നവവത്സരപതിപ്പ് 2022/തിരിച്ചറിവുകൾ/അനീഷ് പെരിങ്ങാല

                  

ഒടുവിൽ അയാൾ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വം ആണെന്ന വാദമൊക്കെനിലനിൽക്കുന്നുണ്ടെങ്കിലും , ചിലപ്പോൾ ചിലരത് ചെയ്യുമ്പോൾ മഹത്വരമായി മാറാറുണ്ട്. അത്തരം മഹത്വമായ ഒരു പദവിയിലേക്ക് തന്റെ മരണവും ചേർക്കപ്പെടും എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മരണകാരണം കുറിച്ച് വെയ്ക്കണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ അതിൽ കാര്യം ഉണ്ടെന്നു തോന്നിയില്ല . തന്റെ മരണകാരണം തനിക്ക് അറിയാമല്ലോ. അതൊരു ചോദ്യചിഹ്നമായി നാട്ടുകാർക്കു മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുവാനാണ് അയാൾ ആഗ്രഹിക്കുന്നത്. അതിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ അവർ തന്നെ കണ്ടുപിടിച്ചു കൊള്ളും. ഒരു പക്ഷേ താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്… അല്ലെങ്കിൽ തന്നെ ആത്മഹത്യ ചെയ്യുന്നവൻ എപ്പോഴും മറ്റുള്ളവരെ ഞെട്ടിച്ചു കൊണ്ടും ചില സംശയങ്ങൾ ബാക്കി വെച്ചു കൊണ്ട് വേണം ഈ ലോകത്തുനിന്ന് കടന്നുപോകാൻ .

അതെല്ലാം മുകളിൽനിന്ന് തനിക്ക് കണ്ടു രസിക്കാമല്ലോ . കാരണം ദൈവം ആയുസ്സ് കൊടുത്തു ഭൂമിയിലേക്ക് ഇറക്കിവിട്ട മനുഷ്യൻ സ്വന്തം ഇഷ്ടപ്രകാരം ജീവൻ ഇല്ലാതാക്കിയാൽ ആത്മാവിന് മോക്ഷം കിട്ടാതെ അലയുമെന്നും,തന്റെജീവിതചക്രം പൂർത്തിയാക്കുന്ന നിമിഷത്തിൽ മാത്രമേ അവന് സ്വർഗത്തിലോ നരകത്തിലോ പ്രവേശനം കിട്ടുകയുള്ളൂയെന്ന്‌ ഭരതന്നൂർ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ പാരായണത്തിനിടയിൽ മിത്രം നമ്പൂതിരിപ്പാട് പ്രസംഗിച്ചത് അയാളോർത്തു.
അത് ശരിയാണെങ്കിൽ എല്ലാം കണ്ടും കേട്ടും ഈ വിഹായസ്സിലൂടെ തനിക്ക് ഇഷ്ടം പോലെ സഞ്ചരിക്കാം. മോക്ഷം തനിക്ക് ആവശ്യമില്ല. 48 വയസ്സിനിടയിൽ താൻ കണ്ടുംകേട്ടും പ്രവർത്തിച്ചു മനസ്സിലാക്കിയ ജീവിതത്തിന്റെആകെത്തുകയാണ് തന്റെ മരണം.

ചെറുപ്പം മുതലേ എല്ലാത്തിനെയും ഒന്നായി കാണുന്ന മനസ്സായിരുന്നു അയാൾക്ക്. അത് അച്ഛനിൽ നിന്നും പകർന്നു കിട്ടിയതാണ്. അച്ഛൻ കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും അയാളും ആ പാത പിന്തുടർന്നു. മാർക്സും, ലെനിനും, ഇഎംഎസും, കൃഷ്ണപിള്ളയുമൊക്കെ അവരുടെ ഊണുമേശയിലെ ചർച്ചാവിഷയങ്ങൾ ആയിരുന്നു.

അവരുടെ ആശയങ്ങളും ജാതിമത വർഗ്ഗ വ്യത്യാസങ്ങളില്ലാത്ത, വലുപ്പച്ചെറുപ്പമില്ലാത്ത പ്രവർത്തനങ്ങളുംഅയാളെ ആകർഷിച്ചു . ആ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അയാൾ അഭിമാനിച്ചിരുന്നു. വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ കുറിച്ച് പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതിനിടയ്ക്ക് അയാൾ ബൈബിളും ഖുർആനും ഭാഗവതവും ഒക്കെ ഹൃദിസ്ഥമാക്കി.

