
ദൈവം നല്ല ഉറക്കത്തിലായിരുന്നു. ഇത്രയും നാള് കത്തിച്ച നെയ്യ് വിളക്കും മെഴുകുതിരികളും ഒരു പന്തം പോലെ കൂട്ടിപ്പിടിച്ചു ഞാന്‍ ചെവിയക്കല് നിന്നും അലറി. എന്റെ നായ ചോയി ദൈവത്തിനു ചുറ്റും കുരച്ചുകൊണ്ടോടി. ധരിച്ചിരുന്ന വെള്ളയും ചാരവും കലര്‍ന്ന തുണി പിടിച്ചു കടിച്ചു, എന്നിട്ടും ശാന്തനായി അദ്ദേഹം ഉറങ്ങുന്നു. എന്റെ കണ്ണിലെ ജ്വലിക്കുന്ന തീ നാളം ആളിപടര്‍ന്നു, ഞാന്‍ എന്റെ കയ്യില്‍ പിടിച്ചിരുന്ന പന്തം ആഞ്ഞെറിഞ്ഞു. അതില്‍ ഒരു കൊള്ളിതെറിച്ച് എന്റെ അടുപ്പില്‍ വീണു കെട്ടു. ഓട് ചോര്‍ന്ന് നനഞ്ഞ വിറകു കൂട്ടിവെച്ച് ഞാന്‍ വീണ്ടും വീണ്ടും ഊതി കറുത്ത കുമിഞ്ഞ പുക അടിച്ചു ചുവരില്‍ നിരനിരയായ് പാഞ്ഞ ചോന്നന് ഉറുമ്പുകള്‍ ലക്ഷ്യം കൈവിട്ട് ഓരോന്നായി താഴേക്ക് വീണു. കുറച്ചു മുമ്പെ ലക്ഷ്യവും പ്രതീക്ഷയും കൈവിട്ട് മുകളില്‍ നിന്നും വീണ എന്റെ അതേ അവസ്ഥയില്‍. ചേര്‍ത്തു വയ്ക്കാന്‍ കൂട്ടിവെച്ച ഓര്‍മ്മകള്‍ പോലും ഇല്ലാതെ.
കഞ്ഞിക്കലത്തിലെ വെള്ളം തിളച്ചു പൊങ്ങി ഒരു മടിയും ഇല്ലാതെ തീയിലേക്ക് ചാടി ആത്മഹൂതി ചെയ്തു കൊണ്ടിരുന്നു. സന്ധ്യയ്ക്ക് വീട്ടില്‍ കൂട്ടിരിക്കാന്‍ വന്ന അയലത്തെ അപ്പുകുട്ടന്‍ ഓട്ടപല്ലും കാട്ടി വള്ളി നിക്കറും വലിച്ചുകൊണ്ട് മുറ്റത്തു പെയ്തു കൊണ്ടിരുന്ന മഴ മുഴുവനും കൊണ്ട ശേഷം ഒരു കൂട്ടം വെള്ളക്കൂണുകള്‍ പറിച്ചുകൊണ്ട് എന്റെ അടുത്തു ചോദിച്ചു. ഇത് ڇവെശ കൂണാണോ ഓപ്പോളേڈ. മനസ്സില്‍ മഴപെയ്ത കാലം പോലും മറന്നു കൊണ്ട് ഞാന്‍ ആ ആറുവയസ്സുകാരനെ കനല് വറ്റിയ കണ്ണോട് നോക്കി.
