നവവത്സരപതിപ്പ് 2022 /ലേഖനം/ജോൺ ടി. വേക്കൻ

മലയാള നാടകവേദിയിലെ നവീനതയുടെ മുദ്രണങ്ങള്‍

ജോൺ ടി. വേക്കൻ

(നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകഗവേഷകൻ, പ്രസാധകൻ)

പാഴ്‌സി-തമിഴ് നാടക സ്വാധീനത്തിലും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ഓച്ചിറ വേലുക്കുട്ടി, വൈക്കം വാസുദേവൻനായര്‍ തുടങ്ങിയവരുടെ കാലഘട്ടത്തിലും നാടകത്തെ വീക്ഷിച്ചിരുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി പാശ്ചാത്യ നാടകരചനകളുടെ സ്വാധീനത്തില്‍ മലയാളത്തില്‍ നാടകങ്ങള്‍ രചിക്കാനും പാശ്ചാത്യ സങ്കേതങ്ങളുടെ രീതിയിലെന്ന പേരില്‍ ചില വികലാനുകരണങ്ങള്‍ അരങ്ങേറാനും തുടങ്ങിയപ്പോള്‍, നാടകം എന്ന കലാരൂപത്തിന്റെ അവതരണരീതി ഇതാണ്, ഇതുമാത്രമാണ് എന്നാണ് ധരിച്ചിരുന്നത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളില്‍ പ്രമാണിമാരും കോൺട്രാക്ടര്‍മാരും (അങ്ങനെയാണവരെ വിളിച്ചിരുന്നത്) ടിക്കറ്റ് വെച്ചും മറ്റും നടത്തിയിരുന്നത് അന്നത്തെ കമേഴ്‌സ്യല്‍ (കച്ചവട) സ്വഭാവമുളള നാടകങ്ങളായിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായി ആ കാലഘട്ടത്തില്‍ നിലനിന്നിരുന്നത് വായനശാലാ വാര്‍ഷിക നാടകങ്ങളായിരുന്നു. ഈ സമ്പ്രദായങ്ങള്‍ കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ നാടകവേദിയുടെ ചരിത്രം തന്നെയാണ്. പിന്നീട് കമേഴ്‌സ്യല്‍ നാടകവേദിയും അമച്വര്‍ (കൗതുക) നാടകവേദിയും പുരോഗതി പ്രാപിച്ചപ്പോഴും അവതരണത്തില്‍ അവലംബിച്ചിരുന്ന പൊതുസ്വഭാവമെന്നത്, നാടകകൃത്ത് രചിച്ചിട്ടുളള നാടകത്തിലെ സംഭാഷണങ്ങള്‍ കാണാതെ പഠിച്ചു പറയുക എന്നതായിരുന്നു. കാണാതെ പഠിച്ചു പൂര്‍ത്തിയായാല്‍ അതിന്റെ അര്‍ത്ഥം നാടകം കളിക്കാറായി എന്നായിരുന്നു. മുമ്പ് സൂചിപ്പിച്ച പ്രവണതകള്‍ നിലനിന്നിരുന്ന  സമൂഹത്തില്‍ നാടകം എന്ന സാഹിത്യരൂപത്തെയും നാടകം എന്ന കലാരൂപത്തെയും അറിയാനും പഠിക്കാനും ശ്രമിച്ച ഒരു വിഭാഗം മനുഷ്യരിലുളവാക്കിയ വേറിട്ട ചിന്തകളാണ് മലയാള നാടകവേദിയില്‍ നവീന മാതൃകകള്‍ക്കു തുടക്കം കുറിച്ചത്.

നാടകം:”കാഞ്ചനസീത” രചന:സി.എൻ. ശ്രീകണ്ഠൻനായർ സംവിധാനം: ജോൺ ടി വേക്കൻ

നാടകക്കളരി

ഭാരതത്തില്‍ ബ്രിട്ടീഷുകാരുടെ  ആധിപത്യം, ഭരണം എന്നിവയ്‌ക്കൊപ്പം സാംസ്‌കാരികഭൂമികയിലും പാശ്ചാത്യസ്വാധീനം സംഭവിച്ചിരുന്നു. അത് സാഹിത്യത്തിലും കലയിലും സംഭവിച്ചു. 1947-ല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും തനിമയും പുന:പ്രതിഷ്ഠിക്കാന്‍ ഭാരതത്തിലുടനീളം നിരവധി ശ്രമങ്ങളുണ്ടായി. 1965-ല്‍ എറണാകുളത്തെ ഉദ്യോഗമണ്ഡലില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടന്ന  ഭാരതീയ സാഹിത്യ-കലാ സമ്മേളനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഈ സംഗമത്തിനു നേതൃത്വം വഹിച്ചത് എം.കെ.കെ. നായര്‍, കാരൂര്‍ നീലകണ്ഠപ്പിളള, എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠൻനായര്‍ എന്നിവരായിരുന്നു. എം.വി. ദേവന്‍, കെ.എസ്. നാരായണപിളള, കെ. അയ്യപ്പപ്പണിക്കര്‍, തുണ്ടത്തില്‍ കൃഷ്ണപ്രസാദ് തുടങ്ങിയ പ്രഗത്ഭരും ഇവരോടൊപ്പമുണ്ടായിരുന്നു. പ്രസിദ്ധ ഹിന്ദികവിയും റാഡിക്കല്‍ ഹ്യൂമനിസ്റ്റും പത്രപ്രവര്‍ത്തകനുമായ വാത്സ്യായനനായിരുന്നു സമ്മേളനത്തിൻറെ അദ്ധ്യക്ഷൻ. നർത്തകിയും കലാനിരൂപകയും കേന്ദ്ര വിദ്യാഭ്യാസോപദേഷ്ടാവുമായിരുന്ന കപില വാത്സായനനും സജീവ സാന്നിദ്ധ്യമായുണ്ടായിരുന്നു. ഭാരതീയ സാംസ്ക്കാരിക വേദിയുടെ ഒരു പരിച്ഛേദം എന്നു പറയാവുന്ന പ്രസ്തുത കൂട്ടായ്മയില്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ പങ്കെടുത്തു.

