ദിവ്യൻ/ഡോ: ജയദേവൻ

കമലംവിടർന്നപോലെന്നും കിഴക്കുവ-
ന്നമരുന്ന ദിവ്യനാം സൂര്യദേവാ,
പ്രമദംനിറഞ്ഞു നീ നല്കുന്ന പൊന്നൊളി
തമസ്സാറ്റിടേണം ത്രിസന്ധ്യയോളം..

കരുണാർദ്രനായ് വിശ്വനക്ഷത്രരാജനായ്
വിരവോടനുഗ്രഹിച്ചീടുവോനേ,
പരിപാവനമായ നിൻ ഹൃത്തിലെപ്പൊഴും
കിരണാമൃതം നിറഞ്ഞേറിടേണം..

ത്രിമദംപരക്കും പ്രകാശം ധരിത്രിയിൽ
സമഭാവമോടൂർജ്ജമേകുവാനായ്,
വിമഥംവരാതർക്കനാകാശമണ്ഡലേ
സുമഗന്ധസൗന്ദര്യമോടെ വേണം..

കൃപതോന്നി പൊന്നിൻവിളക്കുവെക്കുന്ന നീ
ജപമാലയെണ്ണുന്ന നേരമെന്നും,
ഉപകുംഭധ്യാനമോടെല്ലാ ഗ്രഹത്തിനും
അപഥം വരാതുള്ളറിഞ്ഞിടേണം..

കുളിരോളമോശാതുറങ്ങാതഭക്ഷനായ്
വിളികേൾക്കുമാജന്മ രക്ഷകനായ്,
അളവറ്റ സൗഭാഗ്യമോടെന്നുമീശനായ്
ഒളിതൂകി വാഴുവാൻ കൈതൊഴുന്നേൻ…

You can share this post!