തത്വമസി

ചായമോന്തുമ്പോൾ സുഹൃത്ത്‌ ചൊല്ലീടുന്നു
ഇനി, ബുദ്ധനെപ്പറ്റിപ്പറഞ്ഞാലും പ്രിയസഖേ!?
വാക്കുകൾക്കപ്പുറമുള്ള സത്യത്തിനെ
വാക്കുകൾ കൊണ്ടു ഞാനെങ്ങനെ വിവരിക്കാൻ?
ബുദ്ധനിലേക്കുള്ള പാതകളാകുന്നു
കടുവയും കാറ്റും കിനാവും കടങ്ങളും
ബുദ്ധൻ- കടൽ, നദി, ഇല, മരം, കാട്‌
കല്ല്‌, വാനം, താരം, പുഴു, പൂമ്പാറ്റ, ഭൂമി, അക്ഷരം
സഹജമാകുന്നതെല്ലാം ബുദ്ധൻ തന്നെ
സഹജത്വം വെടിഞ്ഞവർ അബുദ്ധരും
ചിലപ്പോൾ ബുദ്ധൻ ഒരു നദിയാകും
അത്‌ ബുദ്ധനെന്ന  കടലിലേക്കൊഴുകും
ചിലപ്പോൾ ബുദ്ധനൊരിലയാകും
അത്‌ ബുദ്ധനെന്ന മരത്തിലൊളിക്കും
മരം വളർന്ന്‌ ബോധിയുടെ കാടുണ്ടാകും
കല്ലും  വാനവുമായ ബുദ്ധനിൽ നിന്ന്‌
നക്ഷത്രബുദ്ധൻ പിറക്കും
പുഴുവിൽ നിന്ന്‌ പൂമ്പാറ്റബുദ്ധൻ
ഭൂമി ബുദ്ധനിൽ നിന്ന്‌ അക്ഷരബുദ്ധനും
ദൈവങ്ങളേക്കാൾ ദൈവികതയുള്ള
ഒരുൾവിളിയാണ്‌ ബുദ്ധൻ
മൃഗത്തേക്കാൾ മൃഗത്വമുള്ള ഒരു മനുഷ്യൻ
മനുഷ്യരേക്കാൾ മനുഷ്യത്വമുള്ള ഒരു മൃഗം
അത്‌ ചെടിയെ പുണരുമ്പോൾ
കാടിനെയാണ്‌ പുണരുന്നത്‌
ഒരു തുള്ളി മോന്തുമ്പോൾ
ഒരു സാഗരത്തേയും
നാം പോലുമറിയാതെ നമ്മുടെയുള്ളിൽ
മയങ്ങിക്കിടപ്പുണ്ടൊരു പ്രഭാമയബുദ്ധൻ
കുഞ്ഞുങ്ങളുടെ മന്ദഹാസങ്ങളിലെല്ലായ്പ്പോഴും
തണൽ വിടർത്താറുണ്ടൊരു കാരുണ്യബുദ്ധൻ
അടിച്ചമർത്തപ്പെട്ടവരുടെ നിശ്ശബ്ദതകളിൽ പ്രതിഷേധമായ്‌
പുകഞ്ഞിരിപ്പുണ്ടൊരു നിഷേധബുദ്ധൻ
അധികാരികളുടെ നിസ്സംഗതകൾക്കു നേരെ വാൾ ചുഴറ്റാൻ
ഉണർന്നിരിപ്പുണ്ടൊരു നിർവ്വാണബുദ്ധൻ
നിഷ്കളങ്കതയുടെ  വിവേകങ്ങളിൽ  ജാഗ്രനായ്‌
പതിയിരിപ്പുണ്ടൊരു ശ്രേഷ്ഠബുദ്ധൻ
സഹവർത്തിത്വത്തിന്റെ സമതലങ്ങളിൽ
നിവർന്നു നടപ്പുണ്ടൊരു സങ്കീർണ്ണബുദ്ധൻ
