നന്ദി, മറക്കില്ലൊരിക്കലും

കല്യാണം ഇന്നു പതിനൊന്നാം ദിവസം. സുനിത ഇന്ന് തിരിച്ചു പോവുകയാണ്. കല്യാണത്തിനു ശേഷം ഒരുവട്ടം സുനിതയുടെ വീട്ടിൽ പോയി വന്നതാണ്.
അവൾ വളരെ സന്തോഷവതിയായിരുന്നു. ഞാൻ മനസ്സിൽ ഒളിപ്പിച്ചുവച്ചതൊന്നും പുറത്തു പറയാനാകാതെ സന്തോഷം അഭിനയിച് അവളുടെ കൂടെ. ഒന്നും എന്റെയോ, അവളുടെയോ വീട്ടുകാരോട് പറയരുതെന്നും, അവരൊന്നും അറിയരുതെന്നും അവൾ എന്നോട് പറഞ്ഞിരുന്നു. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. വല്ലാത്തൊരു മരവിപ്പ് എന്നെ ബാധിച്ചു കഴിഞ്ഞിരുന്നു.
എല്ലാ രാത്രികളിലും അവൾ കരഞ്ഞുകൊണ്ട് ഒരേ കാര്യം തന്നെ എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
“ചേട്ടാ.. വീട്ടിലാരും അറിയരുത്…… ”
രണ്ടു ദിവസം അവളുടെ വീട്ടിൽ. ചില ബന്ധുവീടുകളിലും പോയി. ചെറിയ സൽക്കാരങ്ങൾ. തിരിച്ചു വീട്ടിലെത്തിയപ്പോൾ, എന്റെ പെരുമാറ്റങ്ങളിൽ എന്തെങ്കിലും പ്രത്യേകത തോന്നിയിട്ടാകാം, അമ്മ മാത്രം എന്നോട് ചോദിച്ചു…
“എന്താ നിനക്കൊരു വിഷമം പോലെ….. ”
“ഏയ്… ഒന്നുമില്ലമ്മേ…. “എന്ന് ഞാൻ പറഞ്ഞു.
എനിക്കും സുനിതക്കും ഒരുമാസത്തെ ലീവ് ഉണ്ട്. മധുവിധു യാത്രകൾ നേരത്തേ തീരുമാനിച്ചിരുന്നതുമാണ്. ഒന്നും വേണ്ടെന്നു സുനിത തന്നെയാണ് പറഞ്ഞത്.
“എന്തിനാണമ്മേ പുറത്തു പോകുന്നത്… ഇവിടെ തന്നെ നിന്നാൽ പോരെ… ” എന്ന് അമ്മയുടെ ചോദ്യത്തിന് അവൾ ഉത്തരവും കൊടുത്തു.
അച്ഛൻ ഒന്നും ചോദിച്ചതുമില്ല. അച്ഛന്റെ പ്രകൃതം അതാണ്. ഒരുപാട് സംസാരമില്ല. ഭാഷ ആശയവിനിമയത്തിന് ഉള്ളതാണ്… അത് ഒത്തിരി പരത്തി പറയേണ്ട ആവശ്യമില്ല എന്ന ചിന്താഗതിക്കാരനാണ്. അനിയൻ ഒന്നും ശ്രദ്ധിക്കാറേയില്ല. അവന്റെ പ്രകൃതം അങ്ങിനെയാണ്. ഇരുപത്തിമൂന്നു വയസ്സ് കഴിഞ്ഞു. ഇപ്പോഴും പിള്ളേരുകളി മാറിയിട്ടില്ല. ഒഴിവു ദിവസങ്ങളിൽ അമ്മയുടെ മടിയിൽ തല വച്ചു കിടന്നു തലയിൽ മസ്സാജ് ചെയ്യിക്കുന്നത് കാണാം. ഞാനും അവനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്.
സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു സുനിത പടി ഇറങ്ങുവാൻ നിൽക്കുന്നു. അനിയൻ രണ്ടു വലിയ ബാഗുകൾ കാറിന്റെ ഡിക്കിയിലും, പിൻ സീറ്റിലുമായി വച്ചു.
“നിനക്കും കൂടി പോകയിരുന്നില്ലേ…. ഏതായാലും ലീവല്ലേ…. “അമ്മ ചോദിച്ചു.
