ഒന്നാമത്തെ കുഞ്ഞ് ഓൺലൈൻ ക്ലാസു കഴിഞ്ഞ് വെറുതേ താഴേക്ക് നീക്കിയ വിരലുകളിൽ കാറുകൾ, ബൈക്കുകൾ തടയുന്നു.
ഹായ്…ഹായ്….
തളർന്നുറങ്ങും വരെ കുഞ്ഞ് ആ കളിപ്പാട്ടങ്ങളിൽ വിരാജിച്ചു. ഉറക്കിനിടയിൽ ” ബുക്ക്നൗ “വിൽ അറിയാതെ വിരലമർത്തിപ്പോയി.
പുറത്ത് പുതിയ കാർ വന്നുനിന്നു. അവനതിൽ മാസ്കുകളില്ലാത്ത സ്കൂളിൽ പോയി, പാർക്കിൽ പോയി,
“ഹായ്… ഹായ്”
ഉണർന്നപ്പോൾ ലോ ബാറ്ററി
രണ്ടാമത്തെ കുഞ്ഞ് പൊതുവെ ഒരസംതൃപ്തനായിരുന്നു. ഓൺലൈൻ ക്ലാസ്സു കഴിഞ്ഞ് വെറുതെ അവിടേയുമിവിടേയും കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, അച്ഛൻ ഡെലീറ്റു ചെയ്യാൻ മറന്ന സെർച്ച് ഹിസ്റ്ററിയിൽ അറിയാതെ തൊട്ടു. അതാ വരുന്നു അമ്മിഞ്ഞകൾ...വിശന്നിട്ടും ആഗ്രഹിച്ചിട്ടും കുടിയ്ക്കാൻ കിട്ടാതിരുന്ന ശൈശവോർമ്മയിലവൻ ഫോണിൻ്റെ ഡിസ്പ്ലേ ആർത്തിയോടെ നക്കി.
മൂന്നാമത്തെ കുഞ്ഞ് ഓൺലൈൻ ക്ലാസ്സു കഴിഞ്ഞ് കോട്ടുവായുമിട്ട് ഫേസ്ബുക്ക് വീഡിയോകളിലൂടെ സഞ്ചരിക്കുന്നു. മനോഹരമായ മണിമാളികകൾ, അകത്തളങ്ങൾ, പതുപതുത്ത ശയനമുറികൾ, പുല്ലും പൂവും പൂമ്പാറ്റയും വിരിച്ച മുറ്റങ്ങൾ, കണ്ടുകണ്ടവളുടെ കൺകുളുർക്കവെ, ഓലയുടെ വിടവിലൂടെ ഞെരിഞ്ഞിറങ്ങി വന്ന ഒരു മഴത്തുള്ളി വീണ് ഫോൺ ഡിസ്പ്ലേ ഹാങ്ങായി.
നാലാമത്തെ കുഞ്ഞ് ഓൺലൈൻ ക്ലാസ്സു കഴിഞ്ഞ് അമ്മ കാണാതെ തിരക്കിട്ട് പബ്ജിയിലേക്ക് ഒളിച്ചു കയറി. കുറഞ്ഞ സമയം കൊണ്ട് തോക്ക് നേടിയെടുത്ത അവൻ അധ്യാപകരെയും അയൽക്കാരേയും വെടിവെച്ചു കൊന്നിട്ട് അട്ടഹസിച്ചു ചിരിച്ചു. ഒറ്റയ്ക്കാണെങ്കിലും അവൻ കളിയ്ക്കുകയും ചിരിയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ, ഭാഗ്യമെന്ന് അടുക്കളയിൽ അമ്മ ആശ്വസിച്ചു,
അഞ്ചാമത്തെ കുഞ്ഞിന് ക്ലാസ്സുകൾ കഴിഞ്ഞാലും ഓൺലൈൻ കഴിയുന്നില്ല. അച്ഛനുമമ്മയും അവളെ കമ്പ്യൂട്ടറിനെ ഏൽപ്പിച്ചാണ് ജോലിക്ക് പോകാറുള്ളത്. പഠനം, ട്യൂഷൻ, കളി, വ്യായാമം എല്ലാത്തിനുമവൾക്ക് ആപ്പുകളുണ്ട്,സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കുന്നതു പോലും ആപ്പുകളാണ്.
എന്നും രാത്രി അവൾ ലാപ്ടോപ്പമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നു.
ഈ കുഞ്ഞുങ്ങൾ ജീവിക്കുന്ന രാജ്യത്ത് പൊടുന്നനെ ഇന്നലെ ഇൻ്റർനെറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഞ്ഞുങ്ങൾ സ്വയം ഷട്ട്ഡൗൺ ചെയ്ത് അപ്രത്യക്ഷരായി.
home
കാലോചിതമായ കഥ…..
വളരെ നന്നായി…..