നവവത്സരപതിപ്പ് 2022/പരിഭാഷ :രണ്ടു കവിതകൾ/ മുരളി ആർ

മുരളി ആർ

ഋതുഭേദം/ നസീം ഷഫായ്- കശ്മീര്‍

ചോദിച്ചു ഞാന്‍ പനിനീര്‍ പൂവിനോട്:
“എവിടെപ്പോയി നിന്‍റെ സൗരഭ്യം?”
അത് പറഞ്ഞു:
“അതിനെ എടുത്തു മാറ്റി, ശരത്കാലം.”
ചോദിച്ചു ഞാന്‍ വസന്തത്തോട്:
“എന്താണ് നിന്‍റെ നെറ്റിത്തടത്തില്‍ വരകള്‍?”
അത് പറഞ്ഞു:
“എന്‍റെ മുറിവുകളില്‍ ഉപ്പ് തേയ്ക്കപ്പെട്ടിരിയ്ക്കുന്നു.”

അതിനാല്‍
ഉപേക്ഷിച്ചു ഞാന്‍,
ഒരിക്കല്‍ പൂത്തുലഞ്ഞു നിന്നിരുന്ന ഉദ്യാനത്തെ.
അതില്‍ പിന്നെ
അലഞ്ഞു നടക്കുകയാണ്, ഞാന്‍
ലക്ഷ്യമില്ലാതെ.

ഹേമന്തത്തെ വസന്തമാക്കിയതെന്ത്?/
ലീന ഡ്രസ്ക്കീന്‍ – ലിത്വാനിയ

ഓര്‍ത്തു നോക്കുക,
ഇന്നലെയെക്കുറിച്ച്,
പിന്നിട്ട ആഴ്ചകളെക്കുറിച്ച്,
നന്നായി പെയ്തിരുന്നു മഴ;
ചില ദിവസങ്ങളില്‍ ചെറുതായും.
എന്താണ് സംഭവിച്ചത്? മഞ്ഞ് പൊഴിയേണ്ടേ?
ജനുവരി! ഇത് നീയാണോ?
അറിയില്ലെനിക്ക്.
ആഹ്! മഴ പെയ്യട്ടെ, കാറ്റു വീശട്ടെ.
എന്തായാലും
താഴെയുള്ള എല്ലാറ്റിനേയും മൂടുന്ന
വെളുത്തതും ലോലവുമായ മഞ്ഞിനെ
ഇഷ്ടപ്പെടുന്നു, ഞാന്‍.
എന്നാല്‍,
കാലത്തിന്‍റെ ഇന്ദ്രജാലം:
വ്യത്യസ്തം, ഉദാത്തം.
കാലത്തിന് മുന്‍പെ അവ എത്തിയെന്ന്
വിശ്വസിക്കാന്‍ കഴിയില്ലെനിക്ക്.
സൂര്യപ്രകാശത്തെ ചിറകില്‍ പിടികൂടിയോ,
സുന്ദര ഹേമന്തം?
ഹേമന്തം ഇന്ന് കൊണ്ടുവരുന്നത് ഇതാ ഇവിടെ.
പുഷ്പ്പിക്കുന്നു പൂക്കള്‍.
പാടുന്നു, ഉഷ്ണമേഖലയിലെ പക്ഷികള്‍.
ഇത് ശരിക്കും വസന്തമാക്കുന്നു, ഹേമന്തത്തെ.

home

You can share this post!