മാനവികത, സംസ്‌ക്കാരം, സാഹിത്യം, കല തുടങ്ങി നിരവധിയായ വിഷയങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ഭാരതീയ നാടകവേദിയിലെ പ്രശസ്തരായ ആദിരംഗാചാര്യ, മാസ്തി, ഇബ്രാഹിം അല്‍ഖാസി, ഹബീബ് തന്‍വീര്‍, ബി.വി. കാരന്ത്, ഗിരീഷ് കര്‍ണാട് തുടങ്ങിയവരും കേരളത്തിലെസി.എന്‍. ശ്രീകണ്ഠൻനായര്‍, ജി. ശങ്കരപ്പിളള, കാവാലം നാരായണപ്പണിക്കര്‍,
പി.കെ. വേണുക്കുട്ടനനായര്‍ തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യയിലെ നവസിനിമയുടെ സൃഷ്ടാക്കളായ സത്യജിത്റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും വിദേശരാജ്യങ്ങളില്‍ നിന്നുളള നവീന സിനിമകളുടെയും പ്രദര്‍ശനം എറണാകുളത്തെ വിവിധ സിനിമാ തീയേറ്ററുകളില്‍ സംഘടിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ചലച്ചിത്രവേദികളില്‍ ശ്രദ്ധേയരായ ജി. അരവിന്ദന്‍, അടൂർ ഗോപാലകൃഷ്ണന്‍, മങ്കട രവിവര്‍മ്മ, കെ.എസ്. സേതുമാധവന്‍ തുടങ്ങിയവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രസിദ്ധ ചിത്രകാരന്മാരും ശില്പികളുമായ പ്രൊഫ. ബാന്ദ്രേ, കെ.സി.എസ്. പണിക്കര്‍, ഹെബ്ബാര്‍, ബദ്രീനാരായണന്‍ എന്നിവര്‍ പങ്കെടുക്കുകയും പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനിന്റെ സൃഷ്ടികള്‍ ആദ്യമായി എറണാകുളം ടി.ഡി.എം. ഹാളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായിരുന്നു ഇങ്ങനെ ഒരു അഖിലേന്ത്യാ ചിത്ര-ശില്പ പ്രദര്‍ശനം. സമ്മേളനം അവസാനിക്കുന്ന  ദിവസമായിരുന്നു ആദ്യത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം  മഹാകവി ജി. ശങ്കരക്കുറുപ്പിനു ലഭിച്ചതായി അറിയിപ്പുണ്ടാകുന്നത്. അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുളള യോഗത്തോടെയാണ് ആ അഖിലേന്ത്യാ സാഹിത്യ-കലാസമ്മേളനം അവസാനിച്ചത്. ഇന്ത്യയില്‍ ഇതിനുമുമ്പോ പിമ്പോ ഇത്തരമൊരു അഖിലേന്ത്യാ സമ്മേളനം നടന്നിട്ടില്ല. പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ ഒരു വലിയ നിരതന്നെ പങ്കുകൊണ്ട സമ്മേളനം. ഇന്ത്യന്‍ നാടകവേദിയില്‍ പിന്നീട് നാടകരചന, സംവിധാനം, അഭിനയം, അവതരണം എന്നിവയില്‍ ശക്തമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. കേരളത്തിലുണ്ടായ മാറ്റം എന്നു പറയുന്നത് മലയാള നാടകവേദിയുടെ ചരിത്രത്തില്‍ സുപ്രധാനമായിരുന്നു.

നാടകത്തിന് മറ്റു സാഹിത്യ ശാഖകളുമായുളള വ്യത്യാസം, നാടകത്തിന് രണ്ടു ജന്മമുണ്ട് എന്നതാണ്. കഥയോ കവിതയോ നോവലോ രചിച്ചു പൂര്‍ത്തിയാകുന്നതോടെ അതിന്റെ ദൗത്യം പൂര്‍ണമാകും. എന്നാല്‍ നാടകകൃത്ത് നാടകം രചിച്ചു കഴിയുമ്പോള്‍ ഒരു ദൗത്യം-ഒരു ജന്മം നേടും. സംവിധായകന്‍ അരങ്ങില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ മറ്റൊരു ദൗത്യം-മറ്റൊരു ജന്മം നേടും. ഈ രണ്ടാം ജന്മം ലഭിക്കുമ്പോള്‍മാത്രമേ നാടകകൃതി സാഫല്യം നേടുന്നുളളു. ഇവിടെ സംവിധായകന്‍ എന്നൊരു സൃഷ്ടികര്‍ത്താവിനെക്കൂടി നാടകവേദിക്കുവേണ്ടി വന്നു. ഈ തിരിച്ചറിവ് മലയാള നാടകവേദിയില്‍ വന്നതോടെയാണ് നാടകത്തിന് പുതിയ മാനങ്ങള്‍ കൈവന്നത്. 1965-ലെ അഖിലേന്ത്യാ സാഹിത്യ-കലാ സമ്മേളനത്തെത്തുടർന്ന് കേരളത്തിലെ കഥ, കവിത, ചിത്രകല, സംഗീതം, നാടകം, ചലച്ചിത്രം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രശസ്തരും  പ്രഗത്ഭരുമായ എഴുത്തുകാരും കലാകാരന്മാരും 1967-ല്‍ ശാസ്താം കോട്ടയില്‍ ഒത്തുകൂടി. കേരളത്തിലെ ആദ്യ നാടകക്കളരിക്കുവേണ്ടിയുളള കൂടിച്ചേരലായിരുന്നു അത്. ചിത്രകല, സംഗീതം, നൃത്തം, കഥകളി തുടങ്ങിയ കലാവിഷയങ്ങള്‍ക്ക് ജന്മവാസന മാത്രം പോരാ പരിശീലനവും ആവശ്യമാണെന്നു  ബോദ്ധ്യപ്പെട്ടിരുന്നെങ്കിലും നാടകത്തിന് അങ്ങനെയൊന്നു വേണമെന്ന ധാരണ സമൂഹത്തിലില്ലായിരുന്നു. നാടകാഭിനയത്തിന് പരിശീലനമോ? കേരളത്തിന്റെ കലാചരിത്രം പഠിക്കാതെ, മനസ്സിലാക്കാതെയുളള അഭിപ്രായമായിരുന്നു അത്. കാരണം, ലോകത്തിലെ രംഗകലാചരിത്രത്തില്‍ സവിശേഷ സ്ഥാനമുളള ഭാരതത്തിലെ കേരളകളരി പാരമ്പര്യത്തിന്റെ സ്ഥാനം മഹത്തരമാണെന്നു തിരിച്ചറിയാന്‍ വിമര്‍ശകര്‍ക്കു കഴിഞ്ഞിരുന്നില്ല. കേരളത്തിലെ ആദിവാസി രംഗകലയായ ഗദ്ദിക, നാടോടി രംഗകലകളായ കാക്കാരശ്ശി നാടകം, പൊറാട്ട് നാടകം, അനുഷ്ഠാന രംഗകലകളായ തെയ്യം, പടയണി, മുടിയേറ്റ്, ശാസ്ത്രീയ രംഗകലകളായ കൂടിയാട്ടം, കഥകളി തുടങ്ങിയവയ്ക്കെല്ലാം പരിശീലനത്തിന് ഒരു കളരിയുടെ ചരിത്രമുണ്ടായിരുന്നു. ഈ കലാരൂപങ്ങളുടെ നൃത്തം, സംഗീതം, അഭിനയം, ചമയം തുടങ്ങി ചതുര്‍വ്വിധാഭിനയത്തിലെ ആംഗിക-വാചിക-സ്വാത്വിക-ആഹാര്യ അഭിനയാംശങ്ങള്‍ക്ക് പരിശീലനം കൂടിയേ കഴിയുമായിരുന്നുളളു. ഇത്ര സമ്പന്നവും ശക്തവുമായ ഒരു രംഗകലാ പാരമ്പര്യവും കളരി പാരമ്പര്യവും നിലനില്‌ക്കെ അത്തരമൊരു ദേശത്തിന്റെ നാടകത്തിനും പരിശീലനം ആവശ്യമാണെന്നായിരുന്നു  നാടകക്കളരി ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങളില്‍ ഒന്ന്.