ഒരു ചെറിയ പന്നിയെ വിഴുങ്ങിയതുപോലെയുള്ള കുടവയര്‍ തിരുമ്മികൊണ്ട് അതിനുമേല്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷ മാല വിരലുകളാല്‍ തിരുമ്മികൊണ്ട് റേഷന്‍ കടക്കാരന് ദാമോധരന് സാധനം മേടിക്കാന്‍ തിക്കി നില്ക്കുന്നവരുടെ ഇടയില്‍ നില്ക്കുന്ന കുഞ്ഞേച്ചിയെ നേത്രങ്ങളാല്‍ ആപാദചൂഢം ഉഴിഞ്ഞു വിട്ടു. അരിയുടെയും മണ്ണെണ്ണയുടെയും കൂടെ കുറച്ച് വിഷം കൂടി സൗജന്യനിരക്കില്‍ കിട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് വല്ല വീട്ടിലേം എച്ചില് പാത്രം കഴുകി ഇതിനെ പോറ്റേണ്ടി വരില്ലായിരുന്നല്ലോ അമ്മിണിയേച്ചിയേڈ അയാള്‍ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു. അയാളുടെ ആ വെടക്കു തമാശയ്ക്കു ആണ് പെണ് വ്യത്യാസമില്ലാതെ അവിടെ നിന്ന മനുഷ്യര്‍ മുഴുവന്‍ പല്ലിളിച്ചു. അമ്മ കണ്ണീരു വറ്റിയ നെടുവീര്‍പ്പു ഇട്ടു കൊണ്ട് റേഷനരിയും, മണ്ണെണ്ണയും വാങ്ങി തിരിഞ്ഞു നടന്നു.
അമ്മയ്ക്കു വെടിച്ചു കീറിയ കാലുകള്‍ വിങ്ങി പുകയുന്നുണ്ടായിരുന്നു. ഭര്ത്താവായവനോ തലയ്ക്ക് ഓളം കയറി ഉള്ള ലോട്ടറി ടിക്കറ്റ് മുഴുവന്‍ എടുത്തു കൂട്ടി ഇല്ലാത്ത കടം വരുത്തിവച്ചു. അതു കഴിഞ്ഞ് ഭ്രാന്ത് മൂത്ത് ദൈവത്തെ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് പോയിട്ട് ഏഴെട്ടു കൊല്ലം ആകുന്നു. മൂത്തതിനും തന്തയുടെ വട്ട് തന്നെ കിട്ടി. അതിനെ പിടിച്ച് വല്ല ഭ്രാന്താശുപത്രിയിലും ആക്കിയിട്ട് ഇളയതിനെ പിടിച്ച് കെട്ടിക്കേണ്ടതിനു പകരം, തള്ള ഇളയതിനെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥയാക്കാന്‍ നോക്കുവ. സ്ത്രീ ശാക്തീകരണം അല്ലാതെന്താ ഫൂڈ ആഞ്ഞു കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് തന്റെ നഖം വളര്‍ന്ന വിരലാല്‍ കൈ പൊക്കി കക്ഷം ആഞ്ഞു ചൊറിഞ്ഞുകൊണ്ട് വല്യേടത്തെ ശ്രീധരന് ഉറക്കെ പ്രസംഗിച്ചു. പുകയുന്ന കാല് ആഞ്ഞ് ചവിട്ടിക്കൊണ്ട് കനല് കെട്ട മനസ്സോടുകൂടി അമ്മ പറ്റാവുന്നത്രേം വേഗത്തില്‍ നടന്നു. അമ്മയുടെ മനസ്സില്‍ ഇടി വെട്ടി മഴ പെയ്യുന്നതു അറിയാതെ തന്റെ ചുവന്നു നരച്ച പാവാട മഴവെള്ളത്തില്‍ മുട്ടിക്കാതെ വരമ്പില്‍ കൂടി നടക്കാന്‍ കുഞ്ഞേച്ചി പാടുപെട്ടു. ചേമ്പിലയില്‍ കെട്ടി നിന്ന വെള്ളം കാല് കൊണ്ട് തട്ടിത്തെറിപ്പിക്കവേ കുഞ്ഞേച്ചി ഒരു വിഡ്ഢിയെ പോലെ ആര്‍ത്താര്‍ത്തു ചിരിച്ചു.
