ദൈവം വെയിൽപോലെ പെയ്യുകയാണ് /എം.കെ.ഹരികുമാർ 

യുക്രെയ്നിൻ്റെ നിറങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. മനുഷ്യരുടെ മുഖങ്ങളിൽ നിന്നു ഗ്രാമഛായകൾ വിസ്മൃതമായി. മരങ്ങൾ മാത്രം എല്ലാ വിഷവും കുടിച്ചു കറുത്ത് കരുവാളിച്ച് നിൽപ്പുണ്ട് .ശാന്തമായ, സ്വയം  നിറഞ്ഞ ഒരു ബിംബവും  എവിടെയുമില്ല .ഒരു പുല്ലിനുപോലും ബോംബിൻ്റെ ശബ്ദം മാത്രമേ  ഓർക്കാനാവുന്നുള്ളു. യുക്രൈൻ ആർട്ടിസ്റ്റുകളുടെ ബ്രഷിൽ ഗ്രാമത്തിൻ്റെ ഒരു നിറവും അവശേഷിക്കുന്നില്ല. എല്ലാ കാൻവാസും പ്രതിരോധത്തിൻ്റെ പണിയിലാണ് .മിസൈൽ വന്നു പതിച്ച് ചിത്രങ്ങൾ ചിതറുകയാണ്. 

യുക്രെയ്ൻ കലാകാരി മാരിനാ  ഈസ്റ്റ്മാൻ (Marina Eastman) വരച്ച  Ukrainian Village എന്ന ചിത്രം ആധിയുടെയും പലായനത്തിൻ്റെയും വെപ്രാളത്തിനിടയിൽ നിന്നുകൊണ്ട് ഗ്രാമങ്ങളെക്കുറിച്ചോർക്കാൻ സഹായിക്കുന്നു. ഓർമ്മകൾകൊണ്ട് തുന്നിച്ചേർത്ത ചിത്രങ്ങളുടെ ഒരു കൂട് മനസിലേക്ക് വരുകയാണ്. ഈ ചിത്രം നമ്മെ ,തേങ്ങലോടെ ,ഭൂതകാലത്തിൻ്റെ മഴവരും ഇരമ്പങ്ങളിലേക്ക് പ്രാണരക്ഷാർത്ഥം ഓടിച്ചെല്ലാൻ പ്രേരിപ്പിക്കും .നിഷ്കളങ്കവും സ്വരരാഗവിവശവുമായ ഗ്രാമം എത്ര സ്വച്ഛമാണെന്ന് ഓർത്ത് നാം നിശ്ശബ്ദതയിലമരും. ഗ്രാമത്തെ ഓർത്ത് പച്ചിലകളുടെ തണുപ്പിലേക്ക് ചേക്കേറാൻ തോന്നുന്നത് യുദ്ധകാലത്തായിരിക്കും. അപ്പോൾ ഗ്രാമം ഒട്ടും കാല്പനികമായിരിക്കില്ല .ജീവിതത്തിൻ്റെ വിലയാണത് ബോധ്യപ്പെടുത്തുക .ഗ്രാമം കപടമാകുന്നത് നഗരങ്ങൾ പെരുകുമ്പോഴാണ്‌. ഫ്യൂഡൽ ഗ്രാമങ്ങളല്ല യഥാർത്ഥ ഗ്രാമങ്ങൾ .ഈസ്റ്റ്മാൻ്റെ ചിത്രം ഗ്രാമത്തിലേക്ക് ജീവൻ്റെ ശുദ്ധതയും നൈർമ്മല്യവും ആവാഹിക്കുന്നു .വിദ്യാഭ്യാസത്തിലൂടെ നമുക്ക് നഷ്ടപ്പെടുന്നതാണിത്. ഇന്ന് വിദ്യാഭ്യാസം അവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ എന്താണോ നേടേണ്ടിയിരുന്നത് അതിനു പകരം അതിൻ്റെ നേർ വിപരീതമായതെല്ലാം – പക ,വാശി ,അസൂയ ,മത്സരബുദ്ധി ,ആർത്തി ,ധനമോഹം ,ഉപദ്രവവാസന – തഴച്ചുവളരുകയാണ്. ഈ ദുർവാസനകളെ പാകപ്പെടുത്തുന്ന ഇടങ്ങളാണ് ക്ളാസ് റൂമുകൾ .യഥാർത്ഥവിദ്യ തേടിപ്പായ കുറെ കഥാകൃത്തുക്കളെ ഓർക്കുകയാണ്. പൊറ്റെക്കാട് ,ഉറൂബ്  സി.വി.ശ്രീരാമൻ തുടങ്ങിയവരുടെ ഗ്രാമങ്ങളെക്കുറിച്ച് ഓർമ്മിക്കാൻ ഈസ്റ്റ്മാൻ്റെ ചിത്രം  ഇടയാക്കി .ദൈവം അവിടെ വെയിൽ പോലെ പെയ്യുകയാണ് ,അവിദ്യയെ തമസ്കരിക്കാൻ. 

പെസ്സോവയുടെ അരുചി 

പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ തൻ്റെ ആത്മകഥയായ TheBook of Disquiet ൽ ആത്മീയ പ്രക്ഷോഭത്തിൻ്റെ പാരമ്യാവസ്ഥയെ  വിവരിക്കുന്നുണ്ട്. ഭൗതികമോ ആന്തരികമോ ആയ സംഘർഷം നമ്മെ ആത്മീയമായ നിരാഹാരത്തിലേക്ക് തള്ളിവിടും .

“I’am losing my taste for everything, including even my taste for finding everything tasteless “

എല്ലാ രുചികളിൽ നിന്നും മനുഷ്യൻ അകലുന്നത് സംഘർഷകാലത്താണ് ,സന്ദിഗ്ദ്ധ കാലത്താണ്. അരുചി പോലും മനസിലാക്കാനാവാതെ നമ്മെ കഴപ്പിക്കും .യുക്രെയ്നിൽ നിന്ന് പലായനം ചെയ്തവരുടെ മനോനില ഇതായിരിക്കില്ലേ ?

സി.വി.ബാലകൃഷ്ണൻ്റെ കഥ പാളി 

‘മോനിക്കയും മാർഗരീത്തയും തമ്മിൽ ഗൗരവതരമായ ഒരു സംഭാഷണം’ (പ്രഭാതരശ്മി ,മാർച്ച് ) എന്ന കഥ സി. വി.ബാലകൃഷ്ണൻ എന്തിനെഴുതി എന്നു മനസ്സിലാകുന്നില്ല. 

ഒരു പേജ് നിറയെ എഴുതിവച്ചിട്ടുണ്ട്. ആകെ രണ്ടു ഖണ്ഡികകളെയുള്ളൂ. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് ഈ കഥാസാഹസത്തിനു മുതിർന്നതെന്ന് അനുമാനിക്കുന്നു. ബാലകൃഷ്ണൻ കഥയെ ഒരിക്കലും ഗൗരവത്തോടെ കണ്ടിട്ടില്ല. എനിക്ക് ബാലകൃഷ്ണനോട് പറയാനുള്ളത് ഇതാണ്: നമുക്ക് എഴുതാൻ ഒരവസരം വരുമ്പോൾ പരമാവധി ആവിഷ്കരിക്കുക. മുൻകാലങ്ങളിൽ എന്തെഴുതി എന്നത് വച്ചല്ല വായനക്കാർ പുതിയ രചനയെ സമീപിക്കുന്നത്. എന്തെങ്കിലും കാട്ടിക്കൂട്ടിയിൽ വായനക്കാർ കൈകാര്യം ചെയ്യും .ഈ കഥ ഒന്നാന്തരം പൈങ്കിളിയാണ്. ഗർഭം ,അവിഹിതഗർഭം തന്നെയാണ് പ്രമേയം. അവിഹിതഗർഭം പേറുന്ന മോണിക്ക എന്ന സ്ത്രീ ഗർഭം അലസിപ്പിക്കുന്നതിനു എതിരാണത്രേ .അതിനു വായനക്കാർ എന്താ വേണ്ടത് ?അവൾ കൂട്ടുകാരിയോട് ചോദിക്കുകയാണ് മേരി ചെയ്തത്  അങ്ങനെയാണോ എന്ന് ! .ഇതോടെ കഥയുടെ തകർച്ച പൂർത്തിയായി. 

