രാമചന്ദ്രൻ കരാവാരത്തിന്റെ തൂക്കണാം കുരുവികളെക്കുറിച്ച്
”മഹാരഥൻമാർ പോലും ദയനീയമായി വീണുപോയ തന്നത്താനനുകരണത്തിന്റെ പടുകുഴിയെ ഈ നോവലിസ്റ്റ് എങ്ങനെ അനായാസം ചാടിക്കടക്കുന്നു എന്നു കാണാൻ
കചനേയും തൂക്കണം കുരുവികളേയും ചേർത്തു വായിച്ചാൽ മാത്രം മതി. കചനേയും കുരുവികളേയും ഒരുമിപ്പിക്കുന്ന ഏകാംഗഭാഷണ പ്രകാരമുള്ള ഇതിവൃത്ത വികാസം വേണമെങ്കിൽ വിമർശന വിധേയമാക്കാം. എന്നാൽ അപ്പോഴും സാദൃശ്യത്തിലും അവ പുലർത്തുന്ന വൈസാദൃശ്യം ആ വിമർശനത്തിന്റെ മുനയൊടിക്കാൻ പോന്നതാണ്.”
സർഗസൃഷ്ടികളെ വലംവച്ചുനിൽക്കുന്ന മനുഷ്യപ്രകൃതിയുടെ നാനാത്വത്തെ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം രണ്ടുപേർ വായിക്കുന്നില്ല എന്ന വചനം ഒരിക്കലും പിഴക്കാത്ത ഒരു പ്രവചനമാണെന്നു വന്നാൽപ്പിന്നെ പുസ്തകാവതരണം ഒരു പാഴ് വേലയാകും തീർച്ച. എന്നാൽ വൃക്തിത്വത്തിന്റെ നാനാത്വത്തിനെതിരെ സമൂഹത്തിന്റെ ഏകത്വത്തെ പകരം വയ്ക്കുന്ന ആത്യന്തികമായി മനുഷ്യനും അടിസ്ഥാനപരമായി അവന്റെ വികാരവിചാരങ്ങളും എന്നും എവിടെയും ഒന്നാണെന്ന മറുവചനമാണ് വാസ്തവത്തിൽ എഴുത്തിനേയും വായനയേയും സാദ്ധ്യമാക്കുന്നത്. അതുതന്നെയാണ് പുസ്തകാവതരണത്തെയും സാധുവാക്കുന്നതും. പി. യുടെ കവിതകൾ ലോകത്തെവിടെയുമുള്ള സഹൃദയരേയുംകാൾ ആസ്വദിക്കാനാവുക മലയാളികൾക്കാവും. അത്രയ്ക്കാണതിലെ കേരളീയത- ഡോ. എം. ലീലാവതി പറഞ്ഞത് ഓർമ്മ വരുന്നു.
അതുപോലെ രാമചന്ദ്രൻ കരവാരത്തിന്റെ തൂക്കണം കുരുവികൾ ലോകത്തെവിടെയുള്ള സഹൃദയരേയും കാൾ നന്നായി ആസ്വദിക്കാൻ കഴിയുക നമുക്കായിരിക്കും. അത്രയ്ക്ക് നമ്മുടേതാണ് ഈ നോവൽ. ഈ മണ്ണിന്റെയും ഇവിടുത്തെ മനുഷ്യരുടേയും കഥയാണ് ഈ നോവൽ പറയുന്നത്.