മാറു മറയ്ക്കാന്‍ പാടില്ലായിരുന്ന കാലത്ത് താഴ്ന്നകുല ജാതയായ മനോമിയുട മുലകള്‍ ഏതോ തമ്പ്രാന് കയറിപിടിക്കുകയും , അഭിമാനക്ഷതം ഉണ്ടായ മനോമി ഈ വരമ്പത്ത് സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യചെയ്യുകയുമുണ്ടായി എന്ന് പണ്ട് എപ്പോഴോ മുത്തശ്ശി പറഞ്ഞത് അമ്മ ഓര്‍ത്തു. സ്ത്രീകള്‍ അന്നും ഇന്നും സ്വന്തം അഭിമാനത്തിനായി പോരാടുന്നു. ദാരിദ്ര്യമുള്ളവര്‍ക്കു ബഹുമാനത്തിനു അര്‍ഹതയില്ലെന്നു കരുതുന്ന മനുഷ്യരാണ് ഇന്നും ചുറ്റിലുമുള്ളത്.
ആഷൂ നീ എന്താണ് നോക്കണേ? അമ്മ സ്നേഹപൂര്‍വ്വം കുഞ്ഞേച്ചിയെ വിളിച്ചു. ആശയുടെ പ്രതീകം ഇന്നും കുഞ്ഞേച്ചിയില്‍ അമ്മ കാണുന്നതിനാല്‍ ആശچ എന്ന പേര് സ്നേഹപൂര്‍വ്വം അമ്മ ആഷൂ എന്ന് വിളിച്ച് പോണു. ഒരു കൈച്ചെടിയുടെ ഇടയില്‍ ഇരിക്കുന്ന മിന്നാമിനുങ്ങിനെ കുഞ്ഞേച്ചി ഉറ്റു നോക്കുകയായിരുന്നു. ഒരു നിമിഷം ആ മിന്നാമിനുങ്ങ് ദൈവത്തിന്റെ കണ്ണാണെന്നും ആ കണ്ണ് ഇമ അടയ്ക്കുമ്പോള്‍ വെളിച്ചം മങ്ങുന്നതാണെന്നും കുഞ്ഞേച്ചിക്കു തോന്നി. കുഞ്ഞേച്ചി അഴിഞ്ഞു പോയ തന്റെ കറുത്ത റിബ്ബണ്‍ കൈയ്യില്‍ ചുറ്റിക്കൊണ്ട് ചോദിച്ചു, അമ്മേ ദൈവം ദേണ്ടെ കണ്ണടയ്ക്കുവാണോ? അമ്മ അത് കേട്ട് ആര്‍ത്തു ചിരിച്ചു. ഇരുട്ടില്‍ ആ ചിരി പ്രകമ്പനം കൊണ്ട് വീണ്ടും അമ്മയുടെ കാതില്‍ തന്നെ പരിഹാസമായി അത് മുഴങ്ങി.
ദൈവം നമ്മുടെ നേര്‍ക്ക് എന്നേ കണ്ണടച്ചതാണ് ആഷൂ, നീ അതിപ്പോഴാണോ അറിയുന്നേ? വിഷം മേടിക്കാന്‍ പോലും കാശില്ലാതായിപ്പോയത് അത് കൊണ്ടല്ലേ? ഇത്രയും വീടുകളില്‍ പണിക്കു പോയിട്ടും അച്ഛന് വരുത്തിവെച്ച കടം പകുതിയെങ്കിലും തീര്‍ന്നോ? വര്ഷങ്ങളായില്ലേ നല്ല അരി തന്നെ വെച്ചു കഴിച്ചിട്ട് കീറത്തുണി അല്ലാതെ എന്തെങ്കിലും ഉടുക്കാന്‍ ഉണ്ടോ? ആ ചെറിയ പെണ്ണാണെങ്കില്‍ ലോകത്തെ മുഴുവന്‍ പരീക്ഷകളും എഴുതിയിട്ടും ഒരു ജോലി എങ്കിലും കിട്ടുന്നുണ്ടോڈ ? അമ്മ കിതച്ചു. കണ്ണീര് വറ്റിയ നെടുവീര്‍പ്പ് ശ്വാസം കിട്ടാത്ത കിതപ്പിലേക്ക് വഴുതി വീണു.
