

വോട്ട് ചെയ്തപ്പോൾ
നഖത്തിൽ കുത്തിയ
കറുത്ത അടയാളം
അഭിമാനത്തിന്റേതായിരുന്നു!
വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേക്കും
നഖം വളർന്നു…
ഒപ്പം കറുത്ത പാടും
മുന്നോട്ടു നീങ്ങി….
തർക്കവിതർക്കങ്ങൾക്കും
ഒത്തുതീർപ്പുകൾക്കും ഒടുവിൽ
അധികാരക്കസേരകളൊരുങ്ങാൻ വീണ്ടും
കുറെ നാൾ…
അപ്പോഴേക്കും
കറുത്ത പാട്, ഒരു പൊട്ടായി നഖത്തിന്റെ
അഗ്രഭാഗത്തെത്തിയിരുന്നു..
അധികാരവണ്ടികൾ അതിവേഗത്തിൽ
പാഞ്ഞു തുടങ്ങിയപ്പോൾ
വീണ്ടും ആ പൊട്ടിലേക്ക് നോക്കി…
പ്രതീക്ഷകളോടൊപ്പം
വളർന്നു വളർന്നു നഖം
ആ കറുത്ത പൊട്ടിനെ
പുറത്താക്കിക്കഴിഞ്ഞിരുന്നു.
ഇനിയെന്നാണത് തിരിച്ചെത്തുക?
രണ്ടു കറുത്ത പൊട്ടുകൾക്കിടയിലെ
കാത്തിരിപ്പാണല്ലോ ജനാധിപത്യം!!