നവവത്സരപതിപ്പ് 2022/മൃത്യുഭൂവിലെ സുയോധനന്‍/മലയാലപ്പുഴ സുധൻ


ഖണ്ഡകാവ്യം

കുരുക്ഷേത്രത്തില്‍ നടന്നത് ധര്‍മ്മയുദ്ധമായിരുന്നുവോ? ആണെന്നും അല്ലെന്നും നിരൂപകന്‍മാര്‍ അഭിപ്രായപ്പെടുന്നു. ധര്‍മ്മാധര്‍മ്മങ്ങള്‍ ആപേക്ഷീകങ്ങളാണ്. കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ഭീമന്‍ ഗദകൊണ്ടു ദുര്യോധനന്‍റെ തുടയെല്ല് അടിച്ചു തകര്‍ത്തത് ധര്‍മ്മയുദ്ധത്തിനു ചേര്‍ന്ന പ്രവൃത്തിയായിരുന്നില്ല. വീണു കിടന്ന ദുര്യോധനന്‍റെ നെഞ്ചത്തു കയറി നിന്നു തുള്ളിയ ഭീമന്‍റെ പ്രവൃത്തി അപലപനീയം തന്നെ. മഹാഭാരതത്തിലെ ഈ കഥാസന്ദര്‍ഭമാണ് ഖണ്ഡകാവ്യരൂപത്തില്‍ ഞാനിവിടെ ആവിഷ്കരിക്കുന്നത്.

ഖണ്ഡം ഒന്ന്

പാര്‍ത്ഥന്‍റെ സാരഥി തന്ത്രം മെനഞ്ഞു
തുടയെല്ലൊടിഞ്ഞു ദുര്യോധനന്‍ വീണു
മൃതിയോടു മല്ലിട്ടു ബന്ധുക്കളേക്കാത്തു
കാതുകള്‍ കൂര്‍പ്പിച്ചു കണ്ണുനീര്‍ വാര്‍ത്തു
കൗരവന്‍ ഭൂത കാലം ചികഞ്ഞു…

കേട്ടൂ കുളമ്പടി നാദമകലെ
കണ്ണു തുറന്നയാള്‍ ചുറ്റും പരതി…
ബന്ധുക്കളില്‍ ബന്ധു ആചാര്യ നന്ദനന്‍
കുമ്പിട്ടു വന്ദിച്ചു നിന്നു വിതുമ്പി….

“കൌരവ പക്ഷത്തു ശേഷിപ്പൂ മൂന്നുപേര്‍
കൃപര്‍, കൃതവര്‍മ്മനും, പിന്നെയീ ഞാനും.
പൂഴിയില്‍ വീണു കിടക്കും ഭവാന്‍റെയീ
ദു:സ്ഥിതി ചിത്തം കലക്കുന്നു രാജാ
കല്‍പ്പിച്ചു ചൊല്ലുക- ഞാനെന്തു ചെയ്യേണ്ടൂ”.
ആചാര്യനന്ദനനാരാഞ്ഞു സാദരം.

തീക്കാറ്റു വീശിയടിച്ചൂ – കബന്ധങ്ങള്‍
വെന്തു മൊരിയുന്ന ഗന്ധം പരന്നൂ…
കണ്ണുകള്‍ പൂട്ടിയടച്ചു സുയോധനന്‍
സ്നേഹാര്‍ദ്ര നീരജച്ചിറ പൊളിഞ്ഞൂ.

“ദ്രൗണീയുണരുക! ധര്‍മ്മം ചതിയുടെ
പര്യായമായിടും നീയിന്നുറങ്ങിയാല്‍ .
ധര്‍മ്മത്താലല്ലവര്‍ കുന്തീതനയന്‍മാര്‍
അങ്കം ജയിച്ചതെന്നറിയൂ സഖാവേ.
പാണ്ഡവരല്ലവര്‍ – കൗന്തേയര്‍ മൂന്നു പേര്‍
മാദ്രേയര്‍ രണ്ടും – ജാരസന്താനങ്ങളഞ്ചും!
ദ്രൗണീ, സഖാവേ! പ്രതീക്ഷ നീ മാത്രം
മൂവംഗസേനയ്ക്കു നീ തന്നെ നായകന്‍.
ധര്‍മ്മ വ്യാഖ്യാനം രചിക്കട്ടെ കാലം
ധീരതയോടു നീ മുന്നേറുക”.

മിഴി പൂട്ടി നോവിന്‍റെ പാഷാണദ്രാവക-
മിറ്റിറ്റിറുമ്മിയിറക്കീ സുയോധനന്‍.
രത്നകിരീടം ചളിയില്‍ പുതഞ്ഞു …
മേഘങ്ങള്‍ ഗര്‍ജ്ജിച്ചു – വര്‍ഷം പൊഴിഞ്ഞൂ
കബന്ധം വിഴുങ്ങി മദിച്ചാളി നിന്ന
അഗ്നിയണഞ്ഞു – തെളിഞ്ഞു പ്രകൃതി .
കുതിരപ്പുറത്തു കയറീ ഗുരുപുത്രന്‍ പൂഴി പറത്തി
ക്കുതിച്ചശ്വവീരന്‍…

ഖണ്ഡം രണ്ട്

ശത്രുവിന്‍ നാഭിക്കു താഴെയടിക്കുവാന്‍
ഗദായുദ്ധതന്ത്രത്തിലുണ്ടോ വിധി?
പോരില്‍ പരാജിതനായി
പ്പതിക്കുന്ന
ശത്രുവിന്‍ നെഞ്ചത്തു തുള്ളുവാനും?