ഏതായാലും പുസ്തകാവതരണമെന്നാൽ കഥ സംഗ്രഹിക്കലാണെന്ന് ഞാൻ കരുതുന്നില്ല. കഥയ്ക്കുമാത്രം കാതോർക്കുന്ന നോവൽ വായനക്കാരൻ മുത്തശ്ശിക്കഥയ്ക്കു മുന്നിലെ ശിശുവാണ്. എന്നല്ല നിയത്തവും പൂർവ്വാപാരബന്ധവുമുള്ള സുഘടിതമായ ഒരിതിവൃത്തഘടനയെ കണിശമായും അട്ടിമറിച്ചുകൊണ്ടാണ് രാമചന്ദ്രന്റെ ഈ തൂക്കണം കുരുവികൾ പറക്കുന്നത്. ഒരു പക്ഷേ നോവലിസ്റ്റിൻ കഴിച്ചാൽ ഈ നോവൽ ഏറ്റവും കൂടുതൽ തവണ വായിച്ച വായനക്കാരൻ ഞാനായിരിക്കും എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് ആ അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയാൻ ഞാൻ ധൈര്യപ്പെടുന്നു. ഒറ്റ വായനയിൽ അവസാനിപ്പിക്കേണ്ട ഒരു നോവലല്ല ഇത്. അഥവാ അങ്ങനെ അവസാനിപ്പിച്ചാൽ ഈ നോവൽ കാഴ്ചവയ്ക്കുന്ന സൗന്ദര്യലോകങ്ങൾ പലതും നിങ്ങൾക്കന്യമാകും. ഇതു പറയാൻ കാരണമുണ്ട്. വല്ലാത്ത ഒരു ത്രില്ലോടുകൂടിയാണ് ഗ്രന്ഥകാരന്റെ ആദ്യനോവലായ കചന്റെ ഒന്നാം വായന ഞാൻ പൂർത്തിയാക്കിയതെങ്കിൽ തെല്ലൊരു നിരാശയോടെയാണ് തൂക്കണം കുരുവികളുടെ ആദ്യവായന കഴിച്ചതു.
പിന്നെയാണ് അത്ഭുതം സംഭവിച്ചതു. കചന്റെ പുനർവായനകൾ എന്നിൽ കൗതുകം കെടുത്തിക്കൊണ്ടിരുന്നെങ്കിൽ കരുവികളുടെ വായന മറിച്ചൊരനുഭവമാണ് എനിക്ക് സമ്മാനിച്ചതു. ഇതിനകം ഏഴുതവണ വായിച്ചു കഴിഞ്ഞിട്ടും ഇനിയും വായിച്ചു കൊതിതീരാത്ത പുസ്തകമാണ് എനിക്ക് ഈ കരുവികൾ. പുനഃപാരായണ ക്ഷമതയാണ് നല്ല പുസ്കങ്ങളുടെ പിഴയ്ക്കാത്ത മാനദണ്ഡമെങ്കിൽ തൂക്കണം കരുവികൾ നല്ല നോവലാണ്. അനുഭവിച്ചറിയുക എന്നുമാത്രമേ അതിനെപ്പറ്റി പറഞ്ഞുകൂടു.
ഈ നോവൽ വായന എനിക്കു പകർന്നു തന്ന മറ്റൊരു സന്തോഷം രചനയിൽ രാമചന്ദ്രൻ പുലർത്തുന്ന വൈവിദ്ധ്യമാണ്. വീണ പൂക്കളുടെ കാവ്യകാരൻ എന്ന് ആശാനും തകരുന്ന
തറവാടുകളുടെ കഥാകാരൻ എന്ന് എം.ടിയും വാഴ്ത്തപ്പെടുമ്പോൾ വാസ്തവത്തിൽ അവർ വീണുപോയ ആത്മാനുകരണത്തിന്റെ ആത്മഹത്യാപരമായ വാരിക്കുഴികൾ കൂടിയാണ് വെളിപ്പെട്ടുപോകുന്നത് . മഹാരഥൻമാർ പോലും ദയനീയമായി വീണുപോയ തന്നത്താനനുകരണത്തിന്റെ പടുകുഴിയെ ഈ നോവലിസ്റ്റ് എങ്ങനെ അനായാസം ചാടിക്കടക്കുന്നു എന്നു കാണാൻ
കചനേയും തൂക്കണം കുരുവികളേയും ചേർത്തു വായിച്ചാൽ മാത്രം മതി. കചനേയും കുരുവികളേയും ഒരുമിപ്പിക്കുന്ന ഏകാംഗഭാഷണ പ്രകാരമുള്ള ഇതിവൃത്ത വികാസം വേണമെങ്കിൽ വിമർശന വിധേയമാക്കാം. എന്നാൽ അപ്പോഴും സാദൃശ്യത്തിലും അവ പുലർത്തുന്ന വൈസാദൃശ്യം ആ വിമർശനത്തിന്റെ മുനയൊടിക്കാൻ പോന്നതാണ്.
