“നിങ്ങൾ കണ്ടോ നമ്മുടെ ആൽത്തറയിലിരിക്കുന്ന താടിയും മുടിയും വളർത്തിയ ആ മനുഷ്യനെ? മൂന്നുനാല് ദിവസമായി അയാൾ അവിടെയുണ്ട്. ആരു കണ്ടു വിഗ്രഹമോഷ്ടാവല്ലെന്ന്?”
ട്രഷറിയിൽ ജോലി ചെയ്യുന്ന ഗിരിധറാണ് വെടി പൊട്ടിച്ചത്. തുലാവർഷക്കാലത്ത് മഴയില്ലാതെ വെട്ടുന്ന വെള്ളിടി പോലെ അത് ഞങ്ങളുടെ ഇടയിൽ കിടന്നു കിടുങ്ങി. അടുത്തെവിടെയെങ്കിലും വെട്ടിയിട്ടുണ്ടാകും. വെട്ടാതെ പോകുന്ന പതിവില്ല. വെട്ടവും വെടിയൊച്ചയും പരസ്പരം മാറാടുന്നതാണ്. കണ്ണുതുറക്കും മുൻപ് എല്ലാം കഴിയും. കിട്ടിയാൽ ഒരു ജീവനെങ്കിലും കൂട്ടിപ്പിടിക്കും. അതുപോലെയാകുമോ ഇത് എന്ന ഒരു ഭയം തലക്കുമുകളിൽ തൂങ്ങി നിൽക്കുന്നത് എല്ലാവരും കണ്ടു. പാലപ്പുറത്തുകാവ് ദേവിയും കണ്ടു.
“ഈശ്വരാ ഞങ്ങളുടെ ദേവി.”
എല്ലാവരുടെയും ഉള്ള് കാളി. വല്ലവനും ദേവിയെ അടിച്ചുമാറ്റിയാൽ എന്ത് ചെയ്യും? ദൈവമാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? ദുർഗ്ഗയാണ് പ്രതിഷ്ഠ. സ്വയംഭൂവാണെന്നാണ് ഐതിഹ്യം. മനം നൊന്ത് വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ്. തലമുറകളായി ദേവിയുടെ ശക്തി ഭക്തജനങ്ങൾ അറിയുന്നതാണ്. എന്നാൽ കള്ളന് ഇതൊന്നും അറിയില്ലല്ലോ!
എനിക്ക് മൂത്രശങ്ക വന്നു. പേടി വന്നാൽ ഒന്നിന് പോയേ പറ്റു. കുഞ്ഞുന്നാളിലെയുള്ള പ്രശ്നമാണ്. അവിടെനിന്ന് പതിയെ വലിഞ്ഞു. അമ്പലത്തിൻ്റെ പിന്നിലേക്ക് പാഞ്ഞു. കൂവളത്തറയുടെ തെക്കുപുറത്തു നിന്ന് സാധിച്ചത് കുഴപ്പമായി. തിരിഞ്ഞപ്പോൾ കണ്ടു. കൂവളത്തറയുടെ മുൻപിൽ സുചിത്ര വിളക്ക് വയ്ക്കുന്നു. നാശം. ഇങ്ങോട്ട് സാധാരണ ആരും വരുന്നതല്ല. അടുത്തുകൂടെ കടന്നുപോകുമ്പോൾ അവൾ ചിരിച്ചു.
“ഞാനെല്ലാം കണ്ടു. ഞാനേ കണ്ടൊള്ളു.” പണ്ടേ അവൾക്ക് തന്നോട് ഒരു ഇഷ്‌ക്ക് ഉണ്ടായിരുന്നതാണ്. ഗൗനിച്ചിട്ടില്ല. മഞ്ജുവിനോട് കൊടുമ്പിരിക്കൊണ്ട പ്രേമവുമായി നടക്കുന്ന സമയം.
മഴയൊഴിഞ്ഞ മാനം. ക്ഷേത്രമുറ്റത്തേക്ക് ആളുകൾ വന്നുതുടങ്ങി. താൻ മാത്രമല്ല. ഈ കരയിലുള്ള മിക്കവാറും ആൾക്കാരെല്ലാം ദീപാരാധന തൊഴാൻ വരും. മോനുമായി മഞ്ജുവും വരും. ദീപാരാധന കഴിഞ്ഞാൽ അവർ മടങ്ങും. രാത്രിയായാലും പേടിക്കാനൊന്നുമില്ല. ദേശക്കാരെല്ലാം പരസ്പരം അറിയുന്നവരാണ്. തന്നേമല്ല കൂട്ടമായിട്ടാണ് ഓരോ വീട്ടുകാരും മടങ്ങുക. പടിക്കൽ വരെ അയൽക്കാരുണ്ടാകും. പിന്നെന്തോ പേടിക്കാനാണ്? എല്ലാവരുമായി ഒരു കമ്പനിയൊക്കെ അടിച്ച് അല്പം സൊറയൊക്കെ പറഞ്ഞു പിരിഞ്ഞാലേ തനിക്കൊരു സുഖമുള്ളൂ.
ഇരുളിൻ്റെ നിഴൽ ചിത്രങ്ങൾ വീണു തുടങ്ങി. കുട്ടിപ്പട്ടാളം നിലവിളക്കുകളും ചിരാതുകളും കൊളുത്താൻ തുടങ്ങി. ഇളംകാറ്റ് എണ്ണയുടെയും സാമ്പ്രാണിയുടെയും സമ്മിശ്രമണം കൊണ്ടു നടന്നു കൊടുത്തു. അച്യുതമാരാരും അനിന്തരവനും ചെണ്ടയിൽ താളം പിടിച്ചു തുടങ്ങി. കൂട്ടത്തിൽ കൗമാര ഹൃദയങ്ങൾ ഒളിച്ചും പാത്തും കരളുകൾ പങ്കുവച്ചു. താനും മഞ്ജുവിനെ വളച്ചെടുത്തത് ഇതേ അമ്പലമുറ്റത്താണ്. ഹോ അന്നൊക്കെ എന്ത് ടെൻഷനായിരുന്നു? ഒരുദിവസം ചമ്മി നാറി. അവളാണെന്ന് കരുതി ശ്രീകോവിലിന് പിന്നാമ്പുറത്തുള്ള അതേ കൂവളച്ചോട്ടിലെ ഇരുളിൽ കേറിപ്പിടിച്ചത് വലിയവീട്ടിൽ സുഭദ്രയെ. പാവം കൊച്ചായതുകൊണ്ട് അന്ന് വലിയ പരിക്കില്ലാതെ രക്ഷപെട്ടു.
“നിന്നോടിത് ആര് പറഞ്ഞു?” ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് അരവിന്ദാക്ഷൻ നായർ ചോദിച്ചു.
“സരയു ആണ് പറഞ്ഞത്. അവളോട് പാൽക്കാരി മാതു പറഞ്ഞത്രെ. മാതുവിനോട് ആര് പറഞ്ഞെന്നറിയില്ല.”
“പെണ്ണുങ്ങൾ ആണുങ്ങൾ കാണാത്ത പലതും കാണും. ഞാനൊരു സത്യം പറയട്ടെ. അവർക്കാണ് അപകടങ്ങൾ എളുപ്പം മനസ്സിലാകുക.” ഞാൻ വേഗം എനിക്കറിയുന്ന പൊതുസത്യം എടുത്തു കാച്ചി. ഗമയിൽ നിന്നു.
“എന്തേ എൻ്റെ ശ്രദ്ധയിൽ വന്നില്ല?” അരവിന്ദാക്ഷൻ നായർ സംശയിച്ചു.
