ദേവത

 

അപൂർണമായ ഉറക്കത്തിനിടയിൽ അവൾ ഉണർന്നു.
ദേഹം നീറുന്നു .
അവൾ പ്രത്യേകം വളർത്തിയിരുന്ന നഖങ്ങളാൽ കൈത്തണ്ടയിലും കഴുത്തിലുമൊക്കെ ചൊറിഞ്ഞു . ഉറുമ്പരിക്കുന്ന മൊത്തയിലാണ് താൻ കിടക്കുന്നതെന്നവൾ മനസ്സിലാക്കി.
ഒരൊറ്റ ദിവസത്തേക്ക്, വാടക വാങ്ങാതെ അവളെ ഒരപരിചിതൻ അവിടെ തങ്ങാൻ അനുവദിക്കുകയായിരുന്നു .
സുന്ദരിയും ഏകയും നിരാലംബരുമായ പെൺകുട്ടിയാണവൾ എന്ന് മനസ്സിലാക്കിയ ഒരു സ്വർണ്ണ വ്യാപാരിയായിരുന്നു ആ വാടകമുറി ഒറ്റ രാത്രിയിലേക്കായി അവൾക്ക് നൽകിയത്.
പല കണ്ണുകളുടെ കടൽ താങ്ങിയശേഷം കരുണയുടെ പായ്തോണി കാണുകയായിരുന്നു അപ്പോൾ അവൾ.
പാതിയുറക്കത്തിൽ ഇടുങ്ങിയ ചുമരുകൾക്കിടയിൽ മെത്ത വിരിതല്ലി കുടയുമ്പോൾ അവളുടെ മനസ്സിൽ ആദ്യമായി ഏകദേശം ഒരു മാസം മുൻപ് അവിടെ എത്തിയതിന്റെ ഓർമ്മകൾ മങ്ങി തെളിഞ്ഞു.
ആഡംബര ഹോട്ടലിലെ വിശാലമായ വരാന്തകൾ കൾ ,പ്രത്യേകം സൂക്ഷിച്ചു വളർത്തുന്ന പൂച്ചെടികൾ, മിനുസമാർന്ന പുതപ്പുകൾ അതിലോലമായ കിടക്കകൾ, മിന്നിത്തെളിയുന്ന ബഹുവർണ്ണ വെളിച്ചങ്ങൾ….. എല്ലാം തുടർച്ചയായ ഒരു മിന്നൽപിണരിൽ എന്നതുപോലെ അവളിൽ……….
ഉറുമ്പുകളെ കുടഞ്ഞു കളഞ്ഞ് അവൾ വീണ്ടും ഉറങ്ങാൻ കിടന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ,കാരണം കാത്തിരിപ്പിന്റെ കരിന്തിരി ആ ദിവസങ്ങളിൽ എരിയുന്നുണ്ടായിരുന്നു. ഇപ്പോൾ ആ തിരി പൂർണ്ണമായും എരിഞ്ഞില്ലാതായിരിക്കുന്നു .
വർണാഭമായ സന്ധ്യ. തെരുവുകൾ ജനനിബിഡം. കച്ചവടക്കാർ, പലവിധ കച്ചവടങ്ങൾ .കമ്പോളം എല്ലാവിധ ആളുകളെയും സ്വീകരിച്ചു ,ഒപ്പം അവളെയും അവനെയും.
‘ ഞാനിത്രയും അർഹിക്കുന്നുണ്ടോ, പുതിയ സ്ഥലങ്ങൾ കാണുവാൻ ,ലോകത്തെ അറിയുവാൻ ഞാൻ എന്തു ഭാഗ്യം ചെയ്തു? ‘
അവൾ അവനോട് ചോദിച്ചു.
‘ നീ എല്ലാം അർഹിക്കുന്നു പ്രിയപ്പെട്ടവളെ . എന്തെന്നാൽ നീ എന്നെ സ്നേഹിക്കുന്നു.’
