവിക്കുകയും രക്തമൊഴുക്കുകയും ചെയ്തപ്പോൾ അവിടമാകെ അരുണവർണ്ണമാർന്നു.
രജനി മരിച്ചുവേങ്കിലും പിറന്നുവീണ ഉണ്ണി ചൈതന്യവും പ്രഭയുമുള്ളവനായിരുന്നു.
ഉണ്ണിക്കതിരവന്റെ രംഗപ്രവേശത്തോടെ ജനം ഉണർന്നു. തെരുവുണർന്നു. നഗരം ഉണർന്നു. ജനവും തെരുവും നഗരവും ഉണരും മുമ്പേ ഞാനുണർന്നു.
ജയിലധികൃതർ കനത്ത ഇരുമ്പഴികളിട്ട കൂറ്റൻ വാതായനം വലിച്ചു തുറന്നപ്പോൾ ഞാനെന്ന കൊല്ലപ്പുള്ളി സ്വതന്ത്രനായി. അതിനുമുമ്പേ അധികാരികൾ ഉപദേശങ്ങൾകൊണ്ടെന്നെ വീർപ്പുമുട്ടിച്ചു. സഹജീവികൾ ഉപചാരവാക്കുകൾ ചൊരിഞ്ഞു.
കീറിപ്പറിഞ്ഞു മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ മാറി ഭാണ്ഡത്തിലുള്ള വസ്ത്രം ധരിക്കാൻ പറഞ്ഞവരെ നോക്കി വികൃതമായി ചിരിച്ചു.
റോഡരികിൽ കണ്ട പൊന്തക്കാട്ടിലേക്ക്‌ ആ കെട്ട്‌ വലിച്ചെറിഞ്ഞ്‌ ചുണക്കുട്ടിയെപ്പോലെ വലിഞ്ഞു നടന്നു.
പാമ്പിൻകുഞ്ഞുങ്ങളെപ്പോലെ കിടക്കുന്ന കട്ടപിടിച്ച മുടിയും പുറ്റുപോലെ വളർന്ന താടിരോമവും അപ്പോഴെനിക്കുണ്ടായിരുന്നു. അതു ചെമ്പിച്ചും നരച്ചുമിരുന്നു.
അണിഞ്ഞൊരുങ്ങിയ വേശ്യയെപ്പോലെ നിൽക്കുന്ന പട്ടണത്തിലെ ഉന്നതസൗധങ്ങൾക്കിടയിലുള്ള നിരത്തിലൂടെ സാവധാനം ഞാൻ നടന്നു.
പട്ടണവേശ്യയുടെ നാഭിയിൽനിന്നും ഓടയിലേക്ക്‌ വലിച്ചെറിഞ്ഞ ശിശുക്കൾ, അവിടെക്കിടന്നു വളർന്നവർ, എച്ചിലിലയ്ക്ക്‌ അടിപിടികൂട്ടുന്നു. അവരുടെ അടുത്തെത്തിയപ്പോൾ ഭ്രാന്തൻ ഭ്രാന്തൻ എന്നവരാർത്തുവിളിക്കയും ചെളിവാരിയെറിയുകയും അസഭ്യങ്ങൾ വിളിച്ചുപറയുകയും മുതിർന്നവർ മർദ്ദിക്കുകയും ചെയ്തു.
പട്ടണവാസികളുടെ ഭഝനവും മർദ്ദനവുമേറ്റ്‌ ലക്ഷ്യബോധമില്ലാതെ ഞാൻ നടന്നു. നടന്നുനടന്ന്‌ പട്ടണാതിർത്തിയിലുള്ള ഗ്രാമപ്രദേശത്തെത്തി. ഗ്രാമത്തിലെവിടെയെങ്കിലും നദിയുണ്ടായിരിക്കേണമേയെന്ന്‌ ഞാനാഗ്രഹിച്ചു. അജ്ഞാതമായ ആ നദിയെ ലക്ഷ്യമാക്കി നടന്നു.
നദീതീരത്തെത്തി കൈകാലുകൾ കഴുകി. ആർത്തിതീരെ വെള്ളം കുടിച്ചു. തീരത്തിലൂടെ വളരെ ദൂരം നടന്നു. ക്ഷീണിച്ചവശനായപ്പോൾ അടുത്തുകണ്ട പാറക്കൂട്ടത്തിലൊന്നിലിരുന്നു.
എന്റെ സാന്നിധ്യത്തെ അവഗണിച്ചുകൊണ്ട്‌ നദി ഒഴുകി. ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു.
സഹസ്രാബ്ദങ്ങൾക്കുമുൻപ്‌ ജീവൻ ജലത്തിൽ രൂപംകൊണ്ടു. അവയുടെ പരിണതരൂപങ്ങൾ ഇപ്പോഴുമുണ്ടീ നദിയിൽ. ജലസസ്യങ്ങൾ, ഏകകോശജീവികൾ, മത്സ്യങ്ങൾ, തവളകൾ, പാമ്പുകൾ, നക്രങ്ങൾ…. മറ്റനേകം ജീവികളും. അതുകൊണ്ട്‌ നദിക്കു ജീവനുണ്ടെന്നും ചലനമുണ്ടെന്നും തോന്നി. അതിൽ ചലനാത്മകമായ ഒരു സംഗീതം ചെറുതരംഗങ്ങൾ സൃഷ്ടിച്ചു. നദിക്കരയിൽ പച്ചിലക്കാടുകൾ കണ്ടു. അവിടെ മൃഗങ്ങൾ സ്വച്ഛന്ദം വിഹരിച്ചു. തീറ്റ തേടിത്തേടി പരക്കംപാഞ്ഞു. ഇരതേടി, ഇണതേടി, രമിച്ചു. ഉൽപാദനം നടത്തി. വർഗ്ഗം പെരുകി. മഴ നനഞ്ഞു. കാറ്റുകൊണ്ടു. കായ്കനികൾ കടിച്ചുതിന്നു. നദീജലം കുടിച്ചു. പാമ്പുകൾ ഇടയിൽ ഇഴഞ്ഞു. ചൂടിൽ പുളഞ്ഞു. വിഷം ഛർദ്ദിച്ചു. അത്‌ ജലത്തിൽ കലർന്നു. മൃഗങ്ങൾ വിഷംകലർന്ന ജലം കുടിച്ചു. അവ ചത്തുവീണു. ചീഞ്ഞളിഞ്ഞു. മണ്ണിൽ അലിഞ്ഞുചേർന്നു. വായു ദുഷിച്ചു. ചുഴലിക്കാറ്റു വീശി. മഞ്ഞുപൊഴിഞ്ഞു. പുതുമഴ വന്നു. വരണ്ടു വിണ്ടുകീറിയ ഭൂമി ദാഹം തീരെ കുടിച്ചു. പിന്നെ ഛർദ്ദിച്ചു. ആ ഛർദ്ദിലു വലിച്ചു സസ്യങ്ങൾ തഴച്ചുവളർന്നു. കാടുപിടിച്ചു. കാടുകൾ ഭീതിദമായി വളർന്നു. അവിടെ സൂര്യപ്രകാശം കടന്നുചെല്ലാൻ മടിച്ചു. കാടുകളിൽ ആനകൾ വിഹരിച്ചു. അവ കാടു കുലുക്കി ആർത്തുരസിച്ചു. ഉറക്കമുണർന്ന സിംഹം മൂരിനിവർത്തി ചെവി വട്ടംപിടിച്ചു. വ്യാഘ്രം ഗർജ്ജിച്ചു പരക്കം പാഞ്ഞു. സാധുജീവികൾ പ്രാണരക്ഷാർത്ഥം ഗുഹകൾ തേടി. പന്നഗങ്ങൾ പത്തിതാഴ്ത്തി.
ആകാശം സ്വച്ഛന്ദമായ നീലിമയോടെ നിശ്ചലം നിലകൊണ്ടു. അവിടെ നക്ഷത്രങ്ങൾ പുഞ്ചിരിതൂകി. പനിമതി മറഞ്ഞു. പെരുമീനുദിച്ചു. അതിന്റെ പ്രഭാപ്രസരമേറ്റു ഭൂമി തണുത്തു. അതിലൂടെ ഒരു കുളിരിളംതെന്നൽ ഒഴുകി.
നദിയുടെ മറുകരയിൽ കുറെ ജീവികൾ കൂട്ടംകൂടി ജീവിച്ചു. അവർ രണ്ടുകാലിൽ നടന്നു. കായ്കനികൾ മാത്രം കൊണ്ട്‌ അവർ തൃപ്തരായിരുന്നില്ല. പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടി. മാംസം വെന്ത മണം അവനെ ലഹരിപിടിപ്പിച്ചു. ആർത്തിയോടെ കടിച്ചുതിന്നു. നദീജലം കുടിച്ചു ദാഹം തീർത്തു. രാത്രിയിൽ സങ്കേതത്തിൽ കിടന്നുറങ്ങി. ഉറങ്ങുംമുമ്പേ ഇണചേർന്നു രസിച്ചു. പരസ്പരരമ്യതയിൽ പുതിയ വർഗ്ഗം പിറന്നു. പുതിയ വർഗ്ഗം പഴയ വർഗ്ഗത്തിന്റെ തണൽപറ്റി ലാളനയേറ്റ്‌, മുലയുണ്ട്‌, കായ്കനികൾ തിന്നു വളർന്നു. വളർന്ന്‌ കരുത്തനായപ്പോൾ അവൻ അട്ടഹസിച്ചു. അവന്റെ അട്ടഹാസംകേട്ട്‌ പ്രകൃതിപോലും വിജൃംഭിച്ചുനിന്നു.
നദിയെ അവർ സ്നേഹിച്ചു; വിശ്വസിച്ചു; പൂജിച്ചു; ഭയന്നു. നദി ശക്തിയുടെ ഉറവിടാണെന്നവർ വിശ്വസിച്ചു. അതിന്റെ തീരത്തിൽ കുടിയേറിപ്പാർത്തു.
ക്രമേണ അവർ നദീജലപ്രവാഹത്തിൽനിന്നും പുതിയ ശക്തി കണ്ടെത്തി. അതിന്റെ ബഹുമുഖമായ സ്വഭാവത്തെ ഭയന്നെങ്കിലും അതിനെ പ്രകാശമായും ഊർജ്ജമായും ശക്തിയായും മാറ്റാൻ അവർക്ക്‌ കഴിഞ്ഞു. അവർ തങ്ങളുടെ കഴിവിൽ അഭിമാനം കൊണ്ടു. പ്രകൃതിശക്തികളെ ഇച്ഛാനുസരണം നിയന്ത്രണവിധേയമാക്കിയപ്പോൾ അവർ നിർഭയരായി അജയ്യരായി നിലകൊണ്ടു. അപ്പോൾ അവരുടെ വംശം കടൽത്തീരത്തെ മണൽത്തരികളെപ്പോലെ പെരുകി. ചിലർ കുശാഗ്രബുദ്ധികളായി പരിണമിച്ചു.
അവർ നദിയെ സ്നേഹിക്കയും, പൂജിക്കയും, ഭയക്കുകയും ചെയ്ത കാലഘട്ടത്തിൽ അവരുടെ മനസ്സിൽ പുതിയൊരാശയം രൂപംകൊണ്ടു. അദൃശ്യനായ, അരൂപിയായ, ത്രികാലവിക്രമനായ, ചിരംജീവിയായ, സ്ഥിതിസംഹാരരൂപിയായ, സൃഷ്ടികർത്താവായ ദൈവത്തിന്‌ രൂപം നൽകി. തന്നെപ്പോലെ തന്റെ ദൈവത്തേയും പ്രതിഷ്ഠിച്ചു. ആലയം പണിതുയർത്തി. നാലുചുറ്റും നഗ്നരൂപത്തിൽ മനുഷ്യന്റെ രൂപം കാവൽനിർത്തി. ദേവന്റെ ആലയത്തിൽ ഭക്തന്മാർ തിങ്ങിക്കൂടി. ചിലർ ആ നഗ്നത കണ്ടു രസിച്ചു. മറ്റു ചിലർ ദേവന്റെ പ്രസരിമയിൽ, ദിവ്യപ്രഭാദർശനത്തിൽ സായൂജ്യം നേടി. മോഹത്തിന്റേയും മോഹഭംഗത്തിന്റേയും സാക്ഷാത്കാരം അവനിലർപ്പിച്ചു. അവർ പൂജ നടത്തി. സാധുമൃഗങ്ങളുടെ ചോരകൊണ്ട്‌ ബിംബം കഴുകി. അതിൽ ദേവൻ തൃപ്തനാണെന്നവർ പറഞ്ഞുപരത്തി. രഹസ്യമായി മദ്യം കഴിച്ചു. മദ്യത്തിന്റെ ലഹരിയിൽ ആടി, പാടി. മതത്തിന്റെ പേരിൽ മദിച്ചുന്മത്തരായി. പ്രചരണങ്ങളുമായി നാടുമുഴുവൻ അലഞ്ഞു. കേൾവിക്കാരുടെ ഇടയിൽ വിശ്വാസികളും അവിശ്വാസികളും തടിച്ചുകൂടി. വാക്കുതർക്കങ്ങൾ അടികളശിൽ, കത്തിക്കുത്തിൽ അവസാനിച്ചു. അവിടെക്കിടന്ന്‌ മനുഷ്യശരീരം ചീഞ്ഞുനാറി. നായ്കളും നരികളും അതു കടിച്ചുകീറി. അവിടെക്കിടന്ന്‌ മനുഷ്യരക്തം കട്ടപിടിച്ചു. ആ രക്തത്തിൽ ബ്രഷുമുക്കി ഒരു കലാകാരൻ സ്വന്തം ഭാവനയ്ക്കു മാറ്റുകൂട്ടി. ചായക്കൂട്ടുകൾകൊണ്ടും മനുഷ്യരക്തംകൊണ്ടും അയാൾ നിർമ്മിച്ചതിന്‌ സ്വർഗ്ഗമെന്നു പേരിട്ടു. വിശ്വാസികളുടെ യഥാർത്ഥ സ്വർഗ്ഗം കണ്ടവർ ആരും ഇല്ലാതിരുന്നതുകൊണ്ട്‌ അയാളുടെ സൃഷ്ടി സ്വർഗ്ഗമാണെന്നു ജനം വിശ്വസിച്ചു.
ലോകകമ്പോളത്തിൽവച്ച്‌ ആ കലാകാരന്‌ അഭൂതപൂർവ്വമായ ബഹുമതി ലഭിച്ചു. അയാൾ പ്രശസ്തനായി. പ്രശസ്തിയുടെ സോപാനത്തിലിരുന്ന്‌ ആ കലാകാരൻ ആരെയും കാണാൻ ഇഷ്ടപ്പെട്ടില്ല. കണ്ടവനെ കണ്ടില്ലെന്നു നടിച്ചു. പുതിയ ഭാവനയ്ക്കു രൂപം നൽകുകയാണെന്നു പറഞ്ഞ്‌ ജനം പിരിഞ്ഞു.
ആ കലാകാരൻ തന്റെ പ്രശസ്തിക്കനുയോജ്യമായവിധം അംബരചുംബിയായ ഒരു മണിമാളിക നിർമ്മിച്ചു. അവിടെ പരിചാരകർ തിങ്ങിക്കൂടി. മുഖസ്തുതികൾ നടത്തി. മദ്യവും മങ്കയും കാഴ്ചവച്ചു.
കാലം കടന്നുപോയ പോക്കിലയാൾ സുന്ദരിയായ ഒരു പെൺകുട്ടിയുടെ കഴുത്തിൽ വരണമാല്യം ചാർത്തി. പിന്നിട്ട ഒരു ദശവർഷത്തിനിടയിൽ അവൾ മൂന്നു പ്രാവശ്യം പേറ്റുനോവനുഭവിച്ചു. ആ പൊന്നോമനകളെ മുലയൂട്ടി അവൾ മാതൃത്വത്തിന്റെ സായൂജ്യം നേടി. ദാസ്യവർഗ്ഗത്തിന്റെ പരിലാളനയിൽ, പഴവർഗ്ഗങ്ങൾ തിന്ന്‌, പാൽക്കട്ടിയുണ്ട്‌, പനിനീരിൽക്കുളിച്ച്‌, പട്ടിൽപ്പൊതിഞ്ഞ്‌, സ്വർണ്ണാങ്കിതമായ ആടകളണിഞ്ഞ്‌ ആടിപ്പാടി അവർ വളർന്നു.
മൂത്തവൻ കൗമാരം വിട്ടുമാറുന്നതിനുമുമ്പുതന്നെ ധീരതയുടെ പ്രതീകമായി മാറി. ആയുധാഭ്യാസത്തിനു നൈപുണ്യം നേടി. മൃഗങ്ങളെ നായാടിയതുപോലെ അവനിഷ്ടമില്ലാത്തവരെയും വെട്ടിക്കൊന്നു.
ഉടവാളണിഞ്ഞവൻ നാടിന്റെ അരചനായി. അരചന്റെ വാക്കുകൾ വേദവാക്യമായി ജനം കരുതി.
അവികസിതമായ രാഷ്ട്രങ്ങൾ അവന്റെ മേൽക്കോയ്മ സ്വീകരിച്ച്‌ കപ്പം കൊടുത്തു. ഖജനാവിൽ പണം വർദ്ധിച്ചതനുസരിച്ച്‌ അവന്റെ സാമ്രാജ്യത്തിന്റെ വ്യാപ്തിയും വർദ്ധിച്ചുവന്നു.
രണ്ടാമൻ സൗമ്യശീലനം ബുദ്ധിമാനുമായിരുന്നു. അവൻ വേദോപനിഷത്തുകളിലൂടെ, വിജ്ഞാനപ്രദമായ പ്രാമാണികഗ്രന്ഥങ്ങളിലൂടെ അറിവു വർദ്ധിപ്പിച്ചു. പിന്നെ ശാസ്ത്രം പഠിച്ചു. ജന്തുക്കളെ കീറിമുറിച്ചു. രക്തത്തിന്റെ ഘടന പരിശോധിച്ചു. അവ ടെസ്റ്റ്ട്യൂബുകളിൽ സൂക്ഷിച്ചു രൂപഭേദങ്ങൾ, രാസപരിണാമങ്ങൾ കുറിച്ചിട്ടു.
വിജ്ഞാനം വിപുലമാക്കാൻ ബ്രിട്ടണിലേക്കും ഫ്രാൻസിലേക്കും അമേരിക്കയിലേക്കും പറന്നു. ലാബറട്ടറിയിലെ ടെസ്റ്റ്ട്യൂബുകളിൽ കണ്ട വസ്തുക്കളുടെ രൂപഭേദങ്ങൾ നോക്കി പഠിച്ചു.
പുതിയ വസ്തു നിർമ്മിക്കാൻ ദിനരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ചു. അക്ഷീണവും സാഹസികവുമായ പല പരീക്ഷണങ്ങളിലൂടെ പല പുതിയ വസ്തുക്കളും കണ്ടുപിടിച്ചു. ആ നൂതനവസ്തുക്കൾ ശാസ്ത്രകാരന്റെ സന്തതികളായി വളർന്നു. അവ ജനകോടികളുടെ ആരോഗ്യത്തിനും ആയുസ്സിനുമായുപയോഗിച്ചു.
ശാസ്ത്രകാരന്മാരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച്‌ അവർ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലിരുന്ന്‌ പ്രകൃതിയുടെ, സൃഷ്ടിയുടെ രഹസ്യം അനാവരണം ചെയ്യാൻ ശ്രമിച്ചു.
ശാസ്ത്രകാരന്മാരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച്‌ അവർ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലിരുന്ന്‌ പ്രകൃതിയുടെ, സൃഷ്ടിയുടെ രഹസ്യം അനാവരണം ചെയ്യാൻ ശ്രമിച്ചു.
ശാസ്ത്രകാരന്റെ നൂതനയന്ത്രങ്ങൾ അകന്നകന്നുപോകുന്ന ചക്രവാളസീമയിലൂടെ അതിവേഗം സഞ്ചരിച്ചു. ഗ്രഹങ്ങളിൽനിന്നു ഗ്രഹങ്ങളിലേക്കു പ്രയാണമാരംഭിച്ചു. അവിടുത്തെ സ്ഥിതിഗതികൾ അനാവരണം ചെയ്തു. അത്‌ മാനവരാശിയുടെ പുരോഗതിയിലേക്കുള്ള പുതിയ പാതയായിരുന്നു. ആ പാതയിലെത്താൻ പുതിയ തലമുറ വെമ്പൽകൊണ്ടു. അതോടെ പൊതുജനത്തിന്റെ വിശ്വാസപ്രമാണങ്ങൾ പലതും അന്ധവിശ്വാസങ്ങളായി മാറി.
*****
മൂന്നാമൻ രാഷ്ട്രീയക്കാരനായിരുന്നു. രാജാധികാരം ദൈവദത്തമല്ലെന്നും, ശക്തിമാൻ ദുർബ്ബലനെ ഭരിക്കുകയാണെന്നും, ഇതു ശക്തിയുടെ കാലമല്ല ബുദ്ധിയുടെ കാലമാണ്‌ എന്നും, അതിനനുസരിച്ച ഒരു ഭരണകൂടം അനിവാര്യമാണെന്നും പ്രഖ്യാപിച്ചു.
വിദ്യാഹീനരായ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന മുതലാളിവർഗ്ഗത്തേയും അവരെ വളർത്തിപ്പോരുന്ന രാജാക്കന്മാരേയും തുടച്ചുനീക്കാൻ അമാന്തിക്കരുതെന്നും, അതിനു വഞ്ചിതരായ ജനം ഒറ്റക്കെട്ടായി സംഘടിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു ഉച്ചഭാഷിണി വെച്ച കാറിൽ അവർ പറന്നു. ചൂഷിതരും മർദ്ദിതരുമായ ജനം അവന്റെ ശബ്ദം കേട്ട്‌ കോൾമയിർക്കൊണ്ടു. അവർ സംഘടനകളുണ്ടാക്കി പ്രത്യക്ഷസമരത്തിനു രംഗത്തിറങ്ങി. സ്വാതന്ത്ര്യം തങ്ങളുടെ മൗലികാവകാശമാണെന്ന്‌ അവർ വാദിച്ചു. വൈജ്ഞാനികവർഗം നിസ്സീമമായ സഹായസഹകരണം വിപ്ലവപ്പാർട്ടിക്ക്‌ വാഗ്ദാനം ചെയ്തു.
നൂതനനിഗമനങ്ങൾ വെറും പൊള്ളയാണെന്നും അത്‌ മതവിശ്വാസികളിലും സാധാരണക്കാരന്റെ വിശ്വാസപ്രമാണങ്ങളിലും കലാപം സൃഷ്ടിക്കുമെന്നുമുള്ള കുറ്റം ചുമത്തി കാരാഗൃഹത്തിലിടുകയും വിഷം കഴിപ്പിക്കുകയും ചെയ്ത മതാധിപന്മാരോടും സാമ്രാജ്യശക്തികളോടും കടുത്ത പകയോടും വിദ്വേഷത്തോടുംകൂടി കഴിഞ്ഞിരുന്ന ശാസ്ത്രകാരന്മാർ തങ്ങളുടെ നൂതന കണ്ടുപിടിത്തങ്ങൾ വിപ്ലവപ്പാർട്ടിക്കു നൽകുകയും ആത്മാർത്ഥമായി സഹകരിക്കുകയും ചെയ്തു.
രാജാധികാരം ദൈവദത്തമാണെന്നു വാദിച്ച രാജാക്കന്മാരെയും അവർക്കു ശിങ്കിടിപാടിയിരുന്ന പ്രഭുവർഗ്ഗത്തെയും നാടുനീളെ വെട്ടിക്കൊന്ന്‌ വിപ്ലവപ്പാർട്ടി മുന്നേറി.
രാജ്യം ജനങ്ങളുടേതാക്കി. അവരുടെമേൽ സ്ഥാപിച്ചിരുന്ന കരിനിയമം കാറ്റിൽ പറത്തി. പകരം പുതിയ നിയമസംഹിത നിർമ്മിച്ചു. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന പുതിയ വ്യവസ്ഥിതി സ്ഥാപിച്ചു.
ദ്രവ്യം കുന്നുകൂട്ടിവച്ചിരുന്ന കൊട്ടാരങ്ങളുടെയും ദേവാലയങ്ങളുടെയും സ്ഥാനത്ത്‌ പുതിയ ഫാക്ടറികളും സ്കൂളുകളും പണിതുയർത്തി.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കുടിലിൽനിന്നും പട്ടിണി പടികടന്നു. അജ്ഞതയുടെ കരിനിഴൽ അവരുടെ ശിശുക്കളുടെ ഹൃദയത്തിൽനിന്നും ഓടിമറഞ്ഞു. അവിടെ വിജ്ഞാനത്തിന്റെ നവ്യപ്രസരം ഒളിമിന്നി. രാജ്യഭരണകാര്യത്തിൽ പാവപ്പെട്ടവരും സാധാരണക്കാരും തുല്യപങ്കാളികളായി. മാന്യമായി തൊഴിൽചെയ്ത്‌ ആത്മാഭിമാനത്തോടെ പണം സമ്പാദിച്ചു. ന്യായമായി ചെലവു ചെയ്തു. പട്ടണംചുറ്റി. നാടുകണ്ടു, പലതും പഠിച്ചു. പലതും വായിച്ചു മനസ്സിലാക്കി. വായന ദൈനംദിന ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാക്കി മാറ്റി. വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടി അവർ ഉഴറിനടന്നു. അവരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും വേണ്ടി പല നൂതനകലാസൃഷ്ടികളും രൂപംകൊണ്ടു. അവ വളരെ വേഗം ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി. ദന്തഗോപുരങ്ങളിലിരുന്ന്‌ സാഹിത്യസൃഷ്ടി നടത്തിയിരുന്നവരെ ആരും ശ്രദ്ധിക്കാതെയായി.
സാധാരണക്കാർക്കുവേണ്ടി സാധാരണക്കാർ എഴുതിത്തുടങ്ങി. അങ്ങനെയാണ്‌ ഞാനും എഴുതിത്തുടങ്ങിയത്‌.
എന്റെ കവിതകൾ സാധാരണക്കാരന്റെ ജീവിതത്തുടിപ്പുകളും ഹൃദയസ്പന്ദനങ്ങളും കൊണ്ട്‌ മുഖരിതമാണെന്നും അത്‌ അതിലുടനീളം പ്രകൃതിയുമായി രമ്യതയിൽ കഴിയുകയാണെന്നും ഒരു ആസ്വാദകൻ എനിക്കെഴുതി.
“കാവ്യാംഗന ഈ കലോപാസകന്റെ കാമുകിയാണെന്നു തോന്നി, ഈ കൃതി വായിച്ചപ്പോൾ. തികച്ചും സാധാരണമായ സംഭവങ്ങൾ. ലളിതമായ ഭാഷ. സരസമായ പ്രതിപാദനം. ഈ കന്നിക്കൊയ്ത്തുകാരൻ ഇതിന്റെ ണല്ലോരു വാഗ്ദാനമാണ്‌.”
“കവിതയുടെ കൂമ്പടഞ്ഞുപോയി എന്നു മുറവിളികൂട്ടുന്നവർക്കൊരു അപവാദമാണ്‌ ഈ കൃതി. നിത്യനൂതനസംഭവ പരിണാമങ്ങളുടെ സമഞ്ജസസമ്മേളനമാണ്‌ ഈ കൃതിയിലുടനീളം എനിക്ക്‌ കാണാൻ കഴിഞ്ഞത്‌.”
“ശാലീനസുന്ദരിയും പക്വമതിയുമായ ഒരു കാമുകിയേയും സഹപാഠിയേയും സഹപ്രവർത്തയേയും പ്രേയസിയേയും നിങ്ങൾക്കിതിൽ കാണാം. അവൾ നിങ്ങളോട്‌ കിന്നാരം പറയും. പ്രേമപ്രകടനങ്ങൾ നടത്തും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന കഥകൾ പറയും. ഒരു നല്ല കൃതി വായിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തിയുടെ പരിവേഷം നിങ്ങളിലിതുളവാക്കും.”
നിരൂപകർ ഇങ്ങനെ പലതും എഴുതി. എന്റെ പ്രഥമ കൃതിയിലൂടെതന്നെ ഞാൻ പ്രസിദ്ധിയിലേക്കുയർന്നു. എന്നാൽ സ്വന്തം പേര്‌ ഒരു തൂലികാനാമത്തിന്റെ പിന്നിൽ വച്ചുമറയ്ക്കാൻ എന്നെ പ്രേരിപ്പിച്ചതു മറ്റൊരാളാണ്‌.
തുരുമ്പുപിടിച്ചുകിടന്ന പെട്ടിയുടെ മൂലയിലിരുന്ന്‌ കൈയെഴുത്തുപ്രതി കണ്ടെടുത്ത്‌ അത്‌  പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ചതും, അതിനുവേണ്ട സഹായസഹകരണം നൽകിയതും ഒരു പെൺകുട്ടിയാണ്‌. എനിക്കതിലവളോട്‌ വളരെ കടപ്പാടുകളും അതിലേറെ സ്നേഹബഹുമാനങ്ങളുമുണ്ട്‌. അത്‌ നിർവചിക്കാനാവാത്തത്താണ്‌.
ധനാഢ്യനും ഉദ്യോഗസ്ഥനുമായ അച്ഛൻ. സ്നേഹധനയായ അമ്മ. ആജ്ഞാനുവർത്തികളായ ദാസ്യവർഗ്ഗം. അവരുടെയെല്ലാം കണ്ണിലുണ്ണിയായി, ഹൃദയംനിറയെ സ്വപ്നവുമായി കഴിയുന്ന ശാലീനയായ ഒരു സൗന്ദര്യധാമം. വിദ്യാസമ്പന്നയും വാചാലയുമാണവൾ. ആ കുടുംബത്തിൽ ദാസ്യവേല ചെയ്താണ്‌ അമ്മ എന്നെ തീറ്റിപ്പോറ്റിയിരുന്നതും പഠിപ്പിച്ചിരുന്നതും. അമ്മയുടെ തണലിൽ നിന്നുകൊണ്ടേ കുട്ടിക്കാലം മുതൽ ഞാനവളെ കണ്ടിരുന്നുള്ളൂ.
എന്നോടവൾ പ്രകടിപ്പിച്ചിരുന്ന ഔദാര്യം ഒരു യജമാനത്തിയുടേതാണെന്നേ കരുതിയുള്ളൂ. എന്നാൽ അതു മറ്റൊന്നായി അന്തരംഗത്തിൽ താലോലിച്ചു വളർത്തിയിരുന്നത്‌ ഞാനറിഞ്ഞിരുന്നില്ല.
ഒരുദിവസം ആ വിവരം അവളെന്നെ അറിയിച്ചു. ഞാൻ അവളെ മനോദർപ്പണത്തിൽ കണ്ടുകൊണ്ടാണ്‌ ഇത്രയും എഴുതിയതെന്നും അനുവാദം കൂടാതെ അവളെ ഒരു മോഡലാക്കി മുതൽകൂട്ടിയെന്നും അതിനവൾ ആവശ്യപ്പെടുന്ന ‘പിഴ’ നൽകാൻ ഞാൻ ബാധ്യസ്ഥനാണെന്നും സമ്മതിക്കേണ്ടിവന്നു.
അവൾ എന്നോടാവശ്യപ്പെട്ടത്‌ നൂറു ചുംബനങ്ങൾ മാത്രം. അതുകേട്ട മാത്രയിൽ ഞാൻ ഞെട്ടിവിറച്ചുപോയി. കണ്ണും നാവും ചെവിയുമെല്ലാം അൽപനേരത്തേക്ക്‌ പ്രവർത്തനശൂന്യമായി. എന്റെ എളിമ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ഞാൻ ചെകുത്താനും കടലിനുമിടയിലായതുപോലെയായി.
എന്റെ ഇപ്പോഴത്തെ തെറ്റ്‌ ക്ഷമിക്കണമെന്നും ഇനിമേലിൽ ഈ രീതിയിലുള്ള യാതൊരു തെറ്റും ആവർത്തിക്കുകയില്ലെന്നും അപേക്ഷിച്ചുനോക്കി. പക്ഷേ ഫലമുണ്ടായില്ല. പിന്നെ ഭവിഷ്യത്തുകളെപ്പറ്റി പറഞ്ഞ്‌ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.
“നിന്റെ അച്ഛനെക്കൊണ്ട്‌ എന്റെ കവിതയ്ക്ക്‌ ഒരു ആമുഖം എഴുതിക്കാൻ കള്ളം പറയുമ്പോഴും അതു പ്രസിദ്ധീകരിക്കാൻ പണം തരുമ്പോഴും നിനക്ക്‌ ഈ ഉദ്ദേശമുണ്ടായിരുന്നോ?”
“തീർച്ചയായും”
“കാരണം?”
“വ്യക്തമാക്കാൻ പ്രയാസമാണ്‌. തികച്ചും വ്യക്തിപരമായ ഒരു ആവശ്യമെന്നു കരുതിയാൽ മതി.”
“സൗന്ദര്യവും പ്രതാപവും ഉള്ള ഒരാളെ നീ തെരയാഞ്ഞതെന്തേ?”
“പ്രതാപം ആവശ്യത്തിലധികമിപ്പോഴുണ്ട്‌. പിന്നെ സൗന്ദര്യം? അതു ബാഹ്യമല്ല. ആന്തരികമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ കണ്ണിൽ മറ്റാർക്കുമില്ലാത്ത സൗന്ദര്യം നിങ്ങൾക്കുണ്ട്‌.”
“അതു മിഥ്യയാണ്‌. ഞാൻ ഒരു പാവപ്പെട്ടവനാണ്‌. എന്നെ വിടൂ…. പോരാത്തതിന്‌ ജീവിതം പ്രതീക്ഷിക്കുന്നത്ര ക്ഷണികമല്ല; വളരെയധികം സങ്കീർണ്ണപ്രശ്നങ്ങളതിലുൾക്കൊള്ളുന്നുണ്ട്‌”
“മോഹഭംഗത്തിന്റെ കുരിശും പേറി ദീർഘമായ ഒരു ജീവിതയാത്ര ഞാനിഷ്ടപ്പെടുന്നില്ല.”
“അവിവേകം കാണിച്ചാൽ കുടുംബത്തിന്റെ ശ്രേയസ്സും സമാധാനവും താറുമാറാകില്ലേ?”
“എന്റെ കുടുംബത്തിന്റെ ശ്രേയസ്സിനേയും നിലനിൽപിനേയും കുറിച്ചു ചിന്തിക്കേണ്ടത്‌ ഞാനല്ലേ?”
“ഭൂമി പിളർന്ന്‌ കുടുംബം താണുപോകുമോ? എന്റെ ആഗ്രഹത്തിൽ ആരുംതന്നെ എതിർപ്പ്‌ പ്രകടിപ്പിക്കുകയില്ലെന്നെനിക്കുറപ്പുണ്ട്‌.”
“മറ്റുള്ളവരോടു പറയാൻ കൊള്ളുന്നതാണോ നിന്റെ ഈ ആഗ്രഹം?”
“എനിക്കിഷ്ടമുള്ളവരോടേ പറഞ്ഞുള്ളൂ. അച്ഛനമ്മമാരുടെ അനുവാദത്തോടെയേ ഒരാളെ സ്നേഹിക്കാവൂ എന്നു നിയമമുണ്ടോ?”
“നിയമമില്ല. പക്ഷേ സാമൂഹ്യനീതിക്കു നിരക്കുന്നതുകൂടിയായിരിക്കണം”
“നാം കൂടി ഉൾക്കൊള്ളുന്നതല്ലേ സമൂഹം?”
“നാം ആരാണെന്ന്‌ നാം തന്നെ അറിയണം”
“സ്ത്രീയും പുരുഷനും”
“പുരുഷസുഖം അനുഭവിക്കുന്ന ഒരു സ്ത്രീ മാതൃത്വത്തിലേക്കു കടക്കുന്നത്‌ സ്വാഭാവികമാണ്‌…. നിനക്കങ്ങനെ സംഭവിച്ചാൽ? വിവാഹിതരാകുന്നതിനുമുമ്പ്‌ മാതാവാകുന്നത്‌ അപഹാസ്യമാണ്‌. സാഹസമാണ്‌. അറിഞ്ഞുകൊണ്ടെന്തിനു സാഹസത്തിനൊരുമ്പെടുന്നു? പിന്നെ പ്രതീക്ഷിക്കാത്തിടത്തുനിന്ന്‌ പ്രതിബന്ധങ്ങളുണ്ടായാൽ ഇറുത്തെടുത്ത ഒരു പൂവിതൾപോലെ നീ വാടിക്കരിഞ്ഞുപോകില്ലേ…?”
“നിങ്ങൾ ഭീരുവാണ്‌…”
“സ്ത്രീ അബലയാണ്‌; നീ ചപലയാകരുത്‌”
“സ്നേഹിക്കപ്പെടുന്നവൻ വഞ്ചിച്ചാൽ ഞാൻ ആത്മഹത്യചെയ്യും. പക്ഷെ എന്തിനെയും ചങ്കുറ്റത്തോടെ നേരിടാനുള്ള ആത്മധൈര്യമെനിക്കുണ്ട്‌. നിങ്ങൾ കൂടെയുണ്ടെങ്കിൽ..!”
അവളുടെ നിശ്ചയം പാറക്കെട്ടുപോലെ ഉറപ്പുള്ളതാണെന്നു ഞാൻ മനസ്സിലാക്കി.
******
മഹാനദികളുടേയും മഹാകവികളുടേയും ഉത്ഭവസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ലെന്നും, ചെന്താമരകൾ ചേറിലേ വിരിയുകയുള്ളൂവേന്നും വാളിനെപ്പോലും ഭയപ്പെടാത്തവൾ വാളുറ കണ്ടാൽ ഞെട്ടില്ലെന്നും പറഞ്ഞു. അപ്പോൾ അതുവരെ എനിക്കുണ്ടായിരുന്ന അപകർഷതാബോധം കാറ്റേറ്റ മഞ്ഞുതുള്ളിപോലെയായി.
അവൾ എന്നെ നോക്കി വിശ്വവശ്യമായി പുഞ്ചിരിതൂകിയപ്പോൾ അവളുടെ നയനങ്ങളിൽ നീലാകാശത്തിന്റെ ശാലീനതയും കപോലങ്ങളിൽ അന്തിമസൂര്യന്റെ ശോണിമയും ഞാൻ കണ്ടു. അവളുടെ ഹൃദയം പ്രേമത്തിനുവേണ്ടി ആർത്തിരമ്പുന്ന ഒരു സാഗരമായിരിക്കുമെന്ന്‌ ഞാൻ കരുതി.
എന്റെ പ്രശസ്തിക്കു കാരണഭൂതയായവൾ ആവശ്യപ്പെട്ട നൂറുചുംബനങ്ങൾ ഒന്നൊന്നായി എണ്ണിക്കൊടുക്കാൻ എന്റെ ഹൃദയം ത്രസിച്ചു. പ്രേമത്തിനുവേണ്ടി ഭിക്ഷാപാത്രവുമായി എന്റെയടുത്തുവന്ന ആ പ്രഭുകുമാരി എന്റെ ഇടനെഞ്ചിൽ തലചായ്ച്ചു നിർവൃതിപൂണ്ടുനിന്നപ്പോൾ ഞാൻ അവളുടെ കേശഭാരത്തിൽ മൃദുവായി തഴുകി. പവിഴാധരങ്ങളിൽ, കഴുത്തിൽ, കചദ്വയങ്ങളിൽ, പൊക്കിളിൽ, അടിവയറ്റിൽ, നാഭിയിൽ, കാൽവണ്ണകളിൽ തുടങ്ങി ശരീരത്തിന്റെ ഓരോ ഇഞ്ചിലും മാറിമാറി ചുംബിച്ചപ്പോൾ അവൾ വികാരതരളിതയായി, വിവശയായി ആർത്തമോദത്തോടെ മന്ദമായി മൊഴിഞ്ഞു:
“പ്രാണനാഥാ! നീ എന്റെ സർവ്വസ്വമാണ്‌. ജീവന്റെ ജീവനാണ്‌; ദൈവമാണ്‌; വികാരമുള്ള ഒരു മനുഷ്യനാണ്‌. നിന്റെ ലാളനയിൽ ഞാൻ സ്വർഗ്ഗീയസുഖമനുഭവിക്കുന്നു.”
അവളുടെ മന്ത്രണം മന്ത്രമായി ഞാൻ കരുതി. മന്ത്രം സ്വാർത്ഥമാണ്‌. അത്‌ നേട്ടമാണ്‌. സ്വാർത്ഥലാഭത്തിനുവേണ്ടി ആശിച്ചു. കുതന്ത്രങ്ങളെപ്പറ്റി ചിന്തിച്ചു. അവളും അവളുടെ സഞ്ജീവിനിമന്ത്രവും എന്റെ സ്വന്തമാണ്‌. അവളുടെ രക്തത്തിൽ എന്റെ ചൂടും നിശ്വാസവും അലിഞ്ഞുചേർന്നിട്ടുണ്ട്‌. തികച്ചും സ്വാർത്ഥനായിത്തീർന്ന ഞാൻ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലേക്ക്‌ അവളോടൊപ്പം ഒളിച്ചോടാൻ ആഗ്രഹിച്ചു. പക്ഷെ അവളതിനനുകൂലിച്ചില്ല.
*****
ഒരുനാൾ വാഴച്ചുവട്ടിൽ അവൾ മഞ്ഞജലം ഛർദ്ദിച്ചു. ആരും കാണാതെ മണ്ടോടുകൾ പെറുക്കിത്തിന്നു. പരിചാരികകൾവഴി അവളുടെ അമ്മയുടെ അമ്മയിലൂടെ അവളും അച്ഛനും ആ വിവരമറിഞ്ഞു. തങ്ങളുടെ അരുമമകൾ വിലക്കപ്പെട്ട കനി തിന്നെന്ന്‌!
അവളുടെ അച്ഛൻ കൊടുങ്കാറ്റുപോലെ അലറി അടുത്തപ്പോൾ അവൾ ഊമയായിരുന്നു.
കോപാന്ധനായപ്പോൾ ഓമനമകളെ പൊതിരെത്തല്ലി. അവൾ പാറക്കെട്ടുപോലെ ഉറച്ചുനിന്ന്‌ കിട്ടിയതെല്ലാം കൊണ്ടു. അവളുടെ നാവു ചലിച്ചില്ല; കണ്ണുനീർ തൂകിയില്ല. ഒടുവിലവൾ ശിലാപ്രതിമപോലെ മറിഞ്ഞുവീണു. മണിക്കൂറുകൾക്കുശേഷം മുഖത്താരോ വെള്ളം തളിച്ചു. കണ്ണുതുറന്നപ്പോൾ അവിടെയെല്ലാം ഇരുട്ടു വ്യാപരിച്ചിരുന്നു. അന്ന്‌ ആ വീട്ടിൽ ആരും ദീപം കണ്ടില്ല.
ദിവസങ്ങൾ ആഴ്ചകൾക്കു വഴിമാറിക്കൊടുത്തപ്പോൾ ആ വീട്ടിൽ തളംകെട്ടിനിന്ന മൂകത ക്രമേണ അകന്നുമാറി. എങ്കിലും ഒരേകാന്തത്തടവുകാരിയെപ്പോലെ കൂട്ടിലടക്കപ്പെട്ട കിളിയെപ്പോലെ അവൾക്ക്‌ കഴിയേണ്ടിവന്നു.
ബാഹ്യാന്തരീക്ഷത്തിലെ ശീതക്കാറ്റിൽ ആരാമത്തിലെ പുഷ്പങ്ങളിൽ പറന്നുപറ്റി മധു നുകരുന്ന ചിത്രശലഭങ്ങളോടും തന്റെ പ്രിയതമനെപ്പറ്റിയുള്ള കുശലമാരായാൻ അവളുടെ ഹൃദയം കൊതച്ചു. ബുദ്ധിശൂന്യതയ്ക്കു പങ്കാളിയാക്കിയ, വിരഹവേദന അനുഭവിക്കുന്ന ആ സാധുമനുഷ്യനെ തന്റെ ഹൃദയവികാരങ്ങളും തീരുമാനങ്ങളും അറിയിക്കുവാൻ അവസരം കിട്ടാത്തതിൽ രാവും പകളും ഹൃദയംനൊന്തവൾ കരഞ്ഞു.
ആ വീട്ടിലും മറ്റെങ്ങുംതന്നെ വിശിഷ്യ ഒന്നും സംഭവിക്കാത്തതുപോലെ പുലരികൾ പൊട്ടിവിടരുകയും കൊഴിഞ്ഞുവീഴുകയും ചെയ്തുകൊണ്ടിരുന്നു.
പണിപ്പുരയിലിരുന്ന്‌ ഞാൻ സ്വന്തം ഭാവനയ്ക്കു രൂപം നൽകവേ, ഇടവഴിയിലൂടെ ഇരണമ്പിപ്പാഞ്ഞുവന്ന ഒരു ജീപ്പ്പ്‌ ബ്രേക്കിടുന്ന ശബ്ദംകേട്ട്‌ തലയുയർത്തി വെളിയിലേക്കു നോക്കി.
ജനകീയ മന്ത്രിസഭയുടെ നിയമപാലകന്മാരായ കുറേയധികം കാക്കിക്കുപ്പായധാരികളെക്കണ്ട്‌ അമ്പരന്നുനിന്നു.
ഞാൻ എന്റെ കാമുകിയെ കൊലചെയ്തിരിക്കുന്നെന്നും പെറ്റീഷനിലുള്ള ചാർജ്ജനുസരിച്ച്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നെന്നും പറഞ്ഞ്‌ അവർ എന്റെ നേരേ തോക്കുചൂണ്ടി.
“ആം അപ്പ്‌, യു ആർ അണ്ടർ അറസ്റ്റ്‌”
സംഗതികൾ വ്യക്തമാകാതെ, വിശ്വസിക്കാനാവാതെ, സ്തബ്ധനായി നിന്നപ്പോൾ അവർ എന്റെ കയ്യിൽ ആമംവച്ചു. ബലം പ്രയോഗിച്ച്‌ മർദ്ദനമുറകളോടെ അവരെന്നെ വാനിൽ കയറ്റി. ആ കാഴ്ച കണ്ട്‌ ഹൃദയം പൊട്ടി എന്റെ പെറ്റമ്മ മൂർച്ഛിച്ചു വീണു.
*****
പോലീസുകാർ പട്ടണാതിർത്തിയിലുള്ള ഒരു നഴ്സിംഗ്‌ ഹോമിലെത്തി. അവിടെ നിർജ്ജീവമായിക്കിടന്ന എന്റെ പ്രേയസിയുടെ ദയനീയ മരണമോർത്ത്‌ ആർത്തലച്ച്‌ കെട്ടിപ്പിടിച്ചു കരയുവാൻ അവരെന്നെ അനുവദിച്ചില്ല.
“എനിക്കൽപം വിഷം തരൂ”; അല്ലെങ്കിൽ ഞാനെന്തിനു സ്വയം മരിക്കണം?
മാസങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച ഈവിധത്തിലായിരിക്കുമെന്ന്‌ സ്വപ്നത്തിൽപ്പോലും കരുതിയില്ല. ഈ അരുംകൊലയ്ക്കുത്തരവാദി ഞാനല്ലെന്ന്‌ ദിഗന്തം പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറയുവാൻപോലും ഞാനശക്തനായി.
ഞാൻ നിരപരാധിയാണെന്നു തെളിയിക്കാൻ എന്റെ പക്കൽ തെളിവുകളൊന്നുമില്ല.
കൈക്കൂലി വാങ്ങിയ ടാക്സിക്കാരനും അവളെ ശുശ്രൂഷിച്ച നേഴ്സിംഘോമിലെ എല്ലാ ജീവനക്കാരും എനിക്കെതിരായി സാക്ഷിപറഞ്ഞു. പണത്തിന്റെ മായികശക്തി അവരെയെല്ലാം വേണ്ടതുപോലെ ആശ്ലേഷിച്ചിരുന്നു.
എന്നിൽ കുറ്റം ആരോപിച്ചിരുന്നതിനാൽ, സത്യത്തിനു സ്ഥാനമില്ലാത്ത, പരിസരസാഹിചര്യത്തെളിവുകൾക്കു സ്ഥാനം കൽപിക്കുന്ന – കോടതിയിൽ ഏതൊരു കുറ്റവാളിയും പറയുന്നതുപോലെയേ ഞാൻ പറഞ്ഞതെല്ലാം കരുതിയുള്ളൂ.
എനിക്കുവേണ്ടി സത്യസന്ധമായി സാക്ഷിപറയുന്നവൾ പട്ടണാതിർത്തിയിലുള്ള നേഴ്സിംഘോമിലെത്തിയത്‌ സ്വമനസ്സാലെ ആയിരിക്കില്ല. എന്നെപ്പോലും അറിയിക്കാതെ സൂക്ഷിച്ച അവളുടെ ഗർഭസ്ഥശിശുവിനെക്കുറിച്ചവൾക്ക്‌ ഏറെ പ്രതീക്ഷകളുണ്ടായിരിക്കണം. അതു നശിപ്പിക്കാനുള്ള മരുന്നു കഴിക്കുമ്പോൾ, കഴിക്കുന്ന വസ്തുവെക്കുറിച്ചും അനന്തരഫലത്തെക്കുറിച്ചും അവൾ തികച്ചും അജ്ഞയായിരുന്നിരിക്കണം. ക്ഷീണം മാറ്റാൻ എന്ന വ്യാജേന അവർ നൽകിയ മരുന്ന്‌ കഴിച്ച്‌ പ്രതീക്ഷിക്കാത്ത വേദനയും അസ്വാസ്ഥ്യവും ഉണ്ടായപ്പോൾ പല യാഥാർത്ഥ്യങ്ങളും മനസ്സിലാക്കിക്കാണും. താൻ അകപ്പെട്ടത്‌ ഒരു നരകത്തിലാണെന്നും, ഇവിടെ കാണുന്ന വെള്ളവസ്ത്രധാരികൾ പിശാചുക്കളും യക്ഷികളുമാണെന്നും, അവർ അച്ഛന്റെ പണവും തന്റെ ചോരയും ആവോളം ഊറ്റിക്കുടിക്കുമെന്നും, തന്നെ രക്ഷിക്കാൻ ഇവിടെ ആരുമില്ലെന്നും മനസ്സിലാക്കിയപ്പോൾ രക്തത്തിൽ മുങ്ങിക്കുളിച്ചു കിടന്നിരിക്കണം. ഭ്രൂണത്തോടൊപ്പം പ്രേതമാകുന്നതിനുമുമ്പ്‌ തന്റെ പ്രിയപ്പെട്ടവനെ ഒരുനോക്കു കാണുവാൻ അവളുടെ ഹൃദയം കൊതിച്ചിരിക്കും. രക്തസ്രാവത്തിനു പ്രതിവിധിയായി അവൾക്കു നൽകിയ മരുന്നുകളെല്ലാം പരാജയപ്പെട്ട്‌ മരണത്തിന്റെ കരാളവക്ത്രത്തിലകപ്പെട്ട്‌ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ നാവ്‌ “രാജേട്ടാ… എന്റെ പ്രിയപ്പെട്ട.. രാജേട്ടാ… എനിക്കു മാപ്പുതരൂ!” എന്നു കേണിരിക്കണം….
രാത്രിയുടെ അന്ത്യയാമത്തിൽക്കൂടി ആ ശബ്ദം തേഞ്ഞുതേഞ്ഞ്‌ വന്നു പുലരി പൊട്ടിവിരിയുംമുമ്പേ അവളുടെ ചലനമറ്റിരിക്കണം.
മകളുടെ അന്ത്യനിമിഷത്തിൽ കാമുകനെപ്പറ്റി പലതും അന്വേഷിച്ചരിക്കും. ആ വിവരങ്ങളിൽനിന്നും ഉടലെടുത്ത വൈരാഗ്യം തീർക്കാൻ അദ്ദേഹം പോലീസിനും മറ്റും നിർലോഭം പണം നൽകിയിരിക്കണം.
അവർ കടമ നിർവഹിക്കുന്നു! നീതി പാലിക്കുന്നു!
ഒരു വ്യാഴവട്ടക്കാലത്തെ കഠിനതടവ്‌ വളരെവേഗം കടന്നുപോയതുപോലെ തോന്നി.
പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി, ജീവിക്കാൻ ശ്രമിച്ച ഞാൻ പരാജിതനായി, പരിക്ഷീണനായി, അവശനായി, വിഭ്രാന്തനായി, വെറുക്കപ്പെട്ടവനായി, ഏകനായി, മൂകനായി മാറി.
ഇനി ഒരു മൃഗമായി, പക്ഷിയായി, ജീവജാലമായി, ഏകകോശജീവിയായി, ഒരു ബിന്ദുവായി മാറി അദൃശ്യനായിത്തീർന്ന്‌ ഈ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചിരുന്നെങ്കിൽ!!!
നദിക്കുമുകളിൽ ഇരുൾ വ്യാപിച്ചു. ഇരുൾ ജലത്തിൽ അലിഞ്ഞുചേർന്നു. അപ്പോൾ അവിടെ ഇരുളിന്റെ നേർത്ത പ്രകാശം പരന്നു.
ആ പ്രകാശത്തിൽ തിളക്കമുള്ള രണ്ടു കണ്ണുകൾ ഞാൻ കണ്ടു. അത്‌ അൽപം സ്നേഹത്തിനുവേണ്ടി യാചിച്ച്‌ മരണത്തിനിരയായിത്തീർന്ന എന്റെ പ്രേയസിയുടെ മിഴികളോ? മനുഷ്യഗന്ധം ശ്വസിച്ച്‌ പാഞ്ഞുവന്ന മരണത്തിന്റെ ക്രൂരനേത്രങ്ങ

You can share this post!