നവവത്സരപതിപ്പ് 2022 /പെൺപൂക്കൾ…../രത്നപ്രിയ

ഓരോ പെണ്ണും മനോഹരമായ ‘
കവിതകളാണ് ഒരു കൂട്ടം വർണ
ചിന്തകൾ, അർത്ഥ തലങ്ങൾ നൽകും
കവിതകൾ…..
ചേർത്ത് നിർത്തിയാൽ
മന്ദസ്മിതത്താൽ മന്ദാരമരമായ്
മാറുന്നവർ…..

ചിലരാകട്ടെ ആർത്തിരമ്പും
കടൽ പോലെ ഒരു കൂട്ടം
വികാരങ്ങൾ ചിത്തത്തിലൊളിപ്പിച്ചവർ…

മൂകരായിരിക്കുന്നവർ ഒരു കൂട്ടം
നീലക്കുറിഞ്ഞി പൂക്കും പോലെ
നീണ്ട ഇടവേള നൽകി
മധുരാക്ഷരങ്ങൾ പൊഴിക്കുന്നവർ….

മറ്റൊരു കൂട്ടം കുലം കലുഷമായ
മാനസത്തിനുടമകളെങ്കിലും
പുറമെ ഹർഷോന്മാദികളായി
നിൽപ്പാണു പാലപ്പൂ പോലെ…

നാരീമാരുണ്ട് ആർക്കും പിടികൊടുക്കാതെ
സ്വർഗവാതിൽക്കലെത്തിയാലും
ഒറ്റക്കിരിക്കാൻ കൊതിക്കുന്നവർ
അവരങ്ങനെ നിലകൊള്ളുന്നു
വിജന വീഥിയിൽ പൂത്തുലഞ്ഞു
നിൽക്കും ഒറ്റമരങ്ങളായ്……

സ്നേഹാക്ഷരങ്ങളെ വെറുക്കും
ഒരു കൂട്ടമുണ്ടിതിൽ ,ഭൂതകാലം
നൽകിയ കയ്പ്പും പേറി
വർത്തമാനത്തെ പോലും ദുർഗന്ധം
വമിക്കും ദിനങ്ങളാക്കി മാറ്റുന്നവർ
അവരുടെ ഹൃദയത്തിൽ അഗ്നി
ആളിപ്പടർന്നു കൊണ്ടേയിരിക്കും….

വേറൊരു കൂട്ടം കാത്തിരിപ്പുണ്ട്
ഉള്ളറയിലെ തീക്കണങ്ങൾ
കത്തിയെരിഞ്ഞ് കൊണ്ട് ഉഷ്ണക്കാറ്റേറ്റ്
ഒരിറ്റു സ്നേഹം കാത്തിരിക്കുന്നവർ….

കാഞ്ചന കൂട്ടിലെ പഞ്ചവർണകിളിയെ
പോലുണ്ടിവിടെ ചിലർ
സുഖലോലുപരെങ്കിലും ഒരിറ്റു
സ്വാതന്ത്ര്യത്തിനായ് നൊമ്പരം
പേറുന്നവർ……

ഓരോ പെണ്ണും മനോഹരമായ കവിതകളാണ്
പൂത്തുലഞ്ഞ് വിവിധ ഭാവങ്ങൾ നൽകും
കലാലയ മുറ്റത്തെ വാകമരം കണക്കെ….

home

You can share this post!