1967-ല്‍ ഉയര്‍ത്തിക്കാട്ടിയ ഈ പ്രമാണത്തിന് 1980-90 കാലമായപ്പോള്‍ പീറ്റര്‍ ബ്രൂക്കിനെപ്പോലെയുളള വിദേശ കലാകാരന്മാര്‍ അംഗീകാരം നല്‍കിയെങ്കിലും കേരളത്തിന് അതംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നിശിതമായ വിമര്‍ശനങ്ങള്‍ നാടകക്കളരിക്കു ലഭിച്ചെങ്കിലും നാടകത്തെ സ്‌നേഹിച്ച ജാതി-മത-രാഷ്ട്രീയ-വര്‍ണ-വർഗ്ഗ വിവേചനമില്ലാത്ത നിരവധിപേര്‍ അതിന്റെ പ്രചാരകരായി. കാരണം, നാടകക്കളരി നാടകപ്രേമികളുടെ കൂട്ടായ്മയെയും ലക്ഷ്യം വെച്ചിരുന്നു.

നാടകം:”ശത്രു” രചന:കെ. വി. ശരത്ചന്ദ്രൻ സംവിധാനം: ജോൺ ടി. വേക്കൻ1967 -ല്‍ ദിവസങ്ങളോളം നീണ്ടുനിന്ന നാടകക്കളരിക്കുശേഷം 1968-ലും 69-ലും തുടർവര്‍ഷങ്ങളിലും ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ എന്ന കണക്കിന് കേരളത്തിലുടനീളം നാടകക്കളരികള്‍ സംഘടിപ്പിക്കപ്പെട്ടു. കേരളത്തില്‍ സാഹിത്യരൂപങ്ങളായി മാത്രം നിലനിന്നിരുന്ന സി.ജെ. തോമസിന്റെ 1128-ല്‍ ക്രൈം 27, പുളിമാന പരമേശ്വരന്‍പിളളയുടെ സമത്വവാദി തുടങ്ങിയ നാടകങ്ങള്‍ മലയാളിക്ക് അപരിചിതനായിരുന്ന സംവിധായകന്റെ ഇടപെടലില്‍ വിവിധ നാടകക്കളരികളിൽ അവതരിപ്പിക്കുക കൂടി ചെയ്തതോടെ സംവിധായകന്റെ സ്ഥാനം മലയാള നാടകവേദിയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. കേരളത്തിലെ നാടകക്കളരികളില്‍ ജി. ശങ്കരപ്പിളളയ്‌ക്കൊപ്പം അന്ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ എസ്. രാമാനുജവും നാരായണസ്വാമിയും ഉണ്ടായിരുന്നു. അരങ്ങിലെ നാടകം സംവിധായകന്റെ കലയാകുമ്പോള്‍ത്തന്നെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും മികവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ട് അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട് എന്ന് നാടകക്കളരി ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. അങ്ങനെ നാടകക്കളരിയില്‍ സംവിധാനം, അഭിനയം, സംഗീതം, പ്രകാശവിന്യാസം, രംഗശില്പം, വേഷം, ചമയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശീലിപ്പിക്കപ്പെട്ടു. നാടകത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകള്‍ നാടകക്കളരികളിലൂടെ തിരുത്തപ്പെട്ടു. കളരിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഗുണങ്ങളും തിരിച്ചറിഞ്ഞ കോഴിക്കോട് സര്‍വ്വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ.ഗ്യാനി നാടക പഠനത്തിന് ഒരു സ്‌ക്കൂള്‍ തുടങ്ങാൻ മുന്നോട്ടുവന്നു. അങ്ങനെയാണ് 1977-ല്‍ തൃശൂരിലെ അരണാട്ടുകരയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്നത്.