കൈലാസം കൈയിലെടുത്ത് അമ്മാനമാടിയ രാവണപ്രഭുവിനെപ്പോലെ കാലത്തെ കൈയിലെടുത്ത് അമ്മാനമാടുന്നവനാണ് ഉന്നത കലാകാരൻ. കാലക്രമത്തിനെതിരെ അക്രമം കാണിക്കുമ്പോഴാണ് ത്രികാലക്രമങ്ങളെ തകിടംമറിച്ചും കൂട്ടിക്കുഴച്ചും ആവിഷ്കരിക്കുമ്പോഴാണ് കാലബോധം സജീവമാകുന്നതും കാലനോവലുകൾ സംജാതമാകുന്നതും വാസ്തവിക കാലത്തെ കടപുഴക്കി മാനസിക കാലത്തേയും കലാത്മക കാലത്തേയും പകരം വയ്ക്കുമ്പോഴാണ് കാലത്തെ കീഴടക്കാൻ കലാകാരൻ പ്രാപ്തനാകുന്നത്. ചലച്ചിത്രത്തിൽ സർഗ്ഗാത്മകനായ ഒരു ചിത്രസംയോജകന്റെ കാലത്തുടർച്ചകളെ കഷണങ്ങളാക്കി അടർത്തിമാറ്റി ഇടയ്ക്കു വേറെ ചിലതു കൂട്ടിച്ചേർക്കുകയും സഡൻ കട്ടിങ്ങും ഓവർ ലാപ്പിങ്ങുംകൊണ്ടും മറ്റും അത്ഭുതങ്ങൾ സൃഷ്ടിക്കുമ്പോലെയാണ് കാലത്തെ കയ്യടക്കിയ കലാകാരൻ അതിനെ നോവലിൽ കൈകാര്യം ചെയ്യുന്നത്. വാസ്തവിക ലോകത്തെ അട്ടിമറിച്ച് കലാത്മക കാലം ചമച്ച് രചനയെ അടിമുടി കലാത്മകമാക്കുന്നതെങ്ങനെ എന്നു തൂക്കണം കുരുവികൾ സൂക്ഷ്മദൃക്കുകൾക്ക് പറഞ്ഞു തരും. മറ്റൊരു ലേഖനം കൊണ്ടുവേണം ഇതു വശിദീകരിക്കാൻ.
രാമചന്ദ്രന്റെ രചനകളിൽ തൂക്കണം കുരുവികൾ വിശേഷിച്ചും പഞ്ചേന്ദ്രിയങ്ങളുടെ സമർത്ഥമായ ഇടപെടലുകൾ കൗതുകം നിവേദിക്കുന്ന കാഴ്ചയാണ് . അവ വായനക്കാരന്റെ പഞ്ചേന്ദ്രിയങ്ങളെ ആസ്വാദനത്തിന് ഒപ്പം ക്ഷണിക്കുകയും ചെയ്യുന്നു. നോവൽ പുറങ്ങളിലാകെ ചിതറി വീണുകിടപ്പുള്ള ഗന്ധ-രുചി- സ്പർശ പരാമർശങ്ങൾ സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. അതിലും വിശേഷിച്ചും ഗന്ധബിംബങ്ങൾ നേടുന്ന മേൽക്കൈ അതിലൂടെ ഒരു മനശാസ്ത്ര സഞ്ചാരം സൂക്ഷ്മമായി നടത്തിയാൽ ഒരു പക്ഷേ എം.എൻ. വിജയൻ വൈലോപ്പള്ളിയിലെ സഹ്യന്റെ മകനെ തിരിച്ചറിഞ്ഞതുപോലെ രാമചന്ദ്രനും മറ്റൊരു സഹ്യന്റെ മകൻ മൂക്കു വിടർത്തി മണത്തു നിൽക്കുന്ന കാഴ്ച കണ്ടെത്താൻ കഴിഞ്ഞെന്നു വരും. അത്രയ്ക്കുണ്ട് ആ രചനകളിലെ ഗന്ധ പരാമർശങ്ങൾ.