എന്തെങ്കിലും എഴുതുമ്പോൾ ദയവായി വായനക്കാരനെ ഓർക്കുക. ഹെമിംഗ്വേ ,മാക്സിം ഗോർക്കി തുടങ്ങിയവരുടെ കഥകൾ വായിച്ചവർ അവിടെ നില്ക്കുകയല്ല ;അവർ ഹാറുകി മുറകാമിയെയും ജൂലിയൻ ബാൺസിനെയും വായിക്കുന്നു. ഗർഭവും അലസിപ്പിക്കലുമൊക്കെ ഇവിടെ എത്രയോ പേർ എഴുതി നശിപ്പിച്ചതാണ്. ഇനിയും അതു തന്നെ വേണോ ?

താരതമ്യേന രസം തോന്നിയത് വി.എസ്.അജിത് എഴുതിയ ‘ഇന്നു  രാത്രി പതിനൊന്നിന് ‘(പ്രസാധകൻ, ഏപ്രിൽ )വായിച്ചപ്പോഴാണ്. ഇപ്പോൾ ഫേസ്ബുക്ക് പ്രണയവും അനന്തര സമാഗമവുമാണല്ലോ പുതിയ സംഭവ വികാസങ്ങൾ .കഥ പറയാനാഗ്രഹിക്കുന്നവർക്ക് ഫേസ്ബുക്ക് മെസഞ്ചർ ധാരാളം വിഭവങ്ങൾ ഒരുക്കുന്നുണ്ട് .ഈ കഥയിലും വിഭവദാനം നടത്തുന്നത് മെസഞ്ചറാണ്. യാദൃശ്ചികമായി പരിചയപ്പെട്ട ഒരു പെൺസുഹൃത്ത് ക്ഷണിച്ചതനുസരിച്ച് വീര്യമുള്ള ഒരു സമാഗമത്തിനായി, രാത്രിയിൽ അവളുടെ അപരിചിതമായ വീട്ടിലേക്ക് ചെല്ലുകയാണ് കഥാനായകൻ. എന്നാൽ അവളെ കണ്ടു പരിചയപ്പെട്ടു സ്നേഹത്തിൻ്റെ അടയാളങ്ങൾ പുറത്തെടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ കലിതുള്ളി തെറിവിളിക്കാൻ തുടങ്ങി.അവളും മകളും ഒറ്റയ്ക്കാണ് താമസം. അവളെ കല്ലെറിഞ്ഞും തെറി പറഞ്ഞും ശല്യപ്പെടുത്തുന്ന കുറേപേർ ചുറ്റുവട്ടത്തൊക്കെയുണ്ട്. അവരിലൊരാളാണ് ഫേസ്ബുക്കിലൂടെ താൻ പരിചയപ്പെട്ട ഈ അതിഥിയെന്ന് അവൾ തെറ്റിദ്ധരിക്കുന്നു. മുട്ടയിൽ കൂടോത്രം എഴുതിയ നരാധമനാണ് അവനെന്ന് ഉറപ്പുവരുത്താൻ അവൾ ഒരു കടലാസിൽ എഴുതിച്ച് കൈയക്ഷരം പരിശോധിക്കുന്നു .ഒരു തെറ്റും ചെയ്യാത്ത അവൻ ഞെട്ടലിൽ നിന്നു മുക്തനാകുന്നതിനു മുന്നേ തന്നെ അവനു കിട്ടി: “ചവിട്ടിത്തള്ളിയിട്ടു കളഞ്ഞു. പുറം തലയിടിച്ചാണ് വീണത്.അവളുടെ കാല് എൻ്റെ കൊരവള്ളിയിലാ ” .

ഈ കഥ എന്നെ രസിപ്പിക്കാൻ കാരണമുണ്ട് .സാമ്പ്രദായിക ഫേസ്ബുക്ക് പ്രണയങ്ങളുടെയും കൂടിച്ചേരലുകളുടെയും വേർപെടലുകളുടെയും സ്ഥിരം ട്രാക്കിലല്ല ഈ കഥ ഓടുന്നത്. ഒരു അസാധാരണ ട്വിസ്റ്റ് സംഭവിക്കുകയാണ്. ഇത്രയെങ്കിലും വേണമല്ലോ ഒരു ഫേസ്ബുക്ക് കഥയെഴുതുമ്പോൾ .

ദസ്തയെവ്സ്കി ന്യൂറോട്ടിക് വ്യക്തിത്വം ?

സമീപകാലത്താണ് സമകാലീന സാഹിത്യചിന്തകനായ എൽ. ജയിംസ് ഹാമണ്ട് (L.James Hammond) എഴുതിയ ചില ലേഖനങ്ങൾ വായിച്ചത്. ചിന്താ കുഴപ്പങ്ങൾ പരിഹരിക്കാൻ, അദ്ദേഹം ഇരുപതാംനൂറ്റാണ്ടിനു മുമ്പുള്ള പുസ്തകങ്ങളാണത്രേ വായിച്ചത്. 

ദസ്തയെവ്സ്കി ഒരു ന്യൂറോട്ടിക് വ്യക്തിത്വമായിരുന്നു എന്നാണ് ഹാമണ്ട് പറയുന്നത്. തൻ്റെ മനസ്സിൻ്റെ  പ്രശ്നങ്ങളും നരകങ്ങളുമാണ് അദ്ദേഹം മറ്റുള്ളവരിൽ കാണാൻ ശ്രമിച്ചത് .ദസ്തയെവ്സ്കിയുടെ  കഥാപാത്രങ്ങളിൽ മിക്കവരും ആത്മപീഢയിൽ വേവുകയാണ്. സ്വയം പീഡിപ്പിക്കുന്ന അവരുടെ അതിരുവിട്ട സദാചാരബോധം അവരെ സാധാരണ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന്  പിന്തിപ്പിക്കുകയാണ് ചെയ്യുന്നത് ;  പകരം അവർ ശാരീരിക അവശതകളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നു,ഒരു  കൃപ എന്ന നിലയിൽ .സ്വയം അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള ഈ കഥാപാത്രങ്ങൾ മിക്കപ്പോഴും  ബഫൂണുകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഹാമണ്ട് കണ്ടെത്തുന്നു.

സൗന്ദര്യത്തെക്കുറിച്ച് ഹാമണ്ട് പറയുന്നത് ഇതാണ്: “സൗന്ദര്യം സാർവത്രികമോ കാലാതീതമോ അല്ല.  കാലദേശങ്ങൾക്കനുസരിച്ച് അതിന് മങ്ങൽ സംഭവിക്കുന്നു .പുരാതന ഗ്രീസിലെ ഭാവനാശാലിയായ ഒരെഴുത്തുകാരൻ ഇന്നത്തെ വായനക്കാരെ ആകർഷിക്കുന്നില്ല. പുരാതന ഗ്രീക്ക് എഴുത്തുകാർ പണ്ഡിതന്മാരെയാണ് ആകർഷിക്കുന്നത്. പൗരസ്ത്യ  സംസ്കാരത്തിൽ പാശ്ചാത്യജനതയ്ക്ക് അത്രകണ്ട് താല്പര്യം ജനിച്ചിട്ടില്ല .ചൈനയിലെയോ  ജപ്പാനിലെയോ കവികളെ പാശ്ചാത്യരാജ്യങ്ങളിലെ സാഹിത്യചിന്തകർ കാര്യമായി സ്വാധീനിച്ചിട്ടില്ല” .