ഉറക്കം ആരംഭിച്ചതാണ്, പക്ഷേ ഭൂതകാലം അവളെ അതിന് അനുവദിക്കാതിരുന്നു .
സന്ധ്യകളിൽ നിന്നാരംഭിച്ച് രാത്രിയിലേക്ക് നീളുന്ന കാഴ്ചകളുടെ ലോകത്തു നിന്നും അവളെ തള്ളി മാറ്റി അവൻ കളഞ്ഞിരുന്നു.
‘ നീ ആ മാല അത്രയും ആഗ്രഹിക്കുന്നോ ? ‘
ഒരു മറുപടി ലഭിക്കാൻ വ്യഗ്രതയോടെ അവൻ ചോദിച്ചു.
‘ എപ്പോഴും എൻറെ അടുത്തുണ്ടായാൽ മാത്രം മതി.’
അവൾ പുഞ്ചിരി പൊഴിച്ചു കൊണ്ട് പറഞ്ഞു.
‘ എന്നാലും ആ മാല നീ അണിഞ്ഞു കാണാതെ എനിക്കിനി സമാധാനമില്ല’
അവൻ മാല വാങ്ങാനായി അവളെ ഹോട്ടൽ റൂമിൽ തനിച്ചാക്കി ഇറങ്ങി.
അന്ന് പോയ അവനെ അവൾ പിന്നീട് കണ്ടിട്ടില്ല. അപരിചിതമായ അവിടെ അവൾ ഒറ്റയ്ക്കായി . കാത്തിരിപ്പ് നീണ്ടപ്പോൾ ആഡംബര ഹോട്ടലിൽ നിന്നും അവളെ പുറത്താക്കുകയും ചെയ്തു .
അവൾ കയ്യിൽ കരുതിയിരുന്ന പണംകൊണ്ടാണ് അവരിരുവരും ആ ദിനങ്ങൾ ആഘോഷിച്ചത്. എല്ലാം മറന്ന, യാഥാർത്ഥ്യം മിഥ്യയും സംഗമിക്കാത്ത ലഹരിയിലാഴ്ന്ന കുറച്ചുദിവസങ്ങൾ…..
അവൾ നന്നായി ഉറങ്ങി. ഉറുമ്പുകൾ തന്നെ വേദനിപ്പിക്കും എന്നുപോലും ഓർക്കാതെ.
പ്രഭാതകിരണങ്ങൾക്ക് പോലും ഉച്ചവെയിലിന്റെ തീഷ്ണതയുണ്ടായിരുന്നു. പൂർണമായടച്ച ജനലിന്റെ ചിതൽ വിടവുകളിലൂടെ പുലർവെട്ടം അവളുടെ മുഖത്തേക്ക് പതിച്ചു. എഴുന്നേറ്റു , ജനാലയുടെ വിടവ് ശ്രദ്ധിച്ച അവൾ പെട്ടെന്ന് ഓർത്തു .
ഒരു പാമ്പിന് കയറാൻ ധാരാളം , രാത്രിയിൽ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ? യാതൊരു അടിസ്ഥാനവുമില്ല എങ്കിലും അവൾ അങ്ങനെ ചിന്തിച്ചു .ഈ കാര്യങ്ങളൊക്കെ വളരെ ശ്രദ്ധ കാണിക്കുന്നു, എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറ്റവും അലസമായി കാണുന്നു . സൗന്ദര്യം ശുശ്രൂഷകളിലും ആരോഗ്യകാര്യങ്ങളിലും അമിതശ്രദ്ധ .
എന്നിട്ടും തനിക്കിങ്ങനെ ?
എന്നിട്ടും താൻ ?
ചോദ്യങ്ങൾ. ഒട്ടേറെ ചോദ്യങ്ങൾ. സ്വയം മെനയുന്ന ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾ പോലും ചോദ്യങ്ങൾ ആയി മാറുന്നു .
