തെറിബുദ്ധൻ

സതീശൻ ഒ പി

അതി നിഗൂഢമെന്നു തോനുന്ന തികച്ചും സാധാരണമായ

ചില വളവുകളിൽ
കുട്ടപ്പൻ ബുദ്ധനാവാറുണ്ട്‌.

അടുത്ത നിമിഷം തന്നെ വീണ്ടും കുട്ടപ്പനാവുമെന്നതിനാലാവണം
ഈ കാര്യം ചർച്ച ചെയ്യാൻ ശിഷ്യഗണങ്ങളെ സൃഷ്ട്ടിക്കാൻ അദ്ധേഹം മടിച്ചിരുന്നു .

ഉദാഹരണത്തിനു
കാമുകിയുടെ ചുണ്ടിൽ
മൂന്നാമത്തെ പ്രാവശ്യം ഉമ്മവെച്ചു രണ്ടാമത്തെ മിനുട്ടിൽ
ബുദ്ധനാവുക എന്നതിൽ ഒരു നിഗൂഢതയില്ലേ.?
പക്ഷെ വളരെ സാധാരണം എന്നമട്ടിൽ അവിടെ നിന്നും
തിരിച്ചുപോന്നിട്ടുണ്ട്‌ കുട്ടപ്പൻ .

പിന്നീടൊരിക്കൽ
തെരുവു വിളക്കുകളെ നോക്കി കിടക്കുമ്പോൾ .
പാറ്റകൾ പ്രാണികൾ
എന്നുവേണ്ട
ഒരു കവിക്കുപോലും തെരുവു വിളക്കുകളിൽ ഒരുപാട്‌ സാധ്യതകളുണ്ട്‌.
പക്ഷേ കുട്ടപ്പനു അങ്ങനെ ആയിരുന്നില്ല.
എങ്കിലും അന്ന്
കൃത്യമായി പറഞ്ഞാൽ
നാലാമത്തെ മിനുറ്റിൽ
താൻ തന്നെ ഒരു തെരുവു വിളക്കാണെന്നു തോനുകയും അയാൾ ബുദ്ധനാവുകയുമായിരുന്നു.
ഞാനതിൽ ഒരു
നിഗൂഢത കാണുന്നുണ്ടെങ്കിലും
കുട്ടപ്പൻ
അടുത്ത നിമിഷം
വളരെ സാധാരണമെന്നവണ്ണം
ഉറങ്ങുകയായിരുന്നു .


അവസാനമായി ഇന്നലെ
വെള്ളം പോലെ
തെളിഞ്ഞമനസ്സുമായി
അയാൾ ബൈക്കോടിച്ചു
പോകുകയും .
അതേ നിമിഷം എതിരെ വന്ന ലോറി
ബൈക്കിൽ ഉമ്മവെക്കാനായുകയും
“ഫ മൈരേ ”
എന്നൊരു തെറിയോടെ
കുട്ടപ്പൻ ബൈക്ക്‌ വെട്ടിച്ചു രക്ഷപെട്ടതും
ആ നിമിഷം അയാളൊരു
ബുദ്ധനായതു കൊണ്ടു മാത്രമായിരുന്നു .
അതി നിഗൂഢമായ കാര്യങ്ങളാണിവയെല്ലാം
തെറി പറയുന്ന ബുദ്ധൻ നിങ്ങൾക്കു അത്ര സാധാരണമല്ലെങ്കിൽ കൂടെ .

You can share this post!