കഷ്ടതകളുടെ തോരാ മഴയിലായിരുന്നു ഞാൻ പിറന്നത് ! ഭക്ഷണത്തിനു വലിയ കുറവില്ലെങ്കിലും, അന്ന് പണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്റെ വേർപാടും, സഹോദരിമാരുടെ വിവാഹങ്ങളും , അമ്മയെ ഒരുപാട് കഷ്ടപ്പെടുത്തിയ വേദനകളുടെ കാലങ്ങളായിരുന്നു. എന്റെ രണ്ടാമത്തെ സഹോദരി സ്പോർട്സിൽ താല്പര്യമുള്ളവരായിരുന്നെന്ന്, അമ്മയിൽ നിന്നും ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് പറയുവാൻ കാരണം മറ്റൊന്നാണ്. ഞങ്ങൾ സഹോദരിമാർ തമ്മിൽ വയസ്സുകൊണ്ട് വളരെയധികം വ്യത്യാസമുണ്ട്. അവരിലെല്ലാം ഇളയത് ഞാൻ ആയതുകൊണ്ട് കേട്ടുകേൾവി മാത്രമാണുള്ളത്. എനിക്ക് ഓർമ്മ വെയ്ക്കുമ്പോഴേക്കും മൂത്ത രണ്ടുപേരുടെയും വിദ്യാലയ കാലഘട്ടം കഴിഞ്ഞിരുന്നു.മൂത്ത രണ്ടു സഹോദരിമാരുടെയും വിവാഹത്തിന് ശേഷം ,ഞാനും ഇളയ സഹോദരിയും ,അമ്മയും മാത്രമായിരുന്നു വീട്ടിലുങ്ങായിരുന്നത്. കഷ്ടപ്പാടിന്റെ എല്ലാമുഖങ്ങളും ഞാൻ എന്റെ അമ്മയിൽ നിന്നും കണ്ടും, കേട്ടും പഠിച്ചിരുന്നു. ഇളയ ചേച്ചിക്ക് പ്രത്യേകിച്ചു കലകളോടൊന്നും താല്പര്യമില്ലായിരുന്നു. എങ്കിലും സ്ക്കുൾ യുവജനോത്സവങ്ങളിൽ , നൃത്തം, പാട്ട് തുടങ്ങിയവയിലെല്ലാം അവർ പങ്കെടുക്കുമായിരുന്നു.
. എൽ പി . ക്ലാസുകൾ തൊട്ടേ എനിക്ക് മത്സരങ്ങളോട് വലിയ കമ്പമായിരുന്നു. അന്നൊന്നും മത്സരങ്ങളെക്കുറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എല്ലാറ്റിനും പെരുകൊടുക്കുക പതിവാണ്. അമ്മ എപ്പോഴും പറയാറുള്ളത്, പണചെലവില്ലാത്ത മത്സരങ്ങളിൽ പങ്കെടുത്തോളാനാണ്. അമ്മ പറയും,” സമ്മാനം ലഭിച്ചില്ലെങ്കിൽ ചെലവാക്കിയ പൈസ വെറുതെയാവും എന്നു ഭയന്നല്ല മോളേ ….. ,അമ്മയുടെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് തന്നെയാണ് ” എന്ന്. എനിയ്ക്ക് അതറിയാവുന്നത് കൊണ്ടുതന്നെ മേക്ക്അപ്പ്
ഇടേണ്ട ഒരു മത്സരങ്ങൾക്കും എന്റെ വിദ്യാലയ ജീവിതത്തിൽ പങ്കെടുത്തിട്ടുമില്ല. മറ്റുള്ള കുട്ടികളെ പോലെ ഡാൻസ് കളിക്കണമെന്നും ,വാടകയ്ക്ക് വാങ്ങിയ്ക്കാൻ കിട്ടുന്ന വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റേജിൽ നൃത്തം ചെയ്യണമെന്നും ഏറെ കൊതിച്ചിട്ടുണ്ട്. അതെല്ലാം പണക്കുറവു നിമിത്തം നടന്നില്ലെന്നുമാത്രം. പണച്ചിലവില്ലാത്ത ഒട്ടേറെ മത്സര ഇനങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ടും, ലളിതഗാനവും , കവിതാരചനയും , ചിത്രരചനയും , പദ്യം ചൊല്ലലിലും , മോണോ ആക്റ്റിലും എല്ലാം ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. അവയിലെല്ലാം എന്റെ കഴിവുകൾ ഞാൻ ഉൾപ്പെടുത്തി പോന്നിരുന്നു. എല്ലാറ്റിലും എന്റേതായ സൃഷ്ടികൾ തന്നെ ഉൾപ്പെടുത്താൻ ഞാൻ അന്നേ ശ്രമിച്ചിരുന്നു ! അതുകൊണ്ടുതന്നെ അവയിൽ പല കുറവുകളും ഉണ്ടായിരുന്നു. മത്സരങ്ങൾക്ക് സമ്മാനം കിട്ടിയില്ലെങ്കിലും ഒന്നിനും മടിച്ചു മാറി നിൽക്കാൻ എന്നിലെ ചെറിയ കലാകാരിയ്ക്ക് കഴിഞ്ഞിരുന്നില്ല.
