നവവത്സരപതിപ്പ് 2022 /വ്യാളിയെന്ന കൃമികീടവും പ്രാണിയെന്നൊരു പ്രകാശപറവയും/വിൽസൺ ജോസഫ്


വ്യാളി വളർന്നതിൻ
വേരിൻ്റെയുള്ളിലെ
പോടിൽ പൊറുക്കുമാ
പ്രാണി പിടയുന്നോ..?


വ്യാളിയെന്ന സംജ്ഞ
യഥാർത്ഥത്തിൽ,
ഇരുകാലിലുയർന്ന്-
ചിറകുവിടർത്തി പറന്ന്
വാലു വീശിയടിക്കുന്ന
ഒരു ഭീകരസത്വമോ,
നിലത്തിഴയുന്ന വെറുമൊരു
ചെറുകീടമോ പോലുമാവുന്നില്ല!

അമൂർത്തത്തിൻ്റെ
ചിത്രവർണ്ണനയാലുരുവായ
ചിന്താജല്പനം മാത്രമായി
അതു നിലകൊള്ളുന്നു.

എങ്കിലോ, മാനവകുലമെന്ന-
മനോവിഭ്രമ വന്യാനുഭവങ്ങളുടെ
കേളീവിഹാരമായത് രൂപാന്തരപ്പെടുന്നു.

ധ്യാനഗർഭത്തിൻ പട്ടുനൂലിഴകളാൽ
നിർമ്മിതമാകുന്ന, പ്യൂപ്പാഗൃഹത്തിലെ
ഏകാന്തതപസ്യയ്ക്ക് വിധേയനായി
പരുവപ്പെട്ട്, പ്രാണിയാകാൻ ത്രാണിയില്ലാതെ, കൃമികണ്ണിയായി മാത്രം ക്രമപ്പെടുവാൻ
വെമ്പുന്ന, പരശതം ജീവാണുക്കൾ
പ്രപഞ്ചേച്ഛയാൽ വലിച്ചെറിയപ്പെടുന്ന
ബോധാബോധത്തിൻ വെളിമ്പറമ്പ്!

വിടവില്ലാത്തവിധം തിങ്ങിയടുക്കപ്പെട്ട
കോടാനുകോടി കൃമിരൂപങ്ങളാൽ
ക്രമീകൃതമായൊരു ഭീമൻ തുരങ്കതടാകം!
അതിനുള്ളിൽ, ഭ്രമകല്പനകളുടെ
അന്ധകാരക്കൊഴുപ്പുയർത്തുന്ന
വന്യകാമനകളുടെ തരംഗ ഗതിവിഗതികൾ.

ആസക്തികളുടെ വിഷധൂളികളിലുണരുന്ന
ശ്വസന രതിതാളത്തിൻ പ്രചുരപ്രകമ്പനങ്ങൾ.
അവയുടെ പരിണാമത്തിൻ
നൈരന്തര്യ ചുരുളാവേഗങ്ങൾ.

ഈ വിഭ്രമഭൂമികയുടെ
അന്തരാളത്തിൽ നിന്നുണരുന്ന
വികലാവേഗങ്ങൾ മാത്രമാണ്,
വലിച്ചെറിയപ്പെട്ട ഓരോ ശരാശരി
കൃമിയുടെയും സ്വത്വാനുഭവം.

ഭീമാകാരമായ ആ കാന്തികപ്രവാഹത്താൽ
ആവാഹിക്കപ്പെട്ട് ഓരോ ജീവാണുവും
നിരന്തരമായി നുരഞ്ഞിളകാൻ നിർബന്ധിതരുമായിരിക്കുന്നു.

ചിറകടിയുടെ പ്രകമ്പനത്താൽ
പരിസരങ്ങളെ പരുവപ്പെടുത്തി
പരിവർത്തനങ്ങളുടെ പുരോഗമനത്തിൽ
കുതിക്കുന്ന… ഒരു വ്യാളീസത്വത്തിൻ്റെ
മായാബന്ധനാസക്തികളാൽ
ഇഴകോർക്കപ്പെട്ട്, ഓരോ കൃമികീടവും
പരസ്പരബന്ധിതരായി
കമ്പനനിരതമായി നിലകൊള്ളപ്പെടുന്നു.

മറ്റൊന്നിൻ്റേയോ, തൻ്റെതന്നെയോ
ജനിമൃതികളിൽപോലും
തീർത്തും അന്ധരായി.

കാലപ്രവാഹത്തിൻ്റെ വിടവിലൂടെ
അത്ഭുതകരമായി ചിലപ്പോൾ,
ധ്യാനഗർഭത്തിലെ ഏകാന്തലയനം
പൂർണ്ണമാക്കി, പട്ടുനൂൽക്കവചം ഭേദിച്ച്
വെളിച്ചത്തിലവതരിക്കുന്നൂ..
ചിറകുമുളച്ചൊരു ബോധിപറവ!

അതിൻ്റെ പ്രത്യക്ഷത്തിൽ
കൃമിത്തടാകത്തിൽ,അജ്ഞേയത്തിൻ്റെ
വലിയൊരു പുച്ഛപ്രകമ്പനമുയർന്നമരുന്നു.

പറവയുടെ മിഴികളിൽ
അർത്ഥഗർഭമായൊരു
പുഞ്ചിരി വിരിഞ്ഞു, കൊഴിയാതെ
സനാതനമായി വിഹരിക്കുന്നു?

home

You can share this post!

One Reply to “നവവത്സരപതിപ്പ് 2022 /വ്യാളിയെന്ന കൃമികീടവും പ്രാണിയെന്നൊരു പ്രകാശപറവയും/വിൽസൺ ജോസഫ്”

Comments are closed.