‘
ഒരു മനുഷ്യൻ
ഒരു മനുഷ്യന്റെ അമ്മയ്ക്കു തീരെ സുഖമില്ല.
അയാൾ ഒരു ഡോക്ടറെ തേടി പുറപ്പെട്ടു .
അയാൾ കരയുകയാണ്.
തെരുവിൽ, തന്റെ ഭാര്യ മറ്റൊരുത്തനുമൊത്ത് പോകുന്നത്
അയാൾ കണ്ടു.
അവർ കൈകൾ കോർത്തിരുന്നു.
അയാൾ കുറേ നേരം ഒരുമരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പിന്തുടർന്നു .
അയാൾ കരയുകയാണ്.
ഇപ്പോൾ അയാൾ തന്റെ
യൗവനത്തിലെ സുഹൃത്തിനെ കണ്ടുമുട്ടുന്നു.
വർഷങ്ങളായി നാം തമ്മിൽ കണ്ടിട്ട് !
അവർ ഒരു മദിരാലയത്തിലേക്ക് …
അവർ സംസാരിച്ചു … ചിരിച്ചു .
അയാൾ നടു മറ്റത്ത് മൂത്രമൊഴിക്കാൻ പോകുന്നു .
ഒരു പെൺകുട്ടിയെ കാണുന്നു .
രാത്രി നേരമാണ്
അവൾ വസ്ത്രം കഴുകുകയാണ്.
അയാൾ അവളുടെയടുത്തേക്കു നടക്കുന്നു .
അവളെ ചേർത്തു നിർത്തുന്നു.
അവർ നൃത്തമാടുന്നു
തെരുവിലേക്ക് ഒന്നിച്ചു നടക്കുന്നു
അവർ ചിരിക്കുന്നു.
ഒരു അപകടം സംഭവിക്കുന്നു.
പെൺകുട്ടി ബോധ ശൂന്യയാവുന്നു.
മനുഷ്യൻ ടെലഫോൺ ചെയ്യാൻ പോകുന്നു.
അയാൾ കരയുന്നു.
പ്രകാശം ചൊരിഞ്ഞു നില്ക്കുന്ന ഒരു വീട്ടിൽ
അയാൾ എത്തുന്നു.
ഒന്നു ഫോൺ ചെയ്യണം
അയാൾ ചോദിക്കുന്നു.
ആരോ അയാളെ തിരിച്ചറിയുന്നു.
ഹെയ്, എന്തെങ്കിലും കഴിക്കൂ ,ഹെയ് എന്തെങ്കിലും കഴിച്ചിട്ടു പോകൂ.
ഇല്ല.
എവിടാണ് ഫോൺ?
എന്തെങ്കിലും കഴിക്കൂ, ഹെയ് എന്തെങ്കിലും കഴിക്കൂ .. എന്നിട്ടു പോകൂ.
അയാൾ ആഹാരത്തിനു മുന്നിൽ ഇരിക്കുന്നു.
ആ മനുഷ്യൻ ഒരു തടവുകാരനെപ്പോൽ
പാനം ചെയ്യുന്നു.
അയാൾ ചിരിക്കുന്നു.
ഏതെങ്കിലും ഒരു കവിത ചൊല്ലൂ …
അയാൾ കവിത ചൊല്ലുന്നു.
അയാൾ ഒരു മേശയക്കു കീഴിൽ ഉറങ്ങിക്കഴിഞ്ഞു.
പോപ്പിന്റെ കവിതകൾ
I
അവർ എന്നെ പോപ്പായി തിരഞ്ഞെടുത്തു.
ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി ഞാൻ.
II
ഇപ്പോൾ പൗരോഹിത്യവൃത്തിയുടെ തലപ്പത്ത് ഞാൻ .
ഇനി എനിക്ക് സമാധാനമായി മരിക്കാം.
III
കർദ്ദിനാളന്മാർ ദേഷ്യത്തിലാണ്.
എന്തെന്നാൽ മുൻപത്തെപോൽ
അവരോട് ഇടപെടുന്നില്ല ഞാൻ .
ശാന്ത ഗംഭീരം …?
പക്ഷേ, ഞാൻ പോപ്പാണ്,
തുലയട്ടെ.
IV
നാളെ ആദ്യത്തെ കാര്യം
ഞാൻ വത്തിക്കാനിലേക്ക് നീങ്ങും
V
എന്റെ പ്രഭാഷണത്തിന്റെ
ശീർഷകം
എങ്ങനെ പൗരോഹിത്യവൃത്തിയിൽ വിജയം കണ്ടെത്താം.
VI
എല്ലാ വർത്തമാന പത്രങ്ങളും അഭിനന്ദനങ്ങൾ കൊണ്ടെന്നെ മൂടുന്നു;
എന്റെ ചിത്രം എല്ലാറ്റിലും മുൻപിൽത്തന്നെ.
VII
ഞാൻ ഒരു ബാലനായിരുന്നപ്പോൾ
ത്തന്നെ ഒരു
പോപ്പാകണമെന്നായിരുന്നു മോഹം .
എനിക്കു വേണ്ടത് നേടാൻ
ഒരു നായയെപ്പോലെ ഞാൻ പണിയെടുത്തു.
എന്തുകൊണ്ടാണ് എല്ലാവരും ഇത്ര അതിശയപ്പെടുന്നത് …
VIll
ദൈവത്തിന്റെ പരിശുദ്ധ മാതാവേ
ജനാവലിയെ ആശീർവദിക്കാൻ മറന്നു ഞാൻ !
☘☘☘☘☘☘☘☘
പരിഭാഷകന്റെ കുറിപ്പ്
നികാനോർ പാർറ
(Nicanor Parra)
ചിലിയിൽ ജനനം.ചിലി യൂണിവേഴ്സിറ്റിയിൽ
മാത്തമാറ്റിക്സ്, ഫിസിക്സ് പഠനം .യു.എസ്.എ .യിലും ഇംഗ്ലണ്ടിലും ഉപരിപഠനം .ചിലി യൂണിവേഴ്സിറ്റിയിൽ തീയറെറ്റിക്കൽ ഫിസിക്സ് പ്രഫസ്സറായി സേവനം അനുഷ്ഠിച്ചു. ന്യൂയോർക്ക്, കൊളംബിയ,യേൽ യൂണിവേഴ്സിറ്റികളിൽ അധ്യാപനം നിർവഹിച്ചു.
യാഥാർത്ഥ്യത്തെ ബ്ളാക് ഹ്യൂമറിലൂടെയും ഐറണിയിലൂടെയും അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തി. എല്ലാ അർത്ഥത്തിലും നികോ നർ പാർറ ഒരു പ്രതികവി (antipoet) ആയിരുന്നു. വിഗ്രഹഭഞ്ജകനായിരുന്ന കവി .തീക്ഷ്ണമായ നർമ്മബോധമായിരുന്നു ആ കവിതയുടെ സവിശേഷത.