നാടകക്കളരിയുടെ നായകത്വം വഹിച്ചിരുന്ന ജി. ശങ്കരപ്പിളള അവിടെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു. അതിനുശേഷം കേരളത്തില്‍ ചിലയിടങ്ങളില്‍ നാടകക്കളരികള്‍ സംഘടിപ്പിക്കപ്പെട്ടെങ്കിലും 1978-ല്‍ നാടകപ്രേമികളായ ഒരു കൂട്ടം കലാകാരന്മാര്‍ ഈ ലേഖകന്റെ നേതൃത്വത്തില്‍ വൈക്കം കേന്ദ്രമാക്കി നാടകക്കളരിയുടെ പ്രവര്‍ത്തനം തുടർന്നുകൊണ്ടുപോയി. നാല്പത്തി മൂന്നു വർഷമായി ഇപ്പൊഴും അത് തുടരുകയും ചെയ്യുന്നു. നാടകക്കളരി  ഒരു സംഘടനയല്ല, സ്ഥാപനമല്ല ഒരന്വേഷണമാണ്, ഒരു സംസ്‌ക്കാരമാണ്. നാടകക്കളരിയുടെ സ്ഥാപകാംഗങ്ങളായ കെ.എസ്. നാരായണപിളള, എം.വി. ദേവൻ തുടങ്ങിയവരും കേരളത്തിനു പുറത്തെയും വിദേശത്തെയും കലാകാരന്മാര്‍ കളരിയില്‍ വരുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന  നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്കുശേഷം ആരംഭിച്ച രണ്ടാമത്തെ സ്‌കൂളാണ് തൃശൂരിലേത്. പിന്നീട് ചണ്ഢീഗഡ്, ഹൈദരാബാദ്, പോണ്ടിച്ചേരി സർവ്വകലാശാലകളും  തീയേറ്റര്‍ ഡിപ്പാർട്ട്മെന്റുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്മെന്റുകളും തുടങ്ങി. സ്‌കൂള് ഓഫ് ഡ്രാമകള്‍ ഉളളപ്പോഴും നാടകക്കളരികളുടെ പ്രസക്തി എന്നു  പറയുന്നത് ജി. ശങ്കരപ്പിളളയുടെ വാക്കുകളിലൂടെ -”നാടക പാഠശാലകള്‍ക്കു പകരം നില്ക്കുന്നതല്ല. മറിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിക്കുന്നതാണ് നാടകക്കളരികളുടെ ധര്‍മ്മം. നാടക വേദിയിലെ മൂര്‍ത്തമായ കാര്യങ്ങള്‍ മാത്രമേ പാഠശാലകള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റു. നാടകക്കളരി ആ പ്രപഞ്ചത്തിലെ ചില അമൂര്‍ത്തതകളെക്കൂടി അന്വേഷിക്കുന്നതാണ്; ആവണം”.

നാടകം:”ചന്തമുള്ളവൾ” രചന: സുധീർ പരമേശ്വരൻ സംവിധാനം: ജോൺ ടി വേക്കൻ


തനതുനാടകവേദി

നാടകക്കളരിയുടെ ആവിര്‍ഭാവത്തോടൊപ്പം തന്നെ കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് തനതു നാടകവേദി എന്ന പ്രയോഗം. സാമൂഹിക ജീവിതത്തില്‍ മാത്രമല്ല, സാഹിത്യത്തിലും (കവിതയായാലും കഥയായാലും) കലയിലും (ചിത്രകലയായാലും നാടകമായാലും ചലച്ചിത്രമായാലും) രൂപം കൊളളുന്ന  പുതിയ പ്രവണതകളെ, സമ്പ്രദായങ്ങളെ, ആവിഷ്‌കാരങ്ങളെ ആദ്യം മലയാളി സമൂഹം എതിര്‍ക്കും, വിമര്‍ശിക്കും. അതൊരു ശീലമാണ്. മലയാളിയുടെ അത്തരത്തിലുളള പതിവുശീലങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയൊ എഴുതുകയൊ  പ്രകടനം കാഴ്ചവയ്ക്കുകയൊ ചെയ്തിട്ടുളളവരാണ് പില്ക്കാലത്ത് ഇന്ത്യയിലും ലോക ഭൂപടത്തിലും സ്ഥാനം ലഭിച്ചവരെന്നത് യാഥാര്‍ത്ഥ്യം.

എന്തായിരുന്നു തനത് നാടകവേദി എന്നതുകൊണ്ട് ലക്ഷ്യം വച്ചത്? സത്യം പറഞ്ഞാല്‍ തനതായ ഒരു നാടകവേദി, സ്വന്തമായുള്ളൊരു നാടകവേദി ഇതൊക്കെ അതിന്റെ വാച്യാര്‍ത്ഥമായി പറയാം. അല്പം കൂടി ചിന്തിച്ചാല്‍ മലയാണ്മയുളള, കേരളീയ സംസ്‌കാരമുളള, കേരളീയ രംഗകലാ
പാരമ്പര്യത്തിലധിഷ്ഠിതമായ നാടകവേദി എന്നു പറയാം. കേരളത്തില്‍ നവീനങ്ങളായ നിരവധി  ആശയങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും തുടക്കം കുറിച്ച എം. ഗോവിന്ദന്‍ തന്നെയാണ് ഈ ദര്‍ശനത്തിന്റെയും പിന്നിലുളളത്. 1967-ല്‍ ശാസ്താംകോട്ടയില്‍ നടന്ന  നാടകക്കളരിയുടെ സായാഹ്നങ്ങളിലൊന്നില്‍ ശാസ്താംകോട്ട കായല്ക്കരയില്‍ ഒത്തുകൂടിയ സി.എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിളള, കെ.എസ്. നാരായണപിളള, എം.വി. ദേവന്‍, കെ. അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുടെ ഒരു ചെറു സംഘത്തോട് എം. ഗോവിന്ദന്‍ പറഞ്ഞ ഒരു ആശയമായിരുന്നു അത്. നമുക്ക് ഒരു Authentic Theatre വേണം എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. അത് ഏതു രീതിയിലാവണം, അതിന്റെ പ്രമാണങ്ങളെന്താവണം, പ്രയോഗം എങ്ങനെയാവണം ഇതൊന്നും ഗോവിന്ദന്‍ വിശദീകരിച്ചിരുന്നില്ല. 1968-ല്‍ കൂത്താട്ടുകുളത്തുവെച്ചു നടന്ന നാടകക്കളരിയില്‍ ‘തനതു നാടകവേദി’ എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഇതിന്റെ വാച്യാര്‍ത്ഥത്തിന്റെ ആഴങ്ങളിലേയ്ക്ക് സി.എന്‍. പോയി. ഏതു ദേശത്തിനും അവിടത്തെ മനുഷ്യര്‍ക്കും സവിശേഷമായ ചില പ്രത്യേകതകളും ജീവിത രീതികളുമുണ്ടായിരിക്കും. അത് ഭൂമിശാസ്ത്രപരമായ, ജീവിത ദര്‍ശനത്തിലധിഷ്ഠിതമായ, സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ ഇഴചേർന്ന ഒന്നായിരിക്കും. കേരളത്തിലെ ഭൂപ്രകൃതിയുടെ വ്യത്യാസമനുസരിച്ച് മണ്ണിന്റെ നിറത്തില്‍പ്പോലും വ്യത്യസ്തതയുണ്ടല്ലൊ. ഭാഷ, ഭക്ഷണം, തൊഴില്‍, വസ്ത്രധാരണം, വിശ്വാസം, വിനോദം തുടങ്ങിയവയിലും ഈ വ്യത്യസ്തതകള്‍ പ്രകടമാണ്. അങ്ങനെയെങ്കില്‍ ആ പ്രദേശത്തെ മനുഷ്യരുടെ ചിത്രകല, സംഗീതം, നൃത്തം, നാടകം എന്നിവയിലും വൈവിധ്യം പ്രകടമായിരിക്കണം. ആ വൈവിധ്യം മറന്ന് നമ്മള്‍ അന്യഭാഷാ – സംസ്‌ക്കാരത്തിന്റെ വഴിയേ പോയി ഒരു നാടകസങ്കല്പം രൂപപ്പെടുത്താന്‍ ശ്രമിക്കന്നത് എത്രമാത്രം സത്യസന്ധമാകും? തനിമയുളളതാകും? നേരത്തെ നമ്മള്‍ നമുക്കൊരു കളരി പാരമ്പര്യമുണ്ടെന്നു കണ്ടെത്തിയപോലെ, നമുക്കൊരു രംഗകലാപാരമ്പര്യ (നാടകപാരമ്പര്യം) മുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ അവയ്ക്ക് ‘ആട്ട’ മെന്നും ‘കളി’ യെന്നുമായിരുന്നു പ്രയോഗിച്ചിരുന്നത്. രംഗകലയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അതിന് രൂപമാറ്റം സംഭവിച്ചപോലെ, പേരില്‍ മാറ്റംവന്ന് കഥകളിവരെയേ നമ്മള്‍ എത്തിപ്പെട്ടുളളു. എന്നു പറഞ്ഞാല്‍, നമ്മുടെ കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ നാടോടിയും അനുഷ്ഠാനവും ശാസ്ത്രീയതയും വളർന്ന് നാടകത്തില്‍ എത്തിച്ചേർന്നില്ല. നമ്മള്‍ ഒരു നാടകക്കളരി പാരമ്പര്യവും അതിലധിഷ്ഠിതമായ ഒരു നാടക വേദിയും കെട്ടിപ്പടുക്കുമ്പോള്‍ നമ്മുടേതായ സംഗീതത്തിലും വാദ്യത്തിലും രംഗകലകളിലും വര്‍ണസങ്കല്പത്തിലും ദൃശ്യചാരുതയിലും വേരുറപ്പിച്ചാവണം അതെന്നായിരുന്നു തനതു നാടകവേദി എന്നതുകൊണ്ടുദ്ദേശിച്ചത്.