ഭദ്രകാളിടെ അമ്പലത്തിലെ ഉത്സവം ആണ്. തെങ്ങിലും പ്ലാവിലും, മാവിലും എല്ലാമായി വെച്ചിരിക്കുന്ന വിവിധ കോളാമ്പികളില്‍ നിന്നും തോറ്റന്‍ പാട്ട് അത്യുച്ചത്തില്‍ കേള്‍ക്കാം. വയല്‍ കഴിഞ്ഞുള്ള ചുവന്ന ഇഷ്ടിക മണല്‍ തൂകിയുള്ള വഴിയിലൂടെ വിണ്ട കാലുകളും, വിളറിയ ശരീരവും വേച്ചു പോകാതെ അമ്മ നടന്നു. ഉത്സവത്തിന്റെ ഭാഗമായി വഴിയാകെ അലങ്കാര വിളക്കുകളും തോരണങ്ങളും ചുറ്റമ്പലം മുഴുവന്‍ നെയ്യ് വിളക്കുകള്‍ കത്തി നില്ക്കുന്നു. അരയാലില്‍ തൂക്കിയിട്ടിരിക്കുന്ന വര്‍ണ്ണവിളക്കുകള്‍ കുഞ്ഞേച്ചി കണ്ണെടുക്കാതെ നോക്കി നിന്നു. ഓട്ടന്‍ തുള്ളല്‍ തകൃതിയായി നടക്കുകയാണ്. ഇടയ്ക്കയും, ചെണ്ടയും മാറി മാറി തുള്ളലുകാരന് വീര്യമേകി. പച്ച ഛായത്തില്‍ മുങ്ങിയ തുള്ളലുകാരന് തുള്ളികൊണ്ട് കുഞ്ഞേച്ചിയോടായി.
എന്തേ കിടാവേ വ്യസനമിതു നിന് കണ്ണില്‍
ദൈവത്തിന് ഉള്‍വിളി കേള്പ്പവളോ നീڈ
കുഞ്ഞേച്ചി ജീവിതം നെഞ്ചോടു ചേര്‍ത്തു പിടിച്ചു പറ്റാവുന്ന അത്രയും വേഗത്തില്‍ ഓടി. ഇടയ്ക്ക് മറിഞ്ഞു വീഴുകയും, ഇഷ്ടിക പൊടി തട്ടി എഴുന്നേറ്റ് വീണ്ടും ഏച്ചേച്ച് ഓടുകയും ചെയ്തു. ആലിന് കൊമ്പത്ത് പുത്രസൗഭാഗ്യത്തിനായി ഭക്തര്‍ കെട്ടിയ തൊട്ടിലുകള്‍ കാറ്റത്തുലഞ്ഞാടി. ചിലപ്പോഴൊക്കെ ആര്‍ത്തു കരയുന്നതിലും വലുതായിരിക്കും ഉള്ളിലുള്ള ഏങ്ങലുകള്‍. ആരു കാണാതെയും കേള്‍ക്കാതെയും അത് ഉള്ള് പിളര്‍ന്ന് മഹാമാരിയായി., കൊടുങ്കാറ്റായി, ഹൃദയത്തിന്റെ ഉള്ഭിത്തികലില് തന്നെ തല തല്ലി മൃതി അടയും. അതിലും ഭയാനകരമായി ഒന്നും തന്നെ ഇല്ല. ആത്മാവ് മരിച്ചവള്‍ എന്ന് നാട്ടുകാര്‍ മുദ്ര കുത്തിയിട്ടും ആഷുവിന്റെ കണ്ണുകളില്‍ എന്നും കെടാവിളക്കുപോലെ ഒരു പ്രകാശം തിങ്ങി നില്‍പ്പുണ്ടായിരുന്നു.