ഇത് എത്രയോ ശരിയാണ് .ഇപ്പോൾ പാശ്ചാത്യലോകത്ത്, സാഹിത്യത്തിനും തത്ത്വചിന്തയ്ക്കും വേണ്ടി  ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലുണ്ട്. മിക്കവാറും പ്രമുഖരുടെ രചനകളെല്ലാം  സൗജന്യമായി വായിക്കാം. എട്ടു കോടി പുസ്തകങ്ങളുടെ പി.ഡി.എഫ് ആർക്കു  വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്തു വായിക്കാം. പാശ്ചാത്യദേശങ്ങളിലെ വിമർശകരുടെ  ലേഖനങ്ങളിൽ ഇന്ത്യയിലയോ  ചൈനയിലെയോ ജപ്പാനിലെയോ   എഴുത്തുകാരുടെ രചനകളെപ്പറ്റി ഒരു പരാമർശംപോലും ഞാൻ കണ്ടിട്ടില്ല.

വിജയൻ്റെ സംഗീതവ്യൂഹം 

ചില വാക്യങ്ങൾ എഴുതുമ്പോൾ സ്കൂളിൽ മാഷുമാർ പറഞ്ഞത് കേൾക്കുന്നവരാണെങ്കിൽ, ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കും. പകരം പര്യായപദങ്ങൾ ഉപയോഗിക്കും. ഇത് തെറ്റാണ്. ചില വാക്കുകൾ അത്യാവശ്യമായി ആവർത്തിക്കേണ്ടി വരും. അത് സംഗീതത്തിൻ്റെയും കലയുടെയും ആവശ്യമാണ് .ഒരു ഖണ്ഡികയിൽ ഒരു വാക്ക് മൂന്നോ നാലോ പ്രാവശ്യം ആവർത്തിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ കണ്ടേക്കാം. എന്നാൽ ആവർത്തനത്തിനും ചില ഉപയോഗങ്ങളുണ്ട് .ഒ.വി. വിജയൻ്റെ  ‘ധർമ്മപുരാണം’ എന്ന നോവലിൻ്റെ  ഒടുവിലെ ഭാഗം ശ്രദ്ധിക്കണം. ഒരു നോവൽ എങ്ങനെ അവസാനിപ്പിക്കണമെന്ന് വിജയന്  നല്ല ധാരണകളുണ്ട്. ഇന്ത്യൻ എഴുത്തുകാരിൽ ഇതുപോലൊരു തീവ്രബോധം മറ്റാർക്കെങ്കിലുമുണ്ടോ എന്നറിയില്ല. സാഹിത്യരചന എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയണമെങ്കിൽ ആവശ്യത്തിൽ കൂടുതൽ പ്രതിഭ വേണം.’ധർമ്മപുരാണം’ അവസാനിപ്പിക്കാൻ വിജയൻ തൻ്റെ ജ്ഞാനം മുഴുവൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു .കലാ സങ്കേതങ്ങളുടെ മുഖാവരണങ്ങൾ തട്ടിമാറ്റി ,തന്നിലൂടെ തന്നെ  സഞ്ചരിക്കുകയാണ് എഴുത്തുകാരൻ :

” പരാശരൻ ജാഹ്നവിയുടെ തീരത്തുനിന്നു. അപ്പോഴാണ് പൊടുന്നനെ അയാൾ ആ മരം കണ്ടത്. അനാഥനായ പരാശരൻ്റെ  മുകളിൽ അപാരമായ ആ വടവൃക്ഷം പടർന്നു നിന്നു. പരാശരൻ്റെ  കണ്ണുകൾ നിറഞ്ഞൊഴുകി .

പരാശരൻ മരത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി.

പരാശരൻ മരത്തെ കെട്ടിപ്പിടിച്ചു.

പരാശരൻ അലമുറകൊണ്ടു :

‘സിദ്ധാർത്ഥാ രാജാവേ ,ഇത് അങ്ങാണോ ‘ ?

ഓരോ ഇലയും കൊമ്പും വേരും പരാശരനോട് സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിൻ്റെ അർത്ഥം മനസിലാക്കാതെ പടനായകൻ അതിൻ്റെ തിരകളിൽ മുങ്ങിപ്പൊങ്ങി .

പരാശരൻ പ്രലപിച്ചു:

പറഞ്ഞു തരിക !എനിക്കു പറഞ്ഞു തരിക !’ 

വടവൃക്ഷം നിശബ്ദമായി .

അരികിലൂടെ സനാതനയായ ജാഹ്നവി ഒഴുകിക്കടന്നു.

ഒറ്റയ്ക്ക് പടനായകൻ ആ മഹാസസ്യത്തിൻ്റെ ചുവട്ടിൽ ഇരുന്നു. മൃഗസൃഷ്ടിയുടെ തീരാദു:ഖത്തിൽ പരാശരൻ പിന്നെയും പിന്നെയും കരഞ്ഞു.അയാളുടെ ചുമലിൽ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപോലെ ഉറങ്ങി “.

ഇവിടെ പരാശരൻ എന്ന നാമം ആറ്  തവണ ആവർത്തിച്ചിരിക്കുന്നു .ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും പബ്ളിഷിംഗ് കമ്പനിയിലെ എഡിറ്ററെ   ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ പരാശരൻ എന്ന വാക്ക് ആവർത്തിക്കാതെ പകരം മറ്റു പല വാക്കുകൾ കണ്ടുപിടിക്കുമായിരുന്നു. 

പരാശരൻ എന്ന വാക്ക് വിജയന്  ആവശ്യമാണ് .വിജയൻ നയിക്കുന്ന  സംഗീതത്തിൻ്റെ  മഹാപ്രസ്ഥാനത്തിന് ഈ വാക്കുകളുടെ ആവർത്തനം ആവശ്യമാണ്. പരാശരൻ്റെ അടുത്തുള്ള വൃക്ഷം വളരുകയാണ്.  അതിൻ്റെ ഓരോ ഇലയും അയാളോട്  സംസാരിക്കുകയും ചെയ്യുന്നു. എപ്പോഴും ഈ സമന്വയവും  സമാശ്വാസവും പ്രകൃതിയിലുണ്ട്. കൈയിലൊതുങ്ങാത്ത ഈ വിഷയം പകർത്തുമ്പോൾ എഴുത്തുകാരൻ വയലിനിസ്റ്റ് യെഹൂദി മെനുവിൻ (yehudi Menuhin) ആകണം ,സാഹിത്യസംഗീതം ഉൾക്കൊള്ളാൻ .സിദ്ധാർത്ഥനായി മാറിയ വൃക്ഷത്തെ അറിയാൻ ബുദ്ധൻ്റെ അഹിംസയെ ആവാഹിക്കണം.

പരാശരൻ എന്ന വാക്ക് മാത്രമല്ല, വേറെയും വാക്കുകൾ ആവർത്തിക്കുന്നുണ്ട്. ആവർത്തനം നമ്മെ ആത്മീയമായ ഒരു മന്ത്രധ്വനിയിലേക്ക് നയിക്കുകയാണ്. വളരെ നിശ്ശബ്ദവും വിജനവുമായി ഒരിടത്ത് ആത്മാവ് അതിനോടു തന്നെ നടത്തുന്ന ഒരു സംവാദമാണത്‌.  

കലയില്ല 

സുരേന്ദ്രൻ മങ്ങാട്  രചിച്ച ‘കസ്റ്റഡി’ ഒരു പോലീസ് ഇൻസ്പെക്ടറുടെ ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്. പൊലീസുകാരുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണയാണ് .

റോഡുവക്കിൽ കിടന്ന ഒരാളെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവഴിയിൽ മരിക്കുന്നു .കസ്റ്റഡി മരണമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന പോലീസ് ഇൻസ്പെക്ടറാണ് കഥയിലുള്ളത്. ഈ കഥയ്ക്ക് എന്താണ് പ്രസക്തിയെന്ന് മനസ്സിലാകുന്നില്ല. ഒരു കഥ ഉണ്ടാകുന്നത് റിയലിസ്റ്റ് ജീവിതത്തിൻ്റെ അടിയിൽ അദൃശ്യമായി, കൂടുതൽ സത്യമായി മറ്റൊരു ജീവിതം ഉണ്ടെന്ന് തോന്നുമ്പോഴാണ്. കഥാകൃത്ത് മാത്രമാണ് അതിൻ്റെ സാക്ഷി. ഈ കഥയിലെ പൊലീസ് ഉദ്യോഗസ്ഥനെ എല്ലാവർക്കും അറിയാവുന്നതാണ്. അസാധാരണമായി ഒന്നുമില്ല. ഉപരിപ്ളവമായ സംഭവങ്ങൾ വിവരിക്കുന്നത് പത്രറിപ്പോർട്ടിൻ്റെ  ഭാഗമാണ് ;ചെറുകഥയല്ല .