യുദ്ധ ധര്‍മ്മങ്ങള്‍ മുറുകെപ്പിടിച്ചുകൊ-
ണ്ടടരാടി കൗരവമുഖ്യന്‍ സുയോധനന്‍
ധര്‍മ്മമറയിലധര്‍മ്മ പ്രവൃത്തികള്‍
ചെയ്തു മുന്നേറിയോര്‍ പാണ്ഡവപക്ഷക്കാര്‍.

ഏതു ധര്‍മ്മത്തിന്‍റെ പിന്‍ബലം നോക്കി
വൃകോദരന്‍ കാണിച്ചു സാഹസങ്ങള്‍!
ഏതു ധര്‍മ്മത്തിന്‍റെ പിന്‍ബലം നോക്കി
കൊന്നൂ ഗുരുവിനെ ധൃഷ്ടദ്യുമ്നന്‍!

മൂവംഗ സേനക്കു നായകനാണു ഞാന്‍!
തന്ത്രങ്ങളെ ധര്‍മ്മ പര്യായമാക്കി
അന്ത്യം വരെയും പൊരുതി മുന്നേറണം
നിശ്ചയം ചെയ്തുറപ്പിച്ചു ദ്രൗണി.

ഖണ്ഡം മൂന്ന്

ദിക്കുകളെട്ടിലും ശിഖരങ്ങള്‍ നീട്ടി
കുരുക്ഷേത്രസീമയില്‍ നില്‍ക്കുമൊരാലിന്‍റെ
ചോട്ടിലിരുന്നു മനസ്സിനെയേകാഗ്ര
മാക്കിയശ്വത്ഥാമന്‍ ധ്യാന നിരതനായ്.

രാത്രിയിരുണ്ടു കറുത്തൂ
ചീവീടു നീട്ടിക്കരഞ്ഞൂ…
രാത്രീഞ്ചരന്‍മാരുണര്‍ന്നൂ
പകലിന്നുപാസകര്‍ നിദ്രയിലാണ്ടൂ…
തെക്കുദിക്കീന്നൊരു കൂറ്റനാം കൂമന്‍റെ
വരവുകണ്ടത്ഭുതം കൂറി ദ്രൗണി.

ആല്‍മരക്കൊമ്പത്തു പറ്റിയിരുന്നവന്‍
ആലോകനം ചെയ്തു ചുറ്റുപാടും.
നിദ്രയിലാഴ്ന്നു മയങ്ങിയ വായസ –
ക്കൂട്ടത്തിനുനേര്‍ക്കയ
ച്ചൂ മിഴികള്‍
സംഹാര താണ്ഡവമാടീയനന്തരം…
മാത്രകള്‍ക്കുള്ളിലനവധി കാകന്‍മാര്‍
പ്രാണന്‍ വെടിഞ്ഞു നിപതിച്ചു ഭൂമിയില്‍.

ഉള്ളിന്‍റെയുള്ളീന്നു പൊങ്ങിയുയര്‍ന്നതാം
തന്ത്രലഹരിയിലുന്മത്തനായയാള്‍
കുതിരപ്പുറത്തേറി വേഗം കുതിച്ചൂ…

ഖണ്ഡം നാല്

ഗൂഢമാരാവിന്‍റെ യന്ത്യയാമങ്ങളില്‍
കൗരവ സേനയില്‍ ശേഷിച്ച മൂന്നു പേര്‍
ശത്രുശിബിരത്തിലേക്കു കുതിച്ചൂ…
ശിബിര കവാടത്തിന്‍ മുന്നില്‍ കൊടുങ്കാറ്റു
പോലെയശ്വങ്ങള്‍ പാഞ്ഞെത്തി വേഗം
കാവലായ് നിന്നു കൃപകൃതവര്‍മ്മാക്കള്‍
ദ്രൗണിയകത്തു നുഴഞ്ഞു കയറി…

താതന്‍റെ കണ്ഠമരിഞ്ഞ ധൃഷ്ടദ്യുമ്ന
നായിരുന്നാദ്യത്തെ ലക്ഷ്യം.
തേടിപ്പിടിച്ചാ നാരാധമന്‍ തന്നുടെ
കണ്ഠം ചവുട്ടിയുടച്ചു;
ദ്രൗണി സംഹാര താണ്ഡവമാടി…