“വേണ്ടമ്മേ…. ചേട്ടൻ വരണോന്നില്ല….. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങു വരും…”
സുനിതയാണ് മറുപടി പറഞ്ഞത്.
അവൾ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നെനിക്കറിയാം. പക്ഷെ ഇപ്പോൾ എനിക്കത് പറയുവാൻ വയ്യല്ലോ. ഇന്നലെ രാത്രിയിലും അവൾ കരഞ്ഞപേക്ഷിച്ചതാണ്.
ഒരാളും ഈ കാര്യം അറിയരുത്. ഞാൻ വാക്കുകൊടുത്തു. അപ്പോൾ അച്ഛന്റെ മുഖമാണെനിക്ക് മനസ്സിൽ വന്നത്. ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും ഒരിക്കലും മാറാത്തൊരാൾ.
വളരെ സന്തോഷത്തോടെ അച്ഛന്റെയും, അമ്മയുടെയും കാലിൽ തൊട്ടു വണങ്ങി, അനുജന്റെ കവിളിലൊന്ന് തട്ടി, കാറിന്റെ ഡോർ തുറന്ന് സുനിത കയറി. എന്റെ നേരെ അവളൊന്നു നോക്കിയോ…. കാർ സ്റ്റാർട്ട്‌ ചെയ്ത് കൈ വീശി കാണിച്ച് സുനിത പുറത്തേക്ക് പോയി…. വീടിനടുത്തുള്ള വളവ് തിരിയുന്നത് വരെ ഞങ്ങൾ നോക്കി നിന്നു.
“രണ്ടു ദിവസം കഴിയുമ്പോൾ മോനിങ് വിളിച്ചു കൊണ്ടുപോരെ…. “അമ്മ പറഞ്ഞു. ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറി പോ ന്നു.
ഞാൻ സുനിതയെ ഫോണിൽ വിളിക്കാറില്ല. അമ്മ വിളിച്ചാൽ സുനിത കുശലം പറയും. ഒരാഴ്ച കഴിഞ്ഞ് വരാമെന്നു പറയും. അമ്മ സുനിതയെ കാത്തിരുന്നു….
ഒരാഴ്ച കഴിഞ്ഞു വന്നത് വക്കീൽ നോട്ടീസ് ആണ്.
എനിക്ക് ലൈംഗിക ശേഷി ഇല്ലെന്നും, പ്രകൃതി വിരുദ്ധ ലൈംഗീകതക്ക് പ്രേരിപ്പിക്കുന്നു എന്നുമാണ് ആരോപണം. അതിനു സമ്മതിച്ചില്ലെങ്കിൽ ശാരീരികമായി ഉപദ്രിവിക്കുമത്രേ. അതിനാൽ വിവാഹമോചനം ആഗ്രഹിക്കുന്നു. കോടതിയിൽ പോകാതെ ഉഭയസമ്മതപ്രകാരം ഒരു വേർപിരിയലാണ് ഉദ്ദേശിക്കുന്നത്.
വക്കീൽ നോട്ടീസ് വായിച്ചിട്ട് പ്രത്യേകിച്ച് ഒന്നും എനിക്ക് തോന്നിയില്ല. എന്തൊക്കെയോ സംഭവിക്കുമെന്ന് അറിയാമായിരുന്നു. അതെങ്ങിനെയാണെന്ന് ഇപ്പോൾ ബോധ്യമായി.
അമ്മ കരച്ചിലായി….
“എന്താ മോനെ പ്രശ്നം….. ഞാൻ മോളെ വിളിച്ചു സംസാരിക്കട്ടെ…. ”
ഒന്നും വേണ്ടെന്നു മാത്രം ഞാൻ പറഞ്ഞു… ഇവിടെ വിശദീകരണങ്ങൾക്ക് അർത്ഥമില്ലല്ലോ.
എനിക്കെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാം എന്ന്‌ അച്ഛൻ പറഞ്ഞു.
എല്ലാ ദിവസവും വൈകിട്ട് ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഞങ്ങൾക്ക് ഒരു കുടുംബമീറ്റിംഗ് ഉണ്ട്. അതിൽ എല്ലാ കാര്യവും ചർച്ച ചെയ്യാറുണ്ട്. ഇക്കുറി എന്റെ വിഷയം….