ചെറുകഥയിൽ കലയുണ്ടാവണം. നിത്യജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നത് കഥയാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട് .അവർക്ക് കലയോട് കൂറ് ഉണ്ടായിരിക്കില്ല.

നിരർത്ഥകമായ കഥ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ  കഥകൾ ഞാൻ നന്നായി പരിശ്രമിച്ചു വായിച്ചു നോക്കിയിട്ടുണ്ട് .പക്ഷേ, എനിക്കാസ്വദിക്കാൻ പറ്റാറില്ല. കഥ പറഞ്ഞു തുടങ്ങിയശേഷം കഥാകൃത്തിനു ഏകാഗ്രത നഷ്ടപ്പെടുകയോ ലക്ഷ്യം തെറ്റി എവിടെയെങ്കിലും ചെന്നു വീഴുകയോ ചെയ്യുകയാണ് പതിവ്. 

‘അരികിൽ നീ വന്നിരിക്കൂ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 2) എന്ന കഥയും അതുപോലെതന്നെ ലക്ഷ്യം കാണാനാവാതെ എവിടെയോ തലകുത്തി വീഴുന്നു. ഇതിൽ ഡോ. അജ്മൽ ഹുസൈൻ എന്ന കഥാപാത്രത്തെ എന്ത് ചെയ്യണമെന്ന് കഥാകൃത്തിനു  അറിയില്ല. അയാളെ വിധ്വംസകസ്വഭാവമുള്ളവനാക്കാൻ  ശ്രമിക്കുന്നുണ്ട്. അയാൾ ചോറുണ്ണുന്നത് ലൈംഗികാനുഭൂതിക്ക് വേണ്ടിയാണ് .അയാൾ ചോറുരുട്ടുന്നത് ഇണയുടെ ജനനേന്ദ്രിയത്തിൽ വിരലിടുന്നതിനു സമാനമാണത്രേ. കഥാകൃത്തിനോട് പറയാനുള്ളത് ഇതാണ്: ഔചിത്യത്തോടെ എഴുതുക. അന്നത്തെയെങ്കിലും വികലമാക്കാതിരിക്കുക. അതൊക്കെ അപക്വമായ സമീപനമായി അവശേഷിക്കുകയാണ്.തുടക്കത്തിൽ അയാളുടെ ഭക്ഷണശീലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ കഥാകൃത്ത് പിന്നീട് അതെങ്ങനെ വികസിപ്പിക്കണമെന്ന റിയാതെ കുഴങ്ങുന്നു .

അയാൾക്ക് ഭാര്യയുമായുള്ള പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ഭാര്യ വാങ്കുവിളി കേൾക്കുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി എന്തായാലും നിർത്തിവയ്ക്കുകയാണത്രേ. അയ്യോ കഷ്ടം .ഡോക്ടറെ സംശയിക്കുകയും  ശകാരിക്കുകയും ചെയ്യുന്നു. അവൾ കോളജ് അധ്യാപികയാണെന്നോർക്കണം!  യാതൊരു ലോജിക്കുമില്ലാത്ത അവതരണം. കഥാകൃത്തിനു കഥ അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഒടുവിൽ അജ്മലിനെ മദ്യപാനിയാക്കുകയാണ്. ഭാര്യ ജോലി ചെയ്യുന്ന കോളേജിൻ്റെ ഗേറ്റിനു മുന്നിൽ അയാൾ മദ്യപിച്ച് കൂത്താടി വീണു കിടക്കുകയാണത്രേ! എന്നിട്ടോ അതും പരാജയം .ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ കോളജ് പടിക്കൽ വീണു കിടക്കുന്നത് അയാളുടെ ഭാര്യ കണ്ട് ബോധ്യപ്പെടുന്നു. അവൾ സഹോദരനെ വിളിച്ചു വരുത്തി നേരെ ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ കാറോടിച്ച ചെല്ലുന്നു. ഡോക്ടറെ കണ്ട അവൾ ഉറപ്പു വരുത്തുകയാണ്:

“മുംതാസിൻ്റെ (ഭാര്യ) മുഖത്തേക്ക് ഡോക്ടർ നോക്കിയതേയില്ല .ഫസൽ (ഭാര്യയുടെ സഹോദരൻ)ഇതൊട്ടു ശ്രദ്ധിച്ചതുമില്ല. പക്ഷേ ,അവൾക്ക് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നു. കണ്ണുകൾക്ക് താഴെയുള്ള തടിപ്പും  കറുപ്പും .പിന്നെ ,ധൃതിയിൽ ഷേവ്  ചെയ്യുന്നതിനിടയിൽ ഇടത്തെ കൃതാവിനിടയിൽ മുറിഞ്ഞതിൻ്റെ പാട്. അത് ചോദിക്കാൻ  തന്നെ മുംതാസ്  തീരുമാനിച്ചു .പക്ഷേ ,പറഞ്ഞു തുടങ്ങുമ്പോഴേക്കും പള്ളിയിൽ നിന്ന് അസർ ബാങ്ക് മുഴങ്ങി ” .

എന്ത് കഥയാണിത് ?എന്തെങ്കിലും വ്യക്തതയുണ്ടോ ? യാതൊന്നും പറയാനില്ലാത്തപ്പോൾ കഥയെഴുതാതിരിക്കുകയാണ് നല്ലത്.

ധൃതരാഷ്ട്രർക്കും പരവതാനി 

ധൃതരാഷ്ട്രർക്ക് സാമാന്യം  തരക്കേടില്ലാത്ത നന്മകളുണ്ടായിരുന്നുവെന്ന് സമർത്ഥിക്കുകയാണ് വി.പി.ഏലിയാസ് ‘ഇരുളൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 16) എന്ന കഥയിൽ .നല്ല ഭാവിയുള്ള പരിപാടിയാണ്. രാവണൻ, ദുശ്ശാസനൻ ,ദുര്യോധനൻ ,കംസൻ ,ശകുനി തുടങ്ങിയവരെയൊക്കെ വിശിഷ്ടവ്യക്തിത്വങ്ങളായി  സ്ഥാപിച്ചുകൊണ്ട് കഥയും നോവലുമെഴുതുന്നവരുണ്ട്. സമൂഹം അത്രമേൽ അഴിമതിയിലേക്കും ദുരയിലേക്കും മൂല്യരാഹിത്യത്തിലേക്കും ചെന്നു പതിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇത്തരം സാഹിത്യരചനകൾ .ഇത്തരം രചയിതാക്കൾക്ക് ധർമ്മം എന്ന സമസ്യയെക്കുറിച്ച് വലിയ വിവരമില്ല .