. അങ്ങനെയിരിക്കെ ,അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മാപ്പിളപ്പാട്ട് മത്സരത്തിന്നായി പേരുനൽകിയത്.
. അന്ന് എന്റെ വീട്ടിൽ റേഡിയോ പോലും ഇല്ലാത്ത കാലമായിരുന്നു. അടുത്ത വീട്ടിലെ സഹോദര സ്നേഹം പകർന്നു തന്നിരുന്ന ‘ മജീദ് , എന്നവർ ഒരു ടേപ്പ് റിക്കാർഡറിൽ നിന്നും ഒരു മാപ്പിളപ്പാട്ട് എനിയ്ക്കായി അവർ നിരവധി തവണ വച്ച് കേൾപ്പിച്ച്, പഠിപ്പിച്ചു തരുകയാണുണ്ടായത്. അധികം താമസിയാതെ അതിലെ വരികളും ഈണവും ഞാൻ പഠിച്ചു. അവരുടെ പ്രോത്സാഹനവും എനിയ്ക്ക് പാടാമെന്നുള്ള പ്രചോദനമായി.
. യുവജനോത്സവ ദിവസം വന്നു. അമ്മയും ,ചേച്ചിമാരും എന്റെ കൂടെ പരിപാടി കാണാനും പുറപ്പെട്ടു.വലിയ സംഗീതജ്ഞരുടെ പരിപാടി കാണാനെന്നപോലെ, അവർ സ്റ്റേജിനു മുന്നിൽ കാതുകൾ കൂർപ്പിച്ചിരുന്നു.
. സമയമായപ്പോൾ പ്രാർത്ഥനയോടെ കലാപരിപാടികൾ തുടങ്ങി, പരിപാടികൾക്കിടയിൽ എന്റെ പേരും അന്നൗൺസ് ചെയ്തു. പേടി കൂടാതെ ഞാനും കയറി പാട്ടുതുടങ്ങി….
“വിളിച്ചില്ലല്ലോ ബാപ്പ, വിളിച്ചില്ലല്ലോ……
വിളിച്ചില്ലല്ലോ എന്റെ ,പുന്നാര ബാപ്പാ…”
. ഇതായിരുന്നു അന്ന് എന്റെ അന്നത്തെ ഗാനം !നാലുവരി വളരെ ഭംഗിയായി ഞാൻ പാടി തകർത്തു…..പെട്ടെന്നാണ് അത് സംഭവിച്ചത് ! പാട്ടിന്റെ ബാക്കി ഭാഗം എത്ര ഓർത്തിട്ടും മനസ്സിൽ വന്നില്ല. വെപ്രാളത്തോടെ ഞാൻ കുറച്ചു നേരം ആലോചിച്ചു പിറുപിറുത്തു നിന്നു .മുന്നിലിരിയ്ക്കുന്ന അമ്മയുടെ മുഖത്തേയ്ക്കു നോക്കി. അമ്മയുടെ കൈകൾ എന്നെ ഇറങ്ങി പോരുവാനായി ആഗ്യം കാണിയ്ക്കുന്നുണ്ടായിരുന്നു. .
. അങ്ങനെ അന്നന്നെ ഏറെ നാളത്തെ ആഗ്രഹങ്ങൾക്ക് തിരശ്ശീല വീണു ! പാവം അമ്മയും ചേച്ചിമാരും, വെറുതെ വന്നെന്ന പോലെയായി. എനിയ്ക്കും സങ്കടം വന്നു. അവർ എന്നെ സമാധാനിപ്പിച്ചു.