കഞ്ഞിക്കലത്തില്‍ കഞ്ഞി തിളച്ചുതൂകി. പത്രക്കടലാസ്സ് ചുരുട്ടി അത് വാങ്ങി വെയ്ക്കാന്‍ വേണ്ടി പഴയ ഒരു പാത്രം മടക്കു നിവര്‍ത്തി എടുത്തതാണ്. അതില്‍ അതാ രാമിന്റെ പടം. ഉയര്‍ന്ന നാസികയും, കട്ടിമീശയുമായി ഐശ്വര്യം ഉള്ള ഒരു കോളേജ് ചെക്കാനായി ആ ഫോട്ടോയില്‍ ഇരിക്കുന്നു. കോളേജ് യൂണിയന്റെ പുതിയ ഭാരവാഹിയായി ചുമതല എറ്റപ്പോള്‍ അന്നത്തെ പത്രത്തില്‍ വന്നതാണ്. ആദ്യമൊക്കെ ആരാധന മൂത്തു ആ പത്രത്തിന്റെ സ്ഥാനം തന്റെ പൂജാ മുറിയിലെ ഇരുണ്ടു പിടിച്ച ചുവരിന്റെ നടുവിലായി പ്രകാശിക്കുന്ന വിളക്കിന്റെ അരികിലായിരുന്നു. അത് അങ്ങനെയാണ്. ചില ബന്ധങ്ങള്‍ ചില സമയത്ത് ദൈവത്തിന്റെ അവതാരകര്‍ ആണോ എന്ന് നമുക്ക് സംശയം തോന്നും. അവര്‍ നമ്മെ കൈവിട്ടു പോകുമ്പോ കലിയുഗത്തിലേക്ക് ഒറ്റയ്ക്ക് ചുവടുവച്ച് പോകുന്നതുപോലെ തോന്നും . പിന്നെ ആ നിര്‍ദ്ധിഷ്ട ദൈവവുമായി പ്രണയത്തിലായപ്പോള്‍ പഴയതും പൊടിഞ്ഞതുമായ എന്റെ തലയിണക്കീഴിലേക്ക് അതിനു സ്ഥാനമാറ്റം കിട്ടി. ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നെങ്കിലും വൃത്തി ഭ്രാന്തുള്ളതിനാല്‍ കാരത്തില്‍ മുക്കി കനല് കട്ട ഇസ്തിരി ഇട്ട കിടക്ക വിരിക്കു മുകളില്‍ നിറമാര്‍ന്ന സ്വപ്നങ്ങള്‍ ഒരു ചിലന്തി എത്ര കരവിരുതോടു കൂടി വല നെയ്യുന്നതു പോലെ ഞാന്‍ നെയ്തു. ഒരുമിച്ചു യുഗ്മഗാനം പാടുന്നതായും, തുളസിമാല അന്യോന്യം അണിയുന്നതായും, ഞങ്ങളുടെതായ സ്വന്തം ആവിഷ്കാരത്താല്‍ രൂപകല്പന ചെയ്ത ആപ്ത വാക്യങ്ങള്‍ ഉപയോഗിച്ച് ലോക തത്വങ്ങളെത്തന്നെ മാറ്റി മറിക്കുന്നതായും ഞാന്‍ സ്വപ്നം കണ്ടു.