ധർമ്മം ബാങ്കിലെ പലിശപോലെയോ, അവാർഡ് സംഘടിപ്പിക്കുന്നപോലെയോ അനായാസമായി മനസ്സിലാക്കാവുന്ന ഒരു പ്രശ്നമല്ല.വൈരാഗ്യമുള്ള എഴുത്തുകാരനോട് പക പുലർത്തുന്ന  പത്രാധിപരുടെ മനോനിലപോലെ വളരെ ലാഘവത്തോടെ കാണാവുന്നതല്ല ധർമ്മം. ധർമ്മത്തെ ധർമ്മപുത്രർപോലുമല്ല നിർവ്വചിച്ചത് , ശ്രീകൃഷ്ണനാണ്. അർജുനനു പോലും  ധർമ്മത്തെ മനസ്സിലാക്കാനായില്ല. കർണൻ ജീവിതകാലമത്രയും ധർമ്മത്തെ ഇഴപിരിച്ചെങ്കിലും അയാൾക്കും പിടികിട്ടിയില്ല. ഓരോ ശ്വാസത്തിലും ധർമ്മത്തെക്കുറിച്ച് പറഞ്ഞ ഭീഷ്മർ, ഒടുവിൽ ഒരു കുരുക്ഷേത്ര ഭൂമിയിൽ ശ്രീകൃഷ്ണൻ ധർമ്മത്തെ വ്യാഖ്യാനിക്കുന്നത് കണ്ടു നിസ്സഹായനായി ആയുധം താഴെ വയ്ക്കുകയാണ്. ഇതാണ് വസ്തുതയെന്നിരിക്കെ ,മലയാളത്തിൽ ചിലർ ഇതാ ഞങ്ങൾ രാജ്യം പിടിച്ചടക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹാഭാരതത്തെക്കുറിച്ച് തടിച്ച ഗ്രന്ഥങ്ങൾ എഴുതി. ഇവർക്കും ധർമ്മം എന്താണെന്ന് വ്യാഖ്യാനിക്കാൻ അറിയില്ല .

സത്യൻ അന്തിക്കാടിൻ്റെ  സിനിമകളിലെ നായകനെപ്പോലെ ശ്രീകൃഷ്ണനെ സമീപിച്ചിരിക്കുകയാണ് ഈ മഹാഭാരതവ്യാഖ്യാതാക്കൾ. കെ.സി. നാരായണൻ ,സുനിൽ പി. ഇളയിടം തുടങ്ങിയവർക്ക് സംഭവിച്ചത് ഇതാണ്. ശ്രീകൃഷ്ണൻ്റെ ധർമ്മത്തെ മനസിലാക്കാതെ മഹാഭാരതത്തെക്കുറിച്ച് എഴുതിയാൽ കൊമേഴ്സ്യൽ സിനിമാനിരൂപണം പോലാവും ; അവിടെ കഥാപാത്രങ്ങളെ പുറമേ നിന്ന് നിരീക്ഷിച്ചാൽ മതിയല്ലോ .

ഇവിടെ വി.പി.ഏലിയാസ്  സമർത്ഥിക്കുന്നത് ധൃതരാഷ്ട്രർക്ക് നിറയെ നന്മകളുണ്ടെന്നാണ്. ധൃതരാഷ്ട്രറുടെ ഈ വാക്കുകൾ നോക്കുക :”അധർമ്മം പ്രവർത്തിക്കുന്നതിൽ നിന്ന് സുയോധനനെ വിലക്കിയില്ല എന്നതിനപ്പുറം എന്ത് ദോഷമാണ് എന്നിലാരോപിക്കാവുന്നത് ?വിലക്കിയില്ല എന്നതുപോലും സത്യമല്ല. വിലക്കുകളെ അവർ വകവച്ചില്ല എന്നതാണ് സത്യം. വാക്കുകൾക്ക് വിലയില്ലാത്തിടത്ത് ഒരാൾ പതുക്കെപ്പതുക്കെ മൗനിയായിത്തീരുന്നതിൽ എന്താണത്ഭുതം? ഞാൻ ചെയ്ത നന്മകളൊന്നും പരിഗണിച്ചില്ല “.

ധൃതരാഷ്ട്രർ സ്വയം ന്യായീകരിക്കുകയാണ്. അയാൾ പറയണമായിരുന്നു ,ചൂതുകളി നല്ലത്, പക്ഷേ രാജ്യം പണയംവച്ച് കളിക്കരുത് എന്ന് .തൻ്റെ വീട്ടിൽ ധർമ്മം സ്ഥാപിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ആ കിഴവൻ  ആത്മഹത്യചെയ്യണമായിരുന്നു.

യുക്രൈൻ കവി ഴദാൻ 

ഇന്നത്തെ യുക്രെയ്ൻ സാഹിത്യത്തിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ് സെറി ഴദാൻ ((Serhiy Zhadan). ഏഴ് നോവലുകളും പന്ത്രണ്ട് കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദ് ന്യൂയോർക്ക് ടൈംസ് ഴാദൻ്റെ ‘ഹെഡ്ഫോൺസ് എന്ന കവിത മൂന്നു വർഷം മുമ്പാണ് പരിഭാഷചെയ്ത് പ്രസിദ്ധീകരിച്ചത്. ടൈംസിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ യുക്രെയ്ൻ എഴുത്തുകാരനാണ് ഴാദൻ .ബിബിസി അവാർഡ് ,ഡെറക് വാൽക്കോട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. “ഞങ്ങളുടെ രചനകൾ സാഹിത്യഭൂപടത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു .ഇനിയാർക്കും അത് മായ്ച്ചു കളയാനാവില്ല ” -ഴദാൻ പറഞ്ഞു .

To know that you still lie there beyond the scorched mountain എന്ന കവിതയിൽ ഴദാൻ ഇങ്ങനെ കുറിക്കുന്നു:

I don’t have a home 

I have only a memory 

ഇത് ഇന്നത്തെ യുക്രെയ്ൻ ജീവിതത്തിൻ്റെ മനസ്സാക്ഷിയുടെ മുഖം പോലെ തുറന്നു കാട്ടുന്നു .

വേറൊരിടത്ത്  ഇങ്ങനെ വായിക്കാം:

When you,God, 

look in to a mirror, 

What do you see in your image? 

Woe unto you, the city forgotten by all .

ഈ യുദ്ധത്തിൽ കണ്ണാടികൾ എന്തുപറയും? അവ നമ്മുടെ മുഖത്തിനു പകരം ആധിയായിരിക്കും കാണിച്ചു തരുക .ഈ നഗരത്തെ എല്ലാവരും മറന്നിരിക്കുകയാണെന്ന് എത്ര നാൾ മുമ്പാണ് ഴാദൻ എഴുതിയതെന്നോർക്കണം. 2019 ലാണ് ഈ കവിത പരിഭാഷ ചെയ്യപ്പെട്ടത്. 

യുദ്ധങ്ങളുടെ ഭൂതകാലമാണ് ഇവിടെ തെളിയുന്നത് . 

എൻ. പ്രഭാകരൻ പിന്തിരിയുന്നു 

എഴുത്തുകാർ നിശ്ശബ്ദരായിപോയ കാലമാണല്ലോ ഇത് .യുക്രെയ്നിൽ എത്ര ലക്ഷം പേർ മരിച്ചാലെന്താ ? സ്വന്തം അവാർഡുകൾ നഷ്ടപ്പെടുത്താതെ നോക്കണം. അത്ര തന്നെ .ഇവിടെയാണ് ‘സാഹിത്യവിമർശം’ മാസികയും  ആനന്ദൻപിള്ളയും ശ്രദ്ധ നേടുന്നത്.  വിമർശിക്കപ്പെടാത്തതായി ഒന്നും ഉണ്ടായിരിക്കരുത്. ഈ നിലപാട് പ്രതീക്ഷ തരുന്നു. വിഗ്രഹങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ചിലർ തെറ്റായ മാർഗങ്ങൾ അവലംബിക്കുമ്പോൾ, അതിനെ ചെറുക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. 

എൻ. പ്രഭാകരൻ്റെ  ലേഖനം  (സത്യാനന്തരകാലത്തെ സത്യങ്ങൾ ,സാഹിത്യവിമർശം, ജൂൺ ) ഒരു കുറ്റസമ്മതമാണെന്ന് തോന്നുന്നു. അദ്ദേഹം സാഹിത്യാവബോധത്തിൻ്റെ  കാര്യത്തിൽ ഭേദപ്പെട്ട പരിശ്രമങ്ങൾ നടത്തുമെന്ന് വിചാരിച്ചിരുന്നവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് രാഷ്ട്രീയ പക്ഷപാതത്തിലും ആഴക്കുറവിലും  അഭിരമിക്കുകയാണ് പ്രഭാകരൻ  ചെയ്തത് .മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയമുള്ളതുകൊണ്ട് അദ്ദേഹം പ്രധാനപ്പെട്ട ഒരു വിഷയത്തെയും തൊട്ടില്ല .രാഷ്ട്രീയമായ ചെറിയ നേട്ടങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ വിഴുങ്ങി ജീവിക്കുന്ന എഴുത്തുകാരെ ഇന്ന് ധാരാളമായി കാണാനാവും. അവർ കിട്ടാനുള്ളതെല്ലാം കിട്ടുന്നതു വരെ പ്രസ്ഥാനങ്ങൾക്കൊപ്പം അള്ളിപ്പിടിച്ചിരിക്കും. ഒന്നും കിട്ടാതാവുന്നതോടെ ചീത്ത പറഞ്ഞുതുടങ്ങും. 