“രാവിലെ പുഴയിൽ പോയി അടിച്ചു നനച്ചു മുങ്ങിക്കുളിച്ചു ഈറനോടെ വന്ന് ആൽത്തറയിൽ ധ്യാനത്തിൽ ഇരിക്കും. കിടപ്പും അവിടെ തന്നെ. കഴിപ്പൊന്നും ഇല്ലാത്രെ.”
“കഴിപ്പില്ലാതെ പിന്നെ?”
അങ്ങേർ തളിർ മാവില, പ്ലാവില, വേപ്പില, തുളസിയില ഇവയൊക്കെയാണത്രെ കഴിക്കുക. ഇളം കറുകയും തിന്നുമത്രെ. പിന്നെ പച്ചവെള്ളവും കുടിക്കും. വേറൊന്നും കഴിക്കില്ല.”
“അതെന്നാ അയാൾ നാൽക്കാലിയാണോ?” ഖജാൻജി വേണു നായർ പരിഹസിച്ചു.
“അതൊന്നും എനിക്കറിയില്ല. നിങ്ങൾ പോയി ചോദിക്ക്.” ഗിരിധർ കയ്യൊഴിഞ്ഞു.
“നില്ല്. കമന്റുകൾ വേണ്ട. ഇമ്മാതിരി കാര്യങ്ങളിലൊക്കെ നമുക്ക് അറിയുന്നതിലും കൂടുതൽ കാര്യങ്ങൾ അന്തർലീനമായി ഉണ്ടാകും. നിയതി ഓരോ കാലഘട്ടങ്ങൾക്കും ഓരോന്ന് കരുതി വച്ചിട്ടുണ്ട്. ആരറിഞ്ഞു? ഇതൊക്കെ മറ്റൊന്നിൻ്റെ നിമിത്തമാണെങ്കിലോ? പഠിക്കണം. അയാളെ പഠിക്കണം.” വലിയ ഒരു ആലോചനക്ക് ശേഷം പ്രസിഡണ്ട് അരവിന്ദാക്ഷൻ നായർ ചുറ്റും കണ്ണോടിച്ചിട്ട് അടക്കിയ ശബ്ദത്തിൽ പറഞ്ഞു. പെട്ടെന്ന് ഒരു നിമിഷം എല്ലാവരും ഗൗരവക്കാരായി.
“ഞാനും കണ്ടിട്ടുണ്ട്. സ്കൂൾ കുട്ടികളുമായുള്ള കളികളും ചിരികളും. അല്ലാതെ രാവും പകലും അയാളവിടെ കുറ്റിയടിച്ചു ഇരിക്കുകയാണെന്ന് അറിഞ്ഞതേയില്ല.” സെക്രട്ടറി മനോജ് കുമാർ പറഞ്ഞു.
അയാൾ ആർ ഡി ഓ ഓഫീസിൽ ക്ലർക്ക് ആണ്. അമ്പലക്കമ്മിറ്റി ചെറുപ്പക്കാർക്ക് വിട്ടു കൊടുക്കണമെന്ന് വാദിച്ചവരിൽ പ്രമുഖൻ. ചെറുപ്പക്കാരെല്ലാം കൂടി രഹസ്യമായി കൂടിക്കാഴ്ച നടത്തി ജനറൽ ബോഡിയിൽ ശക്തമായി ആവശ്യം അവതരിപ്പിച്ചപ്പോൾ പ്രസിഡണ്ട് ഒഴികെ എല്ലാ സ്ഥാനവും യുവരക്തം കയ്യടക്കി. പരിചയവും കഴിവുമുള്ള പ്രായമായ ഒരാൾ വേണം പ്രസിഡണ്ട് ആകാൻ എന്ന മറുവാദം ഒരു സമവായം എന്ന രീതിയിൽ ചെറുസെറ്റ് സമ്മതിച്ചു കൊടുക്കുകയായിരുന്നു.
“കൊച്ചാട്ടാ നമ്മളൊക്കെ സന്ധ്യക്കല്ലാതെ പകൽ ഇതിലെ വരുന്നില്ലല്ലോ. അതുകൊണ്ടാണ് വിവരങ്ങൾ അറിയാത്തത്. പെണ്ണുങ്ങൾക്കാകുമ്പോൾ വേഗം ന്യൂസ് കിട്ടും.” ഡിഗ്രിക്ക് പഠിക്കുന്ന രമേശ് കുമാർ പറഞ്ഞു.
എന്തായാലും സ്വാമിയെ പറ്റി പഠിക്കുന്നതിനും അയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ കണ്ടു പിടിക്കുന്നതിനും അപ്പോഴവിടെ കൂടിനിന്ന എല്ലാവരും ചേർന്ന് തീരുമാനിച്ചു. സ്പൈ വർക്കിന് ചുമതലപ്പെടുത്തിയത് എന്നെയാണ്.
“നീ മതി. നിൻ്റെ ദൈവം ഷെർലക് ഹോംസ് അല്ലേ?” കെട്ടിപ്പിടിച്ചു കൊണ്ട് വേണു നായരാണ് തുടങ്ങിയത്.
രഹസ്യമായി ഇഷ്ടമായിരുന്നു. എന്നാലും ഒരു ഓളത്തിന് പറഞ്ഞതാണ്. “എന്നെക്കൊണ്ട് പറ്റില്ല.” പറഞ്ഞു കഴിഞ്ഞു പേടിച്ചു. ഇവർ മറ്റാരെയെങ്കിലും വച്ചാലോ? ഭാഗ്യം. മനോജ് കുമാർ സപ്പോർട്ട് ചെയ്തു.
“നിനക്കാണ് ക്ഷമയുള്ളത്. ഒപ്പം നിഷ്പക്ഷതയും. കൂടാതെ ഒരു ശുദ്ധൻ്റെ ലുക്കും.”
അങ്ങനെ ഞാൻ അമ്പലത്തിലെ ഷെർലക് ഹോംസ് ആയി. ക്ഷേത്രക്കമ്മറ്റിയിൽ ഇല്ലെങ്കിലെന്താണ്? ഇതുമാതിരി ഉത്തരവാദിത്തപ്പെട്ട ജോലിക്ക് താനേ പറ്റൂ എന്ന് എല്ലാവരും പറഞ്ഞില്ലേ? ഞാൻ കേറിയങ്ങു കോരിത്തരിച്ചു. മഞ്ജുവിനോട് പറയാൻ മുട്ടി. എങ്ങനെയോ അടക്കി. അൽപ്പം സ്വകാര്യ ലാഭത്തിന് കിടക്കപ്പായിൽ വച്ചാണ് പറഞ്ഞതും. പക്ഷെ ചീറ്റിപ്പോയി. അന്നും അത്താഴം മുടങ്ങി.
“നിങ്ങളൊരു മരമണ്ടനാ. മനുഷ്യാ, അയാൾ എത്തരക്കാരനാണെന്ന് ആർക്കറിയാം? വല്ല മന്ത്രവാദിയോ കൂടോത്രക്കാരനോ ആണെങ്കിൽ നിങ്ങടെ കാര്യം പോക്കാ. സ്പൈ ആണെന്നറിഞ്ഞാൽ അയാൾ നിങ്ങളെ വച്ചേക്കില്ല. നാളെത്തന്നെ വേഗം പോയി പറഞ്ഞോ, നിങ്ങൾക്ക് പറ്റില്ലാന്ന്.”
“എടി അത് നടക്കുകേല. എല്ലാവർക്കും മനസ്സിലാകും നിൻ്റെ കുത്തിത്തിരുപ്പാണ്. നിന്നെ പേടിച്ചാണെന്ന്. എൻ്റെ മാനം പോകും.”
“എന്നാ തിരിഞ്ഞു കിടന്നുറങ്ങാൻ നോക്ക്.”