നിലനിൽപ്പിന്റെ  നിസ്സഹായതകളിൽ
ഉയിർത്തെഴുന്നേൽക്കാറുണ്ടൊരുജ്ജ്വലബുദ്ധൻ
അസാധാരണത്വത്തിന്റെ ആരോഹണങ്ങളിൽ
സ്വയം പ്രോജ്ജ്വലിക്കാറുണ്ടൊരുന്മാദബുദ്ധൻ
അവബോധത്തിന്റെ സ്ഫടികതന്മാത്രകളിൽ
വിടർന്നുനിൽപ്പുണ്ടൊരാനന്ദബുദ്ധൻ
തീർത്ഥാടനക്കാരുടെ അന്വേഷണങ്ങളിൽ നിന്ന്‌
തെന്നി മാറാറുണ്ടൊരു ചൈതന്യബുദ്ധൻ
വേദജ്ഞരുടെ വാചാടോപങ്ങളിൽ  നിന്ന്‌
ഓടിയൊളിക്കാറുണ്ടൊരു നിർമ്മലബുദ്ധൻ
കച്ചവടക്കാരുടെ ലോഭങ്ങളിലകന്നിരിക്കാറുണ്ട്‌
ശൂന്യത ചവച്ചിറക്കുന്നൊരു ധ്യാനബുദ്ധൻ
പച്ചിലകളുടെ ഞരമ്പുകളിൽ നിരന്തരം
വെളിപ്പെടാറുണ്ടൊരു സനാതനബുദ്ധൻ
ആകാശത്തിന്റെ അനന്തനീലിമകളിൽ
ഇതൾ വിടർത്താറുണ്ടൊരു പ്രകാശബുദ്ധൻ
വാക്കുകളുടെ ഹിമമുടികളിൽ നിർബാധം
വിളംബരപ്പെടാറുണ്ടൊരു സംഗീതബുദ്ധൻ
അർത്ഥങ്ങളുടെ ഭൃംശതാഴ്‌വരകളിൽ
വെളിച്ചപ്പെടാറുണ്ടൊരു വിശുദ്ധബുദ്ധൻ
മിത്രഭാവം നഷ്ടപ്പെടുന്ന ജനങ്ങൾക്കിടയിൽ ബോധി-
വൃക്ഷമായ്‌ പന്തലിക്കാറുണ്ടൊരു മൈത്രേയബുദ്ധൻ
ആത്മബോധം പൊയ്പ്പോകുന്ന രക്തമാംസങ്ങളിൽ
തുളുമ്പി മറിയാറുണ്ടൊരു ചിന്മയബുദ്ധൻ
പ്രണയത്തിന്റെ സ്വപ്നാഭമായ സഫലതകളിൽ
നിദ്ര വെടിയാറുണ്ടൊരു ദിഗംബരബുദ്ധൻ
മൗനത്തിന്റെ മഹാമന്ത്രധ്വനികളിൽ
ചിറകടിച്ചെത്താറുണ്ടൊരു പ്രാപഞ്ചികബുദ്ധൻ
നയനമുദ്രകളുടെ ഹർഷാവലികളിൽ
ഇരമ്പിയെത്താറുണ്ടൊരു നടരാജബുദ്ധൻ
സകലകലകളുടെ ശൃംഗങ്ങളിലും മിഴി തുറന്നിരിപ്പുണ്ട്‌
കാഴ്ചകളെല്ലാം കാണുന്നൊരു കവിബുദ്ധൻ
അക്ഷരശുദ്ധിയുള്ള ഒരു വാക്കാണ്‌ ബുദ്ധൻ
കാവ്യബോധമുള്ള ഒരക്ഷരം
സുഹൃത്തേ, നിങ്ങളിൽ നിങ്ങളായുള്ളതെല്ലാം
ബുദ്ധൻ തന്നെ.
മറ്റെല്ലാം; ഈ ലോകവും.

You can share this post!