പറന്നുപോകുന്ന പക്ഷികൾ
(കവിത)
രചന: ജോസഫ് നീനാസം
പറന്നുപോകുന്ന പക്ഷികൾ
കൂട്ടിലേയ്ക്കു തിരിച്ചുവരില്ല.
ആകാശത്തിലൊരിടത്ത്
മേഘങ്ങൾക്കിടയിൽ
അവതന്റെയസ്ഥിത്വം കണ്ടെടുത്തു.
കുന്നിൻമുകളിൽ കിനിയുന്ന ജലബിന്ദു
നദിയിലൂടെ സമുദ്രഗാഥ
തേടിയൊഴുകുന്നു.
ഓരോ ജലകണവും
തിരിഞ്ഞുനോക്കാതെയൊഴുകുന്നു.
അലയുക….
സമൂഹത്തിനുള്ളിലൊ –
രപരിചിതനായി വാഴുക.
സമതലത്തിൽനിന്നു
മലയിലേയ്ക്ക്
കുതിക്കുക.
മലയിൽനിന്നു
കരണം മറിഞ്ഞുവീഴുക.
തലങ്ങും വിലങ്ങും
മേല്പോട്ടും കീഴോട്ടും
നില്ക്കാതെ പോവുക
നീ വേഗം ചലിക്കുക.
മണ്ണിന്റെമേലെ
ചുവടുകൾകൊണ്ടൊരു
ഭൂപടം വരയ്ക്കുക.
പിന്നെയതു മായ്ച്ചു
മുന്നോട്ടുപോവുക.
home