മഞ്ജു കൂർക്കം വലിക്കാൻ തുടങ്ങി. ഒരു തൊഴി കൊടുക്കാനാണ് തോന്നിയത്. കട്ടിലിൽ നിന്നുമിറങ്ങി സോഫയിൽ പോയി കിടന്നു. പിണങ്ങി മാറിക്കിടക്കുമ്പോൾ അർദ്ധരാത്രിയിൽ മഞ്ജു വന്നു സോപ്പിട്ട് കൂട്ടികൊണ്ടു പോകുകയാണ് പതിവ്. ആ അടവും നടന്നില്ല. അവൾ തിരിഞ്ഞു നോക്കിയില്ല. സദ്യകിട്ടിയപോലെ കൊതുകുകൾ എൻ്റെ മേൽ അർമാദിച്ചത് മിച്ചം.
ഷെർലക് ഹോംസാണ് വിളിച്ചുണർത്തിയത്. ” ദൈവമേ നിങ്ങളോ” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
“മരമണ്ടാ വിളിച്ചു കൂവാതെടാ. നമുക്ക് സ്വാമിയുടെ കള്ളത്തരം പിടിക്കണ്ടേ? വാ. ഞാൻ കൂടെയുണ്ട്.” അറിയാതെ തുള്ളിച്ചാടിപ്പോയി.
മഞ്ജു മിഴിച്ചു നിന്ന് ചോദിച്ചു. “രാവിലെ തന്നെ സ്‌ക്രൂ പോയോ മനുഷ്യാ?”
“നീ പോടി.” എന്ന് പറഞ്ഞു ചിരിച്ചു. അപ്പോൾ ഹോംസ് പറഞ്ഞു. “സുന്ദരിച്ചേച്ചി.” എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാനത് ഒറ്റ നോട്ടത്തിൽ കാട്ടുകയും ചെയ്തു. പുള്ളി ചമ്മിപ്പോയി.
ഓഫീസിൽ നിന്നും നേരത്തെയിറങ്ങി. സർക്കാർ ഓഫീസ് ആയതുകൊണ്ട് അതൊരുപ്രശ്നമേയല്ല. എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം? ഒരു എത്തും പിടിയും കിട്ടിയില്ല.
“കണ്ണും കാതും തുറന്നു വച്ചോളു. തുടക്കത്തിലേ നേരിട്ട് ഒരു ചോദ്യം ചെയ്യലോ അഭിമുഖമോ ഗുണം ചെയ്യില്ല. മാറി നിന്ന് പഠിച്ചിട്ടാകാം ബാക്കിയെല്ലാം.” ഹോംസ് മന്ത്രിച്ചു.
ക്ഷേത്രത്തിലേക്ക് നേരത്തെയിറങ്ങി. ഇറങ്ങും മുൻപേ കുറെ നേരം കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം മുഖം നോക്കി. കണ്ടാൽ നിഷ്ക്കളങ്കനാണോ?
“എന്താണ് ഒരു ആത്മരതി? ഓഫീസിൽ വല്ല പുതിയ അവളുമാരും വന്നോ?” മഞ്ജുവിൻ്റെ ചൂഴ്‌ന്നുള്ള നോട്ടം. “ഒരു കള്ള ലക്ഷണമുണ്ടല്ലോ? സത്യം പറ മനുഷ്യാ.”
ഒളിച്ചു വച്ചാൽ ഇന്നത്തെ അത്താഴവും മുടങ്ങും. “എടി അതല്ല. അമ്പലത്തിൽ എല്ലാരും പറയുന്നു ഞാനൊരു നിഷ്ക്കളങ്കനാണെന്ന്?”
“അവരെല്ലാം കൂടി നിങ്ങളെ മക്കാറാക്കുകയാണ്. പൊട്ടലുക്ക് ആണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം.” മഞ്ജു ചിരിച്ചിട്ട് പോയി.
ആൽത്തറയുടെ എതിരെയുള്ള വാസുവണ്ണൻ്റെ ചായപ്പീടികയുടെ മുൻപിൽ വന്നപ്പോൾ കേൾക്കാം.
“കേറ്. കേറ്.”
“എവിടെ?”
“ഇവിടെ.”
“കേറി കട്ടൻ ചായ പറ. ഇഞ്ചിയിട്ടത്.”
“ഞാൻ നാട്ടിലെ ചായക്കടയിലൊന്നും കേറില്ല. കുട്ടിക്കാലത്തേ അമ്മ പഠിപ്പിച്ചതാണ്.”
“കേറടാ. അല്ലേൽ ഇടി കൊള്ളും. ന്യൂസ് പിടിക്ക്.”
കയറി. നേരെ കേറി കാലിബഞ്ചിൻ്റെ നടുക്കിരുന്നു. അവിടെയിരുന്നാൽ ആൽത്തറയിലിരിക്കുന്നവർക്ക് നമ്മളെ കാണാൻ പറ്റില്ല. എന്നാൽ നമുക്കവരെ കാണാനും സാധിക്കും. കൊള്ളാമല്ലോ. ഹോംസിനെ നോക്കി താങ്ക്സ് പറഞ്ഞു. ആശാൻ ഗമയിൽ ചിരിച്ചിട്ട് ചില്ലലമാരിയിൽ ചൂട് ബോണ്ട നിരത്തുന്ന വാസുഅണ്ണൻ്റെ ഭാര്യയെ പഞ്ചാരയടിച്ചു.
“വാസുവണ്ണാ ഒരു കാലിച്ചായ. കടുപ്പത്തിൽ.”
അയാൾ അവിശ്വാസത്തോടെ നോക്കിയത് കണ്ടില്ലെന്ന് നടിച്ചു. അയാൾ ചായ അടിക്കുമ്പോൾ കഴിയുന്നത്ര താല്പര്യമില്ലാതെ ചോദിച്ചു.
“അതാരാ വാസുവണ്ണാ ആൽത്തറയിലൊരു സന്യാസി?”
“കണ്ടോ അയാൾക്ക് കാവി വസ്ത്രങ്ങളില്ല. കഴുത്തിൽ രുദ്രാക്ഷം പോയിട്ട് ഒരു മാല പോലുമില്ല. സന്യാസിയാണെന്ന് സാറിന് തോന്നിയില്ലേ? അതാണ് മഹത്വം.”
“അയ്യോ ഞാനൊരു ശുദ്ധൻ. വെറുതെ ചോദിച്ചതാണ്. എന്നാലും എവിടുന്നാണ്?”
“അങ്ങ് ഹിമാലയത്തിൽ നിന്ന്. അവിടെയാണ് ആശ്രമം. എത്ര നാൾ ഇവിടെയുണ്ടെന്ന് അറിയില്ല. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ഇനി ഇവിടം വിട്ടു പോകില്ല.”
“അയാൾ ഒന്നും കഴിക്കില്ല എന്ന് കേട്ടല്ലോ?”
“നേരാ സാറെ. വന്നിട്ട് ഏതാണ്ട് അഞ്ച് ദിവസമായിക്കാണും. വെളുപ്പ് വീഴും മുൻപ് കുളിയും കഴിഞ്ഞു വരും. കയ്യിൽ കുറെ പച്ചിലകൾ കാണും. ഒന്നൊന്നായി സാവകാശം കഴിക്കും. പിന്നെ ഒരു ഇരുപ്പാണ്. കണ്ണും അടച്ച്. അതിനുശേഷം ഒന്നും കഴിക്കുന്നത് കണ്ടിട്ടില്ല.”
“പകലൊക്കെ എന്താണ് പരിപാടി? എന്തായാലും ഫുൾടൈം കണ്ണടച്ച് ഇരിക്കില്ലല്ലോ?”