പ്രഭാകരൻ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പോലും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കഥ എഴുതിയില്ല .വീക്ഷണപരമായ പ്രതിസന്ധിയായിരുന്നു. ഈ ലേഖനത്തിൽ അദ്ദേഹം ചില  ഉത്തരാധുനിക സിദ്ധാന്തങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ; നാട്യമാണത്. ഒരിടത്തും കൃത്യമായി ചെന്നുകൊള്ളരുതെന്ന് ശാഠ്യമുള്ളതുകൊണ്ടാണ് ,ഭയമുള്ളതുകൊണ്ടാണ് ഈ ലേഖനത്തിലും ആരുടെയും പേരു പറയാത്തതെന്ന് അനുമാനിക്കാം. തൻ്റെ കഥാരചനയിൽ സംഭവിച്ച സ്തംഭനത്തെ മറച്ചുപിടിക്കാനാണ് അദ്ദേഹം ഇങ്ങനെ എഴുതുന്നത് :” കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും ദയനീയമായ അവസ്ഥയിൽ എത്തിച്ചേർന്നത് സാഹിത്യനിരൂപണവും  ഗവേഷണവുമാണ് ” .

സമീപകാലത്ത് സാഹിത്യ വിമർശനത്തിൽ എന്ത് സംഭവിച്ചു എന്ന് പ്രഭാകരന് അറിയില്ല. അദ്ദേഹം ഒന്നും വായിച്ചിട്ടുണ്ടാവില്ല.പണ്ട് പഠിച്ചത് തന്നെ യാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളിലെ ഗവേഷണത്തെ   ഇവിടെ ആരാണ് ഗൗരവമായ എടുത്തിട്ടുള്ളത്? സാഹിത്യനിരൂപണമ ല്ല പരാജയപ്പെട്ടത് ,ചെറുകഥാപ്രസ്ഥാനമാണ്. ഇന്ന് ഏറ്റവും ദുർബലമായ ശാഖയാണത്. ഒരു നല്ല കഥയുണ്ടാവുന്നില്ല. എൻ. പ്രഭാകരൻ്റെ കഥകളിൽ കാണുന്ന പൊള്ളത്തരങ്ങൾ തന്നെയാണ് ഇവിടെ മറ്റു കഥാകൃത്തുക്കളും  ആഘോഷിക്കുന്നത്. സദുദ്ദേശത്തോടെ മാസിക നടത്തുന്ന ആനന്ദൻപിള്ളയെ പോലും വഴിതെറ്റിക്കുന്ന ലേഖനമാണ് പ്രഭാകരൻ്റേത്. 

എം.ആർ .ചന്ദ്രശേഖരൻ്റെ യാഥാസ്ഥിതിക ചിന്തകൾ 

എം. ആർ. ചന്ദ്രശേഖരൻ തൻ്റെ കാലഹരണപ്പെട്ടതും പല്ലുകൊഴിഞ്ഞതുമായ ചിന്തകൾ (സാഹിത്യവിമർശം ,ജൂൺ ഇങ്ങനെ അവതരിപ്പിക്കുന്നു :”കവിതയിൽ കവിത്രയത്തിനു ശേഷം എൻ.വി . കൃഷ്ണവാരിയർ തന്നെ “.

സാഹിത്യനുഭവമില്ലാത്തയാളാണ് എം. ആർ. ചന്ദ്രശേഖരൻ .അറുപത് വർഷം പിന്നിലാണ് അദ്ദേഹത്തിൻ്റെ സാഹിത്യ ചിന്തകൾ .ആധുനികത വേണ്ട, ചെറിയൊരു നവീനാനുഭവം പോലും  അദ്ദേഹത്തിനു ഉൾക്കൊള്ളാനാവില്ല.ചില  എഴുത്തുകാരുണ്ട് ,ജീവിതത്തിൻ്റെ  നല്ലൊരു പങ്കും ഇടതുപക്ഷത്തിൻ്റെ  സാഹിത്യവുമായി നീങ്ങും .

എം.ആർ. ചന്ദ്രശേഖരൻ്റെ ഇടതുപക്ഷ ആഭിമുഖ്യം കാലഹരണപ്പെട്ടോ ?

ഇപ്പോൾ  ഇടതുപക്ഷവും വലിയ പ്രസാധനശാലകളും  സാഹിത്യപ്രവർത്തനം ഏതാനും പേരിലേക്ക്  ചുരുക്കുന്നതാണ് നാം  കാണുന്നത്. അതുകൊണ്ട്  ധാരാളംപേർ പുറത്താക്കപ്പെടുകയാണ്. ഇടതുപക്ഷ സംഘടനകളുമായി അടുത്ത് പെരുമാറുന്ന ഏതാനും പേരിലേക്ക് പാരിതോഷികങ്ങൾ ചുരുങ്ങിയിരിക്കുന്നു. വലിയ പ്രസാധന ശാലകളിൽ നാലോ അഞ്ചോ എഴുത്തുകാരുടെ രചനകൾക്കേ സ്ഥാനമുള്ളു .നമ്മൾ കൊടുത്താൽ പത്ത് മിനിട്ടിനുള്ളിൽ നിരാകരിക്കപ്പെടും .ഏതാനും പേരെ മാത്രം കോടീശ്വരികളും കോടീശ്വരന്മാരുമാക്കുക എന്ന നയം എത്ര ഹീനമാണ്! .പ്രഗത്ഭരെ തഴഞ്ഞ് തങ്ങളിലേക്ക് മാത്രം പ്രസാധന വ്യവസായം ചുരുങ്ങുന്നതിൽ ഈ ‘ആർദ്രഹൃദയ’ർക്ക് സന്തോഷമേയുള്ളു. മറ്റനേകം പേരെ എരപ്പാളികളായി നിലനിർത്തുന്നത് ചിലപ്പോൾ, ഒരു തന്ത്രമായിരിക്കും .അവാർഡുകളെല്ലാം  കറങ്ങിത്തിരിഞ്ഞ് ഈ കുറച്ചാളുകളിലേക്ക്  തന്നെ എത്തിച്ചേരുമല്ലോ.

സാഹിത്യമത്സരം എന്തിന് ?

ആദിവാസി ഭാഷയിൽ എഴുതിയാൽ  ഉടനെ അത് മികച്ച കവിതയായി തിരഞ്ഞെടുക്കുകയായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘കുടിവെപ്പ്’ എന്ന കവിത വായിക്കുക. ഒരു ഫാഷനു വേണ്ടിയാണോ കവിതാമത്സരം? കീഴാളൻ എന്ന വിഷയം കടന്നു വന്നാൽ ഉത്തമ കവിതയോ ?

” എൻ്റമ്മേ  പൊന്നാരമ്മേ

എനിക്കിരിക്കാൻ

കാലടി നെലം വേണം 

എന്നെ വടക്കോട്ട് 

കുടിയിരുത്തീല്യേല് 

വിരിഞ്ഞ പൂങ്കൊലവാട്ടും പോലെ തെങ്ങിൻ പൂക്കുല കൊഴിക്കും പോലെ

അടിവേരറുത്തു മുടിക്കും ഞാനേ!”