മഞ്ഞ് പെയ്യുന്ന റഷ്യന്‍ നിരത്തുകളിലൂടെ ഓടി. ലെനിന് സഖാവ് നേതൃത്വം നല്കുന്ന അസംബ്ലികളില്‍ പങ്കെടുക്കുകയും ഭരണകൂടത്തെ അട്ടിമറിച്ചു സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേക്കുള്ള പാഥയില്‍ ഞാനും, രാമും അഹോരാത്രം പ്രയ്തനിക്കുന്നതായും ഞാന്‍ എന്റെ കൊച്ചുകൂരയില്‍ ഇരുന്നു കണ്ടു. സ്വപ്നങ്ങളും ആശകളും പൊതുവേ അങ്ങനെയാണല്ലോ. പരിധികളും അതിര്‍ത്തികളും, കാലവും, അവസ്ഥകളും ഒന്നും തന്നെ അതിനു ബാധകമല്ലല്ലോ.
ഭ്രാന്തുള്ള വീട്ടില്‍ നിന്നുള്ള ഒരു വേളി ഞാന്‍ സമ്മതിക്കില്ല. അതിനു വെച്ച വെള്ളം നീയങ്ങു വാങ്ങിവെച്ചേക്ക്യ. രാമിന്റെ അമ്മാവന് അലറിതുള്ളി. നന്ദി വേണമെടാ നായേ, അച്ഛന് മരിച്ച നിന്നെ ഇത്തടം വളര്‍ത്തീട്ടു ആ കഞ്ഞിക്കു വകയില്ലാത്ത വീട്ടിലെ പെണ്ണിനെ നീ ഇറക്കിക്കൊണ്ട് വന്നാല്‍ അത് എന്റെ പെണ്മക്കളെ ക്കൂടിയാണ് ബാധിക്ക്യ.ڈ നെറ്റിയിലെ മൂന്നു വര ചന്ദനം ക്ഷോഭത്തിന്റെ വിയര്പ്പിനാല് കുതിര്‍ന്നൊലിച്ചു. നെഞ്ചിലെ പൂണൂല് ഒന്നുകൂടി ആഞ്ഞെടുത്ത ശ്വാസത്തില്‍ പൊന്തിത്താണു. അമ്മാവന് വാലിനു തീ പിടിച്ചതുപോലെ ഇല്ലത്തിന്റെ വരാന്തയില്‍ നടപ്പായി.
പാറക്കുന്നിന്റെ മുകളിലുള്ള വാകയുടെ കീഴില്‍ അവസാനമായി കണ്ടു മുട്ടിയപ്പോള്‍ എന്നോട് പറഞ്ഞത് കൂടെ ഇറങ്ങി വരാനാണ്. നെഞ്ചിലേക്കു ചേര്‍ത്ത കരങ്ങളെ കുതറി മാറ്റി ഓടുമ്പോള്‍ വെള്ളപ്പൂവ് നിറഞ്ഞ വാകമരം ചുവന്നു പോകുന്നതായും തുള്ളകാരന് എന്റെ മുഖത്ത് കറുത്ത ഛായം വാരി പൂശുന്നതുമായി തോന്നി.
ഭ്രാന്തുള്ള വീട്ടിലെ കുട്ടിമണി നീ
ആയുസ്സു മുഴുവനും ചുമടെടുക്കുമോڈ
തുള്ളലുകാരന് എട്ടും ദിക്കും കേള്‍ക്കെ അലറികൊണ്ട് ചോദിച്ചു. സര്‍വ്വ ശക്തിയും എടുത്ത് കൈവിട്ട് ഓടി ഞാന്‍. സന്ധ്യസമയത്ത് കാട്ട് കണിക്കൊന്ന സമയം തെറ്റി പൂത്തതു പൊലെ തോന്നി. ദൈവം ഒരു പരുന്തിന്റെ രൂപത്തില്‍ തലയ്ക്കു മീതെ പറക്കുന്നതായും, വട്ടമിട്ട് വട്ടമിട്ട് ആവോളം ചിറകടിച്ച് പരിഹസിക്കുന്നതായും തോന്നി. വഴിയോരത്തു വെണ്ണ മണലില്‍ വളര്‍ന്നു പൂത്ത തീപ്പൊരി ചെടികള്‍ ചവിട്ടിക്കൊണ്ട് ഞാനോടി. രാം എന്റെ ജീവിതം രക്ഷിക്കാന്‍ പറഞ്ഞ ഓരോ പ്രതിവിധിക്കും ڇഎനിക്ക് സ്വന്തമായി ഒരു ജോലി ڈ എന്ന ഒറ്റ പ്രതിവിധി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് ഫ്രോസ്റ്ററിന്റെ കവിത മനസ്സില്‍ തികട്ടി വന്നു.
