തത്ത്വചിന്തയുടെ എത്നോമൈക്കോളജി: ഫംഗസിന്റെ കലാവിരുത് 

എം കെ ഹരികുമാർ എഴുതിയ ഫംഗസ് സൃഷ്ടിപരമായ ഒരു വ്യതിയാനമാകുന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണ് കഥാകൃത്ത് വിമൽ വിനോദ്

റഷ്യ പശ്ചാത്തലമായി എഴുതപ്പെട്ട ഒരു മലയാളകഥയിൽ റഷ്യൻ നഗരങ്ങളുടെയും ജീവിതരീതികളുടെയും വിരസമോ മനോഹരമോ ആയ നീണ്ട വിവരണങ്ങൾ പ്രതീക്ഷിക്കുക സ്വാഭാവികമല്ലേ? കഥയിൽ സംഭവങ്ങളുടെ പെയ്തുപോക്കും? വിദേശനഗരങ്ങൾ പശ്ചാത്തലമായ മലയാളകഥകളിൽ ഇത്തരം യാത്രാവിവരണസമാനമായ നഗരവർണ്ണനകളും പൊതുവെ കഥകളിലൊക്കെയും നാടകീയങ്ങളായ സംഭവങ്ങളും കാണാം. ഇതൊരു സാഹിത്യ അപരാധമല്ല, കലാംശവും തത്ത്വചിന്തയും സമരസപ്പെട്ട് പോകുന്നിടത്തോളം. എം.കെ. ഹരികുമാറിന്റെ ‘ഫംഗസ്’ എന്ന കഥ ഈ വിവരണപ്രവണതയ്ക്കും സംഭവപ്പേമാരിക്കും അപവാദമാണ്. കൈയ്യെത്തുന്നിടത്ത് കണ്ണെത്തണമെന്ന നടനച്ചിട്ട പോലെ തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും ‘ഫംഗസി’ൽ ഒന്നിച്ചു ചുവടുവെക്കുന്നു. കൈയ്യും കണ്ണുമെത്തുന്നിടത്ത് മനസ്സെന്നതു പോലെ ലെനിക്കോവിന്റെയും ആഖ്യാതാവിന്റെയും മനോവ്യാപാരങ്ങളും ചേർന്നു നിൽക്കുന്നു.

ജീവന്റെ നിലനിൽപ്പിന് ശരീരത്തിൽ രക്തം അനിവാര്യമാണ്. എന്നാൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശരീരത്തിന്റെ കാഴ്ച്ച ഭീതീദമാണ്. ശരീരത്തിൽ രക്തക്കുഴലുകളെന്നതു പോലെ തത്ത്വചിന്തയുടെയും ചരിത്രത്തിന്റെയും മിത്തുകളുടെയും ഫാന്റസിയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും രക്തയോട്ടം ആഖ്യാനനവീനതയുടെ രക്തക്കുഴലുകളിലൂടെ സാധ്യമാകണം. ഇത്തരത്തിൽ എഴുതപ്പെടുന്ന സാഹിത്യങ്ങളെ സമ്മിശ്രസൗന്ദര്യശാസ്ത്ര (amalgamation of aesthetics/ amalgamation aesthetica)ത്തെ പുണരുന്ന കൃതികളെന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ‘ഫംഗസി’ൽ ലെനിക്കോവ് പറയുന്നത് പോലെ ”എനിക്ക് പലതാകണം” എന്ന, രചനാപരമായി ഏകശിലാഘടനയിൽ വിശ്വസിക്കാത്തവരുടെ പ്രഖ്യാപനമാണത്. കലർപ്പിന്റെ കടുത്ത സൗന്ദര്യവുമാണത്. അതേ സമയം ആനന്ദിന്റെ ‘കാത്തിരിപ്പ്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 91:39) എന്ന തത്ത്വചിന്താ ഡിപാർട്മെന്റ് സെമിനാറുകളിൽ അവതരിപ്പിക്കാൻ മാത്രം യോഗ്യതയുള്ള കഥ പോലെ കലാപരമായി ഒരു പരാജയമാകുന്നില്ല എന്നിടത്താണ് ആശയങ്ങളെ എങ്ങനെ അതിഭാവുകത്വപരമായും ഉറ്റവരുടെ മരണവിലാപ ചടങ്ങുകളിലെ ലിംഗമുഴപ്പ് (bulge) പോലെ അനുചിതവും അനാനുപാതികവുമായി ആഖ്യാനം ചെയ്യരുതെന്നതിന് കഥാകാരന്റെ കൈവഴക്കം മാതൃകാപരമാകുന്നത്. ”വളരുന്ന മുറയ്ക്ക് അതു വരെയുള്ള ജീവിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പിന്നിലേക്ക് നാം പടർന്നു കൊണ്ടിരിക്കുന്നു.” – എന്ന ബോലേസ്ലാവോ ലാസ്ലോ പഠിപ്പിക്കുന്ന പാഠം കഥാശിൽപ്പത്തിൽ ഒരിടത്തും മുഴച്ചു നിൽക്കാതെ വായനക്കാരനെ ചിന്തിപ്പിക്കുന്നു. മനസ്സിന് കടുത്ത ഭാരം തോന്നുമ്പോൾ കഥാർസിസായി ചുണ്ടുകൾ നനയ്ക്കുകയും കണ്ണുകൾ തള്ളി തുറിച്ചു നോക്കുകയും ചെയ്യുമായിരുന്ന, താൻ തകർക്കാൻ ശ്രമിച്ച പലതും പാറകൾ പൊട്ടിത്തെറിക്കുന്നതിലൂടെ യാഥാർത്ഥ്യമായിത്തീരുന്നതായി സങ്കല്പിക്കുന്ന ലെനിക്കോവ് തൊഴിലാളി നേതാവിലും അരാജകവാദിയുണ്ടെന്ന് ചിന്തിക്കുന്നയിടത്ത് അനുവാചകൻ ഓർവെല്ലി(George Orwell)ന്റെ കഥാപാത്രങ്ങളെ ഓർത്തു പോകും. ‘അനിമൽ ഫാമി’ൽ രൂപകാലങ്കാരങ്ങളോടെ ആക്ഷേപഹാസ്യത്തിലൂടെ ഓർവെൽ സമർത്ഥമായി പറഞ്ഞത് ഗൗരവതരമായ മനോവ്യാപാരമായി, എന്നാൽ മുദ്രാവാക്യസമാനമായ ലേഖനമാകാതെ എഴുതിയ കൈയ്യടക്കം സമ്മിശ്രസൗന്ദര്യശാസ്ത്രത്തിന്റെ വിജയകരമായ പരീക്ഷണമാണ്. പലതും ഏകകമായല്ലാതെ പറഞ്ഞു വെക്കുകയും എന്നാൽ അവ പരസ്പരപൂരകമാണെന്ന് തോന്നിപ്പിക്കുന്നതുമായ കലാപാടവമാണത്. തത്ത്വചിന്ത മാത്രം അവിടെ ഫാദർ ലിറ്റിൽ ടോമിനെപ്പോലെ തുറിച്ചു നിൽക്കുന്നില്ല, അതിഭാവുകത്വത്തിനും മിതഭാവുകത്വപരമായ ആഖ്യാനം കൈക്കൊള്ളാനാകുന്നു.

തന്റെ കഥാഗോപുരത്തിൽ ഉഭയാർത്ഥ സാധ്യതകളുടെ കിളിവാതിലുകൾ തുറന്നിടുന്ന ഹരികുമാറിന്റെ എഴുത്തിന്റെ സൂചനീയത്വ(suggestiveness)വും ഒഴിവാക്കലിന്റെ കരവിരുതും (craft of omission) പ്രശംസനീയമാണെങ്കിലും ഫംഗസിനെക്കുറിച്ചുള്ള ”സമകാലീനമനുഷ്യരുടെ നരകതുല്യവും സർവ്വവ്യാപിയുമായ ഏതോ അർത്ഥത്തെ വഹിക്കുന്നതായി തോന്നാതിരുന്നില്ല” എന്ന വാചകം പ്രസ്താവനാത്മകമാണ്. ഇളംമഞ്ഞയും പച്ചയും തവിട്ടുമൊക്കെയായി പലയിടങ്ങളിൽ പല നേരങ്ങളിൽ മുളപൊട്ടുകയും ലെനിക്കോവ് കാണുകയും ചെയ്യുന്ന ഫംഗസ് വഹിക്കുന്ന അർത്ഥതലങ്ങളെക്കുറിച്ച് ലെനിക്കോവിന്റെ എല്ലാ ചിന്തയും സൂചനീയം മാത്രമാകുന്നതാണ് അതിന്റെ കലാമികവ്. ക്ലിയാന്ത് ബ്രൂക്‌സ് (Cleanth Brooks) കവിതയുടെ ഭാഷയായ വിരോധാഭാസ(paradox)ത്തെക്കുറിച്ച് സിദ്ധാന്തിച്ചതിന്റെ പൊരുൾ ”കൊല്ലുന്നതിന് മുൻപ് അവരുടെ ആഗ്രഹം ചോദിക്കുന്നത് പുതിയൊരു സൗന്ദര്യശാസ്ത്രമാണ്. കൊല്ലപ്പെടുന്നതിന്റെയും കൊല്ലുന്നതിന്റെയും സൗന്ദര്യം അതിലുണ്ട്. ദയയില്ലാത്ത ഒരു പ്രവൃത്തി ചെയ്യുമ്പോൾ, കൊല്ലുമ്പോൾ, ഇരയുടെ തലയിൽ ഒരു മയിൽപ്പീലി ചൂടിക്കുന്നത് എത്ര രസകരമാണെ”ന്ന് ഹരികുമാർ എഴുതുമ്പോൾ അനുവാചകന് തെളിഞ്ഞു കിട്ടുന്നു. തോമസ് ഹേവുഡി(Thomas Heywood)-ന്റെ ഒരു നാടകത്തിന്റെ പേര് സാന്ദർഭികമായി ഓർക്കാം: A Woman Killed with Kindness.

എല്ലാ ഗുണിതങ്ങളും കുഴപ്പക്കാരായിത്തീരുന്ന ലെനിക്കോവിന്റെ ചിന്തകൾക്ക് സംഖ്യകളുടെ ദുരൂഹതയെക്കുറിച്ച് ബെർട്രണ്ട് റസ്സൽ (Bertrand Russell) എഴുതിയതുമായി സാമ്യതയുണ്ട്. റസ്സൽ Introduction to Mathematical Philosophy-യിൽ എഴുതി: ”Mathematics and logic, historically speaking, have been entirely distinct studies. Mathematics has been connected with science, logic with Greek. But both have developed in modern times: logic has become more mathematical and mathematics has become more logical. The consequence is that it has now become wholly impossible to draw a line between the two; in fact, the two are one. They differ as boy and man: logic is the youth of mathematics and mathematics is the manhood of logic.” Notes from the Underground-ൽ ദെസ്തയേവ്സ്കിയുടെ നായകൻ ചിന്തിക്കുന്നു: ”Twice two makes four seems to me simply a piece of insolence. Twice two makes four is a pert coxcomb who stands with arms akimbo barring your path and spitting. I admit that twice two makes four is an excellent thing, but if we are to give everything its due, twice two makes five is sometimes a very charming thing too.” ആറും നാലും പത്താകുന്നതിന്റെ തെറ്റാണെന്ന് തെളിയിക്കാനാകാത്ത, എന്നാൽ ആധാരം എന്താണെന്ന് തിട്ടമില്ലാത്ത അജ്ഞാതവും നിഗൂഢവും ചിന്തനീയവുമായ ഫോർമൽ ലോജികിനെക്കുറിച്ചുള്ള ആധി അനന്തമായ സംഖ്യകൾക്കിടയിൽ ഒന്നിനും രണ്ടുനുമിടയിൽ എത്ര സംഖ്യകളുണ്ടെന്നും, അതെങ്ങനെ രണ്ടിൽ അവസാനിക്കുന്നുവെന്നുമുള്ള പ്രാചീനദുരൂഹതയായി രണ്ടും രണ്ടും അഞ്ചാകുന്നതിന്റെ യുക്തിയെ മായികമെന്ന് കരുതിയ അധോലോക മനുഷ്യന്റെ നാട്ടുകാരനായ ലെനിക്കോവും അതേപടി പങ്കുവെക്കുന്നു.

ലെനിക്കോവിന് ഗണിതം പോലെ സ്നേഹവും ഒരു പ്രഹേളികയാകുന്നു. സ്നേഹമയി സ്നേഹത്തെ തേടുകയല്ല, നിർമ്മിക്കുകയാണെന്ന് ലെനിക്കോവ് കരുതുന്നു, പ്രേമം ദൈവികമാണെങ്കിൽ നിലവിലുള്ള ഒന്നിനെ കണ്ടെത്തുന്നതിൽ മനുഷ്യന് അഭിമാനം കൊള്ളാൻ വകയൊന്നുമില്ലെന്നും. ലെനിക്കോവ് ഇങ്ങനെ ചിന്തിക്കുന്നു: ”ഒരാൾ ഒന്നിനെ വെറുതെ നോക്കി ഇഷ്ടപ്പെടുന്നതും ആ വസ്തുവിനെ തീക്ഷ്ണമായി പിന്തുടരുന്നതും രണ്ടാണ്. രണ്ടിലും ദൈവികമായ സ്നേഹമുണ്ട്. എന്നാൽ മനുഷ്യൻ അവന്റെ ശക്തി കൊണ്ടാണ് സ്നേഹിക്കുന്നത്. അവന് ശക്തി കുറവാണെങ്കിൽ സ്നേഹത്തിനും ശക്തി കുറവായിരിക്കും. അപ്പോൾ സ്നേഹം അവന്റേതാണ്. ഇതാണ് മുതലാളിത്ത, ഏകാധിപത്യ ബദലുകൾ തേടാനായി മനുഷ്യത്വത്തെ കേവലാദർശമായി ഉയർത്തിക്കൊണ്ടു വന്ന പ്രാകൃത കമ്മ്യൂണിസ്റ്റുകാരും അലഞ്ഞു തിരിയുന്നവരുടെ കമ്മ്യൂൺ എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരുടെ കൂട്ടവും സ്വീകരിച്ച മനോഭാവം.”

എം കെ ഹരികുമാർ

സ്നേഹം ദൈവികമല്ല, മാനുഷികമാണെന്ന തത്ത്വചിന്ത പരിണാമ മന:ശാസ്ത്രപരമായും വിശാലാർത്ഥത്തിൽ വിശദീകരിക്കാവുന്നതാണ്. ദൈവികതയെ ജൈവികതയെന്ന് വായിക്കൂ. ജൈവികമായ ഒരു വികാരം ഒരു മനുഷ്യൻ പ്രകടിപ്പിക്കുന്നതിൽ മഹത്തരമായ എന്താണുള്ളത്? മസ്തിഷ്ക്കത്തിൽ എഴുതപ്പെട്ടിട്ടുള്ള കോഡുകൾക്കൊത്തുള്ള വികാരങ്ങളും പ്രവൃത്തികളും തികച്ചും സ്വാഭാവികമാണ്. പരിണാമപരമായി രാഗദ്വേഷങ്ങൾ മനുഷ്യവംശത്തിന്റെ അതിജീവനത്തിൽ നിർണായകം തന്നെയായിരുന്നു. അതിന്റെ പേരിൽ മാത്രം അതിനെ മഹത്ത്വവൽക്കരിക്കുന്നത് അബദ്ധമാണ്. സമൂഹഭ്രഷ്ട്, പീഢനത്തിടെ മുറിവേൽക്കാനുള്ള സാഹചര്യം എന്നീ നഷ്ടസാദ്ധ്യതകൾ സഹിച്ച്, സ്ത്രീകളുടെ സമ്മതം നേടാനാകാത്ത, സഹപുരുഷന്മാരോട് പരാജയപ്പെട്ട, യുദ്ധമുഖത്തോ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിലോ അകപ്പെട്ട പുരുഷന്മാരുടെ opportunistic tactic എന്ന നിലയിൽ ജീനിലൂടെ കൈമാറ്റം ചെയ്തതാവാം പരിണാമപരമായി പുരുഷന്റെ സ്ത്രീപീഢനം എന്ന് ജീവശാസ്ത്രജ്ഞനായ Randy Thornhill-ഉം Craig T. Palmer-ഉം ‘A Natural History of Rape: Biological Bases of Sexual Coercion’ എന്ന വിശ്രുതപുസ്തകത്തിൽ പരിണാമത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘The Blank Slate: The Modern Denial of Human Nature’-ൽ സ്റ്റീവൻ പിങ്ക(Steven Pinker) റും ഇത് വിശദമാക്കുന്നു. ചുരുക്കത്തിൽ പ്രേമം മാത്രമല്ല പീഢനവും ‘ശാസ്ത്രീയമായി/ ജൈവികമായി ശരി’യാകാം. പക്ഷേ, ജ്ഞാനോദയാന്തര ചിന്തകർ ഉയർത്തിപ്പിടിക്കുന്ന ആശയം സാമൂഹികമായ അവകാശവാദങ്ങൾ ശാസ്ത്രീയമായ അവകാശവാദങ്ങളാകേണ്ടതില്ലെന്നാണ്, അതേ പോലെ തിരിച്ചും. Moral claims need not be scientific claims. ഹോർമോണുകൾക്കൊത്ത് മാത്രം തുള്ളുന്നത് ധാർമ്മികമായി ശരിയല്ല. സ്നേഹം ശാസ്ത്രീയമാണെങ്കിൽ അത് സാധാരണം മാത്രമാണ്, എന്നാൽ നിർമ്മിക്കുന്നതോ ആർജ്ജിക്കുന്നതോ ആകുമ്പോഴാണ് അത് മഹത്തരമാകുന്നതെന്നാണ് “സ്നേഹം ദൈവികമാണെങ്കിൽ അതിനെ മാനുഷികമാക്കണം” എന്നെഴുതുമ്പോൾ ഹരികുമാറും പറയുന്നത്.

നിഗൂഢതയുടെ ഗോഥിക് നിലവറകളിലേക്ക് കഥാകാരന്റെ കാലനക്കം കേൾക്കൂ: ”എല്ലാ അഹന്തയും ഉപേക്ഷിച്ച് ചെല്ലുന്നവർക്ക് അദ്ദേഹം ചില വിലപ്പെട്ട പാഠങ്ങൾ കൊടുക്കും. ജന്മാന്തര രഹസ്യങ്ങൾ, ചില പ്രത്യേക ദിവസങ്ങളിൽ കാണുന്ന ചെടികൾ, പൂക്കൾ, പക്ഷികൾ, അസാധാരാണമായ ശബ്ദത്തോടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ, ചില പൂച്ചകളുടെ നോട്ടം തുടങ്ങിയവ തർജയേവിന്റെ പദ്ധതികളായിരുന്നു. കേൾവിക്കാരനെ ഞെട്ടിച്ചുകൊണ്ട് ഒരു കാഴ്ച്ചയുടെ ഗണിതശാസ്ത്രം തന്നെ അദ്ദേഹം മുന്നോട്ടുവയ്ക്കും. ഏതാനും മണിക്കൂർ കഴിഞ്ഞുള്ള കാര്യങ്ങൾ വരെ നായകൾക്ക് നിരീക്ഷിക്കാനാവുമെന്നും പൂച്ചകൾ മനുഷ്യരെ മക്കളായി കാണുന്നുവെന്നും തർജയേവ് വിവരിച്ചിട്ടുണ്ട്. മരിച്ചവർ ചന്ദ്രനിലേക്കാണ് പോകുന്നതെന്നും ചന്ദ്രന്റെ ബിംബത്തിൽ നിന്ന് പ്രകാശം വിതറുന്നത് മരിച്ചവരുടെ തുടർ ജീവിതവിശേഷമാണെന്നും തർജയേവ് പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രകളിൽ നാം അവിചാരിതമായി കണ്ടുമുട്ടുകയും പെട്ടെന്നുതന്നെ പിരിയുകയും ചെയ്യുന്നവർ പല ലോകങ്ങളിൽ ജീവിക്കുന്നവരാണെന്നും അദൃശ്യവും അഞ്ജാതവുമായ ചില കാരണങ്ങൾ കൊണ്ട് ഒരു സമയത്ത് അവരോടൊപ്പം നാം കാണപ്പെടുന്നതാണെന്നും അദ്ദേഹം ഉറപ്പിക്കും.” The Occult in Russian and Soviet Culture-ൽ Bernice Glatzer Rosenthal ഫിന്നിഷ് മാന്ത്രികരുടെ ഉപദേശമാരായുകയും തന്റെ ഊന്നുവടിയുടെ ഗോപ്യഗൗരവം തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്ത റഷ്യയുടെ പ്രഥമ സാറായിരുന്ന ഇവാൻ നാലാമൻ വാസില്യേവിച് എന്ന സംഭ്രാമകനായ ഇവാ(Ivan the Terrible)ന്റെയും റാസ്പുടിന്റെയും നാടിന്റെ മിസ്റ്റിക് ചരിത്രത്തെക്കുറിച്ച് എഴുതുന്നുണ്ട്. ലെനിക്കോവിന്റെ ഫംഗസ് കാഴ്ച്ചകൾക്കിടയിൽ
തർജയോവിന്റെ നിഗൂഢകഥകൾ അതു കൊണ്ടു തന്നെ സ്വാഭാവികമായും കഥയുടെ റഷ്യൻ പശ്ചാത്തലത്തിന് മാറ്റ് കൂട്ടുന്നു.

സാഹിത്യലോകത്തെ ഫംഗസുകളെക്കുറിച്ച് ആഖ്യാതാവ് ചിന്തിക്കുന്നതിങ്ങനെ: ”ചിലർക്ക് ഫംഗസിന്റെ നിറം പോലുമുണ്ടായിരുന്നു. പട്ടാളക്കാരനെപ്പോലെ വന്ന്, നിലവാരമില്ലാതെ സാഹിത്യകാരന്മാരും സാഹിത്യകാരികളും പേരുകേട്ട സ്ഥാപനങ്ങൾ പിടിച്ചെടുത്ത് തങ്ങളുടെ കൃതികൾ അച്ചടിപ്പിക്കുന്ന ഈ കാലത്ത് ഫംഗസുകൾ മുളയ്ക്കുക തന്നെ ചെയ്യും. അത് എവിടെയാണ് കാണുന്നതെന്ന് ബോധ്യപ്പെടുന്നവർക്ക് ഭയപ്പെടാൻ യോഗ്യതയുണ്ട്.” മലയാളികൾ കൂൺ പ്രേമികളും യീസ്റ്റ് ഉപഭോഗികളുമായിരുന്നിട്ടും മലയാളത്തിൽ കൃത്യമായി ഫംഗസിനെ കുറിക്കാൻ ഒരു വാക്കു പോലുമില്ല. പക്ഷേ റഷ്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു ഫംഗസിനെ ഹരികുമാർ എത്രത്തോളം മാലാഖയെപ്പോലെ സ്നേഹമയിയും, കാട്ടുകുരങ്ങന്റെ ചാട്ടം പോലെ ചടുലവും പൊലീസുകാരനും പ്രണയിനിയും സർവ്വോപരി മലയാളിയുമാക്കിയെന്ന് നാം വായിച്ച് അത്ഭുതപ്പെടുന്നു.
ആഖ്യാനനൈപുണ്യം എത്ര പരീക്ഷണാത്മകമാണെങ്കിലും ഭാഷ വിരസമാണെങ്കിൽ വിളയുടേത് നിലം തെറ്റിയ വിതയ്ക്കൽ മാത്രമാകും. ”വെള്ളം എന്റെ ശിരസിനെ മൂടുമ്പോൾ, എന്നെ വലയം ചെയ്തിരുന്ന വാക്കുകളുടെ പക്ഷികൾ മറ്റൊരു സൂര്യോദയം കാണാനായി പറന്നു പോയി. അവയുടെ ചിറകടിയൊച്ച എന്റെ ബോധലാർവകളിൽപ്പോലും ചെന്നു.” – എന്ന് വായിക്കുന്നിടത്ത് നാം മനസ്സിലാക്കുന്നു ശരിയായ നിലത്ത് വിതച്ച, കൂൺവിളയാണിത്. കൂൺകൃഷി ഫംഗസിന്റെ ശാസ്ത്രീയമായ ഉപയോഗമാണ്. ഫംഗസിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രഭാവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് എത്നോമൈക്കോളജി (ethnomycology). അഴകളവുകളൊത്ത (felicitous parameters of aesthetics) തത്ത്വചിന്തയുടെ എത്നോമൈക്കോളജിയാണ് ഹരികുമാറിന്റെ ‘ഫംഗസ്’. ഫംഗസ് എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നത് നാനാവായനകളുടെ കവിതയാണ്.

You can share this post!