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കുറച്ചു സ്കൂൾ കുട്ടികൾ ആ വഴിക്കു വന്നു. അവർ ആൽത്തറയിൽ സന്യാസിക്കൊപ്പം കയറി ഇരുന്നു. കൈകൾ കൊണ്ട് എന്തോ കളികൾ തുടങ്ങി. സ്വാമിയും അവരിൽ ഒരാളായി. ഞാൻ നോക്കുന്നത് കണ്ട് വാസുഅണ്ണനും എത്തി നോക്കി.
“ങാ. സ്കൂൾ വിട്ടു പിള്ളേർ വന്നല്ലോ. ഇനി അവിടെ കളിയും ചിരിയുമാണ്. ആൺകുട്ടികളും പെൺകുട്ടികളും. സ്വാമി ഇടയ്ക്കിടെ ചില്ലറ മാജിക്കുകളൊക്കെ കാട്ടും.”
ചായ കുടിച്ചു ചില്ലുഗ്ലാസ്സ് ഡസ്ക്കിൽ വക്കുമ്പോൾ കണ്ടു. കൂട്ടത്തിൽ തൻ്റെ മോനും. അവൻ പുറകിൽ കൂടി കയ്യിട്ട് അയാളുടെ പുറത്തു തൂങ്ങുകയാണ്. അയാൾക്ക് അത്ഭുതമായി. എന്ത് മാജിക് ആണ് ഇയാളുടേത്? അടുത്തിടെ കൂടി അവനെ തോളത്തെടുക്കാൻ തുടങ്ങിയപ്പോൾ അവൻ കുതറി മാറി.
“അമ്മേ. ഈ അച്ഛന് നാണമില്ലേ? അയ്യേ. കൊഞ്ചാൻ വരുന്നു. ഞാനിപ്പോൾ നാലിലാ.”
തീരെ കുട്ടിയായിരുന്നപ്പോഴാണ് അവൻ അവസാനമായി തൻ്റെ മുതുകത്ത് കയറിയത്. അത് പണ്ട്. ഇപ്പോൾ ഒന്നിനും തന്നെ അടുപ്പിക്കുകേല. വർഷാരംഭത്തിലെ അവൻ അമ്മയോട് ശുപാർശ ചെയ്തു.
“അമ്മേ ഞാൻ വലിയ കുട്ടിയായി. കൂട്ടുകാരുടെ കൂടെ സ്കൂളിൽ പൊയ്‌ക്കോളാം. അച്ഛൻ വരണ്ട.”
മോൻ്റെ കളികൾ ഒളിച്ചു നിന്ന് കാണുമ്പോൾ വാസുഅണ്ണൻ പറഞ്ഞു. “റോഡിൽ കൂടി പോകുന്നവരോടൊക്കെ ചിരിക്കുന്നത് കാണാം. എന്നാൽ ഒരു രഹസ്യമുണ്ട്. ഉരിയാടില്ല. ഊമയാണോ? അതറിയില്ല. ഇന്നലെ പകൽ ഞാൻ ഒരു ഗ്ലാസ്സ് ചായയുമായി ചെന്നു. എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. ആ കണ്ണുകളിലെ തേജസൊന്ന് കാണണം. പിന്നെ തൊഴുതു. കൈകൾ പൊക്കി അനുഗ്രഹിക്കുന്നതുപോലെ കാട്ടി. ചായ കഴിക്കില്ല എന്ന് ആംഗ്യവും.”
“എന്നിട്ട്?”
“കഴിക്കാൻ ചൂട് വാഴക്കാപ്പമോ പരിപ്പുവടയോ എടുക്കട്ടേ എന്ന് ചോദിച്ചു. അപ്പോൾ ആംഗ്യം കാട്ടി. വേണ്ട. പ്രകൃതിയിലുള്ള എന്തും ഭക്ഷണമാണ്. ശീലമാണ് പ്രധാനം.”
“വാ. പോകാം. ഇനി അറിഞ്ഞ കാര്യങ്ങൾ വെച്ച് ലോജിക്കൽ ആയി ചിന്തിച്ച് നിഗമനങ്ങളിലെത്തണം.” ഹോംസ് കയ്യിൽ പിടിച്ചു.
“ഒന്നും അറിഞ്ഞില്ലല്ലോ?”
“ഇതൊക്കെ പോരെ?”
“എവിടെ? ഞാൻ ഇത്തിരി കയ്യിൽ നിന്ന് ഇട്ട് കൊടുക്കും. ഇയാൾ തീവ്രവാദിയാണെന്നുള്ള സൂചനകൾ കിട്ടി. രാത്രി കുറെ താടിക്കാർ ഇയാളെ കാണാൻ വന്നു. എന്നൊക്കെ പറയും.”
“എടാ ദ്രോഹി.”
“ആശാനേ ഷൈൻ ചെയ്യണേൽ ഇതൊക്കെ ഇല്ലാതെ പറ്റില്ല. ആശാൻ പറ, ഇയാൾ കള്ളനാണോ അല്ലയോ?”
“അങ്ങനിപ്പോൾ നീ സുഖിക്കണ്ട. പറയില്ല. ഗൈഡ് ചെയ്യാം. നിൻ്റെ ബുദ്ധിക്കും ഒരു പണിവേണ്ടേ?”
ആൽത്തറ കടന്ന് ക്ഷേത്രനടയിലേക്ക് നടക്കുമ്പോൾ സ്വാമി തന്നെ നോക്കി ചിരിച്ചത് കാണാത്തതുപോലെ നടന്നു. നടയിലെത്തിയപ്പോൾ ഹോംസ് അമ്പലമുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നത് കണ്ടു. ഞെട്ടി വിളിച്ചു.
“നില്ല്. അങ്ങോട്ട് പോകരുത്. അഹിന്ദുക്കൾക്ക് ക്ഷേത്രമുറ്റത്ത് പ്രവേശനമില്ല.”
“പൊട്ടാ, മണ്ടത്തരം പറയാതെ. ദൈവം അങ്ങനെ പറഞ്ഞോ? ഇല്ലല്ലോ? ഇതൊക്കെ കാലാകാലങ്ങളിൽ നിങ്ങളുടെ കൂട്ടത്തിലെ അധികാരമുള്ളവൻ അവൻ്റെ കാര്യസാധ്യത്തിന് കൊണ്ടുവരുന്ന നിയമങ്ങളല്ലേ?”
“വേണ്ട. ഞാൻ കൂട്ടില്ല. എൻ്റെ സമാധാനം കെടുത്താതെ നിങ്ങൾ പോക്കൊള്ളു.” ഞാൻ ഹോംസിനെ ഓടിച്ചു വിട്ടു.
കുട്ടികൾ ചുറ്റമ്പലത്തിന് ചുറ്റുമുള്ള വിളക്കുകൾ കൊളുത്തി കഴിഞ്ഞു. അത് കഴിഞ്ഞവർ ക്ഷേത്രമുറ്റത്ത് ശ്രീകോവിലിന് മുന്നിൽ ഇരുവശങ്ങളിലും റോഡുവരെ നാട്ടിയിട്ടുള്ള കൽവിളക്കുകളിൽ തിരി തെളിക്കാൻ തുടങ്ങി. അച്യുതമാരാർ ചെണ്ടയിൽ വള്ളികൾ മുറുക്കി തുടങ്ങി. ഇന്ന് കൈമണി പുതിയ ഒരു കൊച്ചനാണ്. അപ്പോഴേക്കും പതിവുപോലെ എല്ലാവരും നടയിൽ ഒത്തുകൂടി. അന്നത്തെ റിപ്പോർട്ട് ഞാൻ കൊടുത്തു കഴിഞ്ഞു വേണു നായർ പറഞ്ഞു.
