നവവത്സരപതിപ്പ് 2022/ മരണസാക്ഷ്യപത്രം/പി.എൻ രാജേഷ് കുമാർ

തന്റെ
സ്വാഭാവികമരണസാക്ഷ്യപത്രം
തരപ്പെടുത്തുന്നതിനായി
അയാളാദ്യം സമീപച്ചത്
പോസ്റ്റ്മോർട്ടംസർജ്ജനെയായിരുന്നു.
ഏതോ അജ്ഞാതമൃതദേഹത്തിനായി
പോലീസ് തയ്യാറാക്കിയ
ഇൻക്വസ്റ്റ് ക്വോട്ട്ചെയ്ത്
സർജ്ജൻ
പോസ്റ്റ്മോർട്ടംറിപ്പോർട്ടെഴുതി
അയാൾക്ക് നല്കി.

അയാളതുമായി നേരെ
പഞ്ചായത്തുകാര്യാലയത്തിലെത്തി
‘ഭരണഭാഷ’ മലയാളത്തിൽ
മരണസാക്ഷ്യപത്രത്തിന്
അപേക്ഷ നല്കി!
സാക്ഷ്യപത്രം കിട്ടിയമുറയ്ക്ക്
മേലധികാരിക്ക് സമർപ്പിച്ചു.
അദ്ദേഹമത്
ഹാജർപുസ്തകത്തിൽ ‘മരണപ്പെട്ടു’ (എക്സ്പെയേർഡ് )
എന്ന് രേഖപ്പെടുത്തിയശേഷം
ക്ലാർക്കിന് നല്കി.

സേവനാനുകൂല്യങ്ങൾക്കായുള്ള
ഓൺലൈൻ,ഓഫ്‌ലൈൻ
കാര്യങ്ങൾചെയ്ത്
ക്ലാർക്കത്
മേലധികാരിയുടെ ഒപ്പോടുകൂടി
മേൽനടപടികൾക്കായി
മേലാപ്പീസിൽ സമർപ്പിച്ചു.

പിന്നീടയാൾ ഇൻഷുറൻസാപ്പീസിലെത്തി
ആവശ്യമുള്ള പേപ്പറുകൾനല്കി
നേരെ ബാങ്കിലേയ്ക്കോടി!
എല്ലാതുകകളും ക്രഡിറ്റാക്കേണ്ടതും
മിനിമംബാലൻസ് മാത്രമുള്ളതുമായ
ഒരക്കൗണ്ട്നമ്പർ
മാനേജർക്ക് കൈമാറി.

ശേഷം,ഓട്ടോയിൽക്കയറി
റയിൽവേസ്റ്റേഷനിലെത്തി!
പ്ലാറ്റ്ഫോംടിക്കറ്റെടുത്ത്
മേൽപ്പാലംകടന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെ നടന്നു.
പലപാളങ്ങൾചേർന്ന് ഒന്നായ്ത്തീരുന്നതിലേക്ക്
കയറിയപ്പോഴേക്കും
മഴ പെയ്തുതുടങ്ങിയിരുന്നു.
ചൂളംവിളിക്ക് ചെവിനല്കാതെ,
അകലെ നിന്നും അടുത്തേയ്ക്കെത്തിക്കൊണ്ടിരുന്ന വണ്ടിക്കടുത്തേക്ക്
അയാളാ,പാളത്തിലൂടെ
വേഗത്തിൽ നടന്നു…..

home

You can share this post!