തിരികെ/കെ പ്രേംജിത്ത്

സർവ്വഗുരുക്കൻമാരും
കൈച്ചങ്ങലയിൽ തളക്കപ്പെട്ടിരിയ്ക്കുന്നു
അയാൾ ഒരു ജലാശയത്തിനരികെ
ഇരിക്കുന്നു

ചിത്തത്തെ ഓടയാക്കിയ
മാരണങ്ങൾ

മരണത്തെക്കുറിച്ചും
പ്രേമത്തെക്കുറിച്ചും
ഇനിയവർ മിണ്ടുകയില്ല

പുലികളുടെ കൂട്ടിലേക്ക്
ഇവർ എറിയപ്പെടാൻ
പോകുന്നു
ഇനി വിശപ്പിനെക്കുറിച്ച്
പുലമ്പുകയില്ല

നാനൂറ് പൂർണ്ണചന്ദ്രികയെ
കണ്ടയൊരുവൻ
പിശാചുക്കളായ
ഗുരുക്കളെ കുറുനരികളുടെ
ഓരികളിലേക്ക് തള്ളി വിടുന്നു

സാഗരങ്ങളെ
മഹാവനങ്ങളെ
പഞ്ചതൻമാത്രകളെ
മലിനമാക്കുവാൻ
ഇനിയവർ വരികയില്ല

അയാൾ ഇപ്പോൾ
മണ്ണിൻ മഹാവിശുദ്ധിയിൽ
മുളയ്ക്കുന്നു
സൂര്യനിലേക്ക്

You can share this post!