നമ്മൾ മലയാളികൾ കപട സദാചാരത്തിന്റെ മൂട്ടുമുറികളാണ്. അതുകൊണ്ടാണ് പട്ടാപ്പകൽ പോലും പെണ്ണിന് ഇവിടെ ഒറ്റയ്ക്ക് നടക്കാൻ പറ്റാതായത്. ഈ കപട സദാചാരത്തെ അർഹിക്കുന്ന അവഞ്ജയോടെ പുറംകാലുകൊണ്ട് തട്ടാനും രതിയുടെ നേർക്കാഴ്ചകളിലേയ്ക്ക് പതറാതെ നോക്കാനും കാണാനും കാട്ടിത്തരാനും രാമചന്ദ്രനിലെ എഴുത്തുകാരനു മടിയില്ല. അഞ്ചുവയസ്സുകാരൻ ദീപുവിന്റെ രതിയെ ചൂഴ്ന്നു നിൽക്കുന്ന ജിജ്ഞാസകളും കൊതികളും ഇരുപത്തിയൊന്നാമദ്ധ്യായത്തിലെ പില്ലമ്പട്ടിയുടെ വെള്ളം കുടിയും മറ്റും അതിനെ വാചാലവും കലാപരതകൊണ്ട് ഹൃദ്യവുമായ ദൃഷ്ടാന്തമാക്കുന്നു. ഒരു സദാചാരവാദിയുടെ മുഖം തിരിക്കലിനേയും പ്രതിഷേധത്തേയും പ്രതിരോധിക്കാനുള്ള സത്യസന്ധത അക്കാര്യത്തിൽ രാമചന്ദ്രനുണ്ട് എന്നാണ ഈ നേർക്കാഴ്ച വിളംബരം ചെയ്യുന്നത്.
കഥാപാത്രസൃഷ്ടിയിൽ ഈ കഥാകാരൻ പലുർത്തുന്ന ശ്രദ്ധയ്ക്കും സൂക്ഷ്മതയ്ക്കും ഏത് കഥാപാത്രത്തേയും ഉദാഹരണമാക്കാം. അൽപം ഏകാഗ്രതയോടെ അവരെ പിൻതുടർന്നാൽ മാത്രം മതി.
എന്നാൽ ഇതൊന്നുമല്ല തൂക്കണം കുരുവികളെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ മതിപ്പ്. ഈ നോവൽ സത്യമായും വീണ്ടെടുക്കലുകളുടെ വിജയരേഖയാണ്. ഇത് വാക്കിൻ തിടമ്പിൽ ആവാഹിച്ചു വച്ചിരിക്കുന്നത് ചെറുത്തു നിൽപിന്റെ ചൈതന്യമാണ്. ഇത് പടുത്തുയർത്തുന്നത് പ്രതിരോധങ്ങളുടെ മതിലുകളാണ്.
ആഗോളവൽക്കരണമെന്ന അതിശയൻ എല്ലാവിധ നാനാത്വങ്ങളേയും ആർത്തിയോടെ തിന്നൊടുക്കി പകരം ഏകത്വത്തിന്റെ അമേധ്യം വിളമ്പി ലോകത്തെ ഊട്ടാൻ വെമ്പുന്ന കലികാല സന്ധിയിലാണ് നമ്മൾ. ഭാഷാവൈവിദ്ധ്യങ്ങളേയും ജീവിതവൈരുദ്ധ്യങ്ങളേയും സംസ്കാര വൈചിത്ര്യങ്ങളേയും തിന്നൊടൊക്കുന്ന ആ അതിശയൻ പകരം വാഗ്ദാനം ചെയ്യുന്നത് ഒരേ ഭാഷയുടേയും ഒരേ ജീവിതത്തിന്റെയും മനം മടുപ്പിക്കുന്ന വൈരസ്യത്തെയാണ് . ഈ സത്യത്തെ തിരിച്ചറിയുന്ന നാനാത്വത്തിന്റെ വശ്യലാവണ്യങ്ങളെ തിരിച്ചുപിടിക്കാൻ ഉഴറുന്ന എഴുത്തുകാരന് മരിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ഭാഷയേയും ജീവിതത്തേയും സംസ്കാരത്തേയും വീണ്ടെടുക്കാതെ വയ്യ.വിധേയത്വത്തിന്റെ സാഹിത്യമല്ല ചെറുത്തുനിൽപിന്റെ സാഹിത്യമാണ് ഇന്നു ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മഹാസാഹിത്യം. ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ സാഹിത്യങ്ങൾ സ്വന്തം ഭാഷയുടെ തനിമയേയും സ്വന്തം ജീവിതത്തിന്റെ പ്രാതിസ്വീക പ്രവണതകളേയും സ്വന്തം സംസ്കാരത്തിന്റെ വ്യക്തിത്വത്തിന്റേയും വീണ്ടെടുക്കാനുള്ള വീറുകൊണ്ടാണ് ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഈ ഭൂമികയിൽ നിന്നുകൊണ്ട് തൂക്കണം കുരുവികൾ വായിക്കുമ്പോഴാണ് ഈ നേവലിന്റെ വായന ഏറ്റവും സാർത്ഥകമാകുന്നതെന്ന് ഞാൻ കരുതുന്നു.