1968-ലെ കൂത്താട്ടുകുളം കളരിയില്‍ പങ്കെടുത്ത സി.എന്‍. ശ്രീകണ്ഠൻനായര്‍, ജി. ശങ്കരപ്പിളള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ പ്രഗല്ഭരായ നമ്മുടെ നാടക കൃത്തുക്കള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി നാടകങ്ങള്‍ രചിക്കുകയും ജി. അരവിന്ദന്‍, കുമാരവര്‍മ്മ, എസ്. രാമാനുജം തുടങ്ങിയ പ്രഗത്ഭരായ സംവിധായകർ അവയ്ക്ക് രംഗാവിഷ്‌കാരം നല്കുകയും
ചെയ്തത് മലയാള നാടകവേദിയുടെ ചരിത്രത്തിലെ നൂതന സംരംഭങ്ങള്‍ തന്നെയായിരുന്നു. ഇതിനെത്തുടർന്ന്  ടി.എം. എബ്രഹാം, വയലാ വാസുദേവന്‍പിളള, ആര്‍. നരേന്ദ്രപ്രസാദ്, കെ.എസ്. നാരായണപിളള, കെ.ജെ. ബേബി, തുടങ്ങി എത്രയോ പേര്‍ തനതു നാടകവേദിയില്‍ നിരന്തരം നാടകാവിഷ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചു. അവയില്‍ പലനാടകങ്ങളും ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. അതോടെ മലയാളിക്കും തനതു നാടകവേദി സ്വീകാര്യമായി. എന്നു  മാത്രമല്ല, കേരളത്തിലെ യുവാക്കള്‍ ഗൗരവ നാടകവേദികളിലും സര്‍വ്വകലാശാലാ നാടകവേദികളിലും സ്‌കൂള്‍ നാടകവേദികളിലും
എത്രയോ രംഗാവതാരണങ്ങള്‍ ഈ രീതിയില്‍ നടത്തി. അവയെല്ലാം മികച്ചതായിരുന്നു എന്നു പറയാന്‍ കഴിയില്ലെങ്കിലും  മികച്ചവയും ഉണ്ടായിരുന്നുവെന്ന് പറയാതെ വയ്യ. എന്നാല്‍ ഇത് കേരളത്തില്‍ മാത്രമായി സംഭവിച്ച കാര്യമല്ല. 1965-ലെ അഖിലേന്ത്യാ സാഹിത്യ – കലാസമ്മേളനത്തിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന നാടക പ്രതിഭകള്‍ അവരുടെ സ്വന്തം നാട്ടില്‍ ഇതേതരത്തിലുളള അന്വേഷണങ്ങളും പഠനങ്ങളും നടത്തുകയുണ്ടായി. ചത്തീസ്ഗഡില്‍ ഹബീബ് തന്‍വീര്‍, മറാത്തിയില്‍ വിജയ് തെണ്ടുല്‍ക്കര്‍, ജബ്ബാര്‍ പട്ടേല്‍, ബി.വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ചന്ദ്രശേഖര കമ്പാര്‍, കെ.വി. സുബ്ബണ്ണ, തമിഴില്‍ എസ്. രാമാനുജം, എന്‍. മുത്തുസ്വാമി, ബംഗാളിലെ അരുൺ മുഖര്‍ജി, മണിപ്പൂരിയിലെ രത്തന്‍ തെയ്യം തുടങ്ങിയവരുടെ നാടകങ്ങള്‍ ഇന്നും  ചര്‍ച്ചചെയ്യപ്പെടുന്നവയും ആവര്‍ത്തിച്ച് അവതരിപ്പിക്കപ്പെടുന്നവയുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ പാരമ്പര്യ രംഗകലകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അവതരിപ്പിക്കപ്പെടുന്ന നാടകങ്ങള്‍ ആ ദേശക്കാര്‍ പ്രോത്സാഹിപ്പിക്കുകയും നിരവധി അവസരങ്ങള്‍ നല്കി വളര്‍ത്തുകയും ചെയ്യുന്നു എന്നതും മലയാളത്തില്‍ നടക്കുന്ന ഇത്തരം പരീക്ഷണങ്ങളെയും ആവിഷ്‌കാരങ്ങളെയും പ്രോത്സാഹിപ്പിക്കാതെ അര്‍ത്ഥശൂന്യമായി വിമര്‍ശിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ട വസ്തുതയാണ്. കാരണം, മലയാളി അപ്പപ്പോഴുണ്ടാകുന്ന ചിത്തവൃത്തിക്കനുസരിച്ച് (A particular frame of mind)എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു-വ്യക്തമായ ധാരണയോ കാഴ്ചപ്പാടോ ദര്‍ശനമോ ഇല്ലാതെ പോകുന്നു. പൗരസ്ത്യ നാടകപാരമ്പര്യം പുച്ഛിച്ചു തളളി പാശ്ചാത്യ നാടക രചനാരീതിയോ സങ്കേതബദ്ധമായ ശൈലിയോ അനുവര്‍ത്തിച്ച് നാടകം അവതരിപ്പിക്കുമ്പോള്‍ പരീക്ഷണത്തിന്റെ കൗതുകം കാഴ്ചയില്‍ അവശേഷിക്കുമെങ്കിലും അതിനെ അനുകരിച്ചും ആവര്‍ത്തിച്ചും മറ്റൊരു നാടകമുണ്ടാകുമ്പോള്‍ പ്രേക്ഷകര്‍ തളളിക്കളയുന്നത് എന്ത്‌കൊണ്ട്? എന്നാല്‍ പുരാണ കഥകളെ അവലംബിച്ച് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളി തുടര്‍ച്ചയായി ഇന്നും ആസ്വദിക്കപ്പെടുന്നതെന്തുകൊണ്ട്?