“കൊച്ചാട്ടാ ഏതാണ്ട് മൂന്ന് മണിയോടെ ഒരു താടിക്കാരൻ ചെറുപ്പക്കാരൻ ഇയാളോടൊപ്പം ഇരിക്കുന്നത് കണ്ടു. അയാൾ എന്തോ പേപ്പറിൽ പൊതിഞ്ഞു ഇയാൾക്ക് കൈമാറി. എന്താണെന്ന് അറിയില്ല. വന്ന ആളെയും മനസ്സിലായില്ല. എനിക്കെന്തോ വല്ലാതെ തോന്നുന്നു.”
“കണ്ടോ? ഞാൻ റിപ്പോർട്ട് ചെയ്തത് ശരിയായേ?” പിന്നെ വേണുവിനോട് തിരിഞ്ഞു വേഗം ഒരു പ്രൊപോസൽ മുന്നോട്ട് വച്ചു. “ഇന്നുരാത്രി വേണു കൂടി എന്റൊപ്പം വരണം. നമുക്ക് ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കാം. ഇന്നത്തെ രാത്രി കൊണ്ട് നമുക്കിയാളുടെ കംപ്ലീറ്റ് പൂച്ച് കണ്ടുപിടിക്കാം.”
“ഞാൻ റെഡി.” വേണു വാക്കു തന്നു. എല്ലാവർക്കും അതിഷ്ടമായി.
ആ സംസാരം പ്രസിഡണ്ട് അരവിന്ദാക്ഷൻ നായർക്ക് ഇഷ്ടപ്പെട്ടില്ല. “പറയുമ്പോൾ ഒന്നും തോന്നരുത്. ചെറുപ്പമായതു കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. ഇതാണ് ലോകപരിചയം വേണം എന്ന് പറയുന്നത്. ജ്ഞാനികൾ സ്വയം പ്രകാശം പരത്തും. ബാക്കിയെല്ലാം അതിലേക്ക് വന്നു ചേരുകയാണ്. നിങ്ങൾ കണ്ടോ ഇവിടെ പല അത്ഭുതങ്ങളും നടക്കും.”
പറഞ്ഞു തീർന്നില്ല. അത്ഭുതങ്ങൾ തുടങ്ങുകയായി. അച്യുതമാരാരുടെ മേളം മുറുകുമ്പോൾ അമ്പലമുറ്റത്ത് വലിയൊരു അലമുറ കേട്ടു. എല്ലാവരും ഓടിച്ചെന്നു. വേണുവിൻ്റെ എട്ടുവയസുള്ള മോൻ മുടിപ്പുരയുടെ മുൻപിൽ ബോധം കെട്ട് കിടക്കുന്നു. കുട്ടികൾ ഓടിക്കളിച്ചതാണ്. കൂട്ടിയിടിച്ചു വീണതാണ്. ചെണ്ടമേളത്തിനെ ഒറ്റക്കാക്കി ആളുകൾ ഓടിക്കൂടി. മുഖത്ത് വെള്ളം തളിച്ച് നോക്കി. കുട്ടി അനങ്ങുന്നില്ല. ആരോ വണ്ടി വിളിക്കാനായി പാഞ്ഞു. അപ്പോഴേക്കും വേണു മോനെയും കോരിയെടുത്തു വണ്ടി പിടിക്കാനായി റോഡിലേക്ക് ഓടി. കരച്ചിലുകൾ കേട്ട് സന്യാസി കുട്ടിയുടെ അടുത്തേക്ക് വന്നു. വണ്ടി വരും വരെ അവനെ ആൽത്തറയിൽ കിടത്താൻ ആംഗ്യം കാട്ടി. അവന് കാറ്റ് കിട്ടാൻ ആളുകളെ മാറ്റി നിർത്തി. അനന്തരം അവൻ്റെ നെഞ്ചിനിരുവശത്തും കൈകൾ വച്ച് മൃദുവായി അമർത്താൻ തുടങ്ങി. പിന്നെ കുനിഞ്ഞു അവൻ്റെ ചെവികളിലേക്ക് എന്തോ ഓതി. തട്ടി വിളിച്ചു. കുട്ടി ചാടി എഴുന്നേറ്റു. കുടിക്കാൻ വെള്ളം കൊടുത്തു. വേണു സ്വാമിയുടെ പാദങ്ങൾ കുമ്പിട്ടു. സ്വാമി ജനങ്ങളുടെ ആഹ്ലാദാരവങ്ങൾക്ക് രണ്ടു കയ്യുംകൂട്ടി വണങ്ങി. ദേവിയെ തൊഴുതു. ആൽത്തറയിൽ ചമ്രം പൂട്ടിരുന്നു. കണ്ണുകളടച്ചു. അതോടുകൂടി എൻ്റെ അന്വേഷണക്കമ്മിറ്റി പൂട്ടിക്കെട്ടി.
പിറ്റേന്ന് മുതൽ ദേശത്തു സംഭവിച്ചതൊക്കെ ഒരത്ഭുതമാണ്. പലരും സ്വാമിയെ കാണാൻ ആൽത്തറയിൽ ചെന്നു. കാഴ്ചദ്രവ്യങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. താൻ സ്വാമിയല്ലെന്നും വെറുതെ വിടണം എന്നും ആംഗ്യം കാട്ടി പറഞ്ഞതൊന്നും ആരും വകവെച്ചു കൊടുത്തില്ല. സ്വാമിയുടെ വിനയം അവരുടെ വിശ്വാസം ബലപ്പെടുത്തി. സംശയങ്ങൾ എഴുതി ചോദിച്ചവർക്കൊക്കെ അദ്ദേഹം ഉത്തരങ്ങൾ നൽകി. മനഃസുഖം തേടി ചെന്നവരുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു. അരവിന്ദാക്ഷൻ നായരുടെ അനിന്തരവളുടെ കയ്യുളുക്കിയത് പുഷ്പം പോലെ മാറ്റിക്കൊടുത്തു. സ്വാമിയെക്കൊണ്ട് പ്രാർത്ഥിപ്പിച്ചു കൊണ്ടുവന്ന കേരളാ ലോട്ടറി ടിക്കറ്റിന് മുരുകൻ മേശിരിക്ക് ഒന്നാം സമ്മാനം ബംബറടിച്ചു. അഞ്ചു കോടി രൂപ. പിന്നെയും അത്ഭുതങ്ങൾ നടന്നു. വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന പുളിപ്പറമ്പിൽ ശ്രീലതയുടെ കുളി തെറ്റി. ഇടക്കെന്നോ രഘുവും ശ്രീലതയും കൂടി സ്വാമിയെ പോയി കണ്ടിരുന്നത്രെ. അന്ന് സ്വാമി തലയിൽ കൈവച്ചു പ്രാർത്ഥിച്ചതേയുള്ളു. അത്ഭുതം അല്ലാതെന്ത്? വാർത്തകൾ കൊറോണ പോലെ പടർന്നു. ദേശങ്ങൾ താണ്ടി പോയി.
ചാനലുകാർ സ്വാമിയുടെ അത്ഭുത വാർത്തകൾക്കായി കാത്തുകെട്ടി കിടന്നു. പ്രൈം ടൈമിൽ അവതാരക സിംഹങ്ങൾ വലിയ വലിയ ഗുണ്ടുകൾ ഒരു ഉളുപ്പുമില്ലാതെ തട്ടിവിട്ടു. പോലീസ് ഡിപ്പാർട്മെൻറ് കള്ളന്മാരെ പിടിക്കാൻ സ്വാമിയുടെ സഹായം തേടുന്നു. സുകുമാരക്കുറുപ്പ് ഒളിച്ചിരിക്കുന്ന സ്ഥലം സ്വാമി കൃത്യമായി പറഞ്ഞു. റഷ്യ ഉക്രൈൻ യുദ്ധം നിർത്താനുള്ള ഫോർമുല സ്വാമി നിർദ്ദേശിച്ചു. കൂടെ വായിട്ടടിക്കാൻ കുറെ ചോദ്യങ്ങളും തൊടുത്തു വിട്ടു. സ്വാമി ദൈവമോ മനുഷ്യനോ? സ്വാമിക്ക് ഒരു മോളുണ്ട് എന്നത് സത്യമോ കള്ളമോ? കാശ് വാങ്ങി ഇഷ്ടക്കാർക്ക് വേണ്ടി തള്ളുന്ന ഈശ്വരന്മാരും ചെകുത്താന്മാരും കൊച്ചമ്മമാരും നാണമില്ലാതെ ചർച്ചകളിൽ കുരയ്ക്കുന്നതും നാട്ടുകാർ കണ്ടു.