മലയാളിയുടെ ഒരു വേള ലോകത്തുള്ള ഒരു ഭാഷാസമൂഹത്തിലും കാണാത്ത മാതൃഭാഷാവജ്ഞ ആർക്കാണറിയാത്തത് ? അതുകൊണ്ടുതന്നെ മലയാളമെന്ന നമ്മുടെ മാതൃഭാഷയുടെ ആസന്നമൃതിയിൽ ആത്മശാന്തിക്കായി പ്രാർത്ഥിയ്ക്കാനും ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിൽ അന്ത്യഗാനം കുറിച്ചിടാനും സമയമായിരിക്കുന്നു. ആസന്നമൃതിയിൽ നിന്ന് അമൃതത്വത്തിലേക്ക് മാതൃഭാഷയെ മടക്കിയെടുക്കാൻ തീവ്രമായി മോഹിക്കുന്ന ഒരു കലാകാരനായ കഥാകാരന്റെ ആത്മസ്പന്ദനങ്ങളുടെ അരുണനങ്ങൾ തൂക്കണം കുരുവികളുടെ ചിലക്കലിലും ചിറകടിയൊച്ചയിലും കാതുചേർത്തുവച്ചാൽ ആർക്കും കേൾക്കാനാവും ഈ വീണ്ടെടുപ്പിന് വരമൊഴി വഴക്കങ്ങളുടെ നൈസർഗ്ഗിക നൈർമല്യം തന്നെ കോരി നിറയ്ക്കണം നിലവാരപ്പെട്ട ഭാഷയുടെ കൃത്രിമ ഗാംഭീര്യമല്ല, ഗ്രാമ്യഭാഷയുടെ ശൈശവ കൊഞ്ചലിന്റെ വിശുദ്ധിയാണ് വീണ്ടെടുക്കേണ്ടത്. ദീപു എന്ന പിഞ്ചു പൈതലിന്റെ ഭാഷണഭാഷയിലൂടെ ഇവിടെ തിരിച്ചെടുക്കുന്നത് അതാണ്.
വിശുദ്ധമായ വീണ്ടെടുക്കലുകൾ വേണ്ടി വരുന്നിടത്തൊക്കെ കുട്ടികളും കൂടിക്കാഴ്ചകളും ആവർത്തിക്കുന്നതിന്റെ ഉദാഹരണങ്ങളായി കേശവന്റെ വിലാപങ്ങളും ആലാഹയുടെ പെൺമക്കളും ലന്തൻബത്തേരിയിലെ ലുത്തിനീയകളും നമുക്കു മുന്നിലുണ്ടല്ലോ. സമീപ ഭൂതകാലങ്ങളുടെ വീണ്ടെടുപ്പുകളാണ് ഇവയുടെയൊക്കെയും ലക്ഷ്യമെന്നും കാണാം എന്നാൽ ഇടശ്ശേരി പറയുന്ന നാനാജഗന്മനോരമ്യ ഭാഷയും ജി പറയുന്ന വിശ്വസുന്ദരഭാഷയും ദീപുവിന്റെ നാവിൽ ചേർത്തിണക്കാനാണ് , അങ്ങനെ ഭാഷയുടെ നൈസർഗ്ഗിക വിശുദ്ധി തന്നെ തിരിച്ചു പിടിക്കാനാണ്. അവനെ നോവലിസ്റ്റ് പ്രീ സ്കൂൾ വിദ്യാർത്ഥിയാക്കി നിർത്തിയത്. അതിലൂടെയാണ് തന്നെ ഒരു കിളിയാക്കി കുരുവികളുടെ ഇടയ്ക്കിരുത്താനും ഭാഷയെ അതിന്റെ എല്ലാ ഗ്രാമീണ പ്രാദേശിക ചൈതന്യത്തോടെ തിരിച്ചു പിടിക്കാനും കഴിയുന്നത്. ഇക്കാര്യത്തിൽ മുൻപറഞ്ഞ ഏത് നോവലിനും മുന്നിലാണ് തൂക്കണം കുരുവികളുടെ സ്ഥാനം. തിരുവനന്തപുരം ഭാഷയുടെ പ്രാദേശിക സ്വത്വമാണ് തൂക്കണം കുരുവികൾ വീണ്ടെടുക്കുന്നത്. ആ ഭാഷാഭേദത്തിന്റെ ചാരുത ഇത്രയും ഹൃദ്യമായി മറ്റൊരു നോവലിലും ഞാൻ വായിച്ചിട്ടില്ല.