ഈ കവിത തെരഞ്ഞെടുപ്പ് ജഡ്ജിമാർ സച്ചിദാനന്ദൻ ,പി.പി .രാമചന്ദ്രൻ ,അനിത തമ്പി എന്നിവരാണ്. ഇവരുടെ കാവ്യാവബോധത്തിനു സംഭവിച്ച പാളിച്ച അവരുടെ വിധി തീർപ്പുകളെയും ബാധിച്ചിരിക്കുന്നു.

വെട്ടിയിട്ട തടിക്കഷണങ്ങളുള്ള അറക്കമില്ലിനെ വിവരിച്ചാലും കവിതയുണ്ടാവണം. എന്താണ് കവിത? അതിനു മനുഷ്യനുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെങ്കിൽ വേണ്ട. വിഷ്ണുവിൻ്റെ കവിതയ്ക്ക് എം. ജയചന്ദ്രനോ ,ശരത്തോ ഈണമിട്ടാൽ നന്നായിരിക്കും. 

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ‘ചീമാബുവെ’ (ദിൽദാർ എം, ഏപ്രിൽ 23) എന്ന കഥ വായിച്ച് നിരാശയോടെ തലതാഴ്ത്തുകയാണ് .ഇതിനൊക്കെയാണോ അവാർഡ്  കൊടുക്കുന്നത് ?

ചന്ദ്രമതി, വി.ജെ. ജയിംസ് ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരാണ് വിധികർത്താക്കൾ .അവരുടെ അഭിരുചിയാണോ ‘ചീമാബുവെ ‘ എന്ന കഥയുടെ തിരഞ്ഞെടുപ്പിൽ കാണുന്നത്? .മലയാളകഥയുടെയും കവിതയുടെയും ഭാവിയെ  അപകടപ്പെടുത്തുക എന്ന ഗൂഢ താത്പര്യത്തോടെയാണ് സമ്മാനാർഹമെന്ന നിലയിൽ രചനകൾ തിരഞ്ഞെടുത്തിട്ടുള്ളത്. 

ഒരിക്കലും മലയാള യുവത്വം ഇങ്ങനെ തെക്കും വടക്കുമറിയാതെ കഥയെഴുതില്ല. ആ യുവത്വത്തെ ഇപ്പോൾ മിസ് ചെയ്യുകയാണ്. 

മറ്റു ചില താല്പര്യങ്ങളുടെ പേരിലാണ്  മികച്ച കഥ തിരഞ്ഞെടുക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ഇക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ കുറ്റപ്പെടുത്താനാവില്ല. 

ദിൽദാർ ഒരു ലേഖനത്തിലെന്ന പോലെ കുറെ ചിത്രകാരന്മാരുടെ  അഭിപ്രായങ്ങളും ചർച്ചകളും  വിശദീകരിക്കുന്നു. അനുവാചകൻ്റെ മനസ്സിനെ സ്പർശിക്കുന്ന ഒരു വാക്യം പോലുമില്ല .കുടത്തിനു പുറത്ത് വെള്ളമൊഴിച്ചിട്ടെന്ത് കാര്യം ? എന്താണ് എഴുതാൻ പോകുന്നതെന്ന് വ്യക്തമായി  അറിഞ്ഞിട്ട് കഥയെഴുതരുത്. അറിയാത്തതിലേക്കാണ് നാം കാടുവെട്ടിത്തെളിച്ച് മുന്നേറേണ്ടത്. നിർഭാഗ്യവശാൽ കഥ തിരഞ്ഞെടുക്കുന്ന ജഡ്ജിമാർക്കും അതൊന്നുമറിയില്ല.

എൻ .ശശിധരൻ്റെ മഹാകണ്ടുപിടിത്തങ്ങൾ 

പ്രത്യേകിച്ച് യാതൊരു കണ്ടെത്തലുമില്ലാതെ എഴുതുകയാണ് എൻ. ശശിധരൻ .വർഷങ്ങൾക്കു മുൻപ് കലാകൗമുദിയിൽ ഞാൻ  എഴുതിക്കൊണ്ടിരുന്നപ്പോൾ ശശിധരനോട് എഴുതരുതെന്ന് വരെ  എനിക്ക് പറയേണ്ടി വന്നു.  എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ  മഹാകണ്ടുപിടുത്തമാണെന്ന മട്ടിൽ  എഴുതുന്നവരുടെ കൂട്ടത്തിലാണ് ശശിധരനും. അദ്ദേഹം എഴുതിയ ‘മലയാളസാഹിത്യം എവിടെ ?(എഴുത്ത്, ജനുവരി )എന്ന ലേഖനം മൂന്നു പതിറ്റാണ്ടിനു മുൻപ് വായിക്കേണ്ടതായിരുന്നു .2022 ൽ  അതിൻ്റെ ആവശ്യമില്ല. അദ്ദേഹം നിരത്തുന്ന മഹാകണ്ടുപിടുത്തങ്ങൾ ഇങ്ങനെയാണ്:

“കാരൂരിൻ്റെ ശില്പഭദ്രത ഇന്നത്തെ എഴുത്തുകാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, ഉറൂബ് മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിൽ  ഒരാളാണ്, മലയാളത്തിൽ ഏറ്റവും വലിയ എഴുത്തുകാരൻ ബഷീറാണ്, സഞ്ജയനു ശേഷം കണ്ട മഹാനായ ഹാസസാഹിത്യകാരൻ വി.കെ.എൻ ആണ് ,ഒ.വി. വിജയൻ്റെ പാറകൾ ,എം.പി.നാരായണപിള്ളയുടെ മുരുകൻ എന്ന പാമ്പാട്ടി തുടങ്ങിയ കഥകൾ മലയാളത്തിലെ മികച്ച കഥകളാണ് .

ഇതുപോലെ ആരെങ്കിലും എഴുതുമോ ? ശശിധരന് അറിയില്ലെങ്കിൽ പറയാം. ഇതൊക്കെ നൂറ്റൊന്നു വട്ടം ആവർത്തിക്കപ്പെട്ട കാര്യങ്ങളാണ് .വല്ലപ്പോഴും മറ്റുള്ളവരുടെ ലേഖനങ്ങൾ വായിക്കണം. പലരും എഴുതിയെഴുതി ബോറടിപ്പിച്ച കാര്യങ്ങൾ തൻ്റെ സ്വന്തം  കണ്ടുപിടുത്തമാണെന്ന മട്ടിൽ  നിർത്തിവയ്ക്കുന്നത് ശരിയല്ല .

ഇത്രയും ബുദ്ധിശൂന്യമായി സാഹിത്യത്തെ സമീപിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. മലയാളസാഹിത്യം എവിടെ എന്ന തലക്കെട്ടു് വായിക്കുമ്പോൾ നാം ഗഹനമായി പലതും പ്രതീക്ഷിക്കും.എന്നാൽ  ലേഖനം വെറും പതിരാണ്. 

യുക്രെയ്ൻ കവി ലിനാ കോസ്റ്റൻകോ

യുക്രെയ്ൻ പെൺകവിയും എഴുത്തുകാരിയുമായ ലിനാ കോസ്റ്റൻകോ (Lina Kostenko) സമകാലിക സാഹിത്യലോകത്ത് ശക്തമായ ഒരു സാന്നിധ്യമാണ് .

The Rays of the Earth, wandering of the heart എന്നീ കവിതാസമാഹാരങ്ങളിലൂടെ അനുവാചകരെ സ്വാധീനിച്ച കോസ്റ്റൻകോ രചിച്ച വിംഗ്സ് (Wings) എന്ന കവിതയിലെ ചില വരികൾ ഇങ്ങനെയാണ്:

“ഇത് സത്യമാണ് ,

ചിറകുകളുള്ളവർക്ക് 

നിലം വേണ്ട.

നിലം വേണ്ടെങ്കിലും 

ആകാശം ഉണ്ടായിരിക്കും.

യാതൊരു കളിസ്ഥലവുമില്ലെങ്കിലും

സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ജോഡികളില്ലെങ്കിലും 

മേഘങ്ങളുണ്ടായിരിക്കും .

