നവവത്സരപതിപ്പ് 2022/വാർദ്ധക്യം/സുനന്ദ മഹേഷ്


ചിറകുകൾ ക്ഷയിച്ചു
തളർന്നിരിക്കുന്ന പക്ഷികളുണ്ട്
നമ്മുടെ ഭക്ഷണത്തിനും വസ്ത്രത്തിനുമായി
പറന്നവർ.

നിങ്ങൾ അവരെ വൃദ്ധരെന്നുപറഞ്ഞ്
മാറ്റിനിർത്തുമ്പോൾ ഓർക്കണം,
നിങ്ങൾക്കുവേണ്ടി ജീവിതം ത്യജിച്ചവരാണ്
അവരെന്നു.

കഴിഞ്ഞുപോയ കാലത്തിന്റെ സ്‌മൃതിയിൽ
ജീവിക്കുന്നവർ ,
ഒരു ചുറ്റുവട്ടത്തിൽ ജീവിതം
തളച്ചിട്ടവർ
ക്ഷയിച്ച ചിറകുകൾക്കൊണ്ട്
പറക്കാൻ
ശ്രമിക്കുമ്പോൾ….
ചിറകുകൾ വെട്ടിമാറ്റുന്ന
ആ വാക്കുകൾ
നിന്റെ മകന്റെ കാതിൽ പതിയാതിരിക്കട്ടെ

കുട്ടിൽനിന്ന് അവരെ പുറത്താക്കുമ്പോൾ
നടന്നുനീങ്ങിയ വഴികളിൽ
നിന്റെ നിഴലുപോലും വീഴരുതെന്നു
മൗനമായ് പ്രാർത്ഥിക്കുന്നവർ.

വീട്

വീടെന്നോർക്കും നേരം
മനതാരിൽ തെളിയുന്ന
ഒരു വീടുണ്ടെനിക്ക്!
എന്റെ പടിപ്പുരവീട്.

മാവിൻതോപ്പും
പ്ലാവും കവുങ്ങുകളും
നിറഞ്ഞുതിങ്ങിയ
തൊടിയിലുണ്ടൊരു
കുഞ്ഞുകുളം.

മുത്തശ്ശൻ, മുത്തശ്ശി,
കളിക്കൂട്ടുകാർ, പൊട്ടിച്ചിരികൾ,
നാമജപം പിന്നെയോ
കഥകൾ നിറഞ്ഞ സന്ധ്യകൾ.

പങ്കുവയ്ക്കലിൻസ്വാദറിഞ്ഞതും
ചേർത്തുനിർത്താൻ
ഞാൻ പഠിച്ച,
ഇന്നലയെ മറക്കാതെ
ഇന്നുണ്ട് നാളേക്ക് കരുതാൻ
ഞാൻ പഠിച്ച കളരി ആ വീട്.

അവിടമാണെന്റെ സ്വർഗം!
അവിടേക്കാണെന്റെ മടക്കം

home

You can share this post!