പാലപ്പുറത്തുകാവ് ദേവിക്ഷേത്രനടയിലേക്ക് ജനപ്രവാഹമായി. ക്ഷേത്രക്കമ്മിറ്റി ഒന്നടങ്കം സ്വാമിയോട് ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ കടന്നിരിക്കാൻ അഭ്യർത്ഥിച്ചു.
“അമ്മയാണ് ദൈവം. ഞാനല്ല. എന്നെ വിട്ടേക്കു.” സ്വാമി തീർത്തു പറഞ്ഞു.
സ്വാമിയുടെ ആംഗ്യങ്ങൾ മനസ്സിലായിട്ടും ആരുമത് സമ്മതിച്ചു കൊടുത്തില്ല. കമ്മിറ്റിക്കാർ ആൽത്തറക്ക് ചുറ്റും വലിയൊരു മറ കെട്ടിമറച്ച് സ്വാമിയേ ഒളിപ്പിച്ചു വച്ചു. ആളുകളെ നിയന്ത്രിച്ച് ഉള്ളിൽ കടത്തി വിട്ടു. ആൽത്തറയിൽ വലിയൊരു കാണിക്ക വഞ്ചി കൊണ്ട് വച്ചു. വന്നവരോട് ദക്ഷിണ അതിൽ ഇടാൻ പറഞ്ഞു. സ്വാമി അതൊന്നും എതിർത്തില്ല. ദിവസവും കാണിക്ക രണ്ടുവട്ടം ഒഴിച്ചെടുത്തു എണ്ണിത്തിട്ടപ്പെടുത്താൻ മൂന്ന് പേരെ ജോലിക്കെടുത്തു. അവരുടെ മേൽനോട്ടം റിട്ടയേർഡ് ബാങ്ക് മാനേജർ സദാശിവൻ പിള്ള സേവനമായി ഏറ്റെടുത്തു. ഭജനസംഘം പുതിയ പാട്ടുകൾ എഴുതി ഈണം നൽകി പാടി. രോഗികൾ സുഖപ്പെടുത്തലിനും ഭാഗ്യാന്വേഷികൾ ഭാഗ്യം തേടിയും വന്നു. സിനിമാക്കാർ പുതിയ പടത്തിൻ്റെ വിജയ പരാജയങ്ങളെ പറ്റിയുള്ള സംശയങ്ങളുമായി ക്യു നിന്നു. രാഷ്ട്രീയക്കാരും വ്യവസായികളും കോടികൾ കൊയ്യാനുള്ള മാർഗ്ഗങ്ങൾ തേടി വന്നു. പാലപ്പുറത്തുകാവ് ദേവിയുടെയും സ്വാമിയുടെയും പെരുമ കടൽ കടന്നു. അറബികളും സായിപ്പന്മാരും സ്വാമിയേ തേടിവന്നു. സ്വാമിയുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടു. പുഴയിലെ കുളിയും പച്ചില ഭക്ഷണവും ധ്യാനവും ഉറക്കവും കുട്ടികളോടൊത്തുള്ള കളികളുമെല്ലാം. കനത്ത സെക്യൂരിറ്റി വലയത്തിൽ അദ്ദേഹത്തിന് സന്തോഷം നഷ്ടപ്പെട്ടു. ചിരിയും കൈമോശം വന്നു.
ദേശവും ദേശാന്തരങ്ങളും സ്വാമിയുടെ അത്ഭുതങ്ങളും അപദാനങ്ങളും വാഴ്ത്തി നടന്നു. അങ്ങനെയിരിക്കെ കോഴിക്കോട് നിന്ന് സ്വാമിയെ കാണാൻ വന്ന ഒരാൾ സ്വാമിയുമായി വലിയ വഴക്കായി. സ്വാമിയെ സംസ്കൃത നിഘണ്ടുവിൽ പോലുമില്ലാത്ത വാക്കുകൾ വിളിച്ചു. അച്ഛനും അമ്മയ്ക്കും പറഞ്ഞു. സെക്യൂരിറ്റിക്കാരെ പിടിച്ചു തള്ളി. സ്വാമിക്കിട്ട് നല്ല തല്ലും കൊടുത്തു. കമ്മിറ്റിക്കാർ ഓടിക്കൂടുമ്പോൾ അയാൾ പരസ്യമായി വിളിച്ചു പറഞ്ഞു.
“ഇയാൾ സ്വാമിയും കൂമിയുമൊന്നുമല്ല. മേത്തനാണ്. അവുക്കർ. അവുക്കാദർകുട്ടി മൊല്ലാക്ക.”
കൂടി നിന്ന ആൾക്കാർ ഞെട്ടിപ്പോയി. കമ്മിറ്റിക്കാർ ഓടിക്കൂടി. വിളിച്ചു പറഞ്ഞവനെ പിടി കൂടി. വായടപ്പിച്ചു. കരയോഗ കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു. അരവിന്ദാക്ഷൻ നായർ ഓടിക്കിതച്ചു വന്നു. ആൽത്തറയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“അപരാധം വിളിച്ചു പറഞ്ഞയാൾ തലക്ക് സുഖമില്ലാത്ത ആളാണ്. കുതിരവട്ടം ആശുപത്രിയിൽ നിന്നും ചാടിപ്പോന്നതാണ്. അവിടേക്ക് ഫോൺ ചെയ്തിട്ടുണ്ട്. ആരും പരിഭ്രമിക്കണ്ട. അയാൾ സ്വാമിയേ ദേഹോപദ്രവം ചെയ്തത് കൊണ്ട് ഇന്നിനി ദർശനം ഇല്ല. സ്വാമിക്ക് വിശ്രമം വേണം. നാളെ ദർശനം തുടരും.”
കരയോഗത്തിൻ്റെ അടഞ്ഞു കിടന്ന വാതിലിനടിയിൽ കൂടി ചുവന്ന ശവംതീനി ഉറുമ്പുകൾ വരിയായി വന്നു. ബെഞ്ചിൻ്റെ വശത്തുകിടന്ന ചുവന്ന ചെറുപശയുള്ള ദ്രാവകത്തിൽ നക്കി. മീശ തടവി. ചിരിച്ചു. പുറകെ വന്നവർക്ക് വഴിമാറിക്കൊടുത്തു. മിടുക്കന്മാരും മത്സരബുദ്ധിയുള്ളവരും രുചിയുടെ ഉത്ഭവസ്ഥാനം തേടി മല കയറി. മലയുടെ മൂക്കിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അടിയും ഇടിയും കൊണ്ട് അവശനായവനൊന്ന് അനങ്ങി. ഗംഭീര കൂടിയാലോചനകൾ നടക്കുന്നതിനിടയിൽ ആരുമത് കണ്ടില്ല. എൻ്റെ സങ്കടം എനിക്കൊന്ന് ഇടിക്കാൻ പറ്റിയില്ലല്ലോ എന്നായിരുന്നു. എന്നാലും അയാളുടെ ‘ങാ’ ‘അയ്യോ’ ഞരക്കങ്ങൾ കേൾക്കാൻ നല്ല രസം. ആവേശം മൂത്തപ്പോൾ ആരും കാണാതെ ഞാനും രണ്ട് ചവിട്ട് കൊടുത്തു. അതോടെ എനിക്കും ഒരു മനഃസുഖം കിട്ടി. ഉറക്കെ മൈ– എന്ന് വിളിച്ചപ്പോൾ എന്തൊരു സന്തോഷം. ഇത്ര നാളും ഞാൻ ആരെയും ഇത്ര സ്വതന്ത്രമായി ഉറക്കെ ഇങ്ങനെ വിളിച്ചിട്ടില്ല. നമ്മളെ തിരിച്ചു തല്ലും ചീത്ത വിളിക്കും എന്ന ഭയമില്ലാതെ ഒരുത്തനെ തല്ലാനും ചീത്ത വിളിക്കാനും കിട്ടുന്ന അവസരം. ഹായ്! നിങ്ങൾക്കത് ഉൾക്കൊള്ളാൻ ആകുന്നുണ്ടോ?