പക്ഷികളുടെ സത്യം ഇതാണ് ” 

പ്രണയത്തിൻ്റെ കനൽ എരിയുന്നു 

സമീപകാലത്ത് ആസ്വദിച്ച് വായിച്ച കഥയാണ് ‘ആർഗിറോപോളസ്'(പ്രസാധകൻ ,മാർച്ച് ).മേഘമൽഹാർ രചിച്ചതാണിത്. 

ഈ കഥാകരിയെ ഞാനാദ്യമായി വായിക്കുകയാണ്. കഥയെഴുതാനുള്ള മൗലികമായ പ്രേരണയും ശക്തിയുമുള്ള കഥാകാരി ഒരു പ്രേമ പരവശൻ്റെ അനിവാര്യമായ സങ്കടങ്ങളും തത്ത്വചിന്തകളും പ്രതിരോധങ്ങളും പലായനങ്ങളുമാണ് പകർത്തുന്നത്. ഇതെല്ലാം യഥാർത്ഥമായി തന്നെ മനുഷ്യമനസ്സിലുള്ളതാണ്. സമൂഹമോ ഭരണകൂടമോ നിർവ്വചിക്കുന്ന സോദ്ദേശ്യകഥാപാത്രമല്ല മനുഷ്യൻ. അവൻ ഓരോ നിമിഷവും വ്യത്യസ്തമാണ് .മനുഷ്യനെ നിർവചിക്കാനാവില്ല;

അവന് ചിന്തകളേയുള്ള; ജീവിതം മറ്റെവിടെയോ ആണ്. കഥയിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:

“പ്രണയവും അങ്ങനെയാണ്. കടുംനിറങ്ങളെപോലെ. നമ്മിൽ നിന്ന് മറിഞ്ഞിരിക്കും. കൗമാരത്തിൽ ,യൗവ്വനത്തിൽ ഇതാണ് പ്രണയത്തിൻ്റെ നിറമെന്ന് പറഞ്ഞു ലോകം നമ്മെ തെറ്റിദ്ധരിപ്പിക്കും. നമ്മളത് വിശ്വസിക്കുകയും ചെയ്യും. പക്ഷേ, വളരെ വൈകി മറ്റേതോ നിമിഷത്തിൽ ഒരു നിറം നമ്മെ തേടിയെത്തും, അത് നമ്മെ  സ്വതന്ത്രരാക്കും. ഒരു മാന്ത്രിക വലയത്തിൽ അകപ്പെടുത്തും. കാല്പനികത ഏതുമില്ലാതെ വളരെ സ്വാഭാവികമായി ചിത്രം വരയ്ക്കുന്നതു പോലെ നിങ്ങൾ പ്രണയിക്കപ്പെടുന്നത് എത്ര മനോഹരമായിരിക്കും. പ്രകൃതിയിലെ ഏറ്റവും മനോഹരമായ അവസ്ഥ! അതിനെ കണ്ടെത്തുക “.

അകൃത്രിമമായി പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മനസ്സിലേക്ക് വരുന്നു. നഷ്ടപ്പെടുന്ന ജീവിതങ്ങളിൽ നിന്ന് നമ്മെ  രക്ഷപ്പെടുത്തുന്നത് അതാണ്.  പക്ഷേ, ഒരിടത്തും സാക്ഷാത്ക്കരിക്കാനാവാതെ, ആന്തരിക ബലഹീനതകളിൽ പ്രേമം  തകർന്നുവീഴുന്നു. വികാരജീവികളുടെ മാത്രം സ്വന്തം ദുരന്തമാണത്. പ്രണയിക്കുമ്പോൾ ദു:ഖവുമുണ്ടാകുന്നു. 

പ്രണയം ശാശ്വതമോ യാഥാർത്ഥ്യമോ അല്ല .അത് സ്വപ്നമാണ് .സ്വപ്നത്തിൽ ആയിരിക്കുമ്പോൾ, നമ്മൾ പൂർവ്വാശ്രമം ഉപേക്ഷിക്കുകയാണ്. ഈ കഥയിലെ യുവാവിൻ്റെ ജീവിതത്തിൽ പല പെൺകുട്ടികളും വന്നു പോകുന്നു. എല്ലാ ആനന്ദങ്ങളും പിന്നിൽ കുറെ ചാരവും പിരിമുറുക്കവും അവശേഷിപ്പിക്കുന്നുണ്ട് .ഈ ഭാഗം അത് വ്യക്തമാക്കുന്നു :

“ഞങ്ങൾ മദ്യം കഴിച്ചു. കുബൂസും അൽഫാമും കഴിച്ചു .നാലഞ്ച് സിഗരറ്റുകൾ ഒരുമിച്ച് വലിച്ചു. അതിനിടയിൽ സംസാരങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് ഫ്ലോറിലുള്ള മുറിയിലേക്ക് ഞാനും അപ്സ്റ്റെയറിലുള്ള മുറിയിലേക്ക് അവളും നടന്നു. രാത്രി അതിഭീകരമായി നീലിച്ചിരുന്നു. ഒരുതരം കരിനീല. വിഷപ്പാമ്പുകൾ ഇണചേരുന്നുണ്ടാകും. കട്ടിലിൽ വീണ്ടും കുനിഞ്ഞിരുന്നു. എത്ര കുനിഞ്ഞിരുന്നിട്ടും സ്വസ്ഥത കിട്ടാത്തതെന്ത് ?”

എല്ലാ സുഖവും ഉപേക്ഷിക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുകയാണ്. അതാണ് സുഖം. 

ജയനാരായണൻ്റെ വായനാവികൃതികൾ 

ജയനാരായണൻ ‘നീലപക്ഷി’ തുടങ്ങിയ കഥകൾ എഴുതിയതിൻ്റെ  കരുത്ത് വിസ്മയാവഹമാണ്. അദ്ദേഹം  സൂക്ഷ്മബുദ്ധിയായ ഒരു വായനക്കാരനായിരുന്നു. എന്നാൽ ഒട്ടും പ്രകടനാത്മകതയില്ലായിരുന്നു.  രാഷ്ട്രീയക്കാരുടെ പിൻബലം വേണമെന്ന് ആഗ്രഹിക്കാത്ത അദ്ദേഹം വൈകുന്നേരങ്ങളിൽ മിക്കപ്പോഴും  എറണാകുളത്തെ പുസ്തക കടകളിൽ കയറിയിറങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ ഞാനും കൂടെ പോകും. ജയനാരായണനാണ് എനിക്ക്  എൺപതുകളിൽ വിദേശ പ്രസാധകന്മാരുടെ പുസ്തകങ്ങൾ വായിക്കാൻ തന്നത്. പ്രമുഖ  എഴുത്തുകാരായ ബ്രേതൻ  ബ്രേതൻബാക്ക്, കാബ്റേയ്‌റ ഇൻഫൻ്റെ ,മാൽക്കം ലൗറി  തുടങ്ങിയ എഴുത്തുകാരെക്കുറിച്ച് ഞാൻ കേൾക്കുന്നത് ജയനാരായണനിൽ നിന്നാണ്. മാർകേസിനെയൊക്കെ  നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. 

ജയനാരായണന് കഥകൾ മാത്രമേ  സ്വന്തമായ ഉണ്ടായിരുന്നുള്ളു. സിവിൽ സപ്ലൈസ് ഓഫീസിലെ ജോലി കഴിഞ്ഞാൽ അദ്ദേഹം തേവരയിലെ ദീപാ ലോഡ്ജിലാണുണ്ടാവുക. ജയനാരായണൻ്റെ ശരീരത്തിലെ ഓരോ കോശവും ചെറുകഥയെ അറിഞ്ഞിരുന്നു. ഇന്നത്തെ എത്ര കഥാകൃത്തുക്കൾ ജയനാരായണനെപ്പോലെ വായിക്കുന്നു ? എത്ര പേർക്ക് കഥ എന്ന മാധ്യമത്തോട് നിർവ്യാജമായ ആത്മാർത്ഥതയുണ്ട്?

home

You can share this post!