സ്ഥിരം നാടകവേദി

1967-ല്‍ ആരംഭിച്ച നാടകക്കളരിയുടെ പ്രവര്‍ത്തനത്തെത്തുടർന്ന്  കേരളത്തില്‍ ഗൗരവത്തോടെ നാടക പരിശീലനവും നാടകാവതരണവും നടന്നിരുന്നുവെങ്കിലും ആസ്ഥാന കേന്ദ്രീകൃതമായി കുറച്ചു സംരംഭങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളു.  പ്രാദേശികാടിസ്ഥാനത്തില്‍ ഒരു നാടകക്കളരിയും അതേത്തുടർന്ന് ഒരു നാടകാവതരണവും. ആ നാടകം പിന്നീട് അവതരിക്കപ്പെട്ടുകൊളളണമെന്നില്ല. എന്നാല്‍ തിരുവനന്തപുരം കേന്ദ്രമാക്കി കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവരങ്ങ് നാടകസംഘം നിരന്തരം പരിശീലനങ്ങളും നിരവധി നാടകാവതരണങ്ങളും (കേരളത്തിന് പുറത്തും വിദേശങ്ങളിലും) നടത്തിയിരുന്ന സംരംഭമാണ്. ഭരത് ഗോപി, നെടുമുടി വേണു, ജഗാഥന്‍ തുടങ്ങിയ നടന്മാര്‍ തിരുവരങ്ങില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. അരങ്ങിലെ പഠനവും അനുഭവവും നേടിയാണ് അവര്‍ ചലച്ചിത്രലോകത്തേയ്ക്ക് പോയത്. തിരുവരങ്ങ് പിന്നീട് സോപാനം എന്ന പേര് സ്വീകരിച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന്  നരേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരു നാട്യഗൃഹമാണ്. അവിടെയും പരിശീലനങ്ങളും നാടകാവതരണങ്ങളും നടിരുന്നു. മുരളി, എം.ആര്‍. ഗോപകുമാര്‍, അലിയാര്‍, എം.കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയ നടന്മാര്‍ നാട്യഗൃത്തിലെ അഭിനേതാക്കളായിരുന്നു. ടി.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചിന്‍ തീയേറ്റര്‍ ഗ്രൂപ്പ്, ചന്ദ്രദാസന്റെ നേതൃത്വത്തിലുളള ലോകധര്‍മി, തൃശൂര്‍ കേന്ദ്രമാക്കി ഇ.ടി. വര്‍ഗീസിന്റെ നേതൃത്വത്തിലുളള രംഗചേതന, ഡി. രഘൂത്തമന്റെ നേതൃത്വത്തിലുളള തിരുവനന്തപുരത്തെ അഭിനയ (പട്ടിക പൂര്‍ണമല്ല) തുടങ്ങി പ്രവര്‍ത്തനനിരതമായ ചില നാടക സംഘങ്ങള്‍ മേല്പറഞ്ഞ നാടക സംഘങ്ങളുടെ രീതികളില്‍ നിന്നു  വ്യത്യസ്തമാണ്.