ഒരു കുട്ടി ബ്ഭാഷയുടെ വീണ്ടെടുപ്പു മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. ഒരു കുട്ടിയുടെ കാഴ്ചയിലേക്കും ഭാവനയിലേക്കും സ്വപ്നങ്ങളിലേക്കും വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കുമൊക്കെ നാനാവിധത്തിൽ അതു പടർന്നിറങ്ങുന്നുണ്ട്. ബലിസ്മൃതികൾ എന്ന ചെറുകഥയിൽ ഈ കഥാകാരന് അർജ്ജിക്കാൻ കഴിയാതെപോയ കുട്ടിത്തത്തെ പൂർണ്ണമായും തൂക്കണം കുരുവികളിൽ ആവാഹിക്കുന്നു. വിജയകരമായിത്തന്നെ.
വീണ്ടെടുക്കലുകളുടെ ഏതു കലയിലും മിത്തുകൾ സാന്ദ്രശോഭയോടെ കടന്നുവരുക സ്വാഭാവികമാണ്. ഒരു സമൂഹ സംസ്കാരത്തിന്റെ അക്ഷയഖനികളോ കലവറകളോ ആണ് മിത്തുകൾ അപൂർവ്വമായ മിത്തുകളുടെ ആവാഹനം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു, മിത്തുകൾ ഈ നോവലിലെ പഠനാർഹമായ ഒരു മേഖലയാണെന്നു ഞാൻ മനസ്സിലാക്കുന്നു.
അഞ്ചു പതിറ്റാണ്ടു പിന്നിലിരുന്നുകൊണ്ട് ദീപു എന്ന കുട്ടി തന്റെ ചുറ്റും വന്നു കൂടിയ അത്ഭുത മനുഷ്യരേയും ജീവികളേയും അതിമനോഹരമായ പശ്ചാത്തല പ്രകൃതിയേയും അതിശയാദരവോടെ നോക്കിക്കാണുന്നു എന്ന പിൻ കുറിപ്പിലെ യാഥാർത്ഥ്യം രാമചചന്ദ്രൻ കരവാരം എന്ന നോവലിസ്റ്റിന്റെ പരിസ്ഥിതി ബോധത്തിലധിഷ്ഠതിമായതും പരസ്പരം പൂരകവുമായ ചരാചരപ്രപഞ്ച സങ്കൽപത്തിന്റെ തന്നെ പകരക്കാഴ്ചയാണ് വിളംബരം ചെയ്യുന്നത്. ചുരുക്കത്തിൽ വീണ്ടെടുപ്പുകളുടെ വസന്തകാന്തി വർഷിക്കുന്ന തൂക്കണം കുരുവികൾ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും ഗൗരവപൂർണ്ണമായ വിവിധ മാനങ്ങളിൽ പേർത്തും പഠനാർഹമായ ഒരു നോവലാണെന്ന് പറയാൻ എനിക്കു താൽപര്യമുണ്ട്. ഇങ്ങനെ ഒരു നോവൽ പ്രസിദ്ധീകരിച്ച പ്രഭാത് ബുക്ക് ഹൗസിനേയും ഞാൻ അഭിനന്ദിക്കുന്നു.