നവോത്ഥാന ചിന്തകൾ

നവോത്ഥാന ചിന്തകൾ
* * * * * * * * * * * * * *
നവമാമൊരുത്ഥാനം
ചിന്തകളിൽ
ഉരുത്തിരിഞ്ഞതുറവയായ് പിന്നെ –
യാർത്താർത്താഴത്തിലൊഴുകി
ലോകതീരേ
അറിവാളി പുനർജ്ജനിയാം
ബൗദ്ധിക പുനരുദ്ധാനം
ബോധമണ്ഡലങ്ങൾക്കുഷ്ണമേകാൻ
അക്ഷരങ്ങളിലഗ്നി
ചിത്രങ്ങളിലഗ്നി
ശില്പങ്ങളിലഗ്നി
വാസ്തുവിദ്യയിലഗ്നി
കലോപാസനകളിലഗ്നി
മത ചിന്താസരണികളിലഗ്നി
സർഗ്ഗഭൂമിക കനലായ് ജ്വലിക്കേ
പിറന്നവതാരമൂർത്തികൾ അവരുടെ മൂശയിൽ പിറവിയെടുത്തതിശയമാം ആയിരം ഇതിഹാസങ്ങൾ.
നൈസർഗ്ഗിക സൃഷ്ടി സിംഹാസനങ്ങളിലേറിയോർ കൊടും കാറ്റുവിതക്കേയാ
ജ്വാലാമുഖങ്ങളിൽ നിന്ന് നാം പകർന്നെടുത്തു നവോത്ഥാന
ചിന്തകൾ
അവയെൻ ബോധ തലങ്ങളിൽ ജ്വാല പടർത്തുന്ന നേരം
ജാതിയില്ല മതമില്ല വർഗ്ഗബോധമില്ല
വരേണ്യ സിദ്ധാന്തങ്ങൾക്കടിമയുമല്ല ഞാൻ.
മനുജനെന്ന ജാതി സ്നേഹമെന്ന മതം
മതിയെനിക്കെന്റെ
അഭിമതം കാട്ടുവാ, നിവയേതുമല്ലാതീ കാപട്യ മൂടികൾ
ഒന്നുമെൻ മുഖബിംബത്തിന് പാകമല്ലലങ്കാരമല്ലവയെൻ
നടപ്പിന് ഏച്ചു വച്ച വെറും പൊയ്ക്കാലുകൾ
എന്റെ സ്വപ്നങ്ങളിൽ ഹരിത മനോഹര ഭൂമി
ശുദ്ധവായു ശ്വസിക്കുമീജാലങ്ങളധിവസിക്കും
ലോകമേ തറവാട്.
ജാതി മത കക്ഷി രാഷട്രീയ
തടവറയല്ലെൻ മനം
സ്വാതന്ത്ര്യദാഹിയായ്
പച്ച മനുഷ്യനായ് പുനഃർജ്ജനികളിലീ
ഭൂവിൽ നെടുനീളെ സൗന്ദര്യ ചിന്തുകൾ തേടി ശാന്തി മന്ത്രങ്ങളുരുവിടും ഞാനെൻ കാഴ്ചകളെ
ചിന്തകളെ
പരികല്പനകളെ
തെളിനീരുറവയായ് പാരിൽ ഒഴുക്കി പരത്തിടുമ്പോളവ
കുഞ്ഞരുവിയായ്
കൈവഴികളായ് പിന്നെ വൻ നദിയായ്
സാഗരമായ് ഭൂവിന്നെ ചുറ്റി പുണർന്നിടട്ടേ ഭൂവിൽ
വസുധൈവ കുടുംബകം പുലർന്നിടട്ടേ.

You can share this post!