. അന്ന് എന്തൊക്കെ സംഭവിച്ചാലും യുവജനോത്സവ വേദികളിൽ നിന്നും ഞാൻ പിന്മാറിയില്ല. അമ്മയും എന്നെ പിന്തിരിപ്പിച്ചുമില്ല. പകരം പ്രചോദനം തരുകയാണുണ്ടായത്.
. ആയിടയ്ക്കാണ് വീടിന്റെ അടുത്തൊരു അംഗൻവാടിയിൽ നൃത്തം പഠിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞത്. നൃത്തം പഠിയ്ക്കാനുള്ള എന്റെ ആഗ്രഹം അറിഞ്ഞ് അമ്മ എന്നെ അവിടെ പഠിയ്ക്കാൻ ചേർത്തു. അന്ന് മാസം അമ്പതു രൂപയാണ് ഫീസ്. അഞ്ചാറുമാസം പഠിച്ചു തുടങ്ങിയപ്പോഴേയ്ക്കും,അമ്മയ്ക്ക് കണ്ണിനു ഓപ്പറേഷൻ ചെയേണ്ടതായി വന്നു. സംഘടനാ ക്യാമ്പുകാരായിരുന്നു ഓപ്പറേഷന്റെ ചിലവ് വഹിച്ചിരുന്നത്. ഓപ്പറേഷനു ശേഷം വിശ്രമം അനിവാര്യമായിരുന്നു. വീട്ടിലെ ചിന്തകളെ കൂട്ടുപിടിച്ചിരുന്ന എനിയ്ക്ക് ,നൃത്തം ഒരു അധികച്ചെലവാണെന്നു തോന്നിത്തുടങ്ങി. അന്ന് വല്യമ്മയുടെ മകൻ അരങ്ങേറ്റം വരെ എന്നെ പഠിപ്പിക്കാമെന്നു ഏറ്റിട്ടും,എനിക്ക് അത്ര താല്പര്യം തോന്നിയില്ല. അച്ഛനും, ആങ്ങളമാരും ഇല്ലാത്തതിനാൽ ഈ വക കാര്യങ്ങൾക്കൊക്കെ അവരെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടി വരുമെന്നതിൽ അമ്മയ്ക്കും,എനിയ്ക്കും ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അന്നത്തെ നിലയ്ക്ക് നൃത്തം പഠിയ്ക്കൽ എവിടെഎത്തുമെന്ന് ഉറപ്പില്ലാതെ, അതൊരു ഭാരമാക്കാൻ ഞാൻ തീരുമാനിച്ചതുമില്ല.
എന്നിരുന്നാലും അന്നത്തെ ആ തീരുമാനം കൊണ്ട് എനിയിക്കിന്ന് വരെ എന്റെ പഠനങ്ങൾക്കോ , മറ്റെന്തു കാര്യങ്ങൾക്കാണെങ്കിലും ഒരു കോട്ടവും സംഭവിച്ചിട്ടില്ല, അക്ഷരങ്ങളെ ഒരുപാട് സ്നേഹിയ്ക്കുന്ന ഈ എളിയ കലാകാരിയ്ക്ക്, അമ്മയുടെ അനുഗ്രഹങ്ങൾ കൊണ്ട് നേട്ടങ്ങൾ മാത്രമേ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്തിട്ടുള്ളു ! ആ അമ്മയുടെയും, ഗുരുക്കളുടേയും,സഹോദരിമാരുടേയും, അനുഗ്രഹാശ്ശിസുകളാൽ എന്റെ ചിന്തകളിൽ അക്ഷര ജാലങ്ങൾ തീർക്കുവാൻ എനിയ്ക്ക് കഴിയട്ടെ .എന്നിലെ കലകൾ പിറവിയെടുത്തത് ഒരു പക്ഷെ അമ്മയുടെ ആ വാക്കുകളിൽ നിന്നായിരിക്കാം…..!
അതെ എന്നും, നമ്മുടെ മനസ്സിലെ ആശയങ്ങൾക്ക് ഒട്ടും പണച്ചിലവില്ലല്ലോ?!
home
.