പാണ്ഡവസേനയില്‍ ശേഷിച്ച യോദ്ധാക്കള്‍
നിത്യമാം നിദ്രയില്‍ വീണു ലയിച്ചു.
നാലുപാടും ദ്രൗണി കണ്ണുകള്‍ പായിച്ചു
കണ്ടില്ല പാണ്ഡവന്‍മാ
രിലൊരാളെയും.
പാര്‍ത്ഥന്‍റെ സാരഥിയന്തർ
നേത്രങ്ങളില്‍
ദര്‍ശിച്ചിരുന്നിടാമീ മുഹൂര്‍ത്തം മുമ്പേ.
മനമലര്‍ കൊണ്ടൊരു മാല്യം കൊരുത്തു
താതനായര്‍പ്പിച്ചു ദ്രൗണി വണങ്ങി.
കൌരവസേനയില്‍ കൌരവന്‍മാരില്ല!
സേനയും ബാക്കിയില്ലുള്ളതു മൂന്നു പേര്‍!
രാജസതൃഷ്ണക്കു കീഴ്പ്പെട്ട സാത്വിക
ബുദ്ധികള്‍ മൂന്നു പേര്‍ – ക്ഷത്രിയരല്ലവര്‍.
പാണ്ഡവന്‍മാരഞ്ചും ശേഷിപ്പൂ പക്ഷേ
കൂട്ടത്തിലില്ല സൈനീക
രാരും

നിരര്‍ത്ഥകം ധര്‍മ്മ വിരുദ്ധം രണങ്ങള്‍
നശ്വരം ജീവിതം – ദേഹാ
ഭിമാനവും.
കൗരവ – പാണ്ഡവ സോദരന്മാര്‍
ചേരി തിരിഞ്ഞു പൊരുതി
യൊടുങ്ങി
ശേഷിച്ചു ദു:ഖങ്ങള്‍ – വേദനകള്‍
സര്‍വ്വ നഷ്ടത്തിന്‍റെ കരിനിഴല്‍പ്പാടുകള്‍.

സോദരന്മാരെ പിരിച്ചതു തൃഷ്ണ
പിന്‍തുണ നല്കി നയിച്ചതു ലോഭം
ഭീഷ്മദ്രോണാദികള്‍ക്കായില്ല ശിഷ്യരെ
നേരേ നയിക്കാന്‍ – പുലര്‍ത്തുവാനും.
ദ്രൗണി വിചിന്തനം ചെയ്തു പക്ഷേ,
സമസ്യ പൂരിപ്പിച്ചില്ലാ
രുമാരും.

ഖണ്ഡം അഞ്ച്

മൃത്യുവിനോടു പൊരുതി നിണം വാര്‍ന്നു
പൂഴിയില്‍ മുത്തിക്കിടക്കും
കൌരവ ജ്യേഷ്ഠനെ കണ്ടു വിശേഷങ്ങള്‍
ചൊല്ലി മനം കുളിര്‍പ്പിക്കാന്‍
കുതിരപ്പുറത്തു കരേരിത്തിടുക്കത്തി-
ലശ്വത്ഥാമാവു കുതിച്ചൂ…

പൂഴിയില്‍ മുങ്ങിക്കുളിച്ചു വ്രണപ്പെട്ട
ദേഹമുപേക്ഷിച്ചു പോകാന്‍
വെമ്പുന്ന ദേഹിയെ ബന്ധിച്ചു വൈരാഗ്യ-
ത്തീയില്‍ തപിപ്പിച്ച രാജന്‍
കേട്ടൂ കുളമ്പടി ശബ്ദം – ചെവിയോര്‍ത്തു
വേഗം മിഴികള്‍ തുറന്നൂ
വിശ്വസ്തനാം ഗുരുപുത്രനെ കണ്ടിട്ടു
പ്രാണന്‍ ത്യജിക്കുവാനാവാം.

കാലന്‍റെ പാശക്കുരുക്കിലകപ്പെട്ട
വീരനെ താങ്ങിയുയര്‍ത്തി
ആദരഭാവം വെടിയാതറിയിച്ചു
ദ്രൌണി വൃത്താന്തങ്ങളെല്ലാം.

ചിത്തം കുളിര്‍ക്കുന്ന വാര്‍ത്തകള്‍ കേട്ടു
ശോകങ്ങളെല്ലാം വെടിഞ്ഞു
ഉന്‍മേഷവാനായ കൌരവ മുഖ്യന്‍റെ
കണ്ണില്‍ പ്രകാശം പരന്നു…

“സ്വസ്തി മഹാമതേ, ആചാര്യ നന്ദനാ
സ്വര്‍ഗ്ഗത്തില്‍ വച്ചിനി കാണാം”.
പ്രസന്ന ചിത്തനായ് ദുര്യോധന നൃപന്‍
യാത്ര പറഞ്ഞു പിരിഞ്ഞു.
മുന്നില്‍ വളര്‍ന്നെഴും അന്ധകാരക്കൊടും
കാട്ടില്‍ മിഴി നട്ടു ദ്രൌണി.

home

You can share this post!

2 Replies to “നവവത്സരപതിപ്പ് 2022/മൃത്യുഭൂവിലെ സുയോധനന്‍/മലയാലപ്പുഴ സുധൻ”

  1. എന്റെ ഈ ഖണ്ഡകാവ്ന്ദിയം പ്രസിദ്ധീകരിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു സർ

Comments are closed.