നവവത്സരപതിപ്പ് 2022/പ്രവാസിയുടെ പകലുറക്കം/ദിനേശൻ കൂത്താട്ടുകുളം

ഏറെനാളായ് കൊതിച്ചു ഞാൻ നാട്ടിലെ
വീടതിൻ ചാരെ, പൂമുഖത്തോരമായ്
ചാഞ്ഞു നിൽക്കുന്ന നാട്ടുമാഞ്ചോട്ടിലെ
ഛായയിൽ പായയിട്ടുറങ്ങീടവേ

എത്രനേരമായ് ആക്കിടപ്പങ്ങനെ
ശാന്തിതീരെ കഴിച്ചങ്ങു കൂടി ഞാൻ
എപ്പൊഴോസ്മൃതി തേരേറി കാലത്തിൻ
പിന്നിലെത്തി, ചെറു ബാലനായ്മാറി ഞാൻ

വെയിലുമുറ്റത്തു ചാർത്തും നിഴൽനോക്കി
സമയവുംകണ്ടു പുസ്തകക്കെട്ടുമായ്
നെടുനെടുന്നനെയോടി വിദ്യാലയ
പടിയിലെത്തി കിതച്ചങ്ങു നിന്നതും

കല്ലുപെൻസിലിൻ തുണ്ടാലെ വിൺചിത്രം
പൊട്ടസ്ളേറ്റതിൽ കോറിയിടുന്നതും
കൂട്ടുകാരന്റെ കയ്യിലെ പുസ്തക
ത്താളിലെചിത്രം കണ്ടുമോഹിച്ചതും
ആശവച്ചന്നാ ചിത്രകഥയുടെ -ബാക്കി
കാണുവാൻ കേണുഞാൻ നിന്നതും

എന്നുമുച്ചയിൽ ഉപ്പുമാവിൻമണം
സ്വർഗ്ഗവാതായനം തുറന്നിട്ടതും
നാണമില്ലാതെ വീണ്ടും പലകുറി
വാങ്ങിയമ്മതൻ വിശപ്പിനെ തീർത്തതും

പിന്നെരാത്രിയിൽ അമ്മയോടൊട്ടിയെൻ
നിദ്രയിൽ ശാന്തി തീരമണഞ്ഞതും
രാത്രി സ്വപ്നത്തിലാകാശ വീഥിയിൽ
പക്ഷിയായ് പറന്നാകെ വിറച്ചതും
ഒക്കെ സ്വപ്നത്തിൽ വന്നുഭവിക്കുന്ന
പകലുറക്കങ്ങൾ എത്രയോ സുന്ദരം!

നാട്ടുനാളുകൾ ബാല്യ കൗമാരങ്ങൾ
നാട്ടു പച്ചകൾ തോടിന്നിറമ്പുകൾ
നാടിൻ ശുദ്ധമാം ഭൂമിയും ഗന്ധവും
എന്തു വിസ്മയ സ്വപ്നമിതെന്നുള്ളിൽ

എന്നുമുത്സവ മേളക്കൊഴുപ്പോടെ
ഉള്ളിലേറ്റുന്നു ഞാൻ നാടിന്നോർമ്മകൾ
എങ്കിലും അറ്റുപോയെന്റെ കണ്ണികൾ
നാടിനെന്നേ മരിച്ചിരിയ്ക്കുന്നു ഞാൻ..

home

You can share this post!