“But I have promises to keep and miles to go before I sleep ڈ
നന്ദിനി ഇവളുടെ പാവാട ഒന്ന് മാറ്റിക്കൊടുക്ക്.ڈ അമ്മ വരാന്തയ്ക്കു അപ്പുറത്തു നിന്നും വിളിച്ചു പറഞ്ഞു. കുഞ്ഞേച്ചിയുടെ കാലില്‍ ഓരു ചാല് പോലെ രക്തം ഒലിച്ചിറിങ്ങുന്നു. കണക്കു തെറ്റി ആര്‍ത്തവം വന്നു കൊണ്ടിരുന്ന കുഞ്ഞേച്ചിയുടെ പാവാടയില്‍ മുഴുവന്‍ ആര്‍ത്തവ രക്തം.
കുഞ്ഞേച്ചി കൈയ്യിലെ ചേമ്പില വട്ടത്തില്‍ കറക്കി കളിയ്ക്കുകയാണ്. ഞാന്‍ വിചാരിച്ചു നന്ദിനി ആഷിയുടെ കാല് മുറിഞ്ഞു രക്തം ഒഴുകുകയാണെന്ന്. എനിക്ക് ആകെ ആധിയായി. ഇപ്പോ കാര്യം മനസ്സിലായപ്പോഴാണ് സമാധാനമായത്. അമ്മ നെടുവീര്‍പ്പിട്ടു. മണ്ണെണ്ണ വിളക്കിന്റെ തിരി പൊക്കിവെച്ചു ഞാന്‍ നിലാവത്തു വെള്ളം കോരി ചേച്ചിയെ കുളിപ്പിച്ചു. ഈ ആര്‍ത്തവ രക്തം പോലെ മനസ്സിലേറ്റ അവഗണനകളും, ഒറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും څ ഞാന്‍ چ എന്നുള്ള എന്റെ മുന്നിലെ വലിയ ചോദ്യ ചിഹ്നവും മായിച്ചുകളയാന്‍ സാധിച്ചിരുന്നെങ്കില്‍.
ആശമൂത്തു സുഭദ്ര ചിറ്റയുടെ മിറ്റത്തെ മാമ്പഴം ഒരെണ്ണം പറിക്കാന്‍ പോയപ്പോള്‍ ڇ തെണ്ടിപ്പിള്ളേര്ക്കുള്ളതല്ല എന്റെ മാമ്പഴംڈ എന്ന് അയലു കേള്‍ക്കെ അവര്‍ ഉറക്കെ പറഞ്ഞപ്പോ സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. ദരിദ്രര്‍ക്കും പറഞ്ഞിട്ടുള്ളതാണ് പ്രതികാരം എന്ന് അവര്‍ എന്നെങ്കിലും തിരിച്ചറിയും. മഴ പെയ്തടങ്ങിയ ശേഷമുള്ള തണുത്ത കാറ്റില്‍ മുളകള്‍ ആടുന്ന ശബ്ദം കേട്ട് എപ്പോഴോ ഉറങ്ങിപ്പോയി.