നാടകം:”മാരൻ”
രചന:എസ്. ബിജിലാൽ സംവിധാനം: ജോൺ ടി. വേക്കൻ

1967-ലെ നാടകക്കളരിയുടെ തുടര്‍ച്ചയായി 1978 മുതല്‍ കഴിഞ്ഞ നാല്പത്തിമൂന്നു വര്‍ഷമായി വൈക്കം കേന്ദ്രമാക്കി ഈ ലേഖകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുക്കുന്നു  നാടകക്കളരിയും അതിന്റെ റെപ്പർട്ടറിയായി പ്രവര്‍ത്തിക്കുന്ന  വൈക്കം തിരുനാള്‍ നാടകവേദി എന്ന നാടകസംഘവും. കോവിഡ്കാലത്ത് നിശ്ചലമായിപ്പോയ കേരളത്തിലെ നാടകവേദിയിൽ സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് അയവുവരുത്തിയപ്പോൾ പല നാടകസംഘങ്ങളും നാടകാവതരണത്തിന് തയ്യാറായില്ല. എന്നാൽ, വൈക്കം തിരുനാൾ നാടകവേദി 2021 മാർച്ച് 27 ലോകനാടകദിനത്തിൽ എറണാകുളത്ത് പുതിയ നാടകവുമായി അരങ്ങിൽ സജീവമായി. എസ്. ബിജിലാൽ രചിച്ച് ഈ ലേഖകൻ സംവിധാനം ചെയ്ത് അയൂബ്ഖാൻ, മല്ലിക എന്നീ അഭിനേതാക്കളിലൂടെ ‘മാരൻ’ എന്ന നാടകമാണ് അരങ്ങേറിയത്. വൈക്കത്തും എറണാകുളത്തും പ്രവർത്തിക്കുന്ന നാടകക്കളരിയിൽ  വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് നിരന്തരം പരിശീലനം നടത്തുന്നത് പത്തുമാസത്തെ പരിശീലന കോഴ്‌സ് എന്ന നിലയിലാണ്. പരിശീലനം പൂര്‍ത്തിയാക്കുവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ നാടകസംഘവും. എന്നാല്‍ അവിടെ ഏതെങ്കിലുമൊരു പ്രത്യേക ശൈലിയിലുളള നാടകങ്ങള്‍ മാത്രം അവതരിപ്പിക്കാനുളള പരിശീലനമല്ല നല്കുന്നത്. പരിശീലനത്തിന് മാസഫീസും ഉണ്ട്. സ്വദേശീയരും വിദേശീയരുമായ കലാകാരന്മാര്‍ പരിശീലനത്തിന് എത്തുകയും ചെയ്യുന്നു. മേല്‍ സൂചിപ്പിച്ച എല്ലാ നാടക സംഘങ്ങളും ദീര്‍ഘകാലം (നാലുമാസം, ആറുമാസം, ഒരുവര്‍ഷം) പരിശീലനം നല്‍കിയ ശേഷമാണ് ഒരു നാടകം അരങ്ങിലെത്തിക്കുന്നത്. ഇങ്ങനെ ഒരുക്കുന്ന നാടകങ്ങള്‍ ആദ്യ അവതാരണത്തോടെ നിലച്ചുപോകു അവസ്ഥയാണ് ഉണ്ടായിരുന്നത്. തുടരവതാരണങ്ങള്‍ക്ക് വേദി ലഭിക്കാതെ വരുക, സാമ്പത്തിക പ്രശ്‌നങ്ങള്‍ അങ്ങനെ പലവിധ  പ്രതിസന്ധികള്‍. അപൂര്‍വ്വം ചില സംഘങ്ങള്‍ക്കുമാത്രമാണ് ഒന്നിലധികം വേദികളില്‍ അരങ്ങേറാന്‍ കഴിഞ്ഞിരുന്നത്. ഇത് കേരളത്തിലെ ഗൗരവനാടകവേദിയുടെ ഒരു പൊതു പ്രശ്‌നമായിരുന്നു.

നാടകക്കളരി മുന്നോട്ടുവെച്ച ആശയങ്ങളില്‍ പരിശീലനം നേടിയ സംഘത്തിന്റെ നാടകാവതരണം, തനതായ ഒരു നാടകസംസ്‌ക്കാരത്തിന്റെ വ്യാപനം എന്നിവയോടൊപ്പംതന്നെ പ്രധാനമായിരുന്നു ഇത്തരം നാടകങ്ങളുടെ തുടരവതരണങ്ങളിലൂടെ പ്രേക്ഷകരെ യഥാര്‍ത്ഥ നാടകാസ്വാദകരാക്കി മാറ്റുക എന്നത്. ഈ ലക്ഷ്യം സാധിതമാക്കുതിനും മേല്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനുമായി വൈക്കം കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരു നാടകക്കളരിയുടെ മറ്റൊരു കേന്ദ്രം എറണാകുളത്ത് 1999-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക നാടകവേദിയിലെ പല ചലനങ്ങളും ഇന്ത്യയിലും കേരളത്തിലും അലയടിച്ചിട്ടുണ്ടെങ്കിലും നാടകപ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായ സ്ഥിരം നാടകവേദി (Permanent theatre) എന്ന  സ്വപ്നം സാക്ഷാത്കരിച്ചിരുന്നില്ല. കലാനിലയം കൃഷ്ണൻനായരുടേത് കുറച്ചുനാള്‍ ഒരിടത്ത് നാടകങ്ങള്‍ അവതരിപ്പിച്ചശേഷം മറ്റൊരിടത്തേക്കു താവളം മാറ്റുന്ന രീതിയായിരുന്നു. ഇത് ടൂറിങ് തീയേറ്റര്‍ തന്നെയായിരുന്നു. എന്നാല്‍ എറണാകുളം കേന്ദ്രമാക്കി ആരംഭിച്ച നാടകക്കളരിയില്‍ പരിശീലനം നേടുന്ന കലാകാരന്മാർ വൈക്കം തിരുനാള്‍ നാടകവേദി 2000-ാമാണ്ടില്‍ ഒരു സ്ഥിരം നാടകശാല പ്രവര്‍ത്തനമാരംഭച്ചത് നാടക ചരിത്രത്തിലെ പുതിയ അദ്ധ്യായമായിരുന്നു. വിദേശരാജ്യങ്ങളില്‍ പോയാല്‍ നാടകം കാണാനുളള വ്യക്തിക്ക് ടിക്കെറ്റെടുത്ത് നാടകം കാണാം. അതിനുളള സ്ഥിരം നാടകശാലകളുണ്ടവിടെ. ചില നാടകങ്ങള്‍ കാണാന്‍ മാസങ്ങൾ മുമ്പേ സീറ്റ് റിസര്‍വ്വ് ചെയ്യുകയും വേണം. ടിക്കറ്റിന്റെ വില ഇന്ത്യന്‍ കറന്‍സി പ്രകാരം രണ്ടായിരവും നാലായിരവും രൂപ വരും. നാടകം കാണാന്‍ മാത്രമല്ല, ചിത്രപ്രദര്‍ശനം (പെയിന്റിംഗ് എക്‌സിബിഷന്‍) കാണാനും ടിക്കറ്റെടുക്കണം. പല വിദേശരാജ്യങ്ങളിലും ഇതാണ് രീതി. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് ഷേണായീസ് തീയേറ്ററിനു സമീപം പബ്ളിക്ക് ലൈബ്രറിക്കടുത്തുളള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഹാളിലാണ് വൈക്കം തിരുനാള്‍ നാടകവേദി സ്ഥിരം നാടകശാല ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും വൈകിട്ട് കൃത്യം 6.30ന് നാടകാവതരണം. അതൊരു നാടകശാല മാത്രമായിരുന്നില്ല. പ്രവേശനത്തിനുളള ഇരുപത് രൂപാ ടിക്കറ്റെടുത്ത് ഹാളില്‍ പ്രവേശിച്ചാല്‍ കര്‍ണാന്ദകരമായ സംഗീതം, പ്രവേശനകവാടത്തില്‍ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം, നാടകസംബന്ധിയായ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും, ഒരു ടീ സ്റ്റാൾ ഇത്രയുമായിരുന്നു.  അമ്പതുപേര്‍ക്കിരിക്കാവുന്ന ആ ഹാളിലെ സൗകര്യങ്ങള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാബീജം, എം.വി. ദേവന്റെ മഹാനായ
കലാകാരൻ, കാവാലത്തിന്റെ ഒറ്റയാന്‍, സി.എന്‍.ശ്രീകണ്ഠൻനായരുടെ കാഞ്ചനസീത, കെ.വി.ശരത്ചന്ദ്രന്റെ ശത്രു, സുധീര്‍ പരമേശ്വരന്റെ ചന്തമുളളവള്‍, സിവിക് ചന്ദ്രന്റെ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുത്…? തുടങ്ങിയവയാണ് അവതരിപ്പിക്കപ്പെട്ട 
നാടകങ്ങള്‍. ഈ നാടകങ്ങളുടെ സംവിധാനച്ചുമതല ഈ ലേഖകനായിരുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും പത്രമാധ്യമങ്ങള്‍ സാഹസികമായ ഈ സംരംഭത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. വായിച്ചും കേട്ടും കേരളത്തിന്റെ നാനാഭാഗത്തു നിന്നും  അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി പ്രേക്ഷകര്‍ നാടകശാലയിലെത്തി. ചില ശനിയാഴ്ചകളില്‍ പ്രദര്‍ശനം ഹൗസ്ഫുള്‍ ആയി ടിക്കറ്റെടുത്ത് കിട്ടാതെ പ്രേക്ഷകര്‍ തിരികെപ്പോയിട്ടുണ്ട്. ഏതാനും വര്‍ഷം ഈ നാടക പ്രദര്‍ശനം തുടർന്നു.  എറണാകുളത്തെ നാടകവേദി ഏറ്റവും സജീവമായതും ഈ കാലഘട്ടത്തിലായിരുന്നു.  എന്തുവാങ്ങിയാലും കൂടെയെന്തെങ്കിലും സൗജന്യമായി കിട്ടാനും എന്തുകലാവിരുന്നും സൗജന്യമായി മാത്രം കാണാനും ആഗ്രഹിക്കുന്ന മലയാളികളില്‍, നാടകം കാണാന്‍ തുച്ഛമായ ഇരുപതു രൂപയുടെ ടിക്കറ്റെടുക്കാന്‍ വൈമനസ്യം കാട്ടിയവരുമുണ്ടായിരുന്നു.  അത്തരക്കാരില്‍ നാടക പ്രവര്‍ത്തകരുമുണ്ടായിരുന്നു എന്നത് ലജ്ജിപ്പിക്കുന്ന വസ്തുതയാണെങ്കിലും പിന്നീട് അവര്‍ക്കും ടിക്കറ്റുവെച്ച് നാടകം നടത്തേണ്ടിവന്നു എന്നതും കാലം അവര്‍ക്കു നല്കിയ തിരിച്ചറിവായി കരുതാം.