അയാളെ കുതിരവട്ടത്ത് വിടാമെന്നും ഇനി ഒരിക്കലും ഒരു കാരണവശാലും ഇറക്കി വിടരുതെന്ന് ഡോക്ടറോട് ശട്ടം കെട്ടാമെന്നും ഭ്രാന്തനാണെന്ന വിഭാഗം. അവിടത്തെ പ്രധാന ഡോക്ടർ കഴിഞ്ഞാഴ്ച സ്വാമിയെ കാണാൻ വന്നതുകൊണ്ട് കാര്യം നിസ്സാരം എന്ന് അവർ. ഭ്രാന്തനല്ലെന്ന വിഭാഗക്കാർ അവൻ പറഞ്ഞ കാര്യങ്ങൾ തിരക്കണമെന്നും അതുവരെ അവനെ പോലീസ് കസ്റ്റഡിയിൽ വക്കാമെന്നും പറഞ്ഞു. ഡി ജി പി സ്വാമിയെ കാണാൻ ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അതിനും പ്രയാസമില്ല.
“ഇതൊക്കെ ചെറുപ്പത്തിൻ്റെ കുഴപ്പമാണ്. ജീവിതത്തിൽ അനുഭവങ്ങളുടെ കുറവ്. ഇതൊന്നും അല്ല വേണ്ടത്. ആദ്യം സ്വാമി എന്ത് പറയുന്നു എന്നറിയാം. പിന്നെ തീരുമാനിക്കാം.” അരവിന്ദാക്ഷൻ നായർ പറഞ്ഞു.
“ദാ, അതാണ് അതിൻ്റെ ഒരു ശരി.” ഇടികൊണ്ട് ഇഞ്ചപ്പരുവമായവൻ ഞരങ്ങി.
“മിണ്ടാതെ കിടക്കടാ.” എന്ന് പറഞ്ഞു ഞാനൊരു തൊഴി കൂടി കൊടുത്തു. അയാളൊന്ന് കരഞ്ഞു. അതോടെ കുറച്ചുകൂടി മനഃസുഖം കിട്ടി. അപ്പോഴേ മനസ്സിൽ കരുതി ഇത് മഞ്ജുവിനോട് ചെന്ന് പറയണം.
ആൽത്തറക്ക് ചുറ്റും തിങ്ങി നിന്നിരുന്ന ഭക്തജനങ്ങളോട് പിരിഞ്ഞു പോകാൻ എത്ര പറഞ്ഞിട്ടും കേൾക്കാതിരുന്നതിനാൽ സെക്യൂരിറ്റിക്കാർ അവരെ അകലേക്ക് തള്ളിമാറ്റി. വടം കെട്ടി തടഞ്ഞു. സ്വാമിയോടൊപ്പം അകത്തുണ്ടായിരുന്ന രണ്ട് സെക്യൂരിറ്റിക്കാരെയും പുറത്തിറക്കിയശേഷം പ്രസിഡണ്ട് ഉള്ളിൽ കയറി. സ്വാമി പീഠം ഉപേക്ഷിച്ചിരുന്നു. പഴയതുപോലെ കരിങ്കൽ തറക്ക് മുകളിൽ ചമ്രംപൂട്ടി ഇരിക്കയാണ്. സ്വാമി ഇരിക്കുന്നതിന് പിന്നിൽ അഗ്നികുണ്ഡത്തിൽ പ്രശോഭിക്കുന്ന വടവൃക്ഷം. സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന സ്വാമി. അയാൾ ഭയന്ന് പോയി. സ്വാമി പ്രസിഡന്റിനെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു. വളരെ ശാന്തമായ മുഖം. തിളങ്ങുന്ന കാന്തിക ശോഭയുള്ള കണ്ണുകൾ. ഇനിയും നിനക്കെന്താണ് വേണ്ടതെന്ന് ചോദ്യം. പ്രസിഡണ്ട് സ്വാമിയോട് ഒന്നും ചോദിച്ചില്ല. കൈകൾ കൂപ്പി മുൻപിൽ നിന്നു. സ്വാമി അയാളുടെ തോളത്ത് തൊട്ടു. അപ്പോൾ ആകാശത്ത് നിന്നൊരു അശരീരി അരവിന്ദാക്ഷൻ നായർ കേട്ടു.
“മരണം മതത്തിൻ്റെയും മാനത്തിൻ്റെയും അതിർവരമ്പുകൾ മായിച്ചു കളയുന്നു. മറഞ്ഞിരിക്കുന്നത് മരണം തന്നെയാണ്. മരണം തേടുന്നവർക്കിടയിൽ ശരീരം ഒളിച്ചുകളി നടത്തും. അവസാനം….”
“അങ്ങ് ആരുമറിയാതെ ഇന്ന് രാത്രി തന്നെ മടങ്ങണം.” അയാൾ കൈകൾ കൂപ്പി പറഞ്ഞു.
“സ്വാമിയല്ല ഫേക്ക്. നമ്മളാണ്.” ക്ഷേത്രകമ്മിറ്റിയിൽ പ്രസിഡണ്ട് പറഞ്ഞു. ഗിരിധറിന് കോപം വന്നു.
“ദേണ്ടെ, ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത്.”
“എന്ത് വർത്താനം പറഞ്ഞെന്നാ? നീ അവിടെ അടങ്ങിയിരിയടാ.” നായരും വിട്ടുകൊടുത്തില്ല.
“എടാന്നും മറ്റും കേറി വിളിക്കരുത്.” ഗിരി തിളച്ചു.
റൈസ് മില്ല് നടത്തുന്ന പ്രഭാകരൻ ഇരുന്ന കസേരയെടുത്തു താഴെ അടിച്ചു. “ഭാഗം പറ്റിയവന്മാർക്ക് മൂട് താങ്ങിയെ പറ്റു. കള്ളൻ കള്ളൻ തന്നെ.”
“കള്ളൻ ആരാണെന്ന് എല്ലാവർക്കും അറിയാം.” ഹൈസ്കൂൾ ടീച്ചർ വേലായുധൻ പരിഹസിച്ചു. അതിൻ്റെ മുന പ്രഭാകരൻ്റെ അച്ഛൻ്റെ നേർക്കാണെന്ന് എല്ലാവർക്കും മനസ്സിലായി.
കൂടുതൽ പറയണ്ടല്ലോ. ആളുകൾ പെട്ടെന്ന് രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു. സ്വാമി മൂലം ക്ഷേത്രത്തിന് വലിയ വരുമാനം കിട്ടിയതുകൊണ്ട് അയാളെ വെറുതെ വിടണമെന്ന് ഒരു കൂട്ടർ. അതല്ല ഒരു പന്നമേത്തൻ വന്നു നമ്മളെയൊക്കെ കുരങ്ങു കളിപ്പിച്ചതിന് അയാളെ കയ്യും കാലും തല്ലിയൊടിച്ചു പോലീസിൽ ഏൽപ്പിക്കണമെന്ന് മറ്റൊരു കൂട്ടർ.