“എന്താ മോനെ നിന്റെ കുഴപ്പം….അവരെന്തൊക്കെയോ എഴുതുയിരിക്കുന്നു…. ”
“എനിക്കൊരു കുഴപ്പോമില്ല…. “നിർവികാരനായി ഞാൻ പറഞ്ഞു….. എന്റെ മനസ്സ് കല്ലായി പോയിരിക്കുന്നു. എന്തും സഹിക്കുവാനുള്ള കരുത്താർജിച്ചിരിക്കുന്നു.
“അല്ലെങ്കിൽ ആർക്കാണ് കുഴപ്പം… പിന്നെന്താ ഇങ്ങനെ…?”
എനിക്കറിയില്ലച്ഛാ…. എന്ന്‌ അച്ഛന്റെ മുൻപിൽ ആദ്യമായി എനിക്ക് കളവ് പറയേണ്ടി വന്നു…. സുനിത എന്നോട് പറഞ്ഞതൊന്നും ഇപ്പോൾ എനിക്ക് പറയാൻ വയ്യല്ലോ.
അനുജൻ മാത്രം ഒന്നും പറയാതെ അമ്മയുടെ മടിയിൽ തലവച്ചു കിടന്നു… ഇടക്ക് എന്നെ ഒന്നു നോക്കും അത്രമാത്രം….
അമ്മയും അച്ഛനും അപ്പുറത്തേക്ക് പോയപ്പോൾ അനിയൻ പറഞ്ഞു….
“ചേട്ടാ… ചേട്ടൻ വിഷമിക്കണ്ട…. പോകുവാണെങ്കിൽ അങ്ങൊട് പോട്ടെ….. “അവൻ ചെറുതായൊന്നു ചിരിച്ചു.
പിന്നീട് വക്കീലോഫീസിൽ വച്ചാണ് സുനിതയെ കാണുന്നത്.
ഉഭയസമ്മതപ്രകാരം ഞാനും സുനിതയും വേർപിരിയുന്നു. ഞങ്ങൾ ഉടമ്പടിയിൽ ഒപ്പു വച്ചു. നിയമപരമായി ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചിരിക്കുന്നു. സുനിത പുറത്തേക്കിറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. ഒന്നു നോക്കിയതുപോലുമില്ല. സുനിതയുടെ അച്ഛൻ മാത്രം എന്റെ അടുത്തു വന്നു…..
“മോൻ ക്ഷമിക്കണോട്ടോ… “എന്നു പറഞ്ഞ് തിരിച്ചു നടന്നു. അപ്പോഴും ഞാനൊന്നും പറഞ്ഞില്ല.
രണ്ടു മാസം കഴിഞ്ഞ്, സുനിതയുടെ പുനർവിവാഹത്തിന്റെ ക്ഷണക്കത്ത് എനിക്കു കിട്ടി.
വരൻ -സുനിത ആഗ്രഹിച്ചിരുന്ന ആൾ. ഇയാളെക്കുറിച്ചാണ് ആദ്യ രാത്രിയിൽ സുനിത എന്നോട് പറഞ്ഞത്. സുനിതയുടെ കൂടെ പഠിച്ച ആൾ. വർഷങ്ങളായി അവർ ഇഷ്ടത്തിലായിരുന്നു.പയ്യൻ
താണ ജാതിക്കാരനായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. അങ്ങനെ ഞാനുമായുള്ള വിവാഹം നടന്നു. വിവാഹമോചനത്തിനു ശേഷം പഴയ സുഹൃത്ത് വിവാഹാലോചനയുമായി ചെന്നു. വിവാഹമോചനം കഴിഞ്ഞിരിക്കുകയാൽ സുനിതയുടെ മാതാപിതാക്കൾക്ക്ഇക്കുറി ജാതി പ്രശ്നമായില്ല.
വിവാഹപ്പിറ്റേന്ന് എന്റെ മൊബൈലിൽ സുനിതയുടെ ഒരു മെസ്സേജ് വന്നു.
“നന്ദി…… മറക്കില്ലൊരിക്കലും…. ”
അതിനു താഴെ വരന്റെ മെസ്സേജും…..
വിഷമിപ്പിച്ചിട്ടുണ്ട്…. അറിയാം….എങ്കിലും ഞങ്ങൾ എന്നും ഓർത്തിരിക്കും…

കെ. കെ. വിശ്വംഭരൻ.

 

You can share this post!