കുട്ടികളുടെ സ്ഥിരം നാടകവേദി

സ്ഥിരം നാടകവേദി പ്രവര്‍ത്തനമാരംഭിച്ചതിന്റെ അടുത്തവര്‍ഷം (2001-ല്‍) കുട്ടികളുടെ സ്ഥിരം നാടകവേദിക്ക് തുടക്കം കുറിച്ചു. നാടകക്കളരിയില്‍ പതിവായി പരിശീലനത്തിനു വന്നിരുന്ന  കുട്ടികള്‍ക്കുവേണ്ടിയും ഒരു സ്ഥിരം നാടകശാല. ജി. ശങ്കരപ്പിളളയുടെയും കെ. കൊച്ചുനാരായണപിളളയുടെയും
നേതൃത്വത്തില്‍ വെഞ്ഞാറമൂട്ടില്‍ ആരംഭിച്ച് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രംഗപ്രഭാത് കേരളത്തിലെ ഗൗരവമുളള ഒരു ബാലനാടകവേദിയാണ്. എന്നാല്‍ അവിടെ സ്ഥിരം നാടകശാല പ്രവര്‍ത്തിക്കുന്നില്ല. എറണാകുളത്താരംഭിച്ച കുട്ടികളുടെ സ്ഥിരം നാടകവേദി എല്ലാ രണ്ടാം ശനിയാഴ്ചയും വൈകിട്ട് 6.30-ന് നാടകാവതരണങ്ങള്‍ നടത്തിയിരുന്നു.  ജി.ശങ്കരപ്പിളളയുടെ ഒരു തളളക്കുരുവിയും മക്കളും എന്ന കഥയെ  ഉപജീവിച്ച് ഡോ. എച്ച്. സദാശിവന്‍പിളള നല്കിയ നാടകരൂപം മാലാ സുകുമാരനാണ് സംവിധാനം ചെയ്തത്. കുട്ടികളുടെ നാടകവും ടിക്കറ്റുവെച്ചാണ് നടത്തിയിരുന്നത്. ഇത് കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ലാദവും ആത്മബോധവും നല്കിയിരുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു നാടക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവര്‍തന്നെ നേരിട്ട്  നാടകമവതരിപ്പിക്കുന്ന സ്ഥിരം നാടകശാലയുണ്ടായത്. പുതിയ പല സാംസ്‌ക്കാരിക സംരംഭങ്ങള്‍ക്കും തുടക്കമിട്ട കേരളത്തിനഭിമാനിക്കാവുന്ന  ഒരു ഉദ്യമമായിരുന്നു അത്. മൗലികവും സ്വതന്ത്രവുമായ നാടക-സാഹിത്യ-കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ പലരായി തുടങ്ങിവെക്കുമ്പോഴും നടത്തിക്കൊണ്ടു പോകുമ്പോഴും ഇതിനെയൊന്നും  പ്രോത്സാഹിപ്പിക്കുതിനും സഹായിക്കുന്നതിനും കേരളത്തിലെ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പുകള്‍ക്കോ അക്കാദമികള്‍ക്കോ വേണ്ടത്ര സൗകര്യങ്ങളോ ഫണ്ടുകളോ ഇല്ലാതെ വരുന്നതും സാമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ ഔചിത്യമില്ലാത്ത ഇടപെടലുകള്‍, അത്തരം സംരംഭങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ ഒരു പരിത:സ്ഥിതിയില്‍ കേരളത്തിലെ സാംസ്‌ക്കാരിക മേഖലയും നാടകവേദിയും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെ അതിജീവിച്ച് ഇന്നും കുറച്ചു കലാകാരന്മാര്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് കേരളത്തിലെ നാടകവേദിയുടെ പ്രകാശം.\

home

You can share this post!