നവവത്സരപതിപ്പ് 2022/രാത്രിയുടെ ഭംഗി/രാജൻതെക്കുംഭാഗം


ഞാനുറങ്ങാൻ കിടക്കുന്ന നേരമെൻ…
അച്ഛനെത്താത്ത രാവുകളേറെയും..
ഞാനുണർന്നു പതിവുപോൽ നോക്കവെ,
അച്ഛനെപ്പൊഴെ പോയിക്കഴിഞ്ഞെന്ന്‌,
മെല്ലെയോതിടുമമ്മയുമപ്പോൾ !
നേരം പുലരുമ്പോഴമ്മയും പോയിടും…..
അമ്മ വൈകുന്നരാവിലെല്ലാം,
വിങ്ങി വിങ്ങിക്കരഞ്ഞിടും ഞാൻ !
എത്രയുറങ്ങാൻ ശ്രമിച്ചാലുമാകാതെ,
നീല വാനിൽ പരതിടുമ്പോൾ,
ഈ മൂകരാത്രിയെ തൊട്ടുണർത്താൻ….
പാതിരാപ്പുള്ളുമുണർന്നിരിക്കും.
പൂനിലാവെന്റെ മനസ്സായി മാറുമ്പോൾ,
ഞാനതിൽ നിറയുന്ന നിനവായിടും.
ഒരു ഗദ്‌ഗദത്താൽ തീരുമെൻ ദുഖവും,
വിരഹവും വിഷാദഭാവങ്ങളും.
പൂക്കൾ വിടരുന്നു….
രാവു ചിരിക്കുന്നു.
എന്തിനീ പകലിന്റെ കണ്ണു നിറയ്ക്കാൻ…
സന്ധ്യകൾ വേർപെടുന്നു?

home

You can share this post!