അതിരാവിലെ തന്നെ എഴുന്നേറ്റ് അമ്പലത്തില്‍ തൊഴാന്‍ പോയി. ഇപ്രാവിശ്യം പതിവിന് വിപരീതമായി പ്രാവിന്റെ രൂപത്തില്‍ കുറുകി കൊണ്ട് തോളില്‍ വന്നു ഇരിക്കുന്നതുപോലെ തോന്നി. തലേന്നത്തെ ശക്തമായ കാറ്റിലും കുറച്ചധികം പൂക്കള്‍ കൊഴിച്ചുകളയാതെ വാകമരം എനിക്കായ് കാത്ത് വെച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. എന്നില്‍ നിന്നും യാത്ര പറഞ്ഞുപോയതെന്തോ എന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് മനസ്സ് പിടഞ്ഞു പറഞ്ഞു.
തെക്കേതിലെ ശാന്തയും കല്യാണത്തലേന്നു അവള് ഉപയോഗിച്ചു പഴകിയ മുണ്ടും നേര്യേതും എനിക്ക് തന്നിരുന്നു. അത് ഉടുത്തു, കീറിത്തുന്നിയ അനേകായിരം വട്ടം ചകിരിയാല്‍ വൃത്തിയാക്കപ്പെട്ട റബ്ബര്‍ ചെരിപ്പും ഇട്ട് തൊടിയിലെ രണ്ട് പിച്ചിപ്പൂവും നുള്ളി തലയില്‍ വെച്ച് തിരക്കിട്ട് തൊഴാന്‍ ഇറങ്ങിയപ്പോള്‍ തന്നെ മനസ്സ് പതിവില്ലാതെ എന്തോ സ്വകാര്യം പറയുവാന്‍ ഒരുങ്ങുന്നതുപോലെ തോന്നി.
മോള് ഇവിടെ സ്വപ്നം കണ്ട് നില്ക്കുകയാണോ, മോള്‍ക്ക് ഒരു രജിസ്റ്റേഡ് പോസ്റ്റുണ്ട്.ڈ പോസ്റ്റുമാന് ഖാദറിക്ക മുറുക്കാന്‍ കറവീണ പല്ലുകള്‍, ഒട്ടിയ കവിളിനു ആര്‍ഭാടം എന്നപോലെ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒറ്റക്കാലില്‍ കുന്തിക്കളിച്ചുകൊണ്ട് കുഞ്ഞേച്ചിയും കൂടെയുണ്ട്.
തൊഴുതു വന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല ഇക്കാ.ഞാന്‍ കുഞ്ഞേച്ചിയുടെ കളി നോക്കിക്കൊണ്ട് പറഞ്ഞു. ഒപ്പിട്ട ശേഷം പോസ്റ്റ് പൊട്ടിച്ചു വായിച്ച എന്റെ കണ്ണുകളില്‍ ഇനിയും ഒരു ആയിരം കൊല്ലം പൂക്കാന്‍ കാത്തു നിന്ന വാകപൂക്കള്‍ ഒരുമിച്ചു പൂത്തു. ജോലി കിട്ടില്ല എന്ന് പരിഹസിച്ചവരെ എല്ലാം വിളിച്ച് എനിക്ക് ഒരു തുള്ളല്‍ നടത്തണം എന്നു തോന്നി. എല്‍ .ഡി. ക്ലാര്‍ക്കായി രാമിന്റെ അടുത്ത ജില്ലയില്‍ ജോലി കിട്ടിയതിന്റെ നിയമന ഓര്‍ഡര്‍.
ദൈവം പിന്നെയും ചിറകടിച്ചു എന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്ന വിധം ഊളിയിട്ടു പറന്നുപോയതായി എനിക്ക് തോന്നി. എച്ചില് കൂനയില്‍ നിന്നും അമ്മയെയും, കുഞ്ഞേച്ചിയെയും കൂട്ടികൊണ്ട് ഇനി എന്നും ഗുല്‍മോഹര്‍ പൂക്കുന്ന താഴ്വരയിലേക്കു പ്രതീക്ഷയുടെ കിരണങ്ങള്‍ പേറി ഞാന്‍ യാത്ര തുടരുന്നു.
Deivam vattamittu parakatte angane.
Nalla ezhuthu