
ഒരു മൊട്ടുപോലും പുതുക്കി നൽകാതെയീ
തിരുവാതിര ഞാറ്റുവേലയും പോയ്
മല ചോടെ പോരുന്നു രുധിരം മനസ്സിന്റെ
പല മടക്കിൽ ചോർന്നൊലിച്ചിടുന്നു
നിയതമേ നിൽ നിനക്കരുതായ്ക ചെയ്യുകിൽ
വിധികൽപിതം എന്നൊരറിവ് വൈകി
മകനെ മറക്കു നിൻ തുളയുന്ന നോട്ടമെൻ
ഹൃദയാന്തർ ഭാഗം പകുത്തിടുന്നു
ചപല സൗഭാഗ്യങ്ങൾ അരികിൽ വന്നെന്റെയും
മൃദു മേനി മെല്ലെ തലോടി നിന്നു
കരളിന്റെ പാതിയും പണയത്തിലാക്കി നിൻ
കനക ഭാരങ്ങൾ പറിച്ചെടുത്തു
പുഴകൾതൻ കൈവഴി കൊട്ടി അടച്ചു ഞാൻ
വിഷലിപ്തമാക്കി നിർത്സരികൾ പോലും
ഉരുൾ പൊട്ടി അടരുന്നു പച്ചപ്പിൽ ഒരു തുള്ളി
ചുടു രക്തം ഒഴുകിപടർന്ന പോലെ
ഇനി നിന്റെ കണ്ണുനീരോഴിയുന്നതും കാത്ത്
തിരികെ വരേണ്ടതില്ലെന്നപോലെ
മഴവന്നു വീഴുന്നതിൻ മുൻപൊരുങ്ങി ഞാൻ
അഭയ കേന്ദ്രങ്ങളിൽ ചെന്നു ചേരാൻ
ഇനിവരും തലമുറക്കെന്തു ഞാൻ നീട്ടിയ
തരളമാം കൈകളിൽ വെച്ചു നൽകും
ഒരു നീണ്ട മഴുവുമായ് രഘുരാമ ജേഷ്ഠനി –
ന്നകലേക്ക് ചൂണ്ടുന്നു വിരല് വീണ്ടും
ഇത് വെറും സന്ധ്യയാണപ്പുറത്തുണ്ട് ഞാൻ
ഒരു കൈക്കൂടുന്ന പ്രകാശവുമായ്
ഇനിയും വരാമെന്ന് കൈവീശി മാബലി
പനിയിൽ മാമല നീല പൂക്കുന്ന നാൾ.