നിസ്സഹായതയുടെ ഉയരത്തിൽ നിന്നാണ് താനിതെല്ലാം താഴേക്ക് നോക്കി ആലോചിച്ചു കൂട്ടുന്നത് എന്നവൾ തിരിച്ചറിഞ്ഞു.
സ്വർണ്ണവ്യാപാരിയോ അയാളുടെ വേലക്കാരോ ഇപ്പോൾ തന്നെ എത്തും . ഹോട്ടലുകാർ ചെയ്തതുപോലെ തന്നെ ഇറക്കിവിടും .
തീർച്ച.
ഉൾക്കൊള്ളാനാവാത്ത അവസ്ഥ.
വാതിലിൽ മുട്ടുകേട്ട് മനസ്സില്ലാമനസ്സോടെ വാതിൽ തുറക്കാനായി അവൾ നടന്നുചെന്നു.
അപേക്ഷിക്കാം .
ഒരു രാത്രി കൂടി.
എന്നാൽ നാളെ ?മറ്റന്നാൾ ?
പക്ഷേ ഇന്ന് മാത്രമേ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ .
സ്വർണ്ണ വ്യാപാരിയുടെ ആൾ തന്നെയാണ് എത്തിയിരിക്കുന്നത്.
മുറി ഒഴിയാനാണ് പറയുന്നത്.
അല്പനേരത്തെ സംഭാഷണത്തിന് ശേഷം എത്തിയിരിക്കുന്നത് സ്വർണ്ണവ്യാപാരിയുടെ മകനാണ് ആഗതനെന്ന് അവൾക്ക് മനസ്സിലായി .
‘ഇന്നൊരു ദിവസം കൂടി ‘
എന്ന് കാലിൽ വീണ് ചോദിക്കണമെന്ന് തോന്നി. എന്നാൽ പെട്ടെന്ന് അവൾ തന്നെ തന്നെപ്പറ്റി തന്നെ ബോധവതിയായി .
അവൾ തന്റെ നീണ്ടുവളർന്ന നഖങ്ങളുള്ള വിരലുകളാൽ ആ ചെറുപ്പക്കാരന്റെ കൈകളിൽ കടന്നുപിടിച്ചു.
‘ വരൂ ‘
ഒരു അതിഥിയെ പോലെ അവൾ അവനെ ക്ഷണിച്ചു.
സുന്ദരിയായൊരു പെൺകുട്ടിയുടെ ചെയ്തിയെ വിസ്മയത്തോടെ സ്വീകരിച്ച് അവനും എല്ലാം മറന്ന് ഒരു അതിഥിയായി.
തന്നിലെ മാന്ത്രികത ആദ്യമായവൾ പരീക്ഷിക്കാൻ ഒരുങ്ങി .അവൾ തൻറെ കണ്ണുകളാൽ അവനെ നിയന്ത്രിക്കാൻ തുടങ്ങി. ഒരു സ്വപ്നത്തിൽ അകപ്പെട്ടതായി അവനനുഭവപ്പെട്ടു.
അവളുടെ മനോഹര രൂപം മാത്രം കണ്മുന്നിൽ.
പ്രത്യേകിച്ചും വശ്യമായ കണ്ണുകൾ.
അവളിലെ മാസ്മരിക ഗന്ധം അവന്റെ നാസികകളിൽ നിന്ന് പ്രാണനിലേക്ക് നിറയാൻ തുടങ്ങിയിരിക്കുന്നു.
അവൾ അവനോടു മധുരിതമായി ചോദിച്ചു.
‘ എന്നെ ഇഷ്ടമായോ’
അവൻ മയക്കത്തിലെന്നോണം പറഞ്ഞു .
‘ ഇഷ്ടപ്പെട്ടു ദേവതെ, ഇഷ്ടപ്പെടുന്നു നിന്നെ മാത്രം.’

 

 

You can share this post!