കമ്മിറ്റി ചർച്ചകൾ കേട്ടുനിന്നവരും രണ്ട് പക്ഷം തിരിഞ്ഞു. ഞാൻ സാധാരണപോലെ സമദൂരം പാലിച്ചു. നമ്മളെന്തിനാ ആൾക്കാരുടെ ശത്രുത ചോദിച്ചു വാങ്ങുന്നത്? എന്തായാലും നമുക്കൊന്നുമില്ല. രണ്ട് കൂട്ടരും മുട്ടൻ വഴക്കായി. ‘ക’ യും ‘പു’ വും അന്തരീക്ഷത്തിൽ കിടന്നു കറങ്ങി. ആക്രോശങ്ങളും വെല്ലുവിളികളും ഭാഗ്യത്തിന് കയ്യാങ്കളിയിലെത്തിയില്ല. കമ്മിറ്റിയിലില്ലാത്തവർ എന്തിന് അഭിപ്രായം പറഞ്ഞു എന്ന് ആരോ വിളിച്ചു ചോദിച്ചു. അവൻ്റെ മറ്റേടത്തെ കമ്മിറ്റി എന്ന് പറഞ്ഞു ആരോ അലറി. ഇതിനിടയിൽ വീണ്ടും കസേരകൾ നിലത്തടിക്കുന്നതു കാണാമായിരുന്നു. സെക്രട്ടറി വിളിച്ചു പറയുന്നുണ്ടായിരുന്നു. നാളെ ജനറൽ ബോഡി. വൈകിട്ട് അഞ്ച് മണിക്ക്. ഇതിനിടയിൽ ആരോ അടികൊണ്ടു കിടന്നവൻ്റെ കെട്ടുകൾ അഴിച്ചു. അവൻ ബഹളത്തിനിടയിൽ ആരുമറിയാതെ മുങ്ങി.
മുങ്ങിയവൻ അവൻ്റെ നാട്ടിലെ പഞ്ചായത്തു പ്രസിഡന്റിനെ വിളിച്ചു കാര്യം പറഞ്ഞു. “അത്ഭുത സിദ്ധികൾ കേട്ടറിഞ്ഞു തൊഴാൻ വന്നതാ. വന്നപ്പോഴല്ലേ നമ്മുടെ അവുക്കർ. ഒറ്റ ഒരു വത്യാസമേയുള്ളു. ഇയാൾ സംസാരിക്കില്ല.”
“ഏത് അവുക്കർ? നീ തെളിച്ചു പറ.”
“മക്കളെ തോൽപ്പിച്ച് ഇനി ഭക്ഷണം വേണ്ട, പുല്ല് തിന്ന് ജീവിക്കും എന്ന് പറഞ്ഞു നാടുവിട്ട താടി അവുക്കർ.”
“അയാളെ പിള്ളേരെല്ലാം കൂടി ചവുട്ടിപ്പുറത്താക്കിയതല്ലേ?”
“ഓ, അതുതന്നെ. അവനാണ് ദൈവം. ദാണ്ടേ. ഇവിടെ ഒരു അമ്പലനടയിൽ. ഇവൻ്റെയൊക്കെ ഒരു ധൈര്യമേ? നമ്മുടെ അമ്പലനടയിൽ. നമ്മുടെ ദൈവമായി. അവന്മാർക്ക് ബാപ്പയെ വേണ്ടെങ്കിൽ ദൂരെ വല്ലോം കൊണ്ട് കളയാൻ പറ. അല്ലേൽ കൊന്നുകളയാൻ പറ.”
“ബാപ്പ പോയത് ഒരു ആശ്വാസമായി ഇരിക്കുന്നവരാണ് ആ പിള്ളേർ.”
“മനുഷ്യാവകാശ കമ്മീഷനെ വച്ച് വിരട്ട്. അപ്പോൾ വന്നു വിളിച്ചോണ്ട് പോകും. അല്ലേൽ ഇവിടെ നാട്ടുകാർ തട്ടും. ആരും തട്ടിയില്ലേൽ ഞാൻ തട്ടും. നമ്മുടെ ദൈവത്തെ തൊട്ടാണ് കളി. തെണ്ടി.”
“സ്വാമിയെ കാണണം.”
വീട്ടിൽ ചെന്നപ്പോൾ മോൻ പറഞ്ഞു. അവൻ്റെ വാശി കൂടിയപ്പോൾ മഞ്ജുവും സപ്പോർട്ട് ചെയ്തു. നിവൃത്തിയില്ലാതെ മോനെയും കൂട്ടിപ്പോയി. ഞാനും സ്വാമിയെ ഇതുവരെ അടുത്ത് കണ്ടിട്ടില്ല. ചെന്നപ്പോൾ ആരെയും കടത്തി വിടുന്നില്ല. സെക്രട്ടറി മനോജ് കുമാറിൻ്റെ കർശന ഓർഡർ ആണ്. അവനും വാതിൽക്കൽ ഉണ്ട്. സോപ്പിട്ട് സംസാരിച്ചപ്പോൾ അവൻ അനുവാദം തന്നു. അകത്തോട്ട് കയറിയ പാടെ മോൻ ആൽത്തറയിലേക്ക് ചാടിക്കയറി. പഴയതുപോലെ സ്വാമിയുടെ കഴുത്തിൽ കൈകൾ ചുറ്റി മുഖത്ത് ഉമ്മ കൊടുത്തു. സ്വാമി വളരെ ശാന്തമായി ചിരിക്കുന്നുണ്ട്. അവനെ മുൻപിൽ നിർത്തി മൂർദ്ധാവിൽ കൈകൾ വച്ച് അനുഗ്രഹിച്ചു. ചെവികളിലേക്ക് കുനിഞ്ഞു എന്തോ ഓതി. തുണി സഞ്ചിയിൽ നിന്ന് അവന് രണ്ട് പുസ്തകങ്ങൾ എടുത്തു കൊടുത്തു. ഭഗവത് ഗീതയും ഖുറാനും. മോനോട് കൈകൾ കൊണ്ട് എന്തോ ആംഗ്യങ്ങൾ കാട്ടി. കുഞ്ഞല്ലെ. അവന് മനസ്സിലായി.
പിറ്റേന്നും നേരം പുലരുമ്പോഴേക്കും കഥകളൊന്നും അറിയാതെ അന്യദേശക്കാർ അത്ഭുത സ്വാമിയെക്കാണാൻ വന്നു. ദേശക്കാർ കഥയുടെ ബാക്കിയറിയാൻ വന്നു. പോലീസ് കള്ളസ്വാമിയെ അറസ്റ്റ് ചെയ്യാൻ വന്നു. മക്കൾ അച്ഛനെ കൊണ്ടുപോകാൻ വന്നു.
പെണ്ണുങ്ങളും കുഞ്ഞുങ്ങളും അലമുറയിടുമ്പോൾ പോലീസ് ആലിൻ്റെ മൂട്ടിൽ ഏണി ചാരി. കയർ അറുത്തു. ശവം താഴെ ഇറക്കി. ആൽത്തറയിൽ കിടത്തി. ശാന്തമായ കണ്ണുകൾ. അരവിന്ദാക്ഷൻ നായർക്ക് സഹിച്ചില്ല. അയാളരികെ ചെന്ന് കണ്ണുകൾ തിരുമ്മി അടച്ചു.
മതിയാക്കിയതോ, മറ്റുള്ളവർ മതിയാക്കിയതോ? ചർച്ചകൾ മുറുകുമ്പോൾ ഇതിനിപ്പോൾ എങ്ങനെയാ സമദൂരം നിൽക്കുക? അതായിരുന്നു എൻ്റെ സംശയം.
, or