അയാൾ വായിച്ചുകൂട്ടിയ മതഗ്രന്ഥങ്ങളിലെ വിശ്വാസങ്ങളും പാർട്ടി ക്ലാസുകളിൽ കേട്ട സിദ്ധാന്തങ്ങളും രാത്രിയുടെ ഓരോ യാമങ്ങളി ലും പരസ്പരം മല്ലടിച്ചു. അവസാനം ഒരു സുപ്രഭാതത്തിൽ വിശ്വസിച്ച പ്രസ്ഥാനത്തെ പിന്തള്ളി അയാൾ ഒരു ദൈവവിശ്വാസിയായ് മാറി .
ഇത്രയും നാൾ വിശ്വസിച്ചതൊക്കെ തെറ്റായിരുന്നുയെന്ന് മനസ്സിലായി. ദൈവമില്ലെന്ന് പ്രസംഗിക്കുന്നവരുടെ ഉള്ളിലാണ് അത് കൂടുതൽ ഉള്ളതെന്ന് അയാൾ മനസ്സിലാക്കി. പിന്നീടയാൾ ക്ഷേത്രങ്ങളിലും പള്ളികളിലും പോകാൻ സമയം കണ്ടെത്തി. സപ്താഹ വേദികളിലും, ദൈവ ശുശ്രൂഷ ഹാളുകളിലും ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു.

അവിശ്വാസികളുമായി പല വിഷയങ്ങളിലും അയാൾ തർക്കിച്ചു. “ദൈവം ഉണ്ടെങ്കിൽ, ആ ദൈവം സമൂഹത്തിൽ മൂന്നു തരം പൗരന്മാരെ എന്തിന് സൃഷ്ടിച്ചു ? “എന്ന് ഒരു അവിശ്വാസിയുടെ ചോദ്യവും അതിന് അവിശ്വാസി നൽകിയ ഉത്തരവും അയാളുടെ ചങ്കിൽ കൊണ്ടു..

“നിങ്ങൾ പറയുന്ന ദൈവം ഈ ഭൂമിയിൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇവിടെ സമത്വം ഉണ്ടായില്ല. ദൈവം സൃഷ്ടിച്ചു വിട്ട മനുഷ്യർക്കിടയിൽ എന്തുകൊണ്ട് ജാതി മത വർഗ്ഗ നിറവ്യത്യാസങ്ങൾ ഉണ്ടായി. ചിലരെ ദൈവം സ്വർണ്ണകരണ്ടിയൂമായ്‌ ഭൂമിയിലേക്ക് വിടുന്നു. മറ്റു ചിലർ ഒന്നും ഇല്ലാത്തവരുമായി ജനിപ്പിക്കുന്നു. രണ്ടാമത്തെ കൂട്ടർ സ്വന്തം പ്രയത്നം കൊണ്ടും, മറ്റു പല രീതിയിലും കാശുണ്ടാക്കി പണക്കാരായി ജീവിതം ആസ്വദിക്കുന്നു. ഒരു വിഭാഗം ദരിദ്രരായി ജനിച്ചു . ജീവിതത്തിൽ ഒരു സുഖവും അനുഭവിക്കാതെ മണ്ണടിയുന്നു.”

“പിന്നെ എന്ത് ദൈവമാണ് ? എന്ത് സമത്വം ആണ് ഈ ഭൂമിയിൽ ഉള്ളത്..? എല്ലാവർക്കും നന്മ വരണമെന്നു വിചാരിച്ചു ജീവിക്കുന്ന ഒരാൾക്ക് ദൈവം നല്കുന്ന പ്രതിഫലം എന്താണ് ? എന്തിനോടും യോജിച്ചുപോകാൻ മനസ്സുള്ള ഒരുവന് മാത്രമേ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ളൂ.”

48 വർഷത്തെ ജീവിതത്തെ മുഴുവനും വിശകലനം ചെയ്തതിനുശേഷമാണ് ആത്മഹത്യ ചെയ്യുക എന്ന ഉത്തരത്തിലേക്ക് അയാൾ എത്തിച്ചേർന്നത്

home

You can share this post!