നിർവചനങ്ങൾ പ്രണയം തേടുമ്പോൾ/സായ് ശങ്കർ മുതുവറ

ആദ്യമായി പ്രണയിച്ചത്
ഒരു തോണിക്കാരന്റെ മകളെയായിരുന്നു.
പ്രണയം ഒരു വഞ്ചിയാണെന്നും,
ജലത്തിനു മീതെയുള്ള
തുഴച്ചിലാണ്‌ അതിന്റെ ആനന്ദമെന്നും
അവൾ പറഞ്ഞു.

ന്യായമായ ഒരു സംശയം ഞാൻ ചോദിച്ചു.
നമ്മളിൽ ആരാണ് പങ്കായമെടുത്തു തുഴയുക..
ഞാനോ?…നീയോ..?
നമുക്കൊരുമിച്ചു തുഴയാമെന്ന്,
അവൾ പറഞ്ഞില്ല,
ഞാനും പറഞ്ഞില്ല.

അങ്ങനെ ആ പ്രണയം കടലിൽ മുങ്ങിപ്പോയി.

പിന്നെ പ്രണയിച്ചത്
പട്ടങ്ങൾ നിർമിക്കുന്നയാളുടെ മകളെയായിരുന്നു.
ഒരു പട്ടം പോലെ
ഉയർന്നുയർന്നു പറക്കലാണ് പ്രണയം
എന്നവൾ പറഞ്ഞു.
ന്യായമായ ഒരു സംശയം ഞാൻ ചോദിച്ചു.
നമ്മളിൽ ആരാണ്,
പട്ടത്തിന്റെ നൂൽ പിടിച്ചു നിയന്ത്രിക്കുക,
ഞാനോ ?….നീയോ ?
നമുക്കൊരുമിച്ചു പറത്താമെന്ന്,
അവൾ പറഞ്ഞില്ല.
ഞാനും പറഞ്ഞില്ല.
അങ്ങനെ
ആ പ്രണയം ചരടറ്റു പറന്നു പോയി.

പിന്നെ പ്രണയിച്ചത്
പാമ്പാട്ടിയുടെ മകളെയായിരുന്നു.
മകുടിയുടെ സംഗീതമാസ്വദിച്ച് കൊണ്ട്
സ്വയം മറന്നുള്ള നൃത്തമാടൽ,
അതിലാണ് പ്രണയത്തിന്റെ ആനന്ദമെന്ന്
അവൾ പറഞ്ഞു.

ന്യായമായ ഒരു സംശയം ഞാൻ ചോദിച്ചു.
നമ്മളിൽ ആരാണ് മകുടി ഊതുക,
ഞാനോ…?…. നീയോ…?

നമുക്കു മാറി മാറി ഊതാം,
മാറി മാറി നൃത്തം ചെയ്യാമെന്ന്
അവൾ പറഞ്ഞില്ല.
ഞാനും പറഞ്ഞില്ല.
അങ്ങനെ
ആ പ്രണയം വിഷം തീണ്ടി,നീലിച്ചു, മരിച്ചു.

പിന്നെ പ്രണയിച്ചത്,
ഉത്സവപ്പറമ്പിലെ
സിന്ദൂരം വിൽപ്പനക്കാരിയെയായിരുന്നു.
പ്രണയമെന്നാൽ,
മനോഹരമായി
പൊട്ടു തൊടുവിക്കലാണെന്ന്
അവൾ പറഞ്ഞു.

ന്യായമായ ഒരു സംശയം ഞാൻ ചോദിച്ചു,
നമ്മളിൽ ആരാണ് പൊട്ടു തൊടുവിക്കുക?
നീയെനിക്കോ….?…ഞാൻ നിനക്കോ…?

ഉടനെത്തന്നെ
അവൾ ഒരു സിന്ദൂരപ്പൊട്ടു തൊട്ടു.
പിന്നെ,എന്നെപ്പുണർന്നുകൊണ്ട്,
ആ നെറ്റി എന്റെ മൂർദ്ധാവിൽ ആഞ്ഞമർത്തി,
ആ പൊട്ടിനെ എന്നിലേക്ക് പകർത്തി.

പിന്നെ ഞാൻ വേറെ ആരെയും പ്രണയിച്ചില്ല.
അവക്കായി മാത്രം എന്റെ സർവ്വസ്വവും ഞാൻ സമർപ